ദാഹിച്ചു പോയാല്‍ ഒരു കുപ്പി വെള്ളം മടമടാന്ന് കുടിക്കുന്നവരല്ലേ നമ്മളൊക്കെ. പക്ഷേ അങ്ങനെ ഒറ്റയടിക്കു കുടിക്കരുത്. പച്ചവെള്ളം ചവച്ചു കുടിക്കണം എന്നു കാരണവന്മാര്‍ പറയും. എന്നു വച്ചാല്‍ ഓരോ സിപ്പായി കുറേശേ വീതം കുടിച്ചിറക്കണം. ഒറ്റയടിക്കു കുടിച്ചാല്‍ വയറ്റില്‍ ഗ്യാസ് നിറയും. ദഹനത്തെയും ബാധിക്കും.
ദിവസം എട്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം എന്നതു പഴയ ശാസ്ത്രം. ഇപ്പോള്‍ ഫ്രൂട്ട് ജ്യൂസായോ പച്ചവെള്ളമായോ മൂന്നോ നാലോ ലീറ്റര്‍ വെള്ളം ഉള്ളിൽ ചെല്ലണമെന്നാണു ഡോക്ടര്‍മാര്‍ പറയുന്നത്. ശരീരത്തിലെ അഴുക്കുകൾ നീക്കം ചെയ്തു ശുദ്ധീകരിക്കാനും രക്തചംക്രമണത്തിനും ചർമം തിളങ്ങാനും കിഡ്നിയുടെ പ്രവർത്തനത്തിനുമെല്ലാം വെള്ളം ശരീരത്തിലൂടെ ഇങ്ങനെ കറങ്ങിക്കൊണ്ടിരിക്കണം.
വെള്ളം കുടിക്കാറായോ?
രണ്ടു മണിക്കൂർ ഇടവിട്ടെങ്കിലും ഓരോ ഗ്ലാസ്സ് വെള്ളം കുടിക്കണം. എങ്കിലും ആവശ്യത്തിനു വെള്ളം കിട്ടുന്നില്ലെങ്കിൽ ശരീരം തന്നെ അതു നിങ്ങളെ അറിയിച്ചിരിക്കും. ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കുക.
- നാവ്, ചുണ്ട്, ത്വക്ക്, കണ്ണ്, തലമുടി എന്നിവയിലുണ്ടാകുന്ന വരൾച്ച.
- തീരെ വിയർക്കാതിരിക്കുക.
- ∙കണ്ണിൽ ചുവപ്പ്, ത്വക്കിൽ പൊള്ളൽ പോലെയുള്ള തടിപ്പ്, കുരുക്കൾ എന്നിവ.
- കടും മഞ്ഞനിറത്തിലുള്ള മൂത്രം.
- കൃത്യമല്ലാത്ത മലശോധന
വെള്ളം പോഷകസമൃദ്ധമാക്കാം
ചെറു ചൂടുവെള്ളം കുടിക്കുന്നതാണ് ഏതു കാലാവസ്ഥയ്ക്കും ഏറ്റവും അനുയോജ്യം. ഐസ് വെള്ളം കുടിച്ചാൽ തൊണ്ടയിലെ എൻസൈമും ഉമിനീരും മറ്റും കുറച്ചു നേരത്തേക്കു ഫ്രീസ് ആയിപ്പോകും. അതു ദഹനത്തെ ബാധിക്കും. അതുകൊണ്ട് ഇടയ്ക്കിടെ ചൂടുവെള്ളമോ ഇളം ചൂടുവെള്ളമോ കുടിക്കുക. വെള്ളം പോഷകസമൃദ്ധമാക്കാൻ ഇതാ ചില പൊടിക്കൈകൾ.
- വെള്ളത്തിൽ ഒരു തരി ഉപ്പിടുക.
- നാരങ്ങാ നീരു ചേർക്കുക
- ഒരു ദിവസം വീട്ടിലേക്ക് കുടിക്കാൻ ആവശ്യമായ വെള്ളം മൺകലത്തിലാക്കി വയ്ക്കുക. ഇതിൽ ഒരു കഷണം ഇഞ്ചി കനം കുറച്ച് അരിഞ്ഞിടുക.
- ഒരു ഗ്ലാസ് വെള്ളത്തിൽ കസ്കസ് കുതിർക്കാൻ വയ്ക്കുക. അരിമണികൾ മാറ്റിയ ശേഷം ഈ വെളളം മൺകലത്തിലെ തിളപ്പിച്ചാറ്റിയ വെള്ളത്തിലേക്കു ചേർക്കുക.
- സ്ട്രോബറി, നാരങ്ങ, വെള്ളരി, നെല്ലിക്ക തുടങ്ങിയവ വെറുതെ മുറിച്ച് കുടിക്കാനുള്ള വെള്ളത്തിലിട്ടു വയ്ക്കുക. രുചിയും ഗുണവും കൂടും.
എപ്പോഴൊക്കെ?
- രാവിലെ എണീറ്റാലുടൻ ഒരു ഗ്ലാസ് ചെറു ചൂടുവെള്ളം കുടിക്കുക. അൽപം തേനും നാരാങ്ങാ നീരും ചേർത്തതാണെങ്കിൽ ഏറെ നന്ന്. ഉറക്കത്തില്‍ മണിക്കൂറുകൾ വെള്ളം കിട്ടാതിരുന്ന ശരീരത്തെ ഡീഹൈഡ്രേറ്റ് ചെയ്യാൻ ഇതിനു കഴിയും.
- പ്രഭാതഭക്ഷണത്തിനൊപ്പം വെള്ളം കുടിക്കുന്നതാണു നല്ലത്. ചായയോ കാപ്പിയോ അതിനു മുൻപേ കുടിക്കുക.
- പ്രഭാത ഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനുമുള്ള ഇടവേളയിൽ രണ്ടു ഗ്ലാസ്സ് വെള്ളമെങ്കിലും കുടിക്കണം. അതുപോലെ ഉച്ചഭക്ഷണത്തിനും നാലുമണിക്കാപ്പിക്കും മുൻപുള്ള ഇടവേളയിലും.
- മെയിൻ ഭക്ഷണത്തിന് അര മണിക്കൂർ മുൻപ് ഒരു ഗ്ലാസ്സ് വെള്ളം കുടിക്കുക. ഭക്ഷണം കഴിഞ്ഞ് അര മണിക്കൂറിനു ശേഷം മതി വെള്ളംകുടി. ഭക്ഷണത്തിനൊപ്പം ഒരു ഗ്ലാസ്സിൽ കൂടുതൽ വെള്ളം കുടിക്കരുത്. ഇതു ദഹനം കുറയ്ക്കും.
- കിടക്കുന്നതിന് രണ്ടു മണിക്കൂർ മുൻപേ രാത്രി ഭക്ഷണം കഴിക്കണം. രാത്രി അധികം വെള്ളം കുടിച്ചിട്ടു കിടക്കരുത്. ഉറക്കത്തെ ബാധിക്കുന്നതു കൂടാതെ ബെഡിൽ മലർന്നു കിടക്കാനും കഴിയാതാകും.
- ഓഫിസിലോ വീട്ടിലോ ക്ലാസ്സിലോ യാത്രയിലോ എവിടെ ആയിരുന്നാലും ഒരു കുപ്പി വെള്ളം എപ്പോഴും കയ്യിൽ കരുതണം. ദേഹാധ്വാനം ചെയ്യുന്നവരാണെങ്കിൽ കൂടുതൽ വെള്ളം കുടിക്കണം. ബോട്ടിലിൽ വെള്ളം എടുത്താൽ എത്ര വെള്ളം ഒരു ദിവസം കുടിച്ചു എന്നു മനസ്സിലാക്കാനും കഴിയും.
- ജിമ്മിൽ വർക്ഔട്ടോ യോഗയോ എക്സർസൈസോ എന്തു ചെയ്യുന്നവരായാലും മറ്റുള്ളവരെക്കാൾ ഒരു ലീറ്റർ വെള്ളമെങ്കിലും അധികം കുടിക്കണം.
ചായ, കാപ്പി അധികം വേണ്ട
തലവേദന മാറാനാണു പലരും ചായയും കാപ്പിയും കുടിക്കുന്നത്. പക്ഷേ തലവേദന കൂടാതെ, ആമാശയരോഗങ്ങളും അസ്വസ്ഥതയുമൊക്കെയുണ്ടാകും കാപ്പിയും ചായയും അധികമായാൽ. ചായയോ കാപ്പിയോ ഏതായാലും ദിവസം രണ്ടു മുതൽ നാലു ഗ്ലാസ്സിൽ അധികം കുടിക്കരുത്.
ജലാംശം അധികമടങ്ങിയ പഴങ്ങൾ, ലെറ്റ്യൂസ്, വെള്ളരി തുടങ്ങിയ പച്ചക്കറികളും ധാരാളമായി കഴിക്കുക. പച്ചക്കറി സൂപ്പായി കഴിക്കുന്നതും നല്ലതാണ്.
No comments:
Post a Comment