Ente Malayalam News

Follow Us

Wednesday, 25 October 2017

സാന്‍ഡിസ്‌കിന്റെ മൈക്രോ എസ്ഡി കാര്‍ഡു നിറയ്ക്കാന്‍ കുറച്ചു പാടുപെടും!


ഇന്നു ലോകത്തു ലഭ്യമായതില്‍ വച്ച് ഏറ്റവും കൂടുതല്‍ സംഭരണ ശേഷിയുള്ള മെമ്മറി കാര്‍ഡ് പ്രമുഖ മെമ്മറി കാര്‍ഡ് നിര്‍മാണ ബ്രാന്‍ഡായ സാന്‍ഡിസ്‌ക് അവതരിപ്പിച്ചു. സാന്‍ഡിസ്‌ക് microSDXC Ultra UHS-I എന്നു പേരിട്ടിരിക്കുന്ന പുതിയ കാര്‍ഡിന് 400 GB ആണ് സംഭരണ ശേഷി.

ഹൈ റസലൂഷന്‍ ഫോട്ടോകളും വിഡിയോയും കൊണ്ടു നടക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതൊരു അനുഗ്രഹമാകും. നേരത്തെ, സ്പീഡില്‍ മുമ്പനായ 250 GB മൈക്രോഎസ്ഡി കാര്‍ഡ് അവതരിപ്പിച്ചും സാന്‍ഡിസ്‌ക് അമ്പരപ്പിച്ചിരുന്നു. പുതിയ കാര്‍ഡും സ്പീഡില്‍ മോശമല്ല- ക്ലാസ് 10 വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്. പത്ത് എംബിപിഎസ് റൈറ്റ് സ്പീഡും 100എംബിപിഎസ് റീഡ് സ്പീഡുമാണ് കാര്‍ഡിനുള്ളത്.

നിര്‍മാണമികവാണ് മറ്റൊരു ഗുണം. കാര്‍ഡിനെ വെള്ളമൊ, ചെറിയ വീഴ്ചയൊ, ചെറിയ ചൂടൊ, എക്‌സ്‌റെ ഉപകരണങ്ങളോ നശിപ്പിക്കില്ല. ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ കാര്‍ഡില്‍ ആപ് ഇന്‍സ്‌റ്റോള്‍ ചെയ്യുകയാണെങ്കില്‍ അവ സാധാരണയിലും വേഗം ഉണര്‍ന്നു പ്രവര്‍ത്തനസജ്ജമാകുമെന്ന് കമ്പനി പറയുന്നു.

മൊബൈല്‍ ഫോണുകളിലും ആക്ഷന്‍ ക്യാമറകളിലും 4K വിഡിയോ റെക്കോഡു ചെയ്യല്‍ സാധ്യമായതും ഇത്തരം കാര്‍ഡുകള്‍ക്ക് ആവശ്യക്കാര്‍ കൂടാന്‍ കാരണമാണ്. കാര്‍ഡിന് 10 വര്‍ഷം വാറന്റിയുണ്ട്. കാര്‍ഡിനൊപ്പം എസ്ഡി കാര്‍ഡാക്കി മാറ്റാനുള്ള അഡാപ്റ്ററും ലഭിക്കും. കാര്‍ഡിന് വില വളരെ കൂടുതലാണ് 250 ഡോളര്‍. ഇത്തരം കാര്‍ഡുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ അതിനു സജ്ജമാണോ എന്നു പരിശോധിച്ച ശേഷം മാത്രം പരിഗണിക്കുക.

സാന്‍ഡിസ്‌ക് ഇപ്പോള്‍ പ്രമുഖ ഹാര്‍ഡ് ഡിസ്‌ക് നിര്‍മാതാക്കളായ വെസ്‌റ്റെണ്‍ ഡിജിറ്റലിന്റെ ഭാഗമാണ്.

No comments:

Post a Comment

Comments System

Disqus Shortname