Ente Malayalam News

Follow Us

Sunday, 29 October 2017

മെച്ചപ്പെട്ട ഐ എഎഫും മറ്റു പുതുമകളുമായി സോണിയുടെ a7RIII എത്തി


ഗൗരവമുള്ള ക്യാമറ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോള്‍ കൈയ്ക്കും മനസിനും ഇണങ്ങുന്ന ഇഷ്ടം പോലെ മോഡലുകള്‍ തിരഞ്ഞെടുക്കാനാവും. ക്യാമറയുടെ ഓരോ ഫീച്ചറും വിലയിരുത്തി മാര്‍ക്കിടുന്ന സംവിധാനം എത്തിയതോടെ ക്യാമറാ നിര്‍മാതാക്കള്‍ തമ്മില്‍ ഇഞ്ചോടിഞ്ച് മത്സരമാണ് നടക്കുന്നത്. ഇതിനാൽ തന്നെ ഓരോ ക്യാമറയും പുതിയ ഫീച്ചറുകള്‍ കൊണ്ടുവരാന്‍ ശ്രമിച്ചുക്കൊണ്ടിരിക്കുകയാണ്.

ഇപ്പോഴത്തെ ഫുള്‍ഫ്രെയിം ക്യാമറകളിലെ രാജാവാണ് നിക്കോണ്‍ D850 എന്നു പറഞ്ഞു നാക്കെടുത്തില്ല, ദേ വരുന്നു സോണിയുടെ ആല്‍ഫാ a7RIII. സോണിയുടെ പുതിയ ക്യാമറയുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന് മുന്‍ മോഡലുകളെക്കാള്‍ മെച്ചപ്പെട്ട ഐ ഓട്ടോഫോക്കസ് ആണ്.

2015ല്‍ ഇറങ്ങിയ, ഇതിന്റെ മുന്‍ഗാമിയായിരുന്ന, a7RIIന്റെ പ്രശ്‌നങ്ങള്‍ തീര്‍ത്തിറക്കിയ മോഡലെന്നും ഇതിനെ വിശേഷിപ്പിക്കാം. കാരണം സെന്‍സറിന്റെ മെഗാപിക്‌സല്‍ കൗണ്ട് വര്‍ധിപ്പിക്കാന്‍ സോണി തുനിഞ്ഞിട്ടില്ലെന്നതു തന്നെ. സോണിയുടെ സ്വന്തം 42.4MP BSI CMOS സെന്‍സറിനെ കേന്ദ്രീകരിച്ചാണ് പുതിയ ക്യാമറയും പുറത്തിറക്കിയിരിക്കുന്നത്. എന്നാല്‍ മറ്റു ഹാര്‍ഡ്‌വെയര്‍ മാറ്റങ്ങള്‍ പുതിയ ക്യാമറയുടെ പ്രകടനത്തില്‍ മാറ്റം കൊണ്ടുവരും.

സോണി ഈ വര്‍ഷം ഇറക്കി പ്രശംസ പിടിച്ചു പറ്റിയ ക്യാമറയാണ് a9. നിക്കോണ്‍ D5 തുടങ്ങിയ ഷൂട്ടിങ് സ്പീഡ് ഭീമന്മാരെ നേരിടാനായി ഇറക്കിയ ആ ക്യാമറയുടെ പല ഫീച്ചറുകളും a7RIIIയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു എന്നതാണ് എടുത്തു പറയാവുന്ന ഒരു കാര്യം.

ബിയോണ്‍സ് X പ്രോസസറും LSI പ്രോസസറും കൂടുതല്‍ സ്പീഡില്‍ ഡേറ്റ പ്രൊസസ് ചെയ്യും. അതു കൊണ്ട് ക്യാമറയ്ക്ക് സെക്കന്‍ഡില്‍ 10 ഫ്രെയിം വരെ ഷൂട്ടു ചെയ്യാന്‍ സാധിക്കും. ഫ്‌ളാഷ് ഉപയോഗിക്കുമ്പോഴും ഈ റെയ്റ്റില്‍ ഷൂട്ടു ചെയ്യാമെന്നത് സോണിയുടെ മികവായി കാണാം. തുടര്‍ച്ചയായി 28 കംപ്രസ് ചെയ്യാത്ത റോ ചിത്രങ്ങളോ 87 കംപ്രസു ചെയ്ത റോ ഫോട്ടോകളോ എടുക്കാം.

ഏറ്റവും മികച്ച ഡൈനാമിക് റെയ്ഞ്ചുള്ള ക്യാമറയായി നിക്കോണ്‍ D850യെ റിവ്യൂവര്‍മാര്‍ തിരഞ്ഞെടുത്തിരുന്നു. എന്നാല്‍ a7RIIIയ്ക്ക് 12-ബിറ്റ് റോ ഷൂട്ടു ചെയ്യുമ്പോള്‍ 15 സ്‌റ്റോപ് ഡൈനാമിക് റെയ്ഞ്ച് ലഭിക്കുമെന്നാണ് സോണി അവകാശപ്പെടുന്നത്. പ്രായോഗിക ഷൂട്ടിങ്ങില്‍ ഇതിന് എന്തുമാത്രം മാറ്റം കൊണ്ടുവരാന്‍ സാധിക്കുമെന്നു കണ്ടറിയേണ്ടിയിരിക്കുന്നു.

  • ഐ ഓട്ടോഫോക്കസ്

പോര്‍ട്രെയ്റ്റ് ഫൊട്ടോഗ്രഫര്‍മാരുടെ ഒരു സ്വപ്ന ഫീച്ചറാണ് ഐ ഓട്ടോഫോക്കസ്. മുന്‍ മോഡലുകളില്‍ ലഭ്യമാണെങ്കിലും പുതിയ ക്യാമറയില്‍ അതിന് ഇരട്ടി കൃത്യതയുണ്ടെന്നാണ് സോണി പറയുന്നത്. പ്രൊഫഷണല്‍ ഫൊട്ടോഗ്രഫര്‍മാരുടെ പണി എളുപ്പമാക്കുന്ന ഒരു വിദ്യയാണിത്. ആക്ടിവേറ്റു ചെയ്തു കഴിഞ്ഞാന്‍, സബ്ജക്ടിന്റെ കണ്ണില്‍ തന്നെ ക്യാമറ ഫോക്കസ് നിലനിര്‍ത്തും. ചെറിയ ക്യാമറാ ചലനങ്ങള്‍ പോലും ബാധിക്കില്ല.

a7IIല്‍ ഉണ്ടായിരുന്നതു പോലെ 399 സെന്‍സറില്‍ തന്നെയുള്ള ഫെയ്‌സ് ഡിറ്റക്ട് പോയിന്റുകള്‍ പുതിയ ക്യാമറയിലും നിലനിര്‍ത്തിയിരിക്കുന്നു.

ഷട്ടറിന്റെ പ്രവര്‍ത്തനത്തില്‍ വരുത്തിയിരിക്കുന്ന മാറ്റമാണ് വേറൊരു പുതുമ. പെട്ടെന്നു പ്രതികരിക്കുന്നതും എന്നാല്‍ ഷട്ടര്‍ഷോക് കുറയ്ക്കുന്നതുമാണ് ഇതെന്ന് സോണി അവകാശപ്പെടുന്നു. പുതിയ ഷട്ടര്‍ അഞ്ചു ലക്ഷം ആക്ചുവെയ്ഷന്‍സ് വരെ പ്രശ്‌നമില്ലാതെ പ്രവര്‍ത്തിച്ചേക്കുമെന്ന് സോണി കരുതുന്നു.

സോണിയുടെ 5-ആക്‌സിസ് ഇമേജ് സ്റ്റബിലൈസേഷന്‍ 5.5 സ്‌റ്റെപ് റെയ്റ്റിങ്ങോടെയാണ് പുതിയ ക്യാമറയില്‍ അവതരിക്കുന്നത്. ഇത് വിഡിയോ ഷൂട്ടിങ്ങിലും ലഭ്യമാകുമെന്നത് സോണി ക്യാമറകളെ ഇഷ്ടപ്പെടുന്നവര്‍ക്ക് ആഹ്ലാദിക്കാന്‍ വക നല്‍കും.

  • വിഡിയോ

പലരും സോണി ക്യാമറകള്‍ വാങ്ങുന്നത് വിഡിയോ ഷൂട്ടിങ്ങിനാണ്. a7IIIയ്ക്ക് സെന്‍സറിന്റെ മുഴുവന്‍ പ്രതലവും ഉപയോഗിച്ച് UHD 4K ഷൂട്ടു ചെയ്യാന്‍ സാധിക്കും. സൂപ്പര്‍ 35 ക്രോപ് മോഡില്‍ 5176 x 2924 പിക്‌സല്‍ വരെ ഷൂട്ടു ചെയ്ത ശേഷം 3840 x 2160 UHD 4K ആയി ഡൗണ്‍ സാംപിള്‍ ചെയ്യും. ഈ ക്രോപ് മോഡിലാണ് താരതമ്യേന നല്ല വിഡിയോ ലഭിക്കുന്നത്. ഈ ക്യാമറ 1080p 120 fps ലും ഷൂട്ടു ചെയ്യും.

പിക്‌സല്‍ ഷിഫ്റ്റ് മള്‍ട്ടി ഷൂട്ടിങ് മോഡാണ് മറ്റൊരാകര്‍ഷണം. ബെയര്‍ സെന്‍സറിന്റെ നിറ ദൂഷ്യം മാറ്റുന്ന ഒന്നാണിത്. നാലു ഫ്രെയ്മുകള്‍ ഷൂട്ടു ചെയ്താണ് സോണി ഇതു ചെയ്യുന്നത്. എന്നാല്‍ ഇങ്ങനെ എടുക്കുന്ന ചിത്രങ്ങളെ ക്യാമറ തന്നെ പ്രോസസു ചെയ്തു തരില്ല. കംപ്യൂട്ടറില്‍ സോണിയുടെ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് പ്രോസസു ചെയ്യണം.

ഒരു ആധുനിക ക്യാമറയില്‍ നിന്നു പ്രതീക്ഷിക്കുന്ന എല്ലാ ഫീച്ചറുകളും തന്നെ സോണി a7RIIIയില്‍ ഉണ്ട്. ഇരട്ട മെമ്മറി കാര്‍ഡ് സ്‌ളോട്, USB-C തുടങ്ങിയവയും ഉണ്ട്.

  • ബാറ്ററി ലൈഫ്

സോണി ക്യാമറകള്‍ക്കെതിരെയുള്ള ഒരു പ്രധാന പരാതി ബാറ്ററി ലൈഫ് കുറവാണ് എന്നതാണ്. എല്‍സിഡിയാണ് ഉപയോഗിക്കുന്നതെങ്കില്‍ a7RIIIയ്ക്ക് ഒരു ഫുള്‍ ചാര്‍ജില്‍ 650 ഷോട്ടുകള്‍ വരെ എടുക്കാം. ഇവിഎഫ് ആണെങ്കില്‍ ഇത് 530 ആയി കുറയും. സോണി പുറത്തിറക്കിയിരിക്കുന്ന VG-3EM ബാറ്ററി ഗ്രിപ് ഉപയോഗിക്കുകയാണെങ്കില്‍ ബാറ്ററി ലൈഫ് ഇരട്ടിയാക്കാം.

നവംബറില്‍ വില്‍പ്പനയ്‌ക്കെത്തുന്ന സോണി a7RIIIയ്ക്ക് 3199 ഡോളറാണ് വിലയിട്ടിരിക്കുന്നത്. സോണിയുടെ മിറര്‍ലെസ് ക്യാമറകള്‍ കൈയ്ക്ക് ഇണങ്ങുന്നവര്‍ക്ക് പരിഗണിക്കാവുന്ന മോഡലാണിത്. സോണി a7RIII ക്യാമറയെ കുറിച്ച് വേണ്ടതെല്ലാം അറിയാന്‍ ഈ ലിങ്ക് ഉപയോഗിക്കുക.

No comments:

Post a Comment

Comments System

Disqus Shortname