![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh_tg7B6pd_ES1Z7FxyQDBAR06QyIHMrHL8P7b-5KQG03WxWfJ99Y4fh7cKqvFdcI01WQXOF2OkEXXfbBZYrFKLC_AnDF4Fhqn02DDip_NhAh3KAVpVebbBFKSYIToOEoB8DeAUNKS3IYc/s640/1492534019854.jpg)
തിരുവനന്തപുരം∙ ഹോട്ടലുകൾക്ക് ബിയർ സ്വന്തമായി നിർമിച്ച് വിൽക്കാൻ അനുമതി നൽകാമെന്ന് എക്സൈസ് കമ്മിഷണർ ഋഷിരാജ് സിങ്ങിന്റെ റിപ്പോർട്ട്. കൂടുതൽ പേർക്കു തൊഴിലവസരം ലഭ്യമാക്കാൻ പുതിയ പദ്ധതിയിലൂടെ കഴിയുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇക്കാര്യത്തിൽ സർക്കാരായിരിക്കും അന്തിമ തീരുമാനമെടുക്കുക. ബിയറുണ്ടാക്കി വിൽക്കാനാകുന്ന മൈക്രോ ബ്രൂവറികൾ അനുവദിക്കുന്നതു സംബന്ധിച്ചു പഠിക്കാൻ സർക്കാർ എക്സൈസ് കമ്മിഷണറെ ചുമതലപ്പെടുത്തിയിരുന്നു.
സ്വന്തമായി ബിയർ നിർമ്മിച്ചു വിൽക്കാൻ സാധിക്കുന്ന മൈക്രോ ബ്രൂവറികളും 24 മണിക്കൂറും പ്രവർത്തിക്കുന്ന പബ്ബുകളും തുടങ്ങാനുള്ള അനുമതി തേടി പത്ത് ബാറുകളാണ് എക്സൈസിനെ സമീപിച്ചത്. ഇക്കാര്യം എക്സൈസ് കമ്മിഷണർ ഋഷിരാജ് സിങ് സർക്കാരിനെ അറിയിച്ചു. രാജ്യത്ത് ബെംഗളൂരു പോലുള്ള നഗരങ്ങളിൽ ഹോട്ടലുകൾക്കു സ്വന്തമായി ബിയർ നിർമിക്കാൻ അനുമതി നൽകിയിട്ടുണ്ടെന്ന് കമ്മിഷണർ സർക്കാരിനു കൈമാറിയ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ഇതേത്തുടർന്നാണ് സംസ്ഥാനത്തും ഇതിന്റെ സാധ്യത പരിശോധിക്കാൻ സർക്കാർ കമ്മിഷണറോട് ആവശ്യപ്പെട്ടത്.
ബെംഗളൂരുവിലെ ഹോട്ടലുകളുടെ പ്രവർത്തനം നിരീക്ഷിച്ചാണ് ഋഷിരാജ് സിങ് റിപ്പോർട്ട് തയാറാക്കിയത്. കൂടുതല്‍ പേർക്ക് തൊഴിലവസരം ലഭ്യമാക്കാൻ പുതിയ പദ്ധതിയിലൂടെ സാധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. അനുമതി ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ളതിനാൽ അതുകൂടി പരിശോധിച്ചശേഷമെ സർക്കാർ അന്തിമതീരുമാനമെടുക്കൂ. നിലവിൽ സ്വകാര്യ കമ്പനികൾ ഉൽപാദിപ്പിക്കുന്ന ബിയറാണ് വൻകിട ഹോട്ടലുകൾ വിൽക്കുന്നത്. കർണ്ണാടകയിലെപ്പോലെ ഡീ അഡിക്ഷൻ സെന്ററുകൾ തുടങ്ങണമെന്ന നിർദേശവും റിപ്പോർട്ടിലുണ്ട്. എക്സൈസ് വകുപ്പിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറി ടോം ജോസിനു രണ്ടുദിവസത്തിനുള്ളിൽ റിപ്പോർട്ട് കൈമാറും.
No comments:
Post a Comment