Ente Malayalam News

Follow Us

Sunday, 25 February 2018

നടി ശ്രീദേവി അന്തരിച്ചു

sridevi-passes-away

ദുബായ്: നടി ശ്രീദേവി(54) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ശനിയാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. ദുബായില്‍ ബോളിവുഡ് നടന്‍ മോഹിത് മാര്‍വയുടെ വിവാഹചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ശ്രീദേവിയും കുടുംബവും. മരണസമയത്ത് ഭര്‍ത്താവ് ബോണി കപൂറും മകള്‍ ഖുഷിയും സമീപത്തുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ബോണി കപൂറിന്റെ സഹോദരന്‍ സഞ്ജയ് കപൂര്‍ മരണ വിവരം സ്ഥിരീകരിച്ചു.

ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി നൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ബാലതാരമായി അരങ്ങേറ്റം കുറിച്ച ശ്രീദേവിയുടെ സിനിമയിലെ വളര്‍ച്ച അതിവേഗമായിരുന്നു. തുണൈവന്‍ എന്ന തമിഴ് ചിത്രത്തിലൂടെ നാലാം വയസ്സിലാണ് ശ്രീദേവി അഭിനയരംഗത്തെത്തിയത്. കുമാരസംഭവം, പൂമ്പാറ്റ, ആന വളര്‍ത്തിയ വാനമ്പാടിയുടെ മകന്‍, സത്യവാന്‍ സാവിത്രി, ദേവരാഗം ഉള്‍പ്പെടെ 26 ഓളം മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. പൂമ്പാറ്റ എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന അവാര്‍ഡ് ലഭിച്ചു.

മലയാളത്തോടൊപ്പം തമിഴ് സിനിമകളിലും അഭിനയിച്ച ശ്രീദേവി ഹിന്ദി സിനിമയിലും ചുവടുറപ്പിച്ചു. 1990 കളുടെ തുടക്കത്തില്‍ ബോളിവുഡിലെ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന നടിയായി ശ്രീദേവി ഉയര്‍ന്നു. 2013ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. ഈ വര്‍ഷം ഡിസംബറില്‍ റിലീസ് ചെയ്യാനിരുന്ന സീറോയാണ് അവസാനമായി അഭിനയിച്ച ചിത്രം.

No comments:

Post a Comment

Comments System

Disqus Shortname