Ente Malayalam News

Follow Us

Wednesday, 22 November 2017

മാസ്റ്റര്‍പീസ് പാക്കപ്പായി; ടീസര്‍ നാളെ


ഇടവേളയ്ക്കുശേഷം മമ്മൂട്ടി വീണ്ടും ആള്‍ക്കൂട്ടങ്ങളുടെ നായകനായി അവതരിപ്പിക്കുന്ന മാസ്റ്റര്‍പീസ് ചിത്രീകരണം പൂര്‍ത്തിയായി. ചിത്രത്തിലെ അതിനിര്‍ണായക രംഗങ്ങള്‍ കഴിഞ്ഞ മൂന്നുദിവസമായി കൊച്ചിയില്‍ ചിത്രീകരിച്ചതോടെയാണ് ബിഗ് ബജറ്റ് ചിത്രത്തിന് സംവിധായകന്‍ അജയ് വാസുദേവ് പാക്കപ്പ് പറഞ്ഞത്. കൊല്ലത്തെ പ്രമുഖ കോളജിലും കൊച്ചിയിലുമായി നൂറോളം ദിവസമാണ് ചിത്രം ഷൂട്ട് ചെയ്തത്.

കോളജിലെ ഗുണ്ടായിസം അവസാനിപ്പിക്കാനായി ഇറങ്ങിപ്പുറപ്പെടുന്ന ഇംഗ്ലീഷ് പ്രൊഫസറുടെ വേഷമാണ് ചിത്രത്തില്‍ മമ്മൂട്ടിക്ക്. മമ്മൂട്ടിയുടെ എഡ്വേര്‍ഡ് ലിവിങ്സ്റ്റണ്‍ എന്ന എഡ്ഡി കാമ്പസിലെത്തുന്നത് പക്ഷേ അതിലും വലിയ ഗുണ്ടായിസവുമായാണ്. രാജാധിരാജ ഒരുക്കിയ യുവ സംവിധായകന്‍ അജയ് വാസുദേവിന്റെ രണ്ടാം ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഉദയ് കൃഷ്ണയാണ്.

വലിയ താരനിരയാണ് ചിത്രത്തില്‍. മുകേഷ്, ഉണ്ണി മുകുന്ദന്‍, കലാഭവന്‍ ഷാജോണ്‍, ഗോകുല്‍ സുരേഷ്, മഖ്ബൂല്‍ സല്‍മാന്‍, ദിവ്യദര്‍ശന്‍, പൂനം ബാജ്‌‌വ, വരലക്ഷ്മി ശരത്കുമാര്‍, ജനാര്‍ദ്ദനന്‍, വിജയകുമാര്‍, നന്ദു, സന്തോഷ് പണ്ഡിറ്റ്, പാഷാണം ഷാജി, ജോളി മൂത്തേടന്‍ തുടങ്ങിയവര്‍ക്കൊപ്പം ആയിരത്തിലേറെ കോളജ് വിദ്യാര്‍ഥികളും ചിത്രത്തില്‍ വേഷമിടുന്നു. വിനോദ് ഇല്ലംപള്ളിയാണ് ക്യാമറ കൈകാര്യം ചെയ്തത്. റോയല്‍ സിനിമാസിന്റെ ബാനറില്‍ സി.എച്ച്.മുഹമ്മദ് നിര്‍മിക്കുന്ന ചിത്രം ഉദയ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള യുകെ സ്റ്റുഡിയോസ് വിതരണം ചെയ്യും.

മലയാളത്തിലെ ഏറ്റവും വലിയ റിലീസ് ആയി ക്രിസ്മസിന് തൊട്ടുമുന്‍പായി തീയേറ്ററിലെത്തിക്കാനാണ് ശ്രമമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. കേരളത്തിനകത്തും പുറത്തും ഫാന്‍സ് ഷോകള്‍ക്കുള്ള ഒരുക്കങ്ങളുമുണ്ട്. ചിത്രത്തിന്റെ ടീസറിനായുള്ള ആരാധകരുടെ കാത്തിരിപ്പ് നാളെ വൈകിട്ട് ഏഴുമണിക്ക് അവസാനിക്കും.

No comments:

Post a Comment

Comments System

Disqus Shortname