ക്യാമറാ നിര്‍മാണത്തിലെ അതികായകരായ നിക്കോണും ക്യാനനും മിറര്‍ലെസ് ക്യാമറ നിര്‍മാണത്തില്‍ ഇതു വരെ അത്ര താത്പര്യം എടുത്തിരുന്നില്ല. ക്യാനന്റെ EOS M സീരിസ് ഒരു APS-C സെന്‍സറുള്ള ക്യാമറയായിരുന്നു. നിക്കോണ്‍ CX മൗണ്ടിലിറക്കിയ നിക്കോണ്‍ 1 മോഡലുകള്‍ 1'' വലിപ്പമുള്ള സെന്‍സറുകളെയാണ് ആശ്രയിച്ചത്. ഇവ രണ്ടും പ്രൊഫെഷണലുകളുടെ ശ്രദ്ധ പിടിച്ചുപറ്റാനുതകുന്നവ ആയിരുന്നില്ല.
എന്നാല്‍, കഴിഞ്ഞ വര്‍ഷം നിക്കോണും ക്യാനനും തങ്ങള്‍ ഗൗരവമുള്ള മിറര്‍ലെസ് ക്യാമറകള്‍ ഇറക്കുമെന്ന് അറിയിച്ചിരുന്നു. ക്യാനന്റെ മോഡലിനെ കുറിച്ച് കൂടുതല്‍ വിവരമൊന്നുമില്ല. കഴിഞ്ഞ വര്‍ഷം കേട്ടത് 2018 അവസാനമോ 2019 ആദ്യമോ അവര്‍ മിറര്‍ലെസ് ക്യാമറ ഇറക്കുമെന്നാണ്. എന്നാല്‍ നിക്കോണ്‍ മിറര്‍ലെസ് ക്യാമറാ നിര്‍മാണം ഗൗരവത്തില്‍ എടുത്തിരിക്കുന്നുവെന്നും അവര്‍ പണി തുടങ്ങിക്കഴിഞ്ഞു എന്നുമാണ് പുതിയ വാര്‍ത്തകള്‍.
എന്താണ് മിറര്‍ലെസ് ക്യാമറ?
DSLR കളുടെ മധ്യത്തില്‍ ഒരു കണ്ണാടി (മിറര്‍) പിടിപ്പിച്ചിട്ടുണ്ട്. ലെന്‍സില്‍ പ്രവേശിക്കുന്ന പ്രകാശം (കാഴ്ച) ചെരിച്ചു പിടിപ്പിച്ചിരിക്കുന്ന ഈ കണ്ണാടിയില്‍ തട്ടി പ്രതിഫലിച്ച് മുകളില്‍ വച്ചിരിക്കുന്ന പ്രിസത്തിലെത്തുന്നു. അതാണ് ഒരു DSLRന്റെ വ്യൂഫൈന്‍ഡറിലൂടെ നോക്കുമ്പോള്‍ ഫോട്ടോഗ്രാഫര്‍ കാണുന്നത്. ഈ സെറ്റ്-അപിനെ മിറര്‍ ബോക്‌സ് എന്നു വിളിക്കുന്നു. ഈ മിറര്‍ ബോക്‌സ് പൂര്‍ണ്ണമായും എടുത്തു കളഞ്ഞാല്‍ ക്യാമറാ ബോഡിയുടെ വലിപ്പം കുറയ്ക്കാനാകും. സോണിയും മറ്റും ഈ കാര്യത്തല്‍ മികവു കാട്ടിക്കഴിഞ്ഞു. മിര്‍ലെസ് ക്യാമറകളില്‍ ഫോട്ടോഗ്രാഫര്‍ക്ക് ഇലക്ട്രോണിക് വ്യൂഫൈന്‍ഡറുകളെയും എല്‍സിഡി സ്‌ക്രീനിനെയും ഉപയോഗിച്ചാണ് സബ്ജക്ടിനെ കാണാനാകുന്നത്.
DSLRല്‍ നിന്ന് മിര്‍ലെസ് ക്യാമറയിലേക്കു മാറുമ്പോഴുള്ള ഒരു പ്രധാന പ്രശ്‌നം മൗണ്ട് നിര്‍മാണമാണ്. നിക്കോണിന്റെ വിശ്രുതമായ F മൗണ്ട്, എൻജിനീയറിങ് അദ്ഭുതങ്ങള്‍ നടന്നില്ലെങ്കില്‍, (ഇതിനു തീരെ സാധ്യത ഇല്ല) മിറര്‍ലെസ് ക്യാമറയ്ക്ക് ഉപയോഗിക്കാനാവില്ല. അതുകൊണ്ട് നിലവിലുള്ള ഒരു ലെന്‍സും മിറര്‍ലെസ് ക്യാമറയില്‍ സ്വാഭാവികമായി പിടിപ്പിക്കാനായേക്കില്ല. നിക്കോണ്‍ പുതിയ മൗണ്ട് സൃഷ്ടിച്ചിരിക്കുന്നു എന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. ഇതിന്റെ പേര്‍ Z എന്നായിരിക്കാം. ഈ പേര് താത്കാലികമാകാനും വഴിയുണ്ട്. നേരത്തെ പറഞ്ഞതു പോലെ, ഈ മൗണ്ടിലേക്ക് നിലവിലുള്ള ഒരു DSLR ലെന്‍സും പിടിപ്പിക്കാനായേക്കില്ല എങ്കിലും അഡാപ്റ്ററിലൂടെ ഇവ പിടിപ്പിക്കാന്‍ സാധിക്കുമെന്ന കാര്യം ഉറപ്പാണ്. പക്ഷേ, അഡാപ്റ്റര്‍ എന്ന ഏച്ചു കെട്ട് ഇവിടെയുണ്ടാകും.
മറ്റൊരു കേട്ടുകേള്‍വി, നിക്കോണ്‍ ആദ്യം ഫുള്‍ ഫ്രെയിം ക്യാമറ ആയിരിക്കില്ല മറിച്ച് ഒരു APS-C ക്യാമറയായിരിക്കും ആദ്യം ടെസ്റ്റ് ചെയ്യാന്‍ ഇറക്കുക എന്നതാണ്. പക്ഷേ, കൂടുതല്‍ പേരും വിശ്വസിക്കുന്നത് നിക്കോണ്‍ ഒരു ഫുള്‍ ഫ്രെയിം ക്യാമറയ്ക്കു മേലാണ് കേന്ദ്രീകരിച്ചിരിക്കുന്നത് എന്നാണ്. ഈ വര്‍ഷം ക്യാമറ പുറത്തെത്തുമെന്നു കരുതുന്നു.
No comments:
Post a Comment