Ente Malayalam News

Follow Us

Showing posts with label Gadgets. Show all posts
Showing posts with label Gadgets. Show all posts

Tuesday, 13 March 2018

13,999 രൂപയ്ക്ക് ഷവോമി സ്മാർട് ടിവി; 120 സെക്കന്റിൽ വിറ്റുതീർന്നു

Mi LED Smart TV 4A

രാജ്യത്തെ മുൻനിര സ്മാർട് ഫോൺ വിതരണ കമ്പനിയായ ഷവോമിയുടെ സ്മാർട് ടെലിവിഷനുകളും ചൂടപ്പം പോലെയാണ് വിറ്റുപോകുന്നത്. കൃത്യം ഒരു മാസം മുൻപ് ഇന്ത്യയിൽ തുടങ്ങിയ സ്മാർട് ടിവി വിൽപ്പനയിൽ ഷവോമി ബഹുദൂരം മുന്നേറിയിട്ടുണ്ട്. 55 ഇഞ്ച് മോഡൽ ടിവിയുടെ ഫ്ലാഷ് സെയിലുകൾ വൻ വിജയമായിരുന്നു. ഇതോടെയാണ് വിലകുറഞ്ഞ സ്മാർട് ടിവികളും ഷവോമി അവതരിപ്പിച്ചത്.

ഷവോമിയുടെ എംഐ ടിവി 4എയുടെ ആദ്യ ഫ്ലാഷ് സെയിലാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് 12ന് നടന്നത്. ഫ്ലിപ്കാർട്ട്, എംഐ ഡോട് കോം വഴി നടന്ന ഫ്ലാസ് സെയിലിൽ കേവലം 120 സെക്കന്റുകള്‍ക്കുള്ളിലാണ് എംഐ ടിവി 4എയുടെ 43, 32 ഇഞ്ച് വേരിയന്റുകൾ വിറ്റുപോയത്. 55 ഇഞ്ച് മോഡൽ ഉണ്ടായിരുന്നുവെങ്കിലും അതും ആദ്യ അഞ്ചു മിനിറ്റിൽ തന്നെ സ്റ്റോക്ക് തീർന്നു.

എംഐ ടിവി 4എയുടെ 32 ഇഞ്ച് വേരിയന്റിന്റ വില 13,999 രൂപയും എംഐ ടിവി 4എയുടെ 43 ഇഞ്ച് വേരിയന്റിന്റെ വില 22,999 രൂപയുമാണ്. ഇതോടൊപ്പം ജിയോയുടെ ജിയോഫൈ കണക്‌ഷനും 2,200 രൂപ ക്യാഷ് ബാക്ക് ഓഫറും നൽകുന്നുണ്ട്. അടുത്ത ഫ്ലാഷ് സെയിൽ മാർച്ച് 16ന് ഉച്ചയ്ക്ക് 12 നാണ്.

Tuesday, 30 January 2018

3,999 രൂപയ്ക്ക് റെഡ്മി 5എ, 2ജിബി റാം, 8 ദിവസം ബാറ്ററി, ദേശ് കി സ്മാര്‍ട്ട്ഫോൺ

ചൈനീസ് സ്മാർട്ട്ഫോൺ നിർമാണ കമ്പനിയായ ഷവോമിയുടെ ഏറ്റവും പുതിയ, വിലകുറഞ്ഞ ഹാൻഡ്സെറ്റ് റെഡ്മി 5എയുടെ വില വീണ്ടും കുറച്ചു. ദേശ് കി സ്മാർട്ട്ഫോൺ എന്ന പേരിൽ അറിയപ്പെടുന്ന റെഡ്മി 5എ 3999 രൂപയ്ക്ക് ബിഗ് ബസാർ ഓഫ്‌ലൈൻ സ്റ്റോറുകളിൽ നിന്ന് വാങ്ങാം. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് 4,999 രൂപ വിലയുള്ള ഹാൻഡ്സെറ്റിന് ക്യാഷ്ബാക്ക്, ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഇളവുകളും നൽകുന്നുണ്ട്. ജനുവരി 22 മുതൽ 28 വരെ ഓഫർ ലഭിക്കും.

2 ജിബി റാം, വിലയും തുച്ഛം

ഷവോമിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ റെഡ്മി 5 എ ചൈനയിലാണ് ആദ്യം അവതരിപ്പിച്ചത്. മെറ്റല്‍ പോലെയുള്ള മാറ്റെ പ്രതലത്തിലുള്ള ബോഡിയാണ് ഈ ഫോണിന്. എന്നാല്‍ മെറ്റലിനേക്കാള്‍ ഭാരം കുറവാണ്. 137 ഗ്രാം മാത്രമാണ് റെഡ്മി 5 എയുടെ ഭാരം. റെഡ്മി 5 എയുടെ മറ്റൊരു സവിശേഷത ബാറ്ററി ലൈഫാണ്. ഒറ്റ ചാര്‍ജില്‍ എട്ടു ദിവസം വരെ ബാറ്ററി നില്‍ക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. മുന്‍ഗാമിയായ റെഡ്മി 4എയിലേത് പോലെ MIUI 9 അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഈ സ്മാര്‍ട്ട്‌ഫോണിന് ഫിംഗര്‍പ്രിന്റ്‌ സെന്‍സര്‍ ഇല്ല. അതേസമയം, ഡിസൈനില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

ഷവോമി റെഡ്മി 5എയുടെ സവിശേഷതകള്‍
 
റെഡ്മി 4 എയുമായി താരതമ്യം ചെയ്യുമ്പോള്‍ റെഡ്മി 5എ വലിയ മാറ്റങ്ങളൊന്നും കൊണ്ടു വന്നിട്ടില്ല. 5 ഇഞ്ച്‌ എച്ച്ഡി (720x1280) ഡിസ്പ്ലേയോടെയാണ് റെഡ്മി 5 എ എത്തുന്നത്. ഡിസ്പ്ലേയുടെ പിക്സല്‍ ഡെന്‍സിറ്റി 296 പിപിഐയാണ്. 1.4 ജിഗാഹെട്സ് ക്വാഡ്-കോര്‍ ക്വല്‍കോം സ്നാപ്ഡ്രാഗണ്‍ 425 പ്രോസസറാണ് ഈ സ്മാര്‍ട്ട്‌ഫോണിന് കരുത്ത് പകരുന്നത്. 2 ജിബിയാണ് റാം. ഈ ഒരു വേരിയന്റ് മാത്രമാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. കൂടുതല്‍ പതിപ്പുകള്‍ ഭാവിയില്‍ പ്രതീക്ഷിക്കാം. 16 ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജ് മൈക്രോ എസ്ഡി കാര്‍ഡ് വഴി 128 ജിബി വരെ വര്‍ധിപ്പിക്കാം. ഡുവല്‍ സിം റെഡ്മി 5എയുടെ ബാറ്ററി ശേഷി 3000 എംഎച്ചാണ്. റെഡ്മി 4 എയുമായി താരതമ്യം ചെയ്യുമ്പോള്‍ ബാറ്ററി ശേഷി കുറവാണ്.


13 മെഗാപിക്സല്‍ പിന്‍ക്യാമറയാണ് ഫോണിന് നല്‍കിയിരിക്കുന്നത്. ഇതിന് f/2.2 അപേര്‍ച്ചര്‍, ബേസ്റ്റ് മോഡ്, പനോരമ മോഡ്, എച്ച്ഡിആര്‍ മോഡ് തുടങ്ങിയവയുമുണ്ട്. മുന്നില്‍ f/2.0 അപേര്‍ച്ചര്‍ ലെന്‍സോടു കൂടിയ 5 മെഗാപിക്സല്‍ ക്യാമറയാണ് നല്‍കിയിരിക്കുന്നത്. ഇതില്‍ 1080p, 720p വിഡിയോകള്‍ റെക്കോര്‍ഡ്‌ ചെയ്യാന്‍ കഴിയും. 4ജി VoLTE, 3ജി, ജിപിആര്‍എസ്/എഡ്ജ്, ബ്ലൂടൂത്ത്, വൈ-ഫൈ, മൈക്രോ യുഎസ്ബി എന്നിയവാണ് റെഡ്മി 5എയിലെ കണക്ടിവിറ്റി സൗകര്യങ്ങള്‍. ഹൈബ്രിഡ് സിം സ്ലോട്ട് ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ആന്‍ഡ്രോയ്ഡ് 7.1 അടിസ്ഥാനമാക്കിയ MIUI 9 ലാണ് റെഡ്മി 5എയിലാണ് പ്രവര്‍ത്തിക്കുന്നത്. സ്മാര്‍ട്ട്‌ അസിസ്റ്റന്റ്, സ്മാര്‍ട്ട്‌ ആപ് ലോഞ്ചര്‍, ഇമേജ് സേര്‍ച്ച്‌, ക്വിക് റിപ്ലൈ, നോട്ടിഫിക്കേഷന്‍ മാനെജ്മെന്റ്, ഹോംസ്ക്രീനിനെ മെച്ചപ്പെടുത്തലുകള്‍, ലോക്ക് സ്ക്രീനിലെ മാറ്റങ്ങള്‍, സ്പ്ളിറ്റ് സ്ക്രീന്‍ മള്‍ട്ടിടാസ്കിങ് എന്നിവ MIUI 9 ന്റെ സവിശേഷതകളാണ്.

ആപ്പിൾ ഇന്ത്യയിലെ തന്ത്രം മാറ്റുന്നു, ഐഫോൺ വിലയിൽ വൻ മാറ്റങ്ങൾ വരും


ഇന്ത്യയില്‍ ഐഫോണുകള്‍ക്ക് ടാക്‌സും എല്ലാം ചേര്‍ത്ത് നല്ല വിലയാണ് ഈടാക്കുന്നത്. ഫ്‌ളിപ്കാര്‍ട്ട്, ആമസോൺ പോലെയുള്ള ഓണ്‍ലൈന്‍ വിപണികളില്‍ ഇടയ്ക്കിടെ ലഭ്യമായിരുന്ന ഡിസ്‌കൗണ്ട് സെയിലുകളായിരുന്നു പുതിയ ഐഫോണ്‍ വാങ്ങണമെന്നുള്ളവര്‍ക്കുള്ള ഏക ആശ്വാസം. അതും താമസിയാതെ ഇല്ലാതായേക്കുമെന്നാണ് പുതിയ റിപ്പോർട്ട്. അതേസമയം, ഡിസ്‌കൗണ്ട് സെയിലുകള്‍ ഇല്ലാതാക്കാനുള്ള കാരണമാണ് ഏറ്റവും രസം.

ഇന്ത്യയിലെ പുതിയ ആപ്പിള്‍ മേധാവി മൈക്കിൾ കൊളംബിന്റെ ഭരണ പരിഷ്‌കാരങ്ങളാണ് ഈ പുതിയ സാഹചര്യത്തിനു വഴിവച്ചിരിക്കുന്നത്. വന്‍ ഓണ്‍ലൈന്‍ ഇളവുകള്‍ ഇല്ലാതാക്കി ആപ്പിളിന്റെ ഇന്ത്യയിലെ റീട്ടെയിൽ പാര്‍ട്ണര്‍മാരിലൂടെ ഐഫോണ്‍ വില്‍പ്പന തകൃതിയാക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. അതുകൊണ്ട് വിതരണക്കാര്‍ക്കു നല്‍കിയിരുന്ന ലാഭം പകുതി വെട്ടിക്കുറച്ചു. ഇനി ഏകദേശം 1.7-2.5 ശതമാനം ലാഭമേ വിതരണക്കാര്‍ക്കു ലാഭം ലഭിക്കൂ. ഇത്ര നാളും വിതരണക്കാര്‍ക്ക്, സ്വന്തം ലാഭം അല്‍പ്പം വെട്ടിക്കുറച്ച് അവരുടെ വ്യാപാര പങ്കാളികള്‍ക്ക് ഡിസ്‌കൗണ്ടില്‍ ഐഫോണ്‍ വില്‍ക്കാന്‍ സാധിക്കുമായിരുന്നു. ഇനി വിതരണക്കാര്‍ക്ക് അതു ചെയ്യാന്‍ സാധ്യമായേക്കില്ല.

എന്നാല്‍, ഇന്ത്യയിലെ തങ്ങളുടെ ഫ്രാഞ്ചൈസികള്‍ക്ക് 4.5 മുതല്‍ 5.7 ശതമാനം വരെ മാര്‍ജിന്‍ വര്‍ധിപ്പിക്കാനും തീരുമാനം ആയിട്ടുണ്ട്. ആപ്പിളിന്റെ ഇന്ത്യയിലെ പുതിയ മേധാവി ആപ്പിള്‍ ഔട്‌ലറ്റുകളിലൂടെയുള്ള വില്‍പ്പന പ്രോത്സാഹിപ്പിക്കാനാണ് ശ്രമിക്കുന്നത്.

അതേസമയം, ആപ്പിളിന് ഇന്ത്യയില്‍ അവരുടെ സാന്നിധ്യം വര്‍ധിപ്പിക്കാന്‍ താത്പര്യവും ഉണ്ട്. 2020ല്‍ അല്ലെങ്കില്‍ 2021ലെങ്കിലും തങ്ങളുടെ സ്വന്തം ഔട്‌ലറ്റുകള്‍ സ്ഥാപിക്കാനാണ് കമ്പനി ശ്രമിക്കുന്നതത്രെ.

ഓണ്‍ലൈന്‍ ആയാലും ഓഫ്‌ലൈന്‍ വഴിക്കും വില്‍പ്പന കൂടുന്നതു നല്ലതല്ലെ? പിന്നെ എന്താണ് പ്രശ്‌നം. പുതിയ ആപ്പിള്‍ മേധാവി പറയുന്നത് ഓണ്‍ലൈന്‍ കമ്പനികള്‍ വകതിരിവില്ലാതെ തങ്ങളുടെ ഉപകരണങ്ങള്‍ക്കു ഡിസ്‌കൗണ്ട് നല്‍കുന്നത് ആപ്പിളിന്റെ ബ്രാന്‍ഡ് ഇമേജിനു നല്ലതല്ലത്രെ!

ഇന്ത്യയില്‍ ഓണ്‍ലൈനിലൂടെയാണ് പകുതിയിലേറെ ഐഫോണുകളും ചിലവാകുന്നത്. ഇതില്‍ കൂടുതലും ഓണ്‍ലൈന്‍ കമ്പനികള്‍ നടത്തുന്ന ഡിസ്‌കൗണ്ട് മേളകളിലുടെയാണ്.
ഇന്ത്യയില്‍ ഓണ്‍ലൈനിലൂടെയാണ് പകുതിയിലേറെ ഐഫോണുകളും ചിലവാകുന്നത്. ഇതില്‍ കൂടുതലും ഓണ്‍ലൈന്‍ കമ്പനികള്...

Read more at: http://www.manoramaonline.com/technology/mobiles/2018/01/30/iphone-sales-in-india.html

നിക്കോണ്‍ ഫുള്‍ ഫ്രെയിം മിറര്‍ലെസ് ക്യാമറ അണിയറയില്‍


ക്യാമറാ നിര്‍മാണത്തിലെ അതികായകരായ നിക്കോണും ക്യാനനും മിറര്‍ലെസ് ക്യാമറ നിര്‍മാണത്തില്‍ ഇതു വരെ അത്ര താത്പര്യം എടുത്തിരുന്നില്ല. ക്യാനന്റെ EOS M സീരിസ് ഒരു APS-C സെന്‍സറുള്ള ക്യാമറയായിരുന്നു. നിക്കോണ്‍ CX മൗണ്ടിലിറക്കിയ നിക്കോണ്‍ 1 മോഡലുകള്‍ 1'' വലിപ്പമുള്ള സെന്‍സറുകളെയാണ് ആശ്രയിച്ചത്. ഇവ രണ്ടും പ്രൊഫെഷണലുകളുടെ ശ്രദ്ധ പിടിച്ചുപറ്റാനുതകുന്നവ ആയിരുന്നില്ല.

എന്നാല്‍, കഴിഞ്ഞ വര്‍ഷം നിക്കോണും ക്യാനനും തങ്ങള്‍ ഗൗരവമുള്ള മിറര്‍ലെസ് ക്യാമറകള്‍ ഇറക്കുമെന്ന് അറിയിച്ചിരുന്നു. ക്യാനന്റെ മോഡലിനെ കുറിച്ച് കൂടുതല്‍ വിവരമൊന്നുമില്ല. കഴിഞ്ഞ വര്‍ഷം കേട്ടത് 2018 അവസാനമോ 2019 ആദ്യമോ അവര്‍ മിറര്‍ലെസ് ക്യാമറ ഇറക്കുമെന്നാണ്. എന്നാല്‍ നിക്കോണ്‍ മിറര്‍ലെസ് ക്യാമറാ നിര്‍മാണം ഗൗരവത്തില്‍ എടുത്തിരിക്കുന്നുവെന്നും അവര്‍ പണി തുടങ്ങിക്കഴിഞ്ഞു എന്നുമാണ് പുതിയ വാര്‍ത്തകള്‍.

എന്താണ് മിറര്‍ലെസ് ക്യാമറ?

DSLR കളുടെ മധ്യത്തില്‍ ഒരു കണ്ണാടി (മിറര്‍) പിടിപ്പിച്ചിട്ടുണ്ട്. ലെന്‍സില്‍ പ്രവേശിക്കുന്ന പ്രകാശം (കാഴ്ച) ചെരിച്ചു പിടിപ്പിച്ചിരിക്കുന്ന ഈ കണ്ണാടിയില്‍ തട്ടി പ്രതിഫലിച്ച് മുകളില്‍ വച്ചിരിക്കുന്ന പ്രിസത്തിലെത്തുന്നു. അതാണ് ഒരു DSLRന്റെ വ്യൂഫൈന്‍ഡറിലൂടെ നോക്കുമ്പോള്‍ ഫോട്ടോഗ്രാഫര്‍ കാണുന്നത്. ഈ സെറ്റ്-അപിനെ മിറര്‍ ബോക്‌സ് എന്നു വിളിക്കുന്നു. ഈ മിറര്‍ ബോക്‌സ് പൂര്‍ണ്ണമായും എടുത്തു കളഞ്ഞാല്‍ ക്യാമറാ ബോഡിയുടെ വലിപ്പം കുറയ്ക്കാനാകും. സോണിയും മറ്റും ഈ കാര്യത്തല്‍ മികവു കാട്ടിക്കഴിഞ്ഞു. മിര്‍ലെസ് ക്യാമറകളില്‍ ഫോട്ടോഗ്രാഫര്‍ക്ക് ഇലക്ട്രോണിക് വ്യൂഫൈന്‍ഡറുകളെയും എല്‍സിഡി സ്‌ക്രീനിനെയും ഉപയോഗിച്ചാണ് സബ്ജക്ടിനെ കാണാനാകുന്നത്.

DSLRല്‍ നിന്ന് മിര്‍ലെസ് ക്യാമറയിലേക്കു മാറുമ്പോഴുള്ള ഒരു പ്രധാന പ്രശ്‌നം മൗണ്ട് നിര്‍മാണമാണ്. നിക്കോണിന്റെ വിശ്രുതമായ F മൗണ്ട്, എൻജിനീയറിങ് അദ്ഭുതങ്ങള്‍ നടന്നില്ലെങ്കില്‍, (ഇതിനു തീരെ സാധ്യത ഇല്ല) മിറര്‍ലെസ് ക്യാമറയ്ക്ക് ഉപയോഗിക്കാനാവില്ല. അതുകൊണ്ട് നിലവിലുള്ള ഒരു ലെന്‍സും മിറര്‍ലെസ് ക്യാമറയില്‍ സ്വാഭാവികമായി പിടിപ്പിക്കാനായേക്കില്ല. നിക്കോണ്‍ പുതിയ മൗണ്ട് സൃഷ്ടിച്ചിരിക്കുന്നു എന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. ഇതിന്റെ പേര്‍ Z എന്നായിരിക്കാം. ഈ പേര് താത്കാലികമാകാനും വഴിയുണ്ട്. നേരത്തെ പറഞ്ഞതു പോലെ, ഈ മൗണ്ടിലേക്ക് നിലവിലുള്ള ഒരു DSLR ലെന്‍സും പിടിപ്പിക്കാനായേക്കില്ല എങ്കിലും അഡാപ്റ്ററിലൂടെ ഇവ പിടിപ്പിക്കാന്‍ സാധിക്കുമെന്ന കാര്യം ഉറപ്പാണ്. പക്ഷേ, അഡാപ്റ്റര്‍ എന്ന ഏച്ചു കെട്ട് ഇവിടെയുണ്ടാകും.

മറ്റൊരു കേട്ടുകേള്‍വി, നിക്കോണ്‍ ആദ്യം ഫുള്‍ ഫ്രെയിം ക്യാമറ ആയിരിക്കില്ല മറിച്ച് ഒരു APS-C ക്യാമറയായിരിക്കും ആദ്യം ടെസ്റ്റ് ചെയ്യാന്‍ ഇറക്കുക എന്നതാണ്. പക്ഷേ, കൂടുതല്‍ പേരും വിശ്വസിക്കുന്നത് നിക്കോണ്‍ ഒരു ഫുള്‍ ഫ്രെയിം ക്യാമറയ്ക്കു മേലാണ് കേന്ദ്രീകരിച്ചിരിക്കുന്നത് എന്നാണ്. ഈ വര്‍ഷം ക്യാമറ പുറത്തെത്തുമെന്നു കരുതുന്നു.

Sunday, 21 January 2018

ദുബായിൽ സ്മാർട്ട്ഫോണുകൾക്ക് 60% ഡിസ്കൗണ്ട്, ഐഫോണുകൾക്കും ഓഫർ


യുഎഇയിലെ മുൻനിര ടെലികോം കമ്പനിയായ ഇത്തിസലാത്ത് ഉപഭോക്താക്കൾക്കായി വൻ വിലക്കുറവിൽ സ്മാർട്ട്ഫോണുകൾ വിൽക്കുന്നു. ടെലികോം വരിക്കാർക്ക് അയച്ച സന്ദേശത്തിലാണ് സ്മാർട്ട്ഫോണുകൾക്ക് വൻ ഓഫർ നൽകുന്ന വിവരം പുറത്തുവിട്ടത്.

സ്മാർട്ട്ഫോണുകൾക്ക് പുറമെ വിആർ ഹെഡ്സെറ്റുകൾ, വാച്ചുകൾ, മറ്റ് സാങ്കേതിക ഉപകരണങ്ങൾ തുടങ്ങിയ എല്ലാം വിൽപ്പനയ്ക്കുണ്ട്. വിവിധ ഹാൻഡ്സെറ്റുകൾക്ക് 60 ശതമാനം വരെ ഇളവ് ലഭിക്കുമെന്നാണ് ഇത്തിസലാത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് പറയുന്നത്.

ഓഫർ വിലയ്ക്ക് ഹാൻഡ്സെറ്റുകൾ ഇത്തിസലാത്തിന്റെ ഔട്ട്‌ലറ്റുകളിലും ഓൺലൈനിലും ലഭ്യമാണ്. ഓൺലൈൻ വഴി വാങ്ങുന്നവർക്ക് ഫ്രീ ഡെലിവറിയാണ് ഓഫർ ചെയ്യുന്നത്. അതേസമയം, ചില ഹാൻഡ്സെറ്റുകൾക്ക് മാത്രമാണ് 60 ശതമാനം ഇളവ് നൽകുന്നത്.

എച്ച്ടിസി M10 സ്മാർട്ട്ഫോൺ 60 ശതമാനം ഡിസ്കൗണ്ടിലാണ് വിൽക്കുന്നത്. ഐഫോൺ 8, ഐഫോൺ 8 പ്ലസ് ഹാൻഡ്സെറ്റുകൾ ഓഫർ വിലയ്ക്ക് വിൽക്കുന്നുണ്ട്. സ്റ്റോക്ക് തീരുന്നത് വരെയാണ് ഓഫർ വിൽപ്പന.

Monday, 8 January 2018

എയർടെല്ലിന്റെ 3,000 രൂപയുടെ 4ജി വൈഫൈ ഡിവൈസ് വിൽക്കുന്നത് 999 രൂപയ്ക്ക്!


രാജ്യത്തെ ടെലികോം മേഖലയിലെ മൽസരം തുടരുകയാണ്. റിലയൻസ് ജിയോ തുടങ്ങിവെച്ച ഓഫറുകളെ മറികടക്കാൻ ലക്ഷ്യമിട്ട് എയർടെൽ ശക്തമായി തന്നെ രംഗത്തുണ്ട്. ഒരു വർഷം മുൻപ് അവതരിപ്പിക്കുമ്പോൾ 3,000 രൂപ വിലയുണ്ടായിരുന്ന എയർടെൽ വൈഫൈ ഡിവൈസിന്റെ വില കുത്തനെ കുറച്ചാണ് ഇപ്പോൾ വിൽക്കുന്നത്.

കേവലം 999 രൂപയ്ക്ക് എയർടെൽ വൈഫൈ ഹോട്സ്പോട്ട് ഡിവൈസ് വാങ്ങാം. നേരത്തെ റിലയൻസ് ജിയോയുടെ വൈഫൈ ഡിവൈസും 999 രൂപയ്ക്ക് വിറ്റിരുന്നു. നിലവിൽ എയർടെൽ വൈഫൈ ഡിവൈസിന്റെ വില 1,950 രൂപയാണ്.

ജിയോഫൈ നേരിടാൻ ലക്ഷ്യമിട്ടാണ് എയർടെൽ 4ജി ഹോട്സ്പോട്ടിന്റെ വില 50 ശതമാനം കുറച്ച് 999 രൂപയ്ക്ക് വിൽക്കുന്നത്. എന്നാൽ എയർടെൽ വൈഫൈ ഡിവൈസിന് കേരളത്തിൽ മാത്രമാണ് 999 രൂപയ്ക്ക് വിൽക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ടെലികോം വരിക്കാരുടെ എണ്ണത്തിൽ എയർടെൽ ആണ് മുന്നിൽ.

Monday, 1 January 2018

നോക്കിയ 3310 4ജി പതിപ്പ് ജനുവരിയില്‍

കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് പഴയകാല മൊബൈല്‍ഫോണ്‍ മോഡലായ 'നോക്കിയ 3310' പരിഷ്‌കരിച്ച് പുറത്തിറക്കിയത്
നോക്കിയയുടെ 3310 ഫീച്ചര്‍ ഫോണിന്റെ 4ജി പതിപ്പ് വരുന്നു. TA-1077  മോഡല്‍ നമ്പറിലുള്ള പുതിയ ഫോണ്‍ ചൈനയുടെ സെര്‍ട്ടിഫിക്കേഷന്‍ വെബ്‌സൈറ്റ് ആയ TENAA യില്‍ പ്രത്യക്ഷപ്പെട്ടു. വെബ്‌സൈറ്റിലെ വിവരമനുസരിച്ച് ഫോണില്‍ ടിഡി-എല്‍ടിഇ, ടിഡി-എസ്ഡിഎംഎ, ജിഎസ്എം നെറ്റ് വര്‍ക്കുകള്‍ സപ്പോര്‍ട്ട് ചെയ്യും. 

ആന്‍ഡ്രോയിഡിന്റെ കസ്റ്റം വേര്‍ഷനായ ആലിബാബയുടെ യുന്‍ഓഎസിലായിരിക്കും ഫോണ്‍ പ്രവര്‍ത്തിക്കുക. 

കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് പഴയകാല മൊബൈല്‍ഫോണ്‍ മോഡലായ 'നോക്കിയ 3310' പരിഷ്‌കരിച്ച് പുറത്തിറക്കിയത്. 2ജി പതിപ്പിന് പിന്നാലെ ഫോണിന്റെ 3ജി പതിപ്പും നോക്കിയ പുറത്തിറക്കി. 

നോക്കിയപവര്‍യൂസര്‍ ആണ് നോക്കിയ 3310 4ജി പതിപ്പ് ടെനാ വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ട വിവരം ആദ്യം പുറത്തുവിട്ടത്.  2018 ല്‍ നോക്കിയ 6 ഫോണിനൊപ്പമായിരിക്കും 3310 4ജി പതിപ്പും പുറത്തിറക്കുകയെന്നും നോക്കിയ പവര്‍ യൂസര്‍ വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ജനുവരി 12ന് എച്ച്എംഡി ഗ്ലോബലിന്റെ ഒരു പരിപാടി ചൈനയില്‍ നടക്കുമെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. ഈ പരിപാടിയില്‍ നോക്കിയ 9, നോക്കിയ 6 ഈ ഫോണുകള്‍ പുറത്തിറക്കിയേക്കുമെന്ന സൂചനയുണ്ട്. ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല.

Sunday, 29 October 2017

മെച്ചപ്പെട്ട ഐ എഎഫും മറ്റു പുതുമകളുമായി സോണിയുടെ a7RIII എത്തി


ഗൗരവമുള്ള ക്യാമറ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോള്‍ കൈയ്ക്കും മനസിനും ഇണങ്ങുന്ന ഇഷ്ടം പോലെ മോഡലുകള്‍ തിരഞ്ഞെടുക്കാനാവും. ക്യാമറയുടെ ഓരോ ഫീച്ചറും വിലയിരുത്തി മാര്‍ക്കിടുന്ന സംവിധാനം എത്തിയതോടെ ക്യാമറാ നിര്‍മാതാക്കള്‍ തമ്മില്‍ ഇഞ്ചോടിഞ്ച് മത്സരമാണ് നടക്കുന്നത്. ഇതിനാൽ തന്നെ ഓരോ ക്യാമറയും പുതിയ ഫീച്ചറുകള്‍ കൊണ്ടുവരാന്‍ ശ്രമിച്ചുക്കൊണ്ടിരിക്കുകയാണ്.

ഇപ്പോഴത്തെ ഫുള്‍ഫ്രെയിം ക്യാമറകളിലെ രാജാവാണ് നിക്കോണ്‍ D850 എന്നു പറഞ്ഞു നാക്കെടുത്തില്ല, ദേ വരുന്നു സോണിയുടെ ആല്‍ഫാ a7RIII. സോണിയുടെ പുതിയ ക്യാമറയുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന് മുന്‍ മോഡലുകളെക്കാള്‍ മെച്ചപ്പെട്ട ഐ ഓട്ടോഫോക്കസ് ആണ്.

2015ല്‍ ഇറങ്ങിയ, ഇതിന്റെ മുന്‍ഗാമിയായിരുന്ന, a7RIIന്റെ പ്രശ്‌നങ്ങള്‍ തീര്‍ത്തിറക്കിയ മോഡലെന്നും ഇതിനെ വിശേഷിപ്പിക്കാം. കാരണം സെന്‍സറിന്റെ മെഗാപിക്‌സല്‍ കൗണ്ട് വര്‍ധിപ്പിക്കാന്‍ സോണി തുനിഞ്ഞിട്ടില്ലെന്നതു തന്നെ. സോണിയുടെ സ്വന്തം 42.4MP BSI CMOS സെന്‍സറിനെ കേന്ദ്രീകരിച്ചാണ് പുതിയ ക്യാമറയും പുറത്തിറക്കിയിരിക്കുന്നത്. എന്നാല്‍ മറ്റു ഹാര്‍ഡ്‌വെയര്‍ മാറ്റങ്ങള്‍ പുതിയ ക്യാമറയുടെ പ്രകടനത്തില്‍ മാറ്റം കൊണ്ടുവരും.

സോണി ഈ വര്‍ഷം ഇറക്കി പ്രശംസ പിടിച്ചു പറ്റിയ ക്യാമറയാണ് a9. നിക്കോണ്‍ D5 തുടങ്ങിയ ഷൂട്ടിങ് സ്പീഡ് ഭീമന്മാരെ നേരിടാനായി ഇറക്കിയ ആ ക്യാമറയുടെ പല ഫീച്ചറുകളും a7RIIIയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു എന്നതാണ് എടുത്തു പറയാവുന്ന ഒരു കാര്യം.

ബിയോണ്‍സ് X പ്രോസസറും LSI പ്രോസസറും കൂടുതല്‍ സ്പീഡില്‍ ഡേറ്റ പ്രൊസസ് ചെയ്യും. അതു കൊണ്ട് ക്യാമറയ്ക്ക് സെക്കന്‍ഡില്‍ 10 ഫ്രെയിം വരെ ഷൂട്ടു ചെയ്യാന്‍ സാധിക്കും. ഫ്‌ളാഷ് ഉപയോഗിക്കുമ്പോഴും ഈ റെയ്റ്റില്‍ ഷൂട്ടു ചെയ്യാമെന്നത് സോണിയുടെ മികവായി കാണാം. തുടര്‍ച്ചയായി 28 കംപ്രസ് ചെയ്യാത്ത റോ ചിത്രങ്ങളോ 87 കംപ്രസു ചെയ്ത റോ ഫോട്ടോകളോ എടുക്കാം.

ഏറ്റവും മികച്ച ഡൈനാമിക് റെയ്ഞ്ചുള്ള ക്യാമറയായി നിക്കോണ്‍ D850യെ റിവ്യൂവര്‍മാര്‍ തിരഞ്ഞെടുത്തിരുന്നു. എന്നാല്‍ a7RIIIയ്ക്ക് 12-ബിറ്റ് റോ ഷൂട്ടു ചെയ്യുമ്പോള്‍ 15 സ്‌റ്റോപ് ഡൈനാമിക് റെയ്ഞ്ച് ലഭിക്കുമെന്നാണ് സോണി അവകാശപ്പെടുന്നത്. പ്രായോഗിക ഷൂട്ടിങ്ങില്‍ ഇതിന് എന്തുമാത്രം മാറ്റം കൊണ്ടുവരാന്‍ സാധിക്കുമെന്നു കണ്ടറിയേണ്ടിയിരിക്കുന്നു.

  • ഐ ഓട്ടോഫോക്കസ്

പോര്‍ട്രെയ്റ്റ് ഫൊട്ടോഗ്രഫര്‍മാരുടെ ഒരു സ്വപ്ന ഫീച്ചറാണ് ഐ ഓട്ടോഫോക്കസ്. മുന്‍ മോഡലുകളില്‍ ലഭ്യമാണെങ്കിലും പുതിയ ക്യാമറയില്‍ അതിന് ഇരട്ടി കൃത്യതയുണ്ടെന്നാണ് സോണി പറയുന്നത്. പ്രൊഫഷണല്‍ ഫൊട്ടോഗ്രഫര്‍മാരുടെ പണി എളുപ്പമാക്കുന്ന ഒരു വിദ്യയാണിത്. ആക്ടിവേറ്റു ചെയ്തു കഴിഞ്ഞാന്‍, സബ്ജക്ടിന്റെ കണ്ണില്‍ തന്നെ ക്യാമറ ഫോക്കസ് നിലനിര്‍ത്തും. ചെറിയ ക്യാമറാ ചലനങ്ങള്‍ പോലും ബാധിക്കില്ല.

a7IIല്‍ ഉണ്ടായിരുന്നതു പോലെ 399 സെന്‍സറില്‍ തന്നെയുള്ള ഫെയ്‌സ് ഡിറ്റക്ട് പോയിന്റുകള്‍ പുതിയ ക്യാമറയിലും നിലനിര്‍ത്തിയിരിക്കുന്നു.

ഷട്ടറിന്റെ പ്രവര്‍ത്തനത്തില്‍ വരുത്തിയിരിക്കുന്ന മാറ്റമാണ് വേറൊരു പുതുമ. പെട്ടെന്നു പ്രതികരിക്കുന്നതും എന്നാല്‍ ഷട്ടര്‍ഷോക് കുറയ്ക്കുന്നതുമാണ് ഇതെന്ന് സോണി അവകാശപ്പെടുന്നു. പുതിയ ഷട്ടര്‍ അഞ്ചു ലക്ഷം ആക്ചുവെയ്ഷന്‍സ് വരെ പ്രശ്‌നമില്ലാതെ പ്രവര്‍ത്തിച്ചേക്കുമെന്ന് സോണി കരുതുന്നു.

സോണിയുടെ 5-ആക്‌സിസ് ഇമേജ് സ്റ്റബിലൈസേഷന്‍ 5.5 സ്‌റ്റെപ് റെയ്റ്റിങ്ങോടെയാണ് പുതിയ ക്യാമറയില്‍ അവതരിക്കുന്നത്. ഇത് വിഡിയോ ഷൂട്ടിങ്ങിലും ലഭ്യമാകുമെന്നത് സോണി ക്യാമറകളെ ഇഷ്ടപ്പെടുന്നവര്‍ക്ക് ആഹ്ലാദിക്കാന്‍ വക നല്‍കും.

  • വിഡിയോ

പലരും സോണി ക്യാമറകള്‍ വാങ്ങുന്നത് വിഡിയോ ഷൂട്ടിങ്ങിനാണ്. a7IIIയ്ക്ക് സെന്‍സറിന്റെ മുഴുവന്‍ പ്രതലവും ഉപയോഗിച്ച് UHD 4K ഷൂട്ടു ചെയ്യാന്‍ സാധിക്കും. സൂപ്പര്‍ 35 ക്രോപ് മോഡില്‍ 5176 x 2924 പിക്‌സല്‍ വരെ ഷൂട്ടു ചെയ്ത ശേഷം 3840 x 2160 UHD 4K ആയി ഡൗണ്‍ സാംപിള്‍ ചെയ്യും. ഈ ക്രോപ് മോഡിലാണ് താരതമ്യേന നല്ല വിഡിയോ ലഭിക്കുന്നത്. ഈ ക്യാമറ 1080p 120 fps ലും ഷൂട്ടു ചെയ്യും.

പിക്‌സല്‍ ഷിഫ്റ്റ് മള്‍ട്ടി ഷൂട്ടിങ് മോഡാണ് മറ്റൊരാകര്‍ഷണം. ബെയര്‍ സെന്‍സറിന്റെ നിറ ദൂഷ്യം മാറ്റുന്ന ഒന്നാണിത്. നാലു ഫ്രെയ്മുകള്‍ ഷൂട്ടു ചെയ്താണ് സോണി ഇതു ചെയ്യുന്നത്. എന്നാല്‍ ഇങ്ങനെ എടുക്കുന്ന ചിത്രങ്ങളെ ക്യാമറ തന്നെ പ്രോസസു ചെയ്തു തരില്ല. കംപ്യൂട്ടറില്‍ സോണിയുടെ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് പ്രോസസു ചെയ്യണം.

ഒരു ആധുനിക ക്യാമറയില്‍ നിന്നു പ്രതീക്ഷിക്കുന്ന എല്ലാ ഫീച്ചറുകളും തന്നെ സോണി a7RIIIയില്‍ ഉണ്ട്. ഇരട്ട മെമ്മറി കാര്‍ഡ് സ്‌ളോട്, USB-C തുടങ്ങിയവയും ഉണ്ട്.

  • ബാറ്ററി ലൈഫ്

സോണി ക്യാമറകള്‍ക്കെതിരെയുള്ള ഒരു പ്രധാന പരാതി ബാറ്ററി ലൈഫ് കുറവാണ് എന്നതാണ്. എല്‍സിഡിയാണ് ഉപയോഗിക്കുന്നതെങ്കില്‍ a7RIIIയ്ക്ക് ഒരു ഫുള്‍ ചാര്‍ജില്‍ 650 ഷോട്ടുകള്‍ വരെ എടുക്കാം. ഇവിഎഫ് ആണെങ്കില്‍ ഇത് 530 ആയി കുറയും. സോണി പുറത്തിറക്കിയിരിക്കുന്ന VG-3EM ബാറ്ററി ഗ്രിപ് ഉപയോഗിക്കുകയാണെങ്കില്‍ ബാറ്ററി ലൈഫ് ഇരട്ടിയാക്കാം.

നവംബറില്‍ വില്‍പ്പനയ്‌ക്കെത്തുന്ന സോണി a7RIIIയ്ക്ക് 3199 ഡോളറാണ് വിലയിട്ടിരിക്കുന്നത്. സോണിയുടെ മിറര്‍ലെസ് ക്യാമറകള്‍ കൈയ്ക്ക് ഇണങ്ങുന്നവര്‍ക്ക് പരിഗണിക്കാവുന്ന മോഡലാണിത്. സോണി a7RIII ക്യാമറയെ കുറിച്ച് വേണ്ടതെല്ലാം അറിയാന്‍ ഈ ലിങ്ക് ഉപയോഗിക്കുക.

Wednesday, 25 October 2017

സാന്‍ഡിസ്‌കിന്റെ മൈക്രോ എസ്ഡി കാര്‍ഡു നിറയ്ക്കാന്‍ കുറച്ചു പാടുപെടും!


ഇന്നു ലോകത്തു ലഭ്യമായതില്‍ വച്ച് ഏറ്റവും കൂടുതല്‍ സംഭരണ ശേഷിയുള്ള മെമ്മറി കാര്‍ഡ് പ്രമുഖ മെമ്മറി കാര്‍ഡ് നിര്‍മാണ ബ്രാന്‍ഡായ സാന്‍ഡിസ്‌ക് അവതരിപ്പിച്ചു. സാന്‍ഡിസ്‌ക് microSDXC Ultra UHS-I എന്നു പേരിട്ടിരിക്കുന്ന പുതിയ കാര്‍ഡിന് 400 GB ആണ് സംഭരണ ശേഷി.

ഹൈ റസലൂഷന്‍ ഫോട്ടോകളും വിഡിയോയും കൊണ്ടു നടക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതൊരു അനുഗ്രഹമാകും. നേരത്തെ, സ്പീഡില്‍ മുമ്പനായ 250 GB മൈക്രോഎസ്ഡി കാര്‍ഡ് അവതരിപ്പിച്ചും സാന്‍ഡിസ്‌ക് അമ്പരപ്പിച്ചിരുന്നു. പുതിയ കാര്‍ഡും സ്പീഡില്‍ മോശമല്ല- ക്ലാസ് 10 വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്. പത്ത് എംബിപിഎസ് റൈറ്റ് സ്പീഡും 100എംബിപിഎസ് റീഡ് സ്പീഡുമാണ് കാര്‍ഡിനുള്ളത്.

നിര്‍മാണമികവാണ് മറ്റൊരു ഗുണം. കാര്‍ഡിനെ വെള്ളമൊ, ചെറിയ വീഴ്ചയൊ, ചെറിയ ചൂടൊ, എക്‌സ്‌റെ ഉപകരണങ്ങളോ നശിപ്പിക്കില്ല. ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ കാര്‍ഡില്‍ ആപ് ഇന്‍സ്‌റ്റോള്‍ ചെയ്യുകയാണെങ്കില്‍ അവ സാധാരണയിലും വേഗം ഉണര്‍ന്നു പ്രവര്‍ത്തനസജ്ജമാകുമെന്ന് കമ്പനി പറയുന്നു.

മൊബൈല്‍ ഫോണുകളിലും ആക്ഷന്‍ ക്യാമറകളിലും 4K വിഡിയോ റെക്കോഡു ചെയ്യല്‍ സാധ്യമായതും ഇത്തരം കാര്‍ഡുകള്‍ക്ക് ആവശ്യക്കാര്‍ കൂടാന്‍ കാരണമാണ്. കാര്‍ഡിന് 10 വര്‍ഷം വാറന്റിയുണ്ട്. കാര്‍ഡിനൊപ്പം എസ്ഡി കാര്‍ഡാക്കി മാറ്റാനുള്ള അഡാപ്റ്ററും ലഭിക്കും. കാര്‍ഡിന് വില വളരെ കൂടുതലാണ് 250 ഡോളര്‍. ഇത്തരം കാര്‍ഡുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ അതിനു സജ്ജമാണോ എന്നു പരിശോധിച്ച ശേഷം മാത്രം പരിഗണിക്കുക.

സാന്‍ഡിസ്‌ക് ഇപ്പോള്‍ പ്രമുഖ ഹാര്‍ഡ് ഡിസ്‌ക് നിര്‍മാതാക്കളായ വെസ്‌റ്റെണ്‍ ഡിജിറ്റലിന്റെ ഭാഗമാണ്.

Saturday, 7 October 2017

കുഞ്ഞൻ ക്യാമറയിലേത് അത്യുഗ്രൻ ടെക്നോളജി.



 സ്മാർട്ട് ക്ലിപ്‌സ്’ൽ ഗൂഗിളിന് അഭിമാനിക്കാം, കുഞ്ഞൻ ക്യാമറയിലേത് അത്യുഗ്രൻ ടെക്നോളജി.











മിക്കവർക്കും തങ്ങളുടെ ഫോട്ടോ എടുക്കുന്നതും വിഡിയോ റെക്കോഡു ചെയ്യുന്നതും ഇഷ്ടമാണ്. പക്ഷെ, ഒരു ഫൊട്ടോഗ്രാഫര്‍ അല്ലെങ്കില്‍ വന്ന് അങ്ങോട്ടു തിരിയൂ ഇങ്ങോട്ടു നോക്ക് എന്നൊക്കെ ആജ്ഞാപിക്കുന്നത് ഇഷ്ടപ്പെടാനും വഴിയില്ല. മാത്രമല്ല, ഈ ഫൊട്ടോഗ്രാഫര്‍ക്കു മുമ്പില്‍ സ്വാഭാവികമായി പെരുമാറണമെങ്കില്‍ 'പഠിച്ച' നടീനടന്മാരാകുകയും ചെയ്യണം. ഇതിനൊക്കെ ഒരു പരിഹാരമാണ് ഗൂഗിള്‍ ക്ലിപ്‌സ് എന്ന ഗൂഗിളിന്റെ പുതിയ സ്മാര്‍ട്ട് ക്യാമറ.

കൃത്രിമ ബുദ്ധിയുടെ ശാക്തീകരണമാണ് ഗൂഗിള്‍ ക്ലിപ്‌സ് ക്യാമറയുടെ പ്രത്യേകത. 2-ഇഞ്ച് ചതുരത്തിലുള്ള ക്യാമറുടെ നിര്‍മാണത്തില്‍ കമ്പനിയുടെ എൻജിനീയര്‍മാര്‍ ധാരാളം ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. ഒരു കൂട്ടം ആളുകള്‍ക്ക്, വസ്തുകള്‍ക്ക്, അല്ലെങ്കില്‍ ജീവികള്‍ക്കിടയില്‍ ഉടമയ്ക്ക് ആരെയാണ് അല്ലെങ്കില്‍ എന്തിനെയാണ് താത്പര്യം എന്നു മനസിലാക്കി അവിടെ ഫോക്കസു ചെയ്യണമെങ്കില്‍ കൃത്രിമ ബുദ്ധി തന്നെ വേണം.

ഇത്ര ചെറിയ ഒരു ക്യാമറയില്‍ ശക്തമായ ടെക്‌നോളജി ഇണക്കിയതില്‍ ഗൂഗിളിന് അഭിമാനിക്കാം. നീന്തുന്ന ഒരു കുട്ടിയോ, പൂച്ചയൊ ഇതെടുത്തു വിഴുങ്ങില്ല എന്നുറപ്പാക്കുന്ന രീതിയിലാണ് നിര്‍മാണം. (പക്ഷെ പട്ടി കടിച്ചു പൊട്ടിച്ചേക്കാം എന്നും പറയുന്നു.)

 12 മെഗാപിക്സൽ സെന്‍സറുള്ള ക്യാമറയ്ക്ക് 130 ഡിഗ്രി ഫീല്‍ഡ് ഓഫ് വ്യൂ ഉണ്ട്. എടുക്കുന്ന ചിത്രങ്ങളുടെയും വിഡിയോയുടെയും ക്വാളിറ്റി ബൂസ്റ്റു ചെയ്യുന്നുമുണ്ട് ഗൂഗിള്‍. പിക്‌സല്‍ 2 ഫോണുകളുടെ ഫോട്ടോ മികവില്ലെങ്കിലും സാമൂഹ്യ മാധ്യമങ്ങളില്‍ ഉപയോഗിക്കാന്‍ ഇതില്‍ എടുക്കുന്ന ചിത്രങ്ങളും മറ്റും ഉപകരിക്കും. ക്യാമറ തന്നെ എല്ലാം ചെയ്തു കൊള്ളുമെങ്കിലും വേണമെങ്കില്‍ ഉപയോഗിക്കാന്‍ ഇതിനൊരു ഷട്ടര്‍ ബട്ടണും ഉണ്ട്. സ്മാര്‍ട്ട്‌ഫോണുമായി ബന്ധിപ്പിക്കാവുന്ന ഇതിന്റെ സ്വന്തം ആപിലും ഇതിനൊരു ഷട്ടര്‍ റിലീസ് ബട്ടണ്‍ ഉണ്ട്.

എടുക്കുന്ന ചിത്രങ്ങള്‍ അപ്പോള്‍ തന്നെ ആന്‍ഡ്രോയിഡിലും ഐഓഎസിലുമുള്ള ഗൂഗിള്‍ ക്ലിപ്‌സ് ആപ്പിലേക്ക് എത്തിക്കോളും. ഇത് ഡിലീറ്റു ചെയ്യുകയോ ഹൈ റെസലൂഷനില്‍ സേവു ചെയ്യുകയോ ചെയ്യാം. ഗൂഗിള്‍ ഫോട്ടോസ് ഉപയോഗിച്ചോ ഗ്യാലറി ആപ് ഉപയോഗിച്ചോ ഈ ഫോട്ടോ അല്ലെങ്കില്‍ വിഡിയോ കാണുകയും ചെയ്യാം. ഗൂഗിള്‍ ഫോട്ടോസ് ഉപയോഗിക്കുന്ന ആളാണെങ്കില്‍ പരിധിയില്ലാതെ ക്ലിപ്പുകള്‍ ക്ലൗഡിലും സ്റ്റോറു ചെയ്യാം.

ഫോട്ടോ അല്ലെങ്കില്‍ വിഡിയോ റെക്കോഡു ചെയ്യുമ്പോള്‍ ക്യാമറ പ്രകാശിക്കുന്നതിനാല്‍ അത് പ്രവര്‍ത്തിക്കുകയാണെന്ന് എല്ലാവര്‍ക്കും മനസിലാക്കാം. (ഗൂഗിള്‍ ഗ്ലാസിനെ പറ്റിയുള്ള ഒരു ആരോപണം അതുപയോഗിക്കുന്നയാള്‍ ഇതിന്റെ ക്യാമറ പ്രവര്‍ത്തിക്കുകയാണോ എന്ന് അതിനു മുൻപില്‍ നില്‍ക്കുന്നയാള്‍ക്ക് മനസ്സിലാവില്ല എന്നതായിരുന്നു.


വീട്ടിലും കൂട്ടുകാര്‍ക്കൊപ്പവുമാണ് ഇത് ഏറ്റവും ഉപകാരപ്രദമാകുക. മുഖങ്ങളെ വേഗം പഠിച്ചെടുക്കും. മെഷീന്‍ ലേണിങ് ഉപകരണത്തിനുള്ളില്‍ മാത്രമാണ് നടക്കുന്നതെന്നും ഗൂഗിള്‍ പറയുന്നു. പിക്‌സല്‍ ഫോണുകള്‍ക്കൊപ്പവും സാംസങ് ഗ്യാലക്‌സി S7/S8 മോഡലുകള്‍ക്കൊപ്പവും ഐഫോണ്‍ 6 മുതലുള്ളവയുമായും സംവേദിക്കും.

ഓര്‍ക്കുക! ഇതൊരു ക്യാമറയല്ല. മറിച്ച്, ഒരു ബുദ്ധിയുള്ള ഫോട്ടോഗ്രാഫറാണ്! ഇനി, ഫോട്ടോയും വിഡിയോയും ക്ലൗഡിലേക്കൊ മറ്റൊ അയയ്ക്കുമോ എന്ന ഭയവും വേണ്ട. ആവശ്യപ്പെട്ടാലല്ലാതെ ക്ലൗഡു മായി ബന്ധപ്പെടില്ല. ഈ ക്യാമറ കുഞ്ഞു കുട്ടികളുടെ അച്ഛനമ്മമാര്‍ക്കും ഓമന മൃഗങ്ങളുടെ ഉടമസ്ഥരെയും ഉദ്ദേശിച്ചാണ് ഇറക്കുന്നതെന്നു വേണമെങ്കില്‍ പറയാം. ഈ സാങ്കേതികവിദ്യക്ക് ഭാവിയുണ്ടെന്നു തന്നെയാണ് ആദ്യ വിലയിരുത്തല്‍. വില 249 ഡോളര്‍.

Comments System

Disqus Shortname