കേരളത്തിലെ വൈദ്യുതി മീറ്ററുകൾ മാറ്റിസ്ഥാപിക്കാൻ നീക്കം നടക്കുന്നു. നിലവിലെ മീറ്ററുകളുടെ സ്ഥാനത്ത് അത്യാധുനിക ടെക്നോളജിയിൽ പ്രവർത്തിക്കുന്ന മീറ്ററുകള്‍ കൊണ്ടുവരും. വൈദ്യുതി ഉപയോഗം കുറയ്ക്കാനും മേഖലയിലെ തൊഴിൽ വെട്ടിച്ചുരുക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് കരുതുന്നത്.
ഡിറ്റിഎച്ച് സംവിധാനം പോലെ റീചാർജ് ചെയ്യാവുന്ന മീറ്ററുകളാണ് വരിക. ആവശ്യത്തിന് തുക നേരത്തെ അടച്ച് റീചാർജ് ചെയ്യാം. റീചാർജ് തുക കഴിഞ്ഞാൽ ഫ്യൂസ് ഊരാനൊന്നും കെഎസ്ഇബിക്കാർ വരില്ലെന്ന് ചുരുക്കം. വീണ്ടും വൈദ്യുതി ലഭിക്കണമെങ്കിൽ ഉപഭോക്താവിന് നല്‍കുന്ന കാർഡ് റീചാർജ് ചെയ്യേണ്ടിവരും.
മൊബൈൽ ഫോൺ പോലെ തന്നെ വൈദ്യുതിയും ഉപയോഗിക്കേണ്ടി വരും. റീചാർജ് ചെയ്ത തുക തീർന്നു പോകുമെന്ന ഭയത്താൽ മിക്കവരും കുറച്ച് ഉപയോഗിക്കാൻ തുടങ്ങും. ഇതിനു പുറമെ മീറ്റർ റീഡർമാരുടെ തൊഴിലും ഒഴിവാക്കാനാകും. രാജ്യത്ത് നിരവധി സംസ്ഥാനങ്ങളിൽ പരീക്ഷിച്ച് വിജയിച്ച പദ്ധതിയാണിത്. കേരളത്തിലും ഇതിനായി ടെൻഡർ നടപടികൾ തുടങ്ങി കഴിഞ്ഞു.
ഓരോ ദിവസത്തെയും ഉപയോഗം സംബന്ധിച്ചുള്ള വ്യക്തമായ റിപ്പോർട്ടുകൾ ഉപഭോക്താവിന് നൽകും. ഇതിലൂടെ അനാവശ്യ ഉപയോഗങ്ങൾ കുറയ്ക്കാനും സാധിക്കും. അതേസമയം, 500 യൂണിറ്റിന് മുകളിൽ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് റീചാർജ് മീറ്റർ മതിയെന്ന നിർദ്ദേശമുണ്ട്.
No comments:
Post a Comment