കോട്ടയം ∙ സ്വകാര്യ ബസ് സമരം നാട്ടുകാരെ വലച്ചപ്പോൾ ‘ലോട്ടറിയടിച്ച’ സന്തോഷത്തിലാണു കെഎസ്ആർടിസി. നാലു ദിവസം കൊണ്ട് 30 കോടി രൂപയാണു കോർപറേഷന്റെ ഖജനാവിലെത്തിയത്. സാമ്പത്തിക പ്രതിസന്ധിയിൽ ഇഴഞ്ഞുനീങ്ങിയ കേരള റോഡ് ട്രാൻസ്പോർട്ട് കോർപറേഷനു വലിയ ‘അനുഗ്രഹ’മായിരുന്നു സ്വകാര്യ ബസ് സമരമെന്നു കണക്കുകളിൽ വ്യക്തം.
കെഎസ്‍ആർടിസി ചരിത്രത്തിലെ ഏറ്റവും വലിയ കലക്‌ഷൻ എന്ന റെക്കോർഡ് നാലു ദിവസത്തിനിടെ രണ്ടുവട്ടമാണു തകർന്നത്. നിരക്കുവർധന അപര്യാപ്തമാണെന്നു ചൂണ്ടിക്കാട്ടി ഫെബ്രുവരി 16 നാണു സ്വകാര്യ ബസുകൾ സമരം തുടങ്ങിയത്. സർവീസുകൾ കൂട്ടി സമരത്തെ നേരിടാൻ കെഎസ്ആർടിസി ഒരുങ്ങി. 16 ന് കിട്ടിയ വരുമാനം 7.22 കോടി രൂപ. തൊട്ടുതലേന്നു 5.94 കോടിയായിരുന്നു കലക്‌ഷൻ. സമരത്തിന്റെ രണ്ടാം ദിവസമായ 17 ന് ആണ് കോർപറേഷൻ റെക്കോർഡിട്ടത് – 7.85 കോടി. മൂന്നാം ദിവസം ഞായറാഴ്ച ആയതിനാൽ വരുമാനം കുറഞ്ഞു – 6.69 കോടി.
സമരത്തിന്റെ തീക്ഷ്ണത കൂടുതലായി അനുഭവപ്പെട്ട തിങ്കളാഴ്ച കെഎസ്ആർടിസിയുടെ വരുമാനത്തിലും കൊടിയേറ്റമുണ്ടായി. രൂപീകരിക്കപ്പെട്ട് ഇന്നേവരെ സ്വപ്നംപോലും കണ്ടിട്ടില്ലാത്ത വലിയ തുകയിലേക്കു കലക്‌ഷൻ കുതിച്ചുയർന്നു – 8.50 കോടി. ഒൻപതു കോടിക്കു വെറും 10 ലക്ഷം കുറവ് !. സ്വന്തം റെക്കോർഡ് തിരുത്തി ‘ആനവണ്ടി’ തലപ്പൊക്കം കാട്ടി. നാലു സമരദിവസം കൊണ്ടു 30.26 കോടി രൂപയാണു കെഎസ്‍ആർടിസി സ്വരുക്കൂട്ടിയത്. ഫെബ്രുവരിയിലെ വരുമാനത്തിലും കാണാം ഈ കുതിപ്പ്. കെഎസ്ആർടിസി 111.20 കോടി, കെയുആർടിസി 9.11 കോടി എന്നിങ്ങനെ ഈ മാസം 19 വരെ കോർപറേഷൻ ആകെ നേടിയത് 120.32 കോടി രൂപ.
ബസ് നിരക്കില്‍ വര്‍ധന വരുത്താനും കുറഞ്ഞ നിരക്ക് എട്ടു രൂപയാക്കാനും നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കുറഞ്ഞ നിരക്ക് 10 രൂപയാക്കുക, വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു ബസ് ഉടമകൾ സമരം തുടങ്ങിയത്. സർക്കാർ നിലപാടു കർശനമാക്കിയതോടെ ബസ് ഉടമകളുടെ ഭീഷണി ഏറ്റില്ല. അതേസമയം, ബസ് നിരക്കു വർധന കെഎസ്ആർടിസിക്കു ലാഭകരമാകുമെന്നാണു പ്രതീക്ഷ. ദിവസം 23 ലക്ഷം രൂപയുടെ അധികവരുമാനമാണു കെഎസ്ആർടിസി പ്രതീക്ഷിക്കുന്നത്.
ഫെബ്രുവരിയിലെ കെഎസ്ആർടിസി കലക്‌ഷൻ:
- ഫെബ്രുവരി 1– 5.60 കോടി
- ഫെബ്രുവരി 2– 5.81 കോടി
- ഫെബ്രുവരി 3– 6.08 കോടി
- ഫെബ്രുവരി 4– 5.58 കോടി
- ഫെബ്രുവരി 5– 6.64 കോടി
- ഫെബ്രുവരി 6– 6.06 കോടി
- ഫെബ്രുവരി 7– 5.90 കോടി
- ഫെബ്രുവരി 8– 5.77 കോടി
- ഫെബ്രുവരി 9– 6.12 കോടി
- ഫെബ്രുവരി 10– 6.27 കോടി
- ഫെബ്രുവരി 11– 5.75 കോടി
- ഫെബ്രുവരി 12– 6.61 കോടി
- ഫെബ്രുവരി 13– 5.29 കോടി
- ഫെബ്രുവരി 14– 6.56 കോടി
- ഫെബ്രുവരി 15– 5.94 കോടി
- ഫെബ്രുവരി 16– 7.22 കോടി
- ഫെബ്രുവരി 17– 7.85 കോടി
- ഫെബ്രുവരി 18– 6.69 കോടി
- ഫെബ്രുവരി 19 – 8.50 കോടി
ഈ മാസം ഇതുവരെയുള്ള കലക്‌ഷൻ:
- കെഎസ്ആർടിസി – 111.20 കോടി
- കെയുആർടിസി – 9.11 കോടി
- ആകെ വരുമാനം – 120.32 കോടി രൂപ.
No comments:
Post a Comment