Ente Malayalam News

Follow Us

Monday, 30 October 2017

കരിപ്പൂർ സ്വർണ്ണ കടത്ത് കേസിൽ പുനരന്വേഷണം വേണം ; കെ സുരേന്ദ്രൻ



ആലപ്പുഴ: കരിപ്പൂർ സ്വര്‍ണ്ണക്കടത്ത് കേസിൽ പുനരന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. കേസിലെ ഒന്നാം പ്രതിയുടെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ പി ടി എ റഹീം എംഎൽഎ, റസാക്ക് കാരാട്ട് എംഎൽഎ എന്നിവരെ ചോദ്യം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇതിനായി നവംബർ 15 ന് കോഴിക്കോട്ട് ബഹുജന സമരം സംഘടിപ്പിക്കും.ബിജെപി സംസ്ഥാന സമിതിയോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
കോഫെപോസെ നിയമ പ്രകാരം പൊലീസ് അന്വേഷിക്കുന്ന പ്രതികളുമായി കൂടിക്കാഴ്ച നടത്തിയ റസാക്കും റഹീമും ഭരണഘടനാ ലംഘനവും സത്യപ്രതിജ്ഞാ ലംഘനവും നടത്തി. ഇവരെ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഭൂപരിധി നിയമം മറികടന്ന് നൂറുകണക്കിന് ഏക്കർ ഭൂമി കൈവശം വെച്ചിരിക്കുന്ന പി വി അൻവറിനെതിരെ കേസെടുക്കണം. മാഫിയകളേയും കള്ളക്കടത്തുകാരെയും സംരക്ഷിക്കുന്ന ഇടതു മുന്നണിയുടെ രാഷ്ട്രീയ നിലപാടാണ് ഇവരുടെ ധാർഷ്ട്യത്തിന് കാരണം. ഇപ്പോൾ ഇടതുമുന്നണി നടത്തുന്ന പ്രചരണ ജാഥ കള്ളക്കടത്ത് സ്പോൺസേർഡ് ജാഥയായി മാറി.
നിയമലംഘടനം നടത്തിയ മന്ത്രി തോമസ് ചാണ്ടിയെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. തോമസ് ചാണ്ടിക്ക് അഴിമതി നടത്താൻ ഇരുമുന്നണികളും ഒത്താശചെയ്തിട്ടുണ്ട്. തോമസ് ചാണ്ടി രാജിവെക്കും വരെ ബിജെപി പ്രക്ഷോഭം തുടരും.
ആലപ്പുഴയിൽ നടത്തിവരുന്ന സമരം തിരുവനന്തപുരത്തേക്ക് വ്യാപിപ്പിക്കും. തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് നവംബർ 13 ന് ബിജെപി സെക്രട്ടറിയേറ്റ് ഉപരോധം സംഘടിപ്പിക്കുമെന്നും സുരേന്ദ്രൻ അറിയിച്ചു.
സോളാർ അഴിമതിയുമായി ബന്ധപ്പെട്ട് കേരളത്തിൽ ഇപ്പോൾ നടക്കുന്നത് ഒത്തുതീർപ്പ് രാഷ്ട്രീയത്തിന്‍റെ രണ്ടാം ഘട്ടമാണ്. യുഡിഎഫ് നേതാക്കൾക്കെതിരെ നടപടി സ്വീകരിക്കുന്നതിൽ നിന്ന് ആരാണ് മുഖ്യമന്ത്രിയെ വിലക്കുന്നതെന്ന് പറയണം.
സിപിഎം സ്വീകരിക്കാൻ പോകുന്ന പുതിയ രാഷ്ട്രീയ നിലപാടിന്‍റെ ഫലമാണോ ഇതെന്ന് വിശദീകരിക്കണം. പോളിറ്റ് ബ്യുറോയിൽ നിന്ന് ഇക്കാര്യത്തിൽ വിലക്കുണ്ടോയെന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജിഹാദി ഭീകരരെപ്പറ്റി ബിജെപി ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന് സമീപകാല സംഭവങ്ങൾ തെളിയിക്കുന്നു. സിപിഎം ശക്തികേന്ദ്രങ്ങൾ ജിഹാദി ഭീകരരുടെ താവളമായി മാറിയിരിക്കുന്നു.
തീവ്രവാദികൾക്ക് വളരാനുള്ള സാഹചര്യം സൃഷ്ടിക്കുന്ന രാഷ്ട്രീയ നിലപാടാണ് സിപിഎം സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനരക്ഷായാത്ര വൻ വിജയമായതായി സംസ്ഥാന സമിതിയോഗം വിലയിരുത്തിയതായും അദ്ദേഹം പറഞ്ഞു.
സംസ്ഥാന വക്താവ് എംഎസ് കുമാർ, ജില്ലാ അദ്ധ്യക്ഷൻ കെ സോമൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

No comments:

Post a Comment

Comments System

Disqus Shortname