Ente Malayalam News

Follow Us

Tuesday, 31 October 2017

ലോക ബാങ്ക് ബിസിനസ് ഇൻഡക്സ്; ഇന്ത്യ വ്യാവസായിക സൗഹൃദ രാജ്യം


ന്യൂഡൽഹി: ഇന്ത്യ വ്യാവസായിക സൗഹൃദ രാജ്യം. വ്യവസായിക സൗഹൃദ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 30 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 100 ലേക്ക് എത്തി. ലോക ബാങ്ക് പുറത്തിറക്കിയ 2018 ലെ ബിസിനസ് ഇൻഡക്സിലാണ് 190 വ്യാവസായിക സൗഹൃദ രാജ്യങ്ങളിൽ ഇന്ത്യ 100ാം സ്ഥാനത്ത് എത്തിയത്.
കഴിഞ്ഞ വർഷത്തെക്കാൾ 30 സ്ഥാനങ്ങളാണ് വ്യവസായിക സൗഹൃദ രാജ്യങ്ങളുടെ പട്ടികയിൽ ഈ വർഷം ഇന്ത്യ മെച്ചപ്പെടുത്തിയത്. 190 രാജ്യങ്ങൾ ഉള്ള പട്ടികയിൽ ഇന്ത്യ 100ാം സ്ഥാനത്താണ്. നോട്ട് നിരോധനം ജിഎസ്ടി ഉൾപ്പടെയുള്ള മോദി സർക്കാരിന്റെ സാമ്പത്തിക പരിഷ്ക്കരണങ്ങളാണ് ഇതിന് കാരണമായതെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി പറഞ്ഞു. 30 സ്ഥാനങ്ങൾ ഒരുമിച്ച് മെച്ചപ്പെടുത്തിയതിലൂടെ രാജ്യം കൂടുതൽ വ്യാവസായിക പുരോഗതി കൈവരിക്കുമെന്നും ജെയ്റ്റ്ലി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ മൂന്ന് വർഷത്തിന്റെ വ്യാവസായിക മേഖല കൂടുതൽ മെച്ചപ്പെടുത്തുന്നതിന് വേണ്ട നടപടികൾ സർക്കാർ സ്വീകരിച്ചിരുന്നു. ലോകബാങ്ക് നടത്തിയ പഠനം അനുസരിച്ച് നികുതി അടയ്ക്കുന്നതിൽ വരുത്തിയ മാറ്റങ്ങളും കമ്പനികൾക്ക് പ്രവർത്തനാനുമതി നൽകുന്ന നടപടി ക്രമങ്ങൾ വേഗത്തിലാക്കിയതും ഇന്ത്യയ്ക്ക് കൂടുതൽ ഗുണം ചെയ്തു.
ന്യൂസിലൻഡ്, സിംഗപ്പൂർ, ഡെൻമാർക്ക് തുടങ്ങിയ രാജ്യങ്ങളാണ് വ്യവസായിക സൗഹൃദ രാജ്യങ്ങളുടെ പട്ടികയിൽ ആദ്യ സ്ഥാനങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളത്. പട്ടികയിൽ ഭൂട്ടാൻ 75ാം സ്ഥാനത്തും, നേപ്പാൾ 105ാം സ്ഥാനത്തുമാണ്.

Monday, 30 October 2017

ബ്രഹ്മപുത്ര നദിയെ വഴിതിരിച്ചു വിടാനൊരുങ്ങി ചൈന


ബെയ്ജിംഗ് : ബ്രഹ്മപുത്രാനദിയെ വഴിതിരിച്ചു വിടാൻ തുരങ്കം നിർമ്മിക്കാനൊരുങ്ങി ചൈന.ഇതിനായി 1000 കിലോമീറ്റർ നീളം വരുന്ന, ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയ തുരങ്കം നിർമ്മിക്കാൻ സർക്കാരിന്റെ അനുമതി തേടിയിട്ടുണ്ടെന്നും ചൈനീസ് മാധ്യമം റിപ്പോർട്ട് ചെയ്തു.
ബ്രഹ്മപുത്ര നദിയിൽനിന്നുള്ള ജലം ചൈനയിലെ ടിബറ്റിലെ യാർലുങ് ടിസാങ്പോയിൽനിന്ന് ഷിൻജിയാങ്ങിലേക്ക് എത്തിക്കാനുള്ള പദ്ധതിയാണ് തയ്യാറാക്കുന്നത്.
ബ്രഹ്മപുത്ര നദി ഇന്ത്യയിലേക്ക് പ്രവേശിക്കുന്ന സാങ്ഗ്രിയില്‍ നിന്നാണ് ടണല്‍ നിര്‍മ്മിക്കാന്‍ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. കഴിഞ്ഞ മാര്‍ച്ചിലാണ് പദ്ധതി സർക്കാരിനു മുന്നിൽ സമർപ്പിച്ചത്.
9.76 ലക്ഷം കോടി രൂപ ഇതിനു ചിലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.1000 കോടി മുതല്‍ 1500 കോടി വരെ ടണ്‍ വെള്ളം കൊണ്ടുപോകാന്‍ കഴിയുന്ന ടണലാണ് ചൈനയിലെ എഞ്ചിനീയർമാർ വിഭാവനം ചെയ്തിരിക്കുന്നത്.
ഇത്തരത്തിലൊരു ടണൽ നിർമ്മാണത്തിന്റെ വിവരങ്ങൾ സർക്കാർ ജനങ്ങളിൽ നിന്നും മറച്ചു വച്ചിരിക്കുകയായിരുന്നുവെന്നും ചൈനീസ് മാധ്യമത്തിൽ പറയുന്നു.
ചൈനയിലെ 100 ശാസ്ത്രജ്ഞരാണ് പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ ശ്രമിക്കുന്നത്.
ഇന്ത്യയെയും,ബംഗ്ലാദേശിനെയും ഒരു പോലെ പ്രതികൂലമായി ബാധിക്കുന്ന പദ്ധതിയാണിത്. 12000 മെഗാവാട്ട് വൈദ്യുതിയാണ് ബ്രഹ്മപുത്ര നദിയുടെ ഉദ്പാദന ശേഷി.എന്നാൽ ചൈന ബ്രഹ്മപുത്രയിൽ നിന്നും ജലം എടുക്കുന്നതോടെ ജലനിരപ്പ് ആശങ്കക്കിട വരും വിധം കുറയും.
നിലവിൽ എതിർപ്പുകളെ അവഗണിച്ച് പദ്ധതിയുമായി മുന്നോട്ട് പോകാനാണ് ചൈനയുടെ തീരുമാനം.

കരസേന റിക്രൂട്ട്‌മെന്‍റ് റാലിയില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധന


കോഴിക്കോട്:കരസേന റിക്രൂട്ട്‌മെന്‍റ് റാലിയില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തില്‍ ഇത്തവണ വന്‍ വര്‍ധന.കരസേന റിക്രൂട്ട്‌മെന്റ് ഡയറക്ടര്‍ കേണല്‍ ഹരേന്ദ്രസിങ് ചൗഹാനാണ് ഈ വിവരം അറിയിച്ചത്.
കഴിഞ്ഞ വര്‍ഷം 20,000 പേര്‍ വന്നിടത്താണ് ഇത്തവണ 35,000 പേര്‍ പങ്കെടുത്തത്.ഇതിനകം 15,000 പേരുടെ യോഗ്യതാനിര്‍ണയം കഴിഞ്ഞു എന്നും അദ്ദേഹം പറഞ്ഞു.
ഉദ്യോഗാര്‍ഥിള്‍ക്കായി കുടുംബശ്രീ പ്രവര്‍ത്തകരുടെ വക ഭക്ഷണ വിതരണവും സര്‍ക്കാര്‍ സ്‌കൂളുകളില്‍ താമസ സൗകര്യവും ഒരുക്കിയിട്ടുണ്ട്.റാലിയുടെ മേല്‍ നോട്ടം നടത്താന്‍ ബെംഗ്ലൂരുവിലെ ഓഫീസില്‍ നിന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയന്‍ പി എസ് ബാജ്വ ഉള്‍പ്പെടെയുളള ഉദ്യോഗസ്ഥര്‍ എത്തിയിരുന്നു.

സൗദിയിൽ സ്റ്റേഡിയങ്ങളിൽ വനിതകൾക്ക് പ്രവേശനം നൽകാൻ തീരുമാനം


റിയാദ് : സൗദി അറേബ്യയിലെ സ്റ്റേഡിയങ്ങളിൽ 2018 മുതൽ വനിതകൾക്ക് പ്രവേശനം നൽകുവാൻ തീരുമാനം.റിയാദ്,ദമാം,ജിദ്ദ തുടങ്ങിയ നഗരങ്ങളിൽ ആണ് തുടക്കത്തിൽ പ്രവേശനം നൽകുന്നത്.
കായിക വിനോദങ്ങൾ കുടുംബമായി ആസ്വാദിക്കാൻ അവസരമൊരുക്കാനാണ് പുതിയ പദ്ധതി.
സ്ത്രീകൾക്ക് വേണ്ടി സമീപകാലത്ത് ആരംഭിച്ച പദ്ധതികൾ പൂർണ്ണ വിജയം കണ്ടിരുന്നു.അതനുസരിച്ചു കൂടുതൽ അവസരങ്ങൾ സ്ത്രീകൾക്കായി നീക്കി വയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്.
അടുത്ത വര്‍ഷം മുതല്‍ രാജ്യത്തെ മൂന്ന് സ്‌പോര്‍ട്‌സ് സ്‌റ്റേഡിയങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കും.കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പ്രത്യേക താല്പര്യമെടുത്താണ് വനിതകൾക്കുള്ള പദ്ധതികൾ നടപ്പിലാക്കുന്നത്.
ജനുവരി ആദ്യത്തോടെ റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളില്‍ കുടുംബങ്ങളെ കൂടി ഉള്‍ക്കൊള്ളുന്ന സ്‌റ്റേഡിയങ്ങള്‍ തുറക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം റിയാദില്‍ സൗദി ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി സ്‌പോര്‍ട്‌സ് സ്‌റ്റേഡിയത്തില്‍ വനിതകള്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നു.
വിഷന്‍ 2030 ന്റെ ഭാഗമായാണ് പൊതുരംഗത്ത് സ്ത്രീകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ നീക്കുന്നത്. സ്ത്രീകള്‍ക്ക് വാഹനമോടിക്കാനുള്ള അനുമതി നല്‍കിയത് സൗദി അറേബ്യയയുടെ ചരിത്രത്തിലെ സുപ്രധാന നടപടിയായിരുന്നു.
അതുപോലെ തൊഴിൽ മേഖലയിൽ വൻതോതിലുള്ള അവസരങ്ങളാണ് ത്രീകൾക്കായി തുറന്നുകൊടുത്തത്.പൊതുരംഗത്ത് സ്ത്രീകൾക്ക് വേണ്ടി ഭരണകൂടം നൽകുന്ന പരിഗണന പരക്കെ സ്വാഗതം ചെയ്യപ്പെട്ടിട്ടുണ്ട്.

നികുതി തട്ടിപ്പ്: അമല പോളിനും കാരാട്ട് ഫൈസലിനും മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് അയച്ചു


തിരുവനന്തപുരം: പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി തട്ടിപ്പ് നടത്തിയ കേസില്‍ നടി അമല പോള്‍ കൊടുവെളളി നഗരസഭ കൗണ്‍സിലര്‍ കാരാട്ട് ഫൈസല്‍ എന്നിവര്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് കേസ് എടുത്തു.ഒരാഴ്ച്ചക്കുളളില്‍ രേഖകളുമായി നേരിട്ട് എത്താന്‍ ഇവര്‍ക്ക് നിര്‍ദേശം നല്‍കി.
കോഴിക്കോട്ടെയും കൊച്ചിയിലെയും മോട്ടോര്‍വാഹന വകുപ്പാണ് ഇരുവര്‍ക്കും നോട്ടീസ് അയച്ചിട്ടുളളത്.കാരാട്ട് ഫൈസല്‍ തന്റെ മിനി കൂപ്പര്‍ കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തതിലൂടെ 10 ലക്ഷം രൂപയാണ് നികുതി ഇനത്തില്‍ വെട്ടിച്ചത്.അമല പോള്‍ ബെന്‍സ് എസ് ക്ലാസ് കാറാണ് നികുതി വെട്ടിക്കാനായി പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തയ്.20 ലക്ഷം രൂപയാണ് സംസ്ഥാനത്തിന് ഇതിലൂടെ നികുതി ഇനത്തില്‍ നഷ്ടമായത്.
കേരളത്തിലെ വാഹന നിയമം അനുസരിച്ച് അന്യസംസ്ഥാനത്ത് നിന്നുളള കാര്‍ ഇവിടെ നിരത്തില്‍ ഇറക്കണമെങ്കില്‍ ഒരു വര്‍ഷത്തിനുളളില്‍ രജിസ്‌ട്രേഷന്‍ മാറ്റുകയും വാഹന വിലയുടെ 20 ശതമാനം നികുതിയായി അടക്കുകയും വേണം.ഇത് ചെയ്തില്ലെങ്കില്‍ വാഹനം പിടിച്ചെടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന് അവകാശം ഉണ്ട്.
മാത്രമല്ല പോണ്ടിച്ചേരിയില്‍ വ്യാജ വിലാസത്തില്‍ വാഹനം രജിസ്റ്റര്‍ ചെയ്തതിലൂടെ 7 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ഇവര്‍ ചെയ്തിരിക്കുന്നത്.

കരിപ്പൂർ സ്വർണ്ണ കടത്ത് കേസിൽ പുനരന്വേഷണം വേണം ; കെ സുരേന്ദ്രൻ



ആലപ്പുഴ: കരിപ്പൂർ സ്വര്‍ണ്ണക്കടത്ത് കേസിൽ പുനരന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. കേസിലെ ഒന്നാം പ്രതിയുടെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ പി ടി എ റഹീം എംഎൽഎ, റസാക്ക് കാരാട്ട് എംഎൽഎ എന്നിവരെ ചോദ്യം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇതിനായി നവംബർ 15 ന് കോഴിക്കോട്ട് ബഹുജന സമരം സംഘടിപ്പിക്കും.ബിജെപി സംസ്ഥാന സമിതിയോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
കോഫെപോസെ നിയമ പ്രകാരം പൊലീസ് അന്വേഷിക്കുന്ന പ്രതികളുമായി കൂടിക്കാഴ്ച നടത്തിയ റസാക്കും റഹീമും ഭരണഘടനാ ലംഘനവും സത്യപ്രതിജ്ഞാ ലംഘനവും നടത്തി. ഇവരെ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഭൂപരിധി നിയമം മറികടന്ന് നൂറുകണക്കിന് ഏക്കർ ഭൂമി കൈവശം വെച്ചിരിക്കുന്ന പി വി അൻവറിനെതിരെ കേസെടുക്കണം. മാഫിയകളേയും കള്ളക്കടത്തുകാരെയും സംരക്ഷിക്കുന്ന ഇടതു മുന്നണിയുടെ രാഷ്ട്രീയ നിലപാടാണ് ഇവരുടെ ധാർഷ്ട്യത്തിന് കാരണം. ഇപ്പോൾ ഇടതുമുന്നണി നടത്തുന്ന പ്രചരണ ജാഥ കള്ളക്കടത്ത് സ്പോൺസേർഡ് ജാഥയായി മാറി.
നിയമലംഘടനം നടത്തിയ മന്ത്രി തോമസ് ചാണ്ടിയെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. തോമസ് ചാണ്ടിക്ക് അഴിമതി നടത്താൻ ഇരുമുന്നണികളും ഒത്താശചെയ്തിട്ടുണ്ട്. തോമസ് ചാണ്ടി രാജിവെക്കും വരെ ബിജെപി പ്രക്ഷോഭം തുടരും.
ആലപ്പുഴയിൽ നടത്തിവരുന്ന സമരം തിരുവനന്തപുരത്തേക്ക് വ്യാപിപ്പിക്കും. തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് നവംബർ 13 ന് ബിജെപി സെക്രട്ടറിയേറ്റ് ഉപരോധം സംഘടിപ്പിക്കുമെന്നും സുരേന്ദ്രൻ അറിയിച്ചു.
സോളാർ അഴിമതിയുമായി ബന്ധപ്പെട്ട് കേരളത്തിൽ ഇപ്പോൾ നടക്കുന്നത് ഒത്തുതീർപ്പ് രാഷ്ട്രീയത്തിന്‍റെ രണ്ടാം ഘട്ടമാണ്. യുഡിഎഫ് നേതാക്കൾക്കെതിരെ നടപടി സ്വീകരിക്കുന്നതിൽ നിന്ന് ആരാണ് മുഖ്യമന്ത്രിയെ വിലക്കുന്നതെന്ന് പറയണം.
സിപിഎം സ്വീകരിക്കാൻ പോകുന്ന പുതിയ രാഷ്ട്രീയ നിലപാടിന്‍റെ ഫലമാണോ ഇതെന്ന് വിശദീകരിക്കണം. പോളിറ്റ് ബ്യുറോയിൽ നിന്ന് ഇക്കാര്യത്തിൽ വിലക്കുണ്ടോയെന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജിഹാദി ഭീകരരെപ്പറ്റി ബിജെപി ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന് സമീപകാല സംഭവങ്ങൾ തെളിയിക്കുന്നു. സിപിഎം ശക്തികേന്ദ്രങ്ങൾ ജിഹാദി ഭീകരരുടെ താവളമായി മാറിയിരിക്കുന്നു.
തീവ്രവാദികൾക്ക് വളരാനുള്ള സാഹചര്യം സൃഷ്ടിക്കുന്ന രാഷ്ട്രീയ നിലപാടാണ് സിപിഎം സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനരക്ഷായാത്ര വൻ വിജയമായതായി സംസ്ഥാന സമിതിയോഗം വിലയിരുത്തിയതായും അദ്ദേഹം പറഞ്ഞു.
സംസ്ഥാന വക്താവ് എംഎസ് കുമാർ, ജില്ലാ അദ്ധ്യക്ഷൻ കെ സോമൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Sunday, 29 October 2017

അസ്ഥിരോഗങ്ങള്‍ സ്ത്രീകളില്‍


കേരളത്തിലെ അറിയപ്പെടുന്ന അസ്ഥിരോഗവിദഗ്ധനായ ഡോ. സുജിത്ത് ജോസ് ലോക  ആര്‍ത്തറൈറ്റീസ് ദിനത്തിന്റെ പശ്ചാത്തലത്തില്‍ സ്ത്രീകളില്‍ കണ്ടുവരുന്ന പ്രധാന അസ്ഥിരോഗങ്ങളെക്കുറിച്ചും അതിനുള്ള പ്രതിവിധികളെക്കുറിച്ചും...

ഒരു പ്രായം കഴിയുമ്പോള്‍ സ്ത്രീകളില്‍ അസ്ഥിരോഗങ്ങള്‍ കാണപ്പെടുന്നത് സാധാരണമാണ്. ഇതുമൂലം വിഷമമനുഭവിക്കുന്ന സ്ത്രീകളാണ് 80 ശതമാനവും.

ഏതൊക്കെയാണ് സ്ത്രീകളില്‍ കാണപ്പെടുന്ന പ്രധാന അസ്ഥിരോഗങ്ങള്‍, എന്തൊക്കെയാണ് അസ്ഥിരോഗങ്ങള്‍ക്കുള്ള പ്രതിവിധികള്‍, ഇത്തരം രോഗങ്ങള്‍ വരാതിരിക്കാന്‍ എന്തൊക്കെ ചെയ്യാം...

ഈ സംശയങ്ങള്‍ക്ക്  മറുപടി പറയുകയാണ് പ്രശസ്ത അസ്ഥിരോഗ വിദഗ്ധനായ ഡോ. സുജിത്ത് ജോസ്.

30 വയസു കഴിയുമ്പോള്‍മുതല്‍ സ്്ത്രീകളില്‍ അസ്ഥിരോഗങ്ങള്‍ കണ്ടുവരുന്നത് സാധാരണമാണ്. അത്തരത്തില്‍ സ്ത്രീകളില്‍ കണ്ടുവരുന്ന പ്രധാന അസ്ഥി രോഗങ്ങളാണ് സന്ധി തേയ്മാനം, ഒസ്തിയോ പോറിസിസ് അഥവാ അസ്ഥി ബലക്ഷയം.

ഇൗ രണ്ട് രോഗങ്ങള്‍ക്കും മുന്നോടിയായി പലരിലും നടുവ് വേദനയും കഴുത്തുവേദനയും ഉണ്ടാവാറുണ്ട്. സന്ധി തേയ്മാനത്തിന്റെയും അസ്ഥി ബലക്ഷയത്തിന്റേയും പ്രധാന ലക്ഷണങ്ങളാണ്  ഇവ രണ്ടും എന്നുതന്നെ പറയാം.

അസ്ഥിരോഗങ്ങള്‍ എങ്ങനെ തിരിച്ചറിയാം....

അസ്ഥിക്ക് ബലക്കുറവുണ്ടെന്നത് പലര്‍ക്കും പെട്ടെന്ന് അറിയാന്‍ കഴിയില്ലെന്നുമാത്രമല്ല. എല്ല് ഒടിയുമ്പോള്‍ മാത്രമാണ് പലരും രോഗത്തിന്റെ പിടിയില്‍ അകപ്പെട്ട കാര്യം അറിയുന്നതുതന്നെ.

നമ്മുടെ ശരീരത്തെ താങ്ങി നിര്‍ത്തുന്നതും നിവര്‍ന്നു നില്‍ക്കാനുള്ള ബലം നല്‍കുന്നതും എല്ലുകളാണ്. എല്ലുകള്‍ക്ക് ബലം കുറഞ്ഞാല്‍ നട്ടെല്ലിന് ശരീരത്തെ താങ്ങി നിര്‍ത്താന്‍ കഴിയാതെ വരും.

നടുവ് വേദനയും കഴുത്തുവേദനയുമൊക്കെയായി ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പോഴേ അസ്ഥി രോഗങ്ങള്‍ കണ്ടുപിടിക്കാനും ചികിത്സിക്കാനും മാര്‍ഗ്ഗങ്ങളുണ്ട്.

ബോണ്‍ഡെന്‍സിറ്റി ടെസ്റ്റുകള്‍, ഡെക്സാ സ്‌കാനുകള്‍ ഇതൊക്കെ അസ്ഥിരോഗങ്ങള്‍ കണ്ടുപിടിക്കാനുളള പ്രധാന ടെസ്റ്റുകളാണ്. ബോണ്‍ ഡന്‍സിറ്റി എന്നാല്‍ എല്ലുകളുടെ ബലമാണ്.

പ്രധാന കാരണങ്ങള്‍

വ്യായാമക്കുറവ്...

എല്ലുകള്‍ നിര്‍മ്മിച്ചിരിക്കുന്നത് കാല്‍സ്യം കൊണ്ടാണ്. അതുകൊണ്ടുതന്നെ  ശരീരത്തില്‍ കാല്‍സ്യത്തിന്റെ അളവ് കുറഞ്ഞുപോകുന്നതുമൂലം എല്ലിന് ബലക്കുറവുണ്ടാവുകയും ഒടിയുകയും ചെയ്യുന്നു.

30 വയസുമുതലാണ് സ്ത്രീകളില്‍ അസ്ഥി ബലക്ഷയവും അസ്ഥി തേയ്മാനവും ഉണ്ടാകുന്നത്.അസ്ഥി ബലക്ഷയത്തിന്റെ ഒരു പ്രധാന കാരണം വ്യായാമക്കുറവാണ്. ശരീരത്തിനു വേണ്ടവിധത്തില്‍ വ്യായാമവും മറ്റും ലഭിച്ചില്ലെങ്കില്‍ അത് എല്ലുകളുടെ ബലം കുറയുന്നതിന് കാരണമാകുന്നു.

വ്യായാമം ചെയ്തെങ്കില്‍ മാത്രമേ എല്ലുകള്‍ക്ക് ഉറപ്പ് ലഭിക്കുകയുള്ളൂ. രോഗം വന്ന ശേഷം കാല്‍സ്യം കഴിച്ചതുകൊണ്ട് എല്ലുകള്‍ക്ക് ബലം വരണമെന്നില്ല. എല്ലുകള്‍ക്ക് ബലം ഉണ്ടാവണമെങ്കില്‍ വ്യായാമം ആവശ്യമാണ്.

അതുകൊണ്ടുതന്നെ ചെറുപ്രായം മുതല്‍ കുട്ടികള്‍ വ്യായാമം ലഭിക്കുന്ന വിനോദങ്ങളില്‍ ഏര്‍പ്പെടുന്നത് എല്ലുകളുടെ ബലം വര്‍ധിക്കാന്‍ സഹായിക്കുന്നു. വേണ്ടവിധത്തില്‍ വ്യായാമം ലഭിക്കാത്തവര്‍ക്കാണ് മുതിര്‍ന്നുവരുമ്പോള്‍ അസ്ഥികള്‍ക്ക് തേയ്മാനവും ഒടിവും ഉണ്ടാകുന്നത്.

എല്ലുകള്‍ ഏറ്റവും  ബലത്തോടെയിരിക്കുന്ന പ്രായം 25 മുതല്‍ 27 വയസുവരെയാണ്.  അതുകൊണ്ട് എത്രയും കൂടുതല്‍ ബലം എല്ലുകള്‍ക്ക് ആ പ്രായത്തില്‍ ഉണ്ടാകുന്നോ അത്രയും ബലം നമുക്ക് പ്രായമാകുമ്പോഴും ഉണ്ടാവും.


സൂര്യപ്രകാശത്തിന്റെ കുറവ്....

സൂര്യപ്രകാശം ശരീരത്തില്‍ പതിക്കുമ്പോള്‍ ലഭിക്കുന്ന വൈറ്റമിന്‍ ഡി എല്ലുകളുടെ ആരോഗ്യത്തിന് വളരെ അത്യാവശ്യമാണ്. അള്‍ട്രാവൈലറ്റ് രശ്മികള്‍ക്ക്   നമ്മുടെ ശരീരത്തില്‍ വൈറ്റമിന്‍ ഡി ഉണ്ടാക്കാന്‍ കഴിയും. ഇതൊരിക്കലും ഭക്ഷണത്തില്‍നിന്ന് ലഭിക്കുന്ന വൈറ്റമിനല്ല.

ഇന്നത്തെ കാലത്ത് ശീതീകരിച്ച മുറികളിലിരുന്ന് ജോലിചെയ്യുകയും, സൗന്ദര്യത്തിന് കോട്ടം തട്ടുമെന്ന് പേടിച്ച് പുറത്തിറങ്ങി നടക്കാതിരിക്കുകയും ചെയ്യുന്നവരാണ് നമ്മളില്‍ പലരും. ആ പ്രവണത മാറ്റി അല്‍പ്പം വെയിലും ചൂടും തണുപ്പുമൊക്കെ ശരീരത്തിനേല്‍ക്കാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്.

ഭക്ഷണത്തിലെ മാറ്റങ്ങള്‍.....

ചെറുപ്പം മുതല്‍ത്തന്നെ കാല്‍സ്യം അടങ്ങിയ ഭക്ഷണം കഴിക്കുന്നത് എല്ലിന്റെ ബലം വര്‍ധിക്കുന്നതിന് സഹായിക്കുന്നു. പാല്‍ വര്‍ഗ്ഗത്തില്‍പ്പെട്ട എല്ലാ ഭക്ഷണങ്ങളും,  ചെറുമീനുകള്‍(ചാള, കൊഴുവ) ഇവയെല്ലാം കാല്‍സ്യത്തിന്റെ അളവിനെ വര്‍ധിപ്പിക്കുന്ന ഭക്ഷണങ്ങളാണ്.

മരുന്നുകള്‍.....

കാല്‍സ്യത്തിന്റെയും വൈറ്റമിന്‍ ഡി യുടേയും അളവ് ശരീരത്തില്‍ കുറവാണെങ്കില്‍  അത് മരുന്നുകളുടെ രൂപത്തില്‍ ശരീരത്തിനുനല്‍കി സാധാരണ രീതിയില്‍ കൊണ്ടുവരേണ്ടതാണ്.

ഇനി ശരീരത്തില്‍ കാല്‍സ്യത്തിന്റെ അളവ് കൂടിയാലും പ്രശ്നമാണ്. ഇത് കിഡ്ണി സ്‌റ്റോണുകള്‍  ഉണ്ടാവാനിടയാക്കുന്നു.  ആര്‍ത്തവ വിരാമം കഴിഞ്ഞ സ്ത്രീകളില്‍ കാല്‍സ്യത്തിന്റെ അളവ് കുറഞ്ഞുവരുന്നു. അതുകൊണ്ടുതന്നെ അവര്‍ കാല്‍സ്യം കഴിക്കേണ്ടത് അത്യാവശ്യമാണ്.

ഹൃദയാരോഗ്യത്തിന് ആയുര്‍വേദപരിരക്ഷ


"ആരോഗ്യമുള്ള ഒരു വ്യക്തിയില്‍ സാമാന്യേന ഒരു മിനിട്ടില്‍ 72 തവണയാണ് ഹൃദയം മിടിക്കുന്നത്. ഒരു ഹൃദയമിടിപ്പില്‍ 70 മില്ലി രക്തം പമ്പു ചെയ്യപ്പെടുന്നു. അതനുസരിച്ച് ഒരു മിനിട്ടില്‍ 5040 മില്ലി ലിറ്റര്‍ രക്തം പമ്പു ചെയ്യുന്നു."



ശരീരത്തിലെ രക്ത ചംക്രമണവ്യവസ്ഥയിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് ഹൃദയം. ഇടത്തും വലത്തുമുള്ള ശ്വാസകോശ അറകളുടെ ഏതാണ്ട് മധ്യഭാഗത്ത് അല്‍പം ഇടത്തോട്ടു മാറിയാണ് ഹൃദയം സ്ഥിതി ചെയ്യുന്നത്.

പ്രായപൂര്‍ത്തിയായ സ്ത്രീ ഹൃദയത്തിന് ഏകദേശം 250 ഗ്രാമും പുരുഷഹൃദയത്തിന് 300 ഗ്രാമും തൂക്കമുണ്ടാകും. ഹൃദയത്തിന് നാല് പ്രത്യേക അറികളുണ്ട്. ഇടതു ഭാഗത്തും വലതു ഭാഗത്തും മുകളിലും താഴെയുമാണ് ഈ നാല് അറകള്‍ സ്ഥിതി ചെയ്യുന്നത്.

ആരോഗ്യമുള്ള ഒരു വ്യക്തിയില്‍ സാമാന്യേന ഒരു മിനിട്ടില്‍ 72 തവണയാണ് ഹൃദയം മിടിക്കുന്നത്. ഒരു ഹൃദയമിടിപ്പില്‍ 70 മില്ലി രക്തം പമ്പു ചെയ്യപ്പെടുന്നു. അതനുസരിച്ച് ഒരു മിനിട്ടില്‍ 5040 മില്ലി ലിറ്റര്‍ രക്തം പമ്പു ചെയ്യുന്നു. ഇപ്രകാരം ഒരു ദിവസം കൊണ്ട് ഏകദേശം 7200 ലിറ്റര്‍ രക്തമാണ് ഹൃദയം പമ്പുചെയ്യുന്നത്.

ഹൃദയം ആയുര്‍വേദത്തില്‍

തല കീഴായി വച്ചിട്ടുള്ള കൂമ്പിയ ഒരു താമരമൊട്ടുപോലെയാണ് ഹൃദയം എന്ന് ആയുര്‍വേദ ശാസ്ത്രം പറയുന്നു. ശരീരത്തെ നിലനിര്‍ത്തുന്ന ശക്തി വിശേഷമായ ഓജസ് ഹൃദയത്തിലാണ്. ഓജസ് രക്തത്തിലൂടെ ശരീരം മുഴുവന്‍ വ്യാപിക്കുന്നു. ഹൃദയത്തെ ഏറ്റവും മുഖ്യമായ ഒരു മര്‍മ്മമായാണ് ആയുര്‍വേദം കണക്കാക്കുന്നത്.

ഹൃദയത്തെ ബാധിക്കുന്ന രോഗങ്ങള്‍ എല്ലാം തന്നെ വളരെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാറുണ്ട്. അതുകാരണം പലപ്പോഴും മരണകാരിയായിത്തീരുകയും ചെയ്യുന്നു.

വിവിധതരം ഹൃദ്രോഗങ്ങള്‍

ലോകത്ത് ആകെയുള്ള മരണങ്ങളില്‍ മൂന്നിലൊന്നുഭാഗവും ഹൃദ്രോഗം മൂലമാണ് സംഭവിക്കുന്നത്.

ജന്മനായുള്ളവ

ഹൃദയത്തിലെ തകരാറുകള്‍:  -ജന്മനാ തന്നെ ഹൃദയവാല്‍വുകള്‍ക്ക് തകരാറുകള്‍ ഉണ്ടാകാം. കൂടാതെ റൂമാറ്റിക് ഫിവര്‍ തുടങ്ങിയ രോഗങ്ങള്‍ മൂലവും വാല്‍വുകള്‍ ചുരുങ്ങിപ്പോകാം.

ഹൃദയപേശികള്‍ക്ക് ഉണ്ടാകുന്ന തകരാറുകള്‍:   - ഇതു സാധാരണ പ്രായപൂര്‍ത്തിയാവരിലാണ് കണ്ടുവരുന്നത്.

ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകള്‍ക്കുണ്ടാകുന്ന തകരാറുകള്‍:  - രക്തപ്രവാഹം തീരെ ഇല്ലാതാകുമ്പോള്‍ ഹൃദയ പേശികളുടെ പ്രവര്‍ത്തനം നിലച്ചുപോകുന്നു. കൊറോണറി ഷോക്ക്, കാര്‍ഡിയാക് ഷോക്ക്, കാര്‍ഡിയാക് ഔട്ട്പുട്ട് ഫെയിലര്‍ തുടങ്ങില അവസ്ഥകള്‍ ഉണ്ടാകുന്നതിനെയാണ്.

ഗര്‍ഭാവസ്ഥയില്‍: -ഗര്‍ഭിണിയുടെയും ഗര്‍ഭസ്ഥ ശിശുവിന്റെയും ആരോഗ്യസംരക്ഷണം (ഗര്‍ഭിണീചര്യ) എത്രമാത്രം പ്രധാന്യമര്‍ഹിക്കുന്നുവെന്നുള്ള വസ്തുതയിലേക്കാണ് ജനിതക കാരണങ്ങള്‍ വിരല്‍ചൂണ്ടുന്നത്.

ആര്‍ജിതമായവ

അതീറോക്ലിറോസിസ് (ധമനീപ്രതിചയം):  രക്തധമനികളില്‍ മാലിന്യമടിഞ്ഞുകൂടി സംഭവിക്കുന്ന ഒരു അവസ്ഥയകാണ് ധമനീപ്രതിചയം അഥവാ അതിറോക്ലിറോസിസ്.

ഒക്കുലൂഷന്‍ ഇന്‍ ബ്ലഡ് വെസല്‍സ് (ത്രോംബസ് എംബോളസ്): -
ധമനികളില്‍ പറ്റിപ്പിടിച്ചിട്ടുള്ള മാലിന്യങ്ങള്‍ അടര്‍ന്ന് രക്തക്കുഴലുകളില്‍ തടസമുണ്ടാക്കും വിധം ബ്ലോക്ക് സ്ഥിതി ചെയ്യുന്നത് ത്രോംബസ് എന്നു പറയുന്നു.

ഹൃദയത്തിലെ മര്‍ദവ്യതിയാനങ്ങള്‍ മൂലമുള്ള തകരാറുകള്‍: -
അതിയായ ചിന്ത, ഭയം, മാനസിക സംഘര്‍ഷങ്ങള്‍, പെട്ടെന്നുണ്ടാകുന്ന ആഘാതങ്ങള്‍ തുടങ്ങിയവയെല്ലാം നാഡീസംവേദനങ്ങളിലും ഹോര്‍മോണുകളിലും വ്യതിയാനങ്ങള്‍ ഉണ്ടാകുന്നതോടൊപ്പം തന്നെ രക്തസമ്മര്‍ദത്തേയും ബാധിക്കുന്നു. രക്തസമ്മര്‍ദം സാധാരണ നിലയില്‍ നിന്ന് കൂടുതലാകുന്നതും കുറയുന്നതും ഒരുപോലെ അപകടകരമാണ്.

ആഹാരരീതികള്‍: -
എരിവ്, ഉപ്പ് എന്നീ രസങ്ങളും കൂടുതല്‍ ചൂടുള്ള ആഹാര സാധനങ്ങളും നിത്യമായി ഉപയോഗിക്കുന്നത് രക്തത്തിന്റെ സ്വഭാവത്തിന് മാറ്റം വരുത്താന്‍ ഇടയാക്കുന്നു. ഈ രക്ത ദുഷ്ടി വിതരണ കേന്ദ്രമായ ഹൃദയത്തെ കേടുവരുത്തുന്നു.

വ്യായാമക്കൂടുതല്‍: -
വളരെ കൂടുതലായ വ്യായാമങ്ങള്‍ ഹൃദയത്തിന്റെ അധ്വാനം വര്‍ധിപ്പിക്കുന്നതിനാല്‍ രക്ത മര്‍ദത്തിന്റെ വ്യതിയാനത്തിനും ഹൃദയത്തിന്റെ ക്ഷീണത്തിനും ഇടയാക്കുന്നു.

ശരീരോത്തേജനങ്ങളെ തടഞ്ഞു നിര്‍ത്തുന്നതുമൂലം: -
ശരീരത്തിന്റെ സ്വാഭാവിക പ്രവര്‍ത്തനത്തിന്റെ ഫലമായി ഉല്‍പ്പന്നങ്ങളും ഉപോല്‍പ്പന്നങ്ങളും ഉണ്ടാകുന്നതോടൊപ്പം തന്നെ മാലിന്യങ്ങളും രൂപപ്പെടുന്നു. ഇവ യഥാസമയം വിസര്‍ജിക്കപ്പെടാതെ ശരീരത്തില്‍ കെട്ടി നില്‍ക്കുന്നത്  തടയുവാനായി ശരീരം പുറപ്പെടുവിക്കുന്ന ഉത്തേജനങ്ങളാണ് വേഗങ്ങള്‍. ഇത്തരത്തില്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിനും തകരാറ് വരുന്നു.

പുകവലി: -
ഹൃദ്രോഗം മൂലം മരിക്കുന്ന 65 വയസിനു താഴെയുള്ളവരില്‍ 25 ശതമാനവും പുവലിക്കാരാണെന്നാണ് കണക്ക്. പുകയിലയില്‍ അടങ്ങിയിട്ടുള്ള നിക്കോട്ടിന്‍ എന്ന വിഷാംശം രക്തക്കുഴലുകളുടെ ഉള്‍ഭിത്തികളില്‍ കറപോലെ പറ്റിക്കിടക്കുന്നു. നിക്കോട്ടിന്‍ വരുത്തുന്ന തടസം ഹൃദയത്തിലേക്കുള്ള രക്ത ലഭ്യത കുറയ്ക്കുന്നു.

അമിത വണ്ണം: -
അമിതവണ്ണമുള്ളവരുടെ ആഹാര രീതി പരിശോധിച്ചാല്‍ കൊഴുപ്പു കൂടിയ പദാര്‍ഥങ്ങളുടെ അമിതോപയോഗമുള്ളതായി കാണാം. പാല്‍, മുട്ട, മാംസ വര്‍ഗങ്ങള്‍ തുടങ്ങിയവയുടെ പരിധിയില്‍ കവിഞ്ഞുള്ള ഉപയോഗം രക്തത്തിലെ കൊളസ്‌ട്രോള്‍ വര്‍ധിപ്പിക്കുന്നു.


ഹൃദ്രോഗ ലക്ഷണങ്ങള്‍

വേദന: -
നെഞ്ചിന്റെ മുകളില്‍ ഇടത്തേ ഭാഗത്തു നിന്നു തുടങ്ങി ഇടത്തേ കയ്യിലേക്ക് ബാധിക്കുന്ന വേദന ഹൃദ്രോഗത്തിന്റെ പ്രത്യേകതയാണ്. ഭ്രൂണാവസ്ഥയില്‍ തന്നെ ഹൃദയവും കൈകളും നെഞ്ചിന്റെ ഭാഗത്തു നിന്നാണുണ്ടാകുന്നത്.

ശ്വാസവൈഷമ്യം: -
ശ്വാസവൈഷമ്യം പലതരത്തില്‍ അനുഭവപ്പെടാം. കയറ്റം കയറുക, വേഗത്തില്‍ നടക്കുക, ഓടുക തുടങ്ങിയവ സാധാരണയില്‍ നിന്ന് വ്യത്യസ്തമായി ചെയ്യുമ്പോള്‍ ശ്വാസ വൈഷമുണ്ടാകുന്നത് ഹൃദ്രോഗം ചെറിയ തോതില്‍ തുടങ്ങുന്നതിന്റെ ലക്ഷണമാകാം. വിശ്രമിക്കുമ്പോഴും കിടക്കുമ്പോഴും ശ്വാസതടകമുണ്ടാകുന്നത് രോഗത്തിന്റെ ഗൗരവത്തെ കാണിക്കുന്നു.

കിതപ്പ്: -
ഹൃദയഭാഗത്ത് കൈവച്ച് നോക്കിയാല്‍ ഹൃദയസ്പന്ദനം അറിയാം. അതല്ലാതെ സാധാരണ നിലയില്‍ നമുക്ക് ഹൃദയസ്പന്ദനം പെട്ടെന്ന് അനുഭവിച്ചറിയാന്‍ പറ്റില്ല. എന്നാല്‍ ഹൃദ്രോഗം ബാധിച്ച ഒരാള്‍ക്ക് ശക്തമായ ഹൃദയമിടിപ്പ് അനുഭവപ്പെടുകയും ശ്വാസോച്ഛ്വാസം വേഗത്തിലാവുകയും ചെയ്യും. ഇതിന് കിതപ്പ് എന്നാണ് സാധാരണ പറയുക.

ചര്‍മ്മത്തിനടിയിലെ വീക്കം: -
കുറേ കാലമായി നീണ്ടു നില്‍ക്കുന്ന ഹൃദ്രോഗത്തിന്റെ ഒരു പ്രധാന ലക്ഷണമാണ് ചില പ്രത്യേക ഭാഗങ്ങളില്‍ കാണപ്പെടുന്ന വീക്കങ്ങള്‍. വിരല്‍ കൊണ്ട് അമര്‍ത്തിനോക്കിയാല്‍ തൊലിപ്പുറം കുറിഞ്ഞതായി കാണപ്പെടും. വൈകുന്നേരങ്ങളില്‍ അധികരിക്കുന്ന വീക്കം ഒരു പ്രധാന ലക്ഷണമാണ്.

നാഡീസ്പന്ദന വൈകല്യങ്ങള്‍: -
വൈദ്യപരിശോധനയില്‍ കാണുന്നത് ഹൃദയത്തിന്റെ കൃത്യതയിലെത്താതത് സ്പന്ദനങ്ങള്‍. സ്‌തെസ്‌കോപ്പ് ഉപയോഗിച്ച് സ്പന്ദനങ്ങള്‍ നോക്കുമ്പോള്‍ അസ്വാഭാവിക ശബ്ദങ്ങള്‍ കേള്‍ക്കാം.


മുന്‍ കരുതലുകള്‍

ഹൃദ്രോഗം പാരമ്പര്യമായും ഉണ്ടാകാം. അതിനാല്‍ കുടുംബാംഗങ്ങളില്‍ ആര്‍ക്കെങ്കിലും ഹൃദ്രോഗമുണ്ടെങ്കില്‍ മറ്റുള്ളവര്‍ ഒരു വിദഗ്ധ ഡോക്ടറുടെ ഉപദേശം തേടുകയും വേണ്ട പരിശോധനങ്ങള്‍ നടത്തി രോഗമില്ലെന്ന് ഉറപ്പു വരുത്തുകയും വേണം.

ഏതെങ്കി തരത്തില്‍ ഹൃദ്രോഗത്തിന് സാധ്യത കാണുന്നുണ്ട് എങ്കില്‍ അതിന് വേണ്ടുന്ന ചികിത്സകള്‍ നടത്തുകയും വേണ്ടതുണ്ട്. പ്രമേഹം, രക്തത്തിലെ മര്‍ദ വ്യതിയാനം, വൃക്കകളുടെ തകരാറുകള്‍, കൊളസ്‌ട്രോകള്‍ തുടങ്ങിയവ ഹൃദ്രോഗബാധക്കു കാരണമായേക്കാമെന്നുള്ളതിനാല്‍, ഇത്തരത്തിലുള്ള അസുഖങ്ങള്‍ ഉള്ളവര്‍ അതിനു വേണ്ട ചികിത്സകള്‍ കൃത്യമായി ചെയ്യുകയും ജീവിത രീതിയില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തുകയും വേണം.

മാനസിക സമ്മര്‍ദം കൂടുതലായി അനുഭവിക്കുന്നവര്‍ക്ക് ഹൃദ്രോഗ സാധ്യത കൂടുതലായുള്ളതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. അതിനാല്‍ അത്തരത്തിലുള്ള ജീവിത സാചര്യങ്ങളുള്ളവര്‍ ഹൃദ്രോഗ പ്രതിരോധ നടപടിയെന്ന നിലയ്ക്ക് വേണ്ട പരിശോധനകള്‍ നടത്തുകയും മാനസിക സമ്മര്‍ദം കുറയ്ക്കാനുതകുന്ന മാര്‍ഗങ്ങള്‍ ശീലിക്കുകയും വേണ്ടതാണ്.

നെഞ്ചു വേദന, ക്ഷീണം, ശ്വാസതടസം, തലചുറ്റല്‍ തുടങ്ങിയ പ്രയാസങ്ങള്‍ അടുപ്പിച്ചുമണ്ടാവുകയാണെങ്കില്‍ വിദഗ്‌ദോപദേശം തേടുകയും വേണ്ട ചികിത്സകള്‍ ചെയ്യുകയും വേണം. ഹൃദ്രോഗത്തിന്റെ തീവ്രതയനുസരിച്ച് ചികിത്സാക്രമം രൂപപ്പെടുത്തുക. ഒഴിച്ചു കൂടാനാവാത്ത സന്ദര്‍ഭങ്ങളില്‍ ശസ്ത്രക്രിയ വേണ്ടിവന്നേക്കാം.


ജീവിത ചര്യ

ഹൃദ്രോഗത്തെ തടയുന്നതിനായി ആഹാര രീതിയും ശാരീരിക വ്യായാമങ്ങളും ക്രമപ്പെടുത്തുന്നതിന് തുല്യമായ പ്രാധാന്യം മാനസിക സ്വസ്ഥത നിലനിര്‍ത്തുന്നതിനുമുണ്ട്. മാനസിക സമ്മര്‍ദങ്ങള്‍, ശാരീരിക പ്രശ്‌നങ്ങളായിട്ടാണ് അനുഭവപ്പെടുന്നത്. അമിതമായ സന്തോഷവും ദുഃഖവും രക്തസമ്മര്‍ദത്തില്‍ സാരമായ വ്യതിയാനങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.

ശാരീരികമായ പ്രവൃത്തികള്‍ വളരെ കുറവും മാനസിക സമ്മര്‍ദം ഏറെ കൂടുതലുള്ള ഒരു സാചര്യമാണ് ഇന്നുള്ളത്. അവനവനെ സ്വയം അറിയുന്നതിന് ഒരു ആത്മപരിശോധന നടത്തുവാന്‍ ഓരോ വ്യക്തിയും ശ്രമിക്കുകയാണെങ്കില്‍ പല മാത്സര്യങ്ങളും തല്‍ഫലമായ വിപത്തുക്കയും ഒഴിവാക്കുവാന്‍ സാധിക്കും.

കൃത്യസമയത്ത് ഉണരുകയും ഉറങ്ങുകയും ചെയ്യുന്നത് പതിവാക്കുക. പത്തുവയസില്‍ താഴെയുള്ള കുട്ടികള്‍ എട്ടു മണിക്കൂര്‍ ഉറങ്ങേണ്ടതാണ്. എന്നാല്‍ പ്രായപൂര്‍ത്തിയായവര്‍ക്ക് അഞ്ചുമണിക്കൂര്‍ സുഖമായി ഉറക്കം കിട്ടിയാല്‍ മതിയാവും. പകലുറക്കം ഒഴിവാക്കുന്നതാണ് നല്ലത്. രാത്രി ഉറക്കമിളയ്ക്കുകയുമരുത്.

അത്യാവശ്യ ഘട്ടത്തില്‍ ഉറക്കമൊഴിക്കേണ്ടി വന്നാല്‍ അതിന്റെ പകുതി സമയം പിറ്റേ ദിവസം ഭക്ഷണത്തിന് മുമ്പായി ഉറങ്ങുന്നതാണ് നല്ലത്. ദിനചര്യകള്‍ കൃത്യസമയത്ത് തന്നെ നിര്‍വഹിക്കുവാന്‍ ശ്രദ്ധിക്കുന്നത് ശരീരത്തിന്റെ മാലിന്യങ്ങള്‍ കെട്ടിക്കിടക്കാതിരിക്കാനും ശരിയായ ദഹനം, വിശപ്പ്, ഉറക്കം, ഉന്മേഷം ഇവ ലഭിക്കുന്നതിനും സഹായിക്കും.

ഇടയ്ക്കിടെ ചായയും കാപ്പിയും കുടിക്കുന്ന ശീലം നന്നല്ല. പുകയില, മദ്യം, പുകവലി ഇവയുടെ ഉപയോഗം പൂര്‍ണമായും ഒഴിവാക്കണം. ഇക്കാര്യങ്ങള്‍ എല്ലാം ശ്രദ്ധിച്ചശേഷവും അമിത വണ്ണം ഉണ്ടാവുകയാണെങ്കില്‍ വൈദ്യനെ സമീപീച്ച് വേണ്ട ചികിത്സകള്‍ ചെയ്യേണ്ടതാണ്.




വ്യായാമം ചിട്ടപ്പെടുത്തുക

രോഗത്തിന്റെ സ്വഭാവമനുസരിച്ചുവേണം വ്യായാമം ചിട്ടപ്പെടുത്താന്‍. പരിപൂര് വിശ്രമം നിര്ദേശിക്കപ്പെട്ടിട്ടുള്ളവര്വ്യായാമം ചെയ്യുന്നത് രോഗം വര്ധിക്കുവാന്ഇടയാക്കും. മാനകവും ഉത്കണ്ഠയുമുള്ള സാചര്യങ്ങളില്മനസിന്റെ പിരിമുറുക്കം കുറയ്ക്കുന്നതിന് ശവാസനം, ദീര്ഘശ്വാസം, ലഘു വ്യായാമങ്ങള്എന്നിവ സഹായിക്കും.

വ്യായാമങ്ങള്ശീലിക്കുന്നത് ശരീരപ്രകൃതിക്കും അരോഗ്യസ്ഥിതിക്കും ഇണങ്ങിയ രീതിയിലാകണം. ദിവസവും രാവിലെ ഒരു മണിക്കൂര്നേരം നിരപ്പായ സ്ഥലത്തു കൂടി മിതമായ വേഗത്തില്നടക്കുന്നത് ശാരീരികവും മാനസികവുമായ ഉന്മേഷം ലഭിക്കുന്നതിന് സഹായകമാകും.

കുറേസമയം ഇരുന്നു ജോലി ചെയ്യുന്നവര്ക്ക് കൈകാലുകള്ഇളക്കിയുള്ള നടത്തം രക്തപ്രവാഹം ശരിയാക്കുന്നതിന് ഏറെ സഹായകരമാണ്. വൃക്ഷങ്ങളും ചെടികളും ഉള്ള സ്ഥലങ്ങളിലൂടെ രാവിലെ നടക്കുന്നതുകൊണ്ട് ധാരാളം ശുദ്ധവായു ലഭിക്കുകയും ചെയ്യും.




ആഹാരം കരുതലോടെ
1
ഇളം ചൂടോടെയുള്ള ആഹാരം വിശപ്പുമാറുന്നതു വരെ മാത്രം കഴിക്കുക.
2
മുമ്പ് കഴിഞ്ഞ ആഹാരം ദഹിച്ച ശേഷം വിശപ്പുതോന്നുമ്പോള്മാത്രം ആഹാരം കഴിക്കുക.
3
ആഹാരത്തില്പഴങ്ങളും പച്ചക്കറികളും ഇലക്കറികളും കൂടുതലായി ഉള്പ്പെടുത്തുകയും എരിവ്, പുളി, ഉപ്പ് എന്നീ രസങ്ങള്മിതമായി മാത്രം ഉപയോഗിക്കുകയും വേണം. പാല്‍, മുട്ട, മാസവര്ഗങ്ങള്‍, കൊഴുപ്പു കൂടുതലുള്ള സാധനങ്ങള്‍, എണ്ണയില്വറുത്തവ എന്നിവ ഒഴിവാക്കണം.
4
വൃത്തിയുള്ളതും മനസിനിണങ്ങിയതുമായ സ്ഥലത്തുവച്ച് ആഹാരം കഴിക്കുക.
5
നന്നായുണ്ടാക്കിയ ഭക്ഷണം പോലും അമിതമായി ഉപയോഗിച്ചുകൂടാ.
6
തണുപ്പിച്ച ശേഷം വീണ്ടും ചൂടാക്കിയ ഭക്ഷണം ഒരിക്കലും ഉപയോഗിക്കരുത്
7
ഭക്ഷണം കഴിച്ചയുടനെ കുളിക്കുവാന്പാടില്ല





പച്ചക്കറികള്ധാരാളം ഉപയോഗിക്കാം. പാവയ്ക്ക, പടവലം, കുമ്പളങ്ങ, വെള്ളരിക്ക തുടങ്ങിയവ ദിവസേന ഉപയോഗിക്കാവുന്നതാണ്. അധികം എണ്ണ ചേര്ക്കാതെ പാകം ചെയ്യുന്നതാണ് ഉത്തമം. ചേമ്പ്, ചേന തുടങ്ങിയവ മിതമായി ഉപയോഗിക്കാം. പഴങ്ങള്ധാരാളമായി ഉപയോഗപ്പെടുത്താം. പ്രമേഹമുള്ളവരാണെങ്കില്പ്രമേഹപഥ്യമനുസരിച്ച് മാത്രമേ പഴങ്ങള്ഉപയോഗിക്കാവൂ.

പപ്പായ, ഓറഞ്ച്, ആപ്പിള്‍, പേരയ്ക്ക, നെല്ലിക്ക എന്നിവ എല്ലാവര്ക്കും ഉപയോഗപ്പെടുത്താവുന്ന ഫലങ്ങളാണ്. പച്ചക്കറികള്വേവിച്ചും വേവിക്കാതെയും സലാഡ് ആയിക്കും ഉപയോഗിക്കാവുന്നതാണ്. ചെറുപയര്‍, കടല തുടങ്ങിയ പയറുവര്ഗങ്ങള്മുളിപ്പിച്ച് ഉപയോഗിക്കുന്നതാണ് നല്ലത്.

പാല്ഉപയോഗിക്കുന്നത് തിളപ്പിച്ച് പാടനീക്കിയ ശേഷമായിരിക്കണം. അരി, ഗോതമ്പ് തുടങ്ങിയ ധാന്യങ്ങളുടെ അളവ് കുറച്ച് പച്ചക്കറികളും ഇലക്കറികളും കൂടുതല്ഉള്പ്പെടുത്തി ആഹാരത്തിന്റെ അളവ് ക്രമീകരിക്കണം.

ഒറ്റമൂലികള്


നീര്മരുത് - പാര്ഥാദ്യരിഷ്ടത്തിലെ മുഖ്യമായ ഘടകം നീര്മരുതാണ്. ഹൃദയസ്പന്ദന നിരക്കും നാഡീ സ്പന്ദന നിരക്കും ക്രമീകരിക്കാന്ഇതിന് പ്രത്യേക കഴിവുണ്ട്.

ഗുഗ്ഗുലു - കൊളസ്ട്രോള്കുറയ്ക്കാന്ഉപകരിക്കുന്നു

ബ്രഹ്മി - ആകാംഷ കുറയ്ക്കാന്സഹായിക്കുന്നു

പാല്കഷായം - പാല്കഷായത്തിനുള്ള മരുന്ന് 15 ഗ്രാം വൃത്തിയായി കഴുകിച്ചതച്ച് ഒരു പരുത്തിയില്കിഴികെട്ടുക. വൈദ്യ നിര്ദേശമരുസരിച്ച് 100 - 150 മില്ലി അതിന്റെ നാലിരട്ടി ശുദ്ധജലവും ചേര്ത്തി അതില്കിഴിയിട്ട് തിളപ്പിച്ച് പാലളവാക്കി കുറുകിയെടുക്കുക.
കിഴി നന്നായി പാലിലേക്ക് ഞെക്കിപ്പിഴിഞ്ഞ് ചേര്ത്ത് ചെറു ചൂടോടെ രാത്രി കിടക്കാന്നേരം സേവിക്കണം. ശരീരക്ഷീണമുണ്ടാക്കുന്ന തീഷ്ണമായ ശോധനചികിത്സകളൊന്നും ഹൃദ്രോഗത്തില്ചെയ്തുവരുന്നില്ല.

 ബാഹ്യപ്രയോഗങ്ങള്

ബലാതൈലം അല്ലെങ്കില്ക്ഷീരബലാതൈലം, ധാന്വന്തരതൈലം, എന്നിവയുടെ ആവര്ത്തികളോ ചെറുചൂടോടെ നെഞ്ചില്തേയ്ക്കുകയോ ശീലയില്മുക്കി ഹൃദയഭാഗത്ത് കുറച്ച് സമയം വയ്ക്കുകയോ ചെയ്യുന്നത് നെഞ്ചു വേദനയ്ക്ക് ആശ്വാസമാകും. ഉരോവസ്തി ചെയ്യുന്നതിനും തൈലങ്ങള്യുക്തിക്കനുസരിച്ച് ഉപയോഗപ്പെടുത്തി വരുന്നു.
ഹൃദയതാഗത്ത് ഒരു തടസമുണ്ടാക്കി തൈലം ചെറുചൂടില്കുറച്ചു സമയം നിര്ത്തുന്ന ചികിത്സയാണിത്. ചുവന്നുള്ളിയും വെളുത്തുള്ളിയും ക്ഷീരബല ചേര്ത്ത് പോള്സീട്ടാക്കി ചെറു ചൂടോടെ നെഞ്ചത്ത് വയ്ക്കുന്നത് വേദനയെ ശമിപ്പിക്കും. മരുന്നുകള്രക്തപ്രവാഹം വര്ധിപ്പിക്കുകയും ചെയ്യും.     

               ആഹാര സമയം
രാവിലെ
7 - 8
പ്രാതല്
ഉച്ചകഴിഞ്ഞ്
11- 12
ഉച്ചഭക്ഷണം
ഉച്ചകഴിഞ്ഞ്
3 - 4
ഇളനീര്‍/ചായ/ജ്യൂസ്/വെജിറ്റബിള്സൂപ്പ്
രാത്രി
7 - 8
രാത്രി ഭക്ഷണം

മെച്ചപ്പെട്ട ഐ എഎഫും മറ്റു പുതുമകളുമായി സോണിയുടെ a7RIII എത്തി


ഗൗരവമുള്ള ക്യാമറ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോള്‍ കൈയ്ക്കും മനസിനും ഇണങ്ങുന്ന ഇഷ്ടം പോലെ മോഡലുകള്‍ തിരഞ്ഞെടുക്കാനാവും. ക്യാമറയുടെ ഓരോ ഫീച്ചറും വിലയിരുത്തി മാര്‍ക്കിടുന്ന സംവിധാനം എത്തിയതോടെ ക്യാമറാ നിര്‍മാതാക്കള്‍ തമ്മില്‍ ഇഞ്ചോടിഞ്ച് മത്സരമാണ് നടക്കുന്നത്. ഇതിനാൽ തന്നെ ഓരോ ക്യാമറയും പുതിയ ഫീച്ചറുകള്‍ കൊണ്ടുവരാന്‍ ശ്രമിച്ചുക്കൊണ്ടിരിക്കുകയാണ്.

ഇപ്പോഴത്തെ ഫുള്‍ഫ്രെയിം ക്യാമറകളിലെ രാജാവാണ് നിക്കോണ്‍ D850 എന്നു പറഞ്ഞു നാക്കെടുത്തില്ല, ദേ വരുന്നു സോണിയുടെ ആല്‍ഫാ a7RIII. സോണിയുടെ പുതിയ ക്യാമറയുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന് മുന്‍ മോഡലുകളെക്കാള്‍ മെച്ചപ്പെട്ട ഐ ഓട്ടോഫോക്കസ് ആണ്.

2015ല്‍ ഇറങ്ങിയ, ഇതിന്റെ മുന്‍ഗാമിയായിരുന്ന, a7RIIന്റെ പ്രശ്‌നങ്ങള്‍ തീര്‍ത്തിറക്കിയ മോഡലെന്നും ഇതിനെ വിശേഷിപ്പിക്കാം. കാരണം സെന്‍സറിന്റെ മെഗാപിക്‌സല്‍ കൗണ്ട് വര്‍ധിപ്പിക്കാന്‍ സോണി തുനിഞ്ഞിട്ടില്ലെന്നതു തന്നെ. സോണിയുടെ സ്വന്തം 42.4MP BSI CMOS സെന്‍സറിനെ കേന്ദ്രീകരിച്ചാണ് പുതിയ ക്യാമറയും പുറത്തിറക്കിയിരിക്കുന്നത്. എന്നാല്‍ മറ്റു ഹാര്‍ഡ്‌വെയര്‍ മാറ്റങ്ങള്‍ പുതിയ ക്യാമറയുടെ പ്രകടനത്തില്‍ മാറ്റം കൊണ്ടുവരും.

സോണി ഈ വര്‍ഷം ഇറക്കി പ്രശംസ പിടിച്ചു പറ്റിയ ക്യാമറയാണ് a9. നിക്കോണ്‍ D5 തുടങ്ങിയ ഷൂട്ടിങ് സ്പീഡ് ഭീമന്മാരെ നേരിടാനായി ഇറക്കിയ ആ ക്യാമറയുടെ പല ഫീച്ചറുകളും a7RIIIയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു എന്നതാണ് എടുത്തു പറയാവുന്ന ഒരു കാര്യം.

ബിയോണ്‍സ് X പ്രോസസറും LSI പ്രോസസറും കൂടുതല്‍ സ്പീഡില്‍ ഡേറ്റ പ്രൊസസ് ചെയ്യും. അതു കൊണ്ട് ക്യാമറയ്ക്ക് സെക്കന്‍ഡില്‍ 10 ഫ്രെയിം വരെ ഷൂട്ടു ചെയ്യാന്‍ സാധിക്കും. ഫ്‌ളാഷ് ഉപയോഗിക്കുമ്പോഴും ഈ റെയ്റ്റില്‍ ഷൂട്ടു ചെയ്യാമെന്നത് സോണിയുടെ മികവായി കാണാം. തുടര്‍ച്ചയായി 28 കംപ്രസ് ചെയ്യാത്ത റോ ചിത്രങ്ങളോ 87 കംപ്രസു ചെയ്ത റോ ഫോട്ടോകളോ എടുക്കാം.

ഏറ്റവും മികച്ച ഡൈനാമിക് റെയ്ഞ്ചുള്ള ക്യാമറയായി നിക്കോണ്‍ D850യെ റിവ്യൂവര്‍മാര്‍ തിരഞ്ഞെടുത്തിരുന്നു. എന്നാല്‍ a7RIIIയ്ക്ക് 12-ബിറ്റ് റോ ഷൂട്ടു ചെയ്യുമ്പോള്‍ 15 സ്‌റ്റോപ് ഡൈനാമിക് റെയ്ഞ്ച് ലഭിക്കുമെന്നാണ് സോണി അവകാശപ്പെടുന്നത്. പ്രായോഗിക ഷൂട്ടിങ്ങില്‍ ഇതിന് എന്തുമാത്രം മാറ്റം കൊണ്ടുവരാന്‍ സാധിക്കുമെന്നു കണ്ടറിയേണ്ടിയിരിക്കുന്നു.

  • ഐ ഓട്ടോഫോക്കസ്

പോര്‍ട്രെയ്റ്റ് ഫൊട്ടോഗ്രഫര്‍മാരുടെ ഒരു സ്വപ്ന ഫീച്ചറാണ് ഐ ഓട്ടോഫോക്കസ്. മുന്‍ മോഡലുകളില്‍ ലഭ്യമാണെങ്കിലും പുതിയ ക്യാമറയില്‍ അതിന് ഇരട്ടി കൃത്യതയുണ്ടെന്നാണ് സോണി പറയുന്നത്. പ്രൊഫഷണല്‍ ഫൊട്ടോഗ്രഫര്‍മാരുടെ പണി എളുപ്പമാക്കുന്ന ഒരു വിദ്യയാണിത്. ആക്ടിവേറ്റു ചെയ്തു കഴിഞ്ഞാന്‍, സബ്ജക്ടിന്റെ കണ്ണില്‍ തന്നെ ക്യാമറ ഫോക്കസ് നിലനിര്‍ത്തും. ചെറിയ ക്യാമറാ ചലനങ്ങള്‍ പോലും ബാധിക്കില്ല.

a7IIല്‍ ഉണ്ടായിരുന്നതു പോലെ 399 സെന്‍സറില്‍ തന്നെയുള്ള ഫെയ്‌സ് ഡിറ്റക്ട് പോയിന്റുകള്‍ പുതിയ ക്യാമറയിലും നിലനിര്‍ത്തിയിരിക്കുന്നു.

ഷട്ടറിന്റെ പ്രവര്‍ത്തനത്തില്‍ വരുത്തിയിരിക്കുന്ന മാറ്റമാണ് വേറൊരു പുതുമ. പെട്ടെന്നു പ്രതികരിക്കുന്നതും എന്നാല്‍ ഷട്ടര്‍ഷോക് കുറയ്ക്കുന്നതുമാണ് ഇതെന്ന് സോണി അവകാശപ്പെടുന്നു. പുതിയ ഷട്ടര്‍ അഞ്ചു ലക്ഷം ആക്ചുവെയ്ഷന്‍സ് വരെ പ്രശ്‌നമില്ലാതെ പ്രവര്‍ത്തിച്ചേക്കുമെന്ന് സോണി കരുതുന്നു.

സോണിയുടെ 5-ആക്‌സിസ് ഇമേജ് സ്റ്റബിലൈസേഷന്‍ 5.5 സ്‌റ്റെപ് റെയ്റ്റിങ്ങോടെയാണ് പുതിയ ക്യാമറയില്‍ അവതരിക്കുന്നത്. ഇത് വിഡിയോ ഷൂട്ടിങ്ങിലും ലഭ്യമാകുമെന്നത് സോണി ക്യാമറകളെ ഇഷ്ടപ്പെടുന്നവര്‍ക്ക് ആഹ്ലാദിക്കാന്‍ വക നല്‍കും.

  • വിഡിയോ

പലരും സോണി ക്യാമറകള്‍ വാങ്ങുന്നത് വിഡിയോ ഷൂട്ടിങ്ങിനാണ്. a7IIIയ്ക്ക് സെന്‍സറിന്റെ മുഴുവന്‍ പ്രതലവും ഉപയോഗിച്ച് UHD 4K ഷൂട്ടു ചെയ്യാന്‍ സാധിക്കും. സൂപ്പര്‍ 35 ക്രോപ് മോഡില്‍ 5176 x 2924 പിക്‌സല്‍ വരെ ഷൂട്ടു ചെയ്ത ശേഷം 3840 x 2160 UHD 4K ആയി ഡൗണ്‍ സാംപിള്‍ ചെയ്യും. ഈ ക്രോപ് മോഡിലാണ് താരതമ്യേന നല്ല വിഡിയോ ലഭിക്കുന്നത്. ഈ ക്യാമറ 1080p 120 fps ലും ഷൂട്ടു ചെയ്യും.

പിക്‌സല്‍ ഷിഫ്റ്റ് മള്‍ട്ടി ഷൂട്ടിങ് മോഡാണ് മറ്റൊരാകര്‍ഷണം. ബെയര്‍ സെന്‍സറിന്റെ നിറ ദൂഷ്യം മാറ്റുന്ന ഒന്നാണിത്. നാലു ഫ്രെയ്മുകള്‍ ഷൂട്ടു ചെയ്താണ് സോണി ഇതു ചെയ്യുന്നത്. എന്നാല്‍ ഇങ്ങനെ എടുക്കുന്ന ചിത്രങ്ങളെ ക്യാമറ തന്നെ പ്രോസസു ചെയ്തു തരില്ല. കംപ്യൂട്ടറില്‍ സോണിയുടെ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് പ്രോസസു ചെയ്യണം.

ഒരു ആധുനിക ക്യാമറയില്‍ നിന്നു പ്രതീക്ഷിക്കുന്ന എല്ലാ ഫീച്ചറുകളും തന്നെ സോണി a7RIIIയില്‍ ഉണ്ട്. ഇരട്ട മെമ്മറി കാര്‍ഡ് സ്‌ളോട്, USB-C തുടങ്ങിയവയും ഉണ്ട്.

  • ബാറ്ററി ലൈഫ്

സോണി ക്യാമറകള്‍ക്കെതിരെയുള്ള ഒരു പ്രധാന പരാതി ബാറ്ററി ലൈഫ് കുറവാണ് എന്നതാണ്. എല്‍സിഡിയാണ് ഉപയോഗിക്കുന്നതെങ്കില്‍ a7RIIIയ്ക്ക് ഒരു ഫുള്‍ ചാര്‍ജില്‍ 650 ഷോട്ടുകള്‍ വരെ എടുക്കാം. ഇവിഎഫ് ആണെങ്കില്‍ ഇത് 530 ആയി കുറയും. സോണി പുറത്തിറക്കിയിരിക്കുന്ന VG-3EM ബാറ്ററി ഗ്രിപ് ഉപയോഗിക്കുകയാണെങ്കില്‍ ബാറ്ററി ലൈഫ് ഇരട്ടിയാക്കാം.

നവംബറില്‍ വില്‍പ്പനയ്‌ക്കെത്തുന്ന സോണി a7RIIIയ്ക്ക് 3199 ഡോളറാണ് വിലയിട്ടിരിക്കുന്നത്. സോണിയുടെ മിറര്‍ലെസ് ക്യാമറകള്‍ കൈയ്ക്ക് ഇണങ്ങുന്നവര്‍ക്ക് പരിഗണിക്കാവുന്ന മോഡലാണിത്. സോണി a7RIII ക്യാമറയെ കുറിച്ച് വേണ്ടതെല്ലാം അറിയാന്‍ ഈ ലിങ്ക് ഉപയോഗിക്കുക.

ഹോട്ടലുകൾക്കും ബിയർ നിർമിക്കാം; അനുമതിക്ക് ശുപാർശയുമായി ഋഷിരാജ് സിങ്


തിരുവനന്തപുരം∙ ഹോട്ടലുകൾക്ക് ബിയർ സ്വന്തമായി നിർമിച്ച് വിൽക്കാൻ അനുമതി നൽകാമെന്ന് എക്സൈസ് കമ്മിഷണർ ഋഷിരാജ് സിങ്ങിന്റെ റിപ്പോർട്ട്. കൂടുതൽ പേർക്കു തൊഴിലവസരം ലഭ്യമാക്കാൻ പുതിയ പദ്ധതിയിലൂടെ കഴിയുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇക്കാര്യത്തിൽ സർക്കാരായിരിക്കും അന്തിമ തീരുമാനമെടുക്കുക. ബിയറുണ്ടാക്കി വിൽക്കാനാകുന്ന മൈക്രോ ബ്രൂവറികൾ അനുവദിക്കുന്നതു സംബന്ധിച്ചു പഠിക്കാൻ സർക്കാർ എക്സൈസ് കമ്മിഷണറെ ചുമതലപ്പെടുത്തിയിരുന്നു.

സ്വന്തമായി ബിയർ നിർമ്മിച്ചു വിൽക്കാൻ സാധിക്കുന്ന മൈക്രോ ബ്രൂവറികളും 24 മണിക്കൂറും പ്രവർത്തിക്കുന്ന പബ്ബുകളും തുടങ്ങാനുള്ള അനുമതി തേടി പത്ത് ബാറുകളാണ് എക്സൈസിനെ സമീപിച്ചത്. ഇക്കാര്യം എക്സൈസ് കമ്മിഷണർ ഋഷിരാജ് സിങ് സർക്കാരിനെ അറിയിച്ചു. രാജ്യത്ത് ബെംഗളൂരു പോലുള്ള നഗരങ്ങളിൽ ഹോട്ടലുകൾക്കു സ്വന്തമായി ബിയർ നിർമിക്കാൻ അനുമതി നൽകിയിട്ടുണ്ടെന്ന് കമ്മിഷണർ സർക്കാരിനു കൈമാറിയ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ഇതേത്തുടർന്നാണ് സംസ്ഥാനത്തും ഇതിന്റെ സാധ്യത പരിശോധിക്കാൻ സർക്കാർ കമ്മിഷണറോട് ആവശ്യപ്പെട്ടത്.

ബെംഗളൂരുവിലെ ഹോട്ടലുകളുടെ പ്രവർത്തനം നിരീക്ഷിച്ചാണ് ഋഷിരാജ് സിങ് റിപ്പോർട്ട് തയാറാക്കിയത്. കൂടുതല്‍ പേർക്ക് തൊഴിലവസരം ലഭ്യമാക്കാൻ പുതിയ പദ്ധതിയിലൂടെ സാധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. അനുമതി ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ളതിനാൽ അതുകൂടി പരിശോധിച്ചശേഷമെ സർക്കാർ അന്തിമതീരുമാനമെടുക്കൂ. നിലവിൽ സ്വകാര്യ കമ്പനികൾ ഉൽപാദിപ്പിക്കുന്ന ബിയറാണ് വൻകിട ഹോട്ടലുകൾ വിൽക്കുന്നത്. കർണ്ണാടകയിലെപ്പോലെ ഡീ അഡിക്ഷൻ സെന്ററുകൾ തുടങ്ങണമെന്ന നിർദേശവും റിപ്പോർട്ടിലുണ്ട്. എക്സൈസ് വകുപ്പിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറി ടോം ജോസിനു രണ്ടുദിവസത്തിനുള്ളിൽ റിപ്പോർട്ട് കൈമാറും.

രണ്ടു ഭീകരരെ സുരക്ഷാസേന വധിച്ചു



കശ്മീർ : അതിർത്തിയിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ വധിച്ചു.

കശ്മീർ ,ബന്ദിപ്പുരയിലെ മിർ മൊഹ്ല ഭാഗത്ത് ഇന്നു പുലർച്ചെയുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്.

ഷെല്ലാക്രമണം തുടരുകയാണ്.

മൻ കി ബാത്ത് ഇന്ന്


ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടി മൻ കി ബാത്ത് ഇന്ന് നടക്കും.

പ്രധാനമന്ത്രിയുടെ  ചിന്തയും,ആശയങ്ങളും പങ്കുവയ്ക്കുന്ന മൻ കി ബാത്തിന്റെ മുപ്പത്തിയേഴാം എപ്പിസോഡാണ് ഇന്ന് രാവിലെ 11 ന് പ്രക്ഷേപണം ചെയ്യുന്നത്.

കഴിഞ്ഞ മൻ കി ബാത്ത് എപ്പിസോഡിൽ ക്ലീൻ ഇന്ത്യ ക്യാമ്പെയിനെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്.

ആകാശവാണി,ദൂരദർശൻ എന്നിവ വഴി പ്രക്ഷേപണം ചെയ്യുന്ന പരിപാടി നരേന്ദ്ര മോദി മൊബൈൽ ആപ്ലിക്കേഷൻ വഴിയും ലഭ്യമാണ്.

മലയാളത്തിന്റെ തളിരിട്ട കിനാവ് ; ജാനകിയമ്മ പാട്ട് നിർത്തി


മൈസൂരു : മലയാളത്തിന്റെ മനസ്സിൽ പാട്ടിന്റെ ഒരു പിടി നല്ല ഓർമ്മകൾ സമ്മാനിച്ച ജാനകിയമ്മ പാട്ടു നിർത്തി.

മൈസൂരുവിലെ മാനസഗോത്രിയിലുള്ള ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ കഴിഞ്ഞ ദിവസം ആറര മുതല്‍ പത്തര വരെ നീണ്ട സംഗീതപരിപാടിയില്‍ നാല്‍പതോളം ഗാനങ്ങള്‍ ആലപിച്ചാണ് തന്റെ സംഗീതയാത്രക്ക് വിട നൽകിയത്.

എസ് ജാനകി ചാരിറ്റബിൾ ട്രസ്റ്റ്,സ്വയം രക്ഷണ ഗുരുകുലം,സുവർണ്ണ കർണാടക കേരള സമാജം എന്നിവ ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.സംഗീതം പോലെ തന്നെ മധുരമായ ചിരിയോടെ താൻ സംഗീതപരിപാടികൾ അവസാനിപ്പിക്കുന്നതായി പറഞ്ഞപ്പോൾ സദസ്സ് ഒന്നടങ്കം നിശബ്ദമായി.

തീരുമാനത്തിൽ നിന്നും പിന്മാറണമെന്നാവശ്യപ്പെട്ടവരോട് സ്വരം നന്നായിരിക്കുമ്പോൾ തന്നെ പാട്ട് നിർത്തണമെന്ന് മറുപടി.

1957 ൽ വിധിയിന്‍ വിളയാട്ട് എന്ന തമിഴ് സിനിമയിലൂടെയായിരുന്നു പിന്നണി ഗായികയായുള്ള അരങ്ങേറ്റം.

ആദ്യ ഹിറ്റ് ഗാനം കൊഞ്ചും സിലങ്കൈയിലെ പ്രശസ്തമായ ശിങ്കാര വേലനേ ദേവാ.

‘മിന്നുന്നതെല്ലാം പൊന്നല്ല‘ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക്.
മൂടുപടം എന്ന ചിത്രത്തിൽ തളിരിട്ട കിനാക്കൾ എന്ന ഗാനത്തിലൂടെ മലയാളികളുടെ മനസ്സിൽ ചേക്കേറി.

മികച്ചഗായികക്കുള്ള ദേശീയ പുരസ്ക്കാരം നാലുതവണയും,കേരള സംസ്ഥാന അവാർഡ് പതിനാലുതവണയും,തമിഴ്നാട് സർക്കാരിന്റെ പുരസ്ക്കാരം ഏഴു തവണയും,ആന്ധ്രാ സർക്കാരിന്റെ അവാർഡ് പത്തു തവണയും നേടി.സിന്ദൂരപ്പൂവേ (പതിനാറു  വയതിനിലെ,തമിഴ്,1976),ഏറ്റുമാനൂരമ്പലത്തിലെഴുന്നള്ളത്ത്(ഓപ്പോൾ,മലയാളം,1980),വെന്നല്ലോ ഗോദാരി അന്ധം (സിതാര,തെലുങ്ക്,1984),ഇഞ്ചി ഇടിപ്പഴഗാ (തേവർ മകൻ,തമിഴ്,1992) എന്നിവക്കാണ് ദേശീയ പുരസ്ക്കാരം ലഭിച്ചത്.

പുരസ്ക്കാരങ്ങൾക്കപ്പുറം പ്രിയപ്പെട്ട ആരാധകരുടെ സ്നേഹവായ്പ്പുകളും അനുഭവിക്കാൻ ഒട്ടേറെ ഭാഗ്യം ലഭിച്ച ഗായികയായിരുന്നു ജാനകിയമ്മ.

Saturday, 28 October 2017

ശരീരഭാരം കുറയ്ക്കണോ, കുടിക്കാം ഡീറ്റോക്സ് ടീ



ശരീരത്തെ ആന്തരികമായി ശുദ്ധിചെയ്യുന്നതാണ് ഡിറ്റോക്സിഫിക്കേഷൻ. ആരോഗ്യം നിലനിർത്തുന്നതിനും ശരീരഭാരം സ്ഥിരമായി കുറച്ചുനിർത്തുന്നതിനും ഇതു പ്രയോജനകരമാണ്. ഡിറ്റോക്സ് ചായ അല്ലെങ്കിൽ ഗ്രീൻ ടീ ഇവയുടെ സ്ഥിരമായ ഉപയോഗത്തിലൂടെ ശരീരത്തെ ശുദ്ധീകരിക്കാൻ സാധിക്കും.

ഒരു ദിവസത്തിന്റെ പകുതി ആകുമ്പോഴേ ക്ഷീണം അനുഭവപ്പെടുകയും ഇനി ഒന്നും ചെയ്യാൻ കഴിയില്ലന്ന് തോന്നുകയും ചെയ്യുന്നവർ കുറവല്ല. ഇതിന്റെ പ്രധാന കാരണം ശരീരത്തിലടങ്ങിയിരിക്കുന്ന മാലിന്യമാണ്. ഈ വിഷാംശങ്ങൾ അർബുദം, മാനസിക രോഗങ്ങൾ എന്നിവയ്ക്കു കാരണമാകുന്നുണ്ട്.

നല്ല ഡിറ്റോക്സ് ടീ സാധാരണ ഗതിയിൽ ഗ്രീൻ ടീ അല്ലെങ്കിൽ മറ്റു ചായപ്പൊടകളുടെ കൂടെ പച്ചമരുന്നുകളായ ഇഞ്ചി, കറുവാപ്പട്ട എന്നിവയുടെ മിശ്രിതമാണ്. ഇതു ശരീരത്തിൽ കുമിഞ്ഞു കൂടുന്ന മാലിന്യങ്ങളെ സ്വാഭാവികമായി ശുദ്ധീകരിച്ച് ശരീരത്തെ ശക്തിപ്പെടുത്തുന്നു.

ഡിറ്റോക്സ് ടീ യുടെ പ്രധാന പത്തു ഗുണങ്ങൾ

1. വിവിധ സുഗന്ധങ്ങളിലുള്ളതും പച്ചമരുന്നുകൾ അടങ്ങിയതുമായ ഡിറ്റോക്സ് ടീ ലഭ്യമാണ്. ചായപ്പൊടിയുടെ സുഗന്ധം നമ്മെ ഉത്തേജിപ്പിക്കും

2. വിഷപദാർഥങ്ങൾ പുറന്തള്ളുന്നു. ഖരലോഹങ്ങൾ, രാസപദാർഥങ്ങൾ,അന്തരീക്ഷമാലിന്യങ്ങൾ കോശങ്ങളിലും രക്തത്തിലും അടിഞ്ഞ് ശരീരത്തെ മലിനമാക്കുന്നു. ഡിറ്റോക്സ് ടീ യിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡൻ്റ്സ് ഇവയെ നിർവീര്യമാക്കി ശരീരത്തിന് ശക്തി പകരുന്നു.

3. ശരീരഭാരം കുറയ്ക്കുന്നു. ഫ്ലവനോയ്ഡുകൾ, വൈറ്റമിൻ, മിനറൽ എന്നിവ ഡിറ്റോക്സ് പാനീയങ്ങളിൽ അടങ്ങിയിരിക്കുന്നു. ഡിറ്റോക്സ് ആദ്യ കവിൾ കുടിക്കുന്നതോടെ ശരീരത്തിലെ മെറ്റബോളിസം വർധിച്ച് ഊർജ്ജത്തിന്റെ അളവ് ഉയരുന്നു.ശരീരത്തിന് ഉൻമേഷവും ലഘുത്വവും അനുഭവപ്പെടുന്നു. ഇതിലുള്ള HCL സപ്ലിമെന്റ് വിശപ്പ് കുറയ്ക്കുന്നു. അതിനാൽ പാർശ്വഫലമില്ലാതെ ശരീരഭാരം കുറയുന്നു.

4. ദഹനം വർധിക്കുന്നു. വായുപ്രശ്നങ്ങൾ, വയർ പെരുപ്പ്, മലബന്ധം, ഛർദ്ദി എന്നിവ പലരിലും കാണുന്നുണ്ട്. ദഹനം ശരിയായി നടക്കാത്തതാണ് ഇതിനു കാരണം. ഡിറ്റോക്സ് ടീ കുടലിലെ മാലിന്യം പുറന്തള്ളി ദഹനം എളുപ്പമാക്കി തീർക്കുന്നു. വായുപ്രശ്നങ്ങൾ പരിഹരിക്കുന്നു. ശരീരത്തിൽ നിന്നുള്ള മാലിന്യം പുറന്തള്ളപ്പെടുന്നതുവഴി ശരീരഭാരം കുറയ്ക്കുന്ന പ്രക്രിയ എളുപ്പമുള്ളതാകുന്നു.

5. മാനസികമായ ജാഗ്രത ഉണ്ടാകുന്നു. ഡിറ്റോക്സ് ടീ യിലെ ഘടകങ്ങൾ മാലിന്യങ്ങളെയും നീർക്കെട്ടിനെയും ഇല്ലാതാക്കുന്നതോടെ ശരീരത്തിന് ലഘുത്വവും മാനസികമായ ഉണർവും അനുഭവപ്പെടുന്നു.

6. കരളിന്റെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നു. ശരീരത്തിന്റെ ശുദ്ധീകരണ പ്രവർത്തനത്തിന് കരൾ നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. അതിനാൽ കരളിനെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ശരീരത്തിൽ പ്രവേശിച്ചിട്ടുള്ള ലോഹങ്ങൾ, മദ്യം, മരുന്നുകളുടെ മാലിന്യങ്ങൾ, പരിസ്ഥിതി മാലിന്യങ്ങൾ എന്നിവയെ ഡിറ്റോക്സ് ടീയിലെ സംയുക്തങ്ങൾ പുറന്തള്ളുന്നു.

7. ഭക്ഷണാസക്തി കുറക്കുന്നു. ഡിറ്റോക്സ് ടീയിലെ Garnica combogia മുതലായ ഘടകങ്ങൾ ഭക്ഷണത്തോടുള്ള അനാരോഗ്യകരമായ ആസക്തിയും വിശപ്പും കുറയ്ക്കുകയും വയർ നിറയുന്ന അനുഭവം നൽകുകയും ചെയ്യുന്നു.

8. പ്രതിരോധശക്തി വർധിപ്പിക്കുന്നു. ചായയും പച്ചമരുന്നുകളും ക്രമീകൃതമായ രീതിയിൽ അടങ്ങിയ ഡിറ്റോക്സ് ടീ കുടിക്കുമ്പോൾ മാലിന്യ മുക്തമാകുന്ന ശരീരം രോഗപ്രതിരോധ ശക്തി നേടുന്നു. ഇത് ശരീരത്തെ ശുദ്ധീകരിക്കുകയും ശരീര കോശങ്ങളെ ഊർജ്ജസ്വലമാക്കുകയും ചെയ്യുന്നു.

9. തിളങ്ങുന്ന ചർമവും കരുത്തുള്ള മുടിയും. ശരീരത്തിനുള്ളിലെ മാലിന്യം ആന്തരിക അവയവങ്ങളെ എന്നപോലെ ബാഹ്യമായ അവയവങ്ങളെയും ഉപദ്രവിക്കുന്നു. നമ്മുടെ ത്വക്കും മുടിയും മാലിന്യങ്ങളെ ആഗീരണം ചെയ്യുകയും അങ്ങനെ ചർമം വരളുകയും തലയോട്ടിയുടെയും മുടിയുടെയും രൂപം മോശമാവുകയും ചെയ്യുന്നു.ഡിറ്റോക്സ് ടീ ശരീരമാലിന്യങ്ങളെ പുറന്തള്ളുന്നതുവഴി നമ്മുടെ അകവും പുറവും ഒന്നുപോലെ ശുദ്ധീകരിക്കപ്പെടുന്നു.

10. ശരീരത്തിൻ്റെ മൊത്തത്തിലുള്ള ആരോഗ്യം വർധിക്കുന്നു. ഡിറ്റോക്സ് ടീയുടെ ഉപയോഗം പ്രതിരോധശക്തി, ദഹനപ്രക്രിയ, രക്തയോട്ടം എന്നിവ നേരെ ആക്കുകയും കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ത്വക്കിന്റെയും മുടിയുടെയും അഴക് സംരക്ഷിക്കുന്നു. നമ്മുടെ മൂഡ് നല്ലരീതിയിൽ നിലനിർത്താൻ സഹായിക്കുന്നു. തലവേദന ഇല്ലാതാക്കുകയും ഊർജ്ജനില വർധിപ്പിക്കുകയും ചെയ്യുന്നു.

Comments System

Disqus Shortname