Ente Malayalam News

Follow Us

Monday, 5 February 2018

സ്ത്രീകളെ അലട്ടുന്ന മൂന്ന് രോഗങ്ങള്‍

Designed by Freepik
കേരളത്തില്‍ സ്ത്രീകളെ ബാധിക്കാനിടയുള്ള ഗുരുതരമായ മൂന്ന് രോഗങ്ങളാണ് ഒബിസിറ്റി, അനീമിയ, പോളിസിസ്റ്റിക് ഒവേറിയന്‍ ഡിസീസ് എന്നിവ.

സ്ത്രീകളെ ബാധിക്കാനിടയുള്ള സങ്കീര്‍ണമായ മൂന്ന് രോഗങ്ങളാണ് ഒബിസിറ്റി, അനീമിയ, പോളിസിസ്റ്റിക് ഒവേറിയന്‍ ഡിസീസ് എന്നിവ. ഹോര്‍മോണ്‍ വ്യതിയാനാവും ഇടയ്ക്കിടെ വന്നു പോവുന്ന ശാരീരിക അസ്വസ്ഥകളും ജീവിതശൈലിയും ഒട്ടുമിക്ക സ്ത്രീകളിലും ഈ രോഗങ്ങള്‍ വരുന്നതിന് കാരണമാവുന്നുണ്ട്. എന്നാല്‍ ചില മുന്‍കരുതലുകള്‍ സ്വീകരിച്ചാല്‍ ഇവയെ പ്രതിരോധിക്കാനും പ്രകടമായ രോഗത്തെ ചികിത്സിച്ചു മാറ്റാനും സാധിക്കും.

വിളര്‍ച്ച (അനീമിയ)
അനീമിയ സ്വയം ഒരു രോഗലക്ഷണമായാണ് പലപ്പോഴും വരുന്നത്. ഒരു പ്രത്യേക ഘട്ടമെത്തിക്കഴിഞ്ഞാല്‍ അനീമിയ ഒരു രോഗം തന്നെയായി മറ്റെല്ലാ അവയവങ്ങളെയും ബാധിച്ചുതുടങ്ങുന്നു.

ക്ഷീണമാണ് പ്രധാന ലക്ഷണം. 'ആകെ ഒരു ഉന്മേഷക്കുറവ്. ഒന്നും ചെയ്യാന്‍ തോന്നുന്നില്ല' എന്നാണ് സാധാരണ രോഗി പറയുക. രക്തക്കുറവ് കാരണം ശരീരം വിളര്‍ത്തിരിക്കും. കണ്ണ്, കൈ, നാവ് എന്നീ ഭാഗങ്ങള്‍ പ്രത്യേകിച്ചും. എത്രമാത്രം അനീമിക് ആണെന്നറിയാനാണ് രക്തപരിശോധന നടത്തുന്നത്. സ്ത്രീകളില്‍ ഇരുമ്പിന്‍റേയും ഫോളിക് ആസിഡിന്റെയും കുറവുമൂലമാണ് സാധാരണ അനീമിയ വരുന്നത്.

അനീമിയ അപകടകരമാവുന്നതെപ്പോഴാണ്?

അനീമിയ കാരണം ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടാനിടവരുത്തുന്നു. ഇത് ഹൃദ്രോഗങ്ങള്‍ക്ക് ഇടയാക്കിയേക്കാം. പെപ്റ്റിക് അള്‍സര്‍, എല്ലിനെ ബാധിക്കുന്ന രോഗങ്ങള്‍, ബ്ലീഡിങ് പ്രശ്നങ്ങള്‍ എന്നിവ കൂടി ബാധിക്കുമ്പോള്‍ സ്വതവേ അനീമിക് ആയ സ്ത്രീയുടെ ആരോഗ്യനില കൂടുതല്‍ വഷളാവുന്നു.

അനീമിയ ഏതൊക്കെ വിധമുണ്ട്?

പ്രധാനമായും മൂന്നുതരത്തിലുള്ള അനീമിയകളാണ് സ്ത്രീകളില്‍ കണ്ടുവരുന്നത്. അയണിന്റെ അപര്യാപ്തത മൂലമുണ്ടാവുന്ന അനീമിയ ഒന്ന്. ഇതിന്റെ പ്രധാന കാരണം ആര്‍ത്തവകാലത്തെ രക്തനഷ്ടമാണ്. ഇക്കാലത്ത് അയണ്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ആവശ്യത്തിന് കഴിക്കാതിരുന്നാല്‍ പ്രശ്നം മൂര്‍ച്ഛിക്കും. പ്രായംചെന്ന സ്ത്രീകളില്‍ പോഷകങ്ങളടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുന്നതു കാരണം അനീമിയ കാണാറുണ്ട്. ആഹാരത്തിലെ തകരാറുകള്‍ കൊണ്ട് രക്തത്തിലെ ഫോളിക് ആസിഡിന്റെ അളവ് കുറയുമ്പോഴാണ് 'ഫോളിക് ആസിഡ് ഡഫിഷ്യന്‍സി അനീമിയ' ഉണ്ടാകുന്നത്. സ്ത്രീകളില്‍ ഗര്‍ഭകാലത്ത് ഫോളിക് ആസിഡ് സാധാരണ നിലയേക്കാള്‍ ഇരട്ടി ആവശ്യമാണ്.

ഇതുകൊണ്ടാണ് ഗര്‍ഭിണികള്‍ക്ക് ഫോളിക് ആസിഡ് പ്രത്യേകം നിര്‍ദേശിക്കുന്നത്. ഗര്‍ഭം ധരിക്കാനൊരുങ്ങുമ്പോഴും ഗര്‍ഭിണിയായ ആദ്യമാസവും രക്തത്തില്‍ ഫോളിക് ആസിഡിന്റെ അളവ് കുറയാന്‍ പാടില്ല. അത് ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യനിലയെ തകരാറിലാക്കാനിടയുണ്ട്. ഇതുകൂടാതെ സ്ത്രീകളിലെ ഫോളിക് ആസിഡിന്റെ കുറവ് വന്ധ്യതക്കും അണുബാധയ്ക്കും ഇടയാക്കുന്നു.

വിറ്റാമിന്‍ 'ബി ട്വല്‍വി'ന്റെ കുറവുകൊണ്ടും അനീമിയ ഉണ്ടാവുന്നു. ഇത് അപകടകരമായ നിലയിലാണെങ്കില്‍ ഇഞ്ചക്ഷന്‍ നല്‍കേണ്ടിവരും. ബി ട്വല്‍വിന്റെ കുറവ് ന്യൂറോളജിക്കല്‍ തകരാറുകള്‍ക്കും വഴിതെളിച്ചേക്കാം.

വിളര്‍ച്ചയുടെ കാരണങ്ങള്‍

പോഷകാഹാരക്കുറവാണ് പ്രധാന കാരണം. പച്ചക്കറി ഭക്ഷണം മാത്രം കഴിക്കുന്നവരിലാണ് 'അയേണ്‍ ഡഫിഷ്യന്‍സി അനീമിയ' കൂടുതലും കണ്ടുവരുന്നത്. ഇങ്ങനെ വരുമ്പോള്‍ അയണ്‍ ഗുളികകള്‍ നല്‍കി കുറവ് പരിഹരിക്കുന്നു. വയറ്റില്‍ വിരശല്യം ഉണ്ടെങ്കിലും അനീമിയ വരാം. ഇതുമൂലം രക്തനഷ്ടം ഉണ്ടാവുന്നതാണ് കാരണം. ലുക്കീമിയയും അനീമിയക്ക് ഇടയാക്കുന്നു.

കൗമാരപ്രായക്കാരില്‍ അനീമിയ കൂടുതല്‍

കൂടുതല്‍ പെണ്‍കുട്ടികളും ശരീരം മെലിയാന്‍ വേണ്ടി ഭക്ഷണം കണ്ണടച്ച് ഉപേക്ഷിക്കുന്നവരാണ്. കഴിക്കുന്ന ആഹാരത്തിന്റെ അളവ് കുറയ്ക്കുന്നതിനൊപ്പം ശരീരത്തിന് ലഭിക്കേണ്ട പ്രധാന പോഷകാംശങ്ങള്‍ നഷ്ടമാവുന്നത് അവര്‍ ശ്രദ്ധിക്കുന്നില്ല. പലരും പ്രഭാതഭക്ഷണം ഉപേക്ഷിക്കുന്നവരാണ്. രാവിലെ കോളേജിലേക്കുള്ള യാത്രയ്ക്കൊരുങ്ങുന്നതിനിടയില്‍ പലപ്പോഴും ഭക്ഷണം കഴിക്കുന്നില്ല. പ്രഭാതഭക്ഷണം ഒരു ദിവസത്തെ മൊത്തം ആരോഗ്യത്തെ ബാധിക്കുന്ന ഒന്നാണ്. ഇത് പതിവുശീലമാക്കിയാല്‍ ക്രമേണ അനീമിയ വരാനിടയുണ്ട്.

ഹോസ്റ്റലുകളില്‍ താമസിക്കുന്ന പെണ്‍കുട്ടികളിലും അനീമിയ വളരെ സാധാരണയായി കാണുന്നുണ്ട്. ആവശ്യമായ പോഷകങ്ങളടങ്ങിയ ഭക്ഷണത്തിന്റെ അഭാവമാണ് ഇതിനു കാരണം

പച്ചക്കറികളും ഇലക്കറികളുമടങ്ങിയ ഭക്ഷണം കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഭക്ഷ്യവസ്തുക്കള്‍ അധികം വേവിക്കുമ്പോഴും പോഷകങ്ങള്‍ നഷ്ടമാവുന്നു. ഇത് അയേണ്‍ സന്തുലനം തെറ്റിക്കുന്നു. ശരീരത്തില്‍ ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിന് ഏറ്റവും അത്യാവശ്യമാണ് അയണ്‍. ഈ ചുവന്ന രക്താണുക്കളിലാണ് ഹീമോഗ്ലോബിന്‍ അടങ്ങിയിരിക്കുന്നത്. രക്തത്തിലേക്ക് ഓക്സിജന്‍ കടത്തിവിടുന്ന പ്രോട്ടീനാണ് ഹീമോഗ്ലോബിന്‍. ഇരുമ്പിന്റെ അംശം കുറയുമ്പോള്‍ ഹീമോഗ്ലോബിന്‍ കുറയുന്നു. തത്ഫലമായി രക്തത്തിലെ ഓക്സിജനും കുറയുന്നു. ക്ഷീണവും ഉന്മേഷക്കുറവും കണ്ടുതുടങ്ങുന്നു.

ചുവന്ന മാംസമാണ്(red meat) അയണ്‍ ഏറ്റവും കൂടുതല്‍ അടങ്ങിയ ഭക്ഷണം. പ്രത്യേകിച്ച് ആട്, പോത്ത് തുടങ്ങിയവയുടെ കരള്‍ഭാഗം. ശരീരത്തിന് ഏറ്റവും എളുപ്പത്തില്‍ വലിച്ചെടുക്കാവുന്ന അയണ്‍ ഇതിലാണുള്ളത്.
വയറില്‍ വരുന്ന അള്‍സറിന്റെ ചികിത്സയില്‍ ഉപയോഗിക്കുന്ന അന്‍ടാസിഡുകള്‍ ശരീരം അയണ്‍ വലിച്ചെടുക്കുന്നത് തടയുന്നവയാണ്. ഇത് കഴിക്കുന്നെങ്കില്‍ ഡോക്ടറോട് പ്രത്യേകം പറയാന്‍ ശ്രദ്ധിക്കണം. ഇലക്കറികളും മത്സ്യങ്ങളും അയണിന്റെ ഉറവിടങ്ങളാണ്. അയണ്‍ ഗുളികകള്‍ ഒഴിഞ്ഞ വയറില്‍ കഴിക്കേണ്ട. ഭക്ഷണത്തോടൊപ്പം കഴിക്കുന്നതാണ് നല്ലത്. എപ്പോഴും ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ അയണ്‍ ഗുളികകള്‍ കഴിക്കാവൂ. ശരീരത്തില്‍ അയണിന്റെ അളവ് കൂടുന്നതും ഹാനികരമാണ്.

ഫോളിക് ആസിഡ് അടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ ഏതൊക്കെയാണ്?

പയറുവര്‍ഗങ്ങള്‍, ഗോതമ്പ്, ഓട്സ്, ഓറഞ്ചുനീര്, ചീര പോലുള്ള ഇലക്കറികള്‍, ചുവന്ന മാംസം എന്നിവ ഫോളിക് ആസിഡിന്റെ കലവറകളാണ്. വേവിക്കാതെ പച്ചയായി കഴിക്കാവുന്ന പഴങ്ങളും പച്ചക്കറികളും ഫോളിക് ആസിഡ് നല്‍കും.

പൊണ്ണത്തടി
ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് പൊണ്ണത്തടി കാരണമാകുന്നു.

എന്താണ് പൊണ്ണത്തടി?

ഒരു രോഗം എന്നതിനേക്കാള്‍ പല രോഗങ്ങള്‍ക്കും മുന്നോടിയായി വരുന്ന ആരോഗ്യപ്രശ്നമാണ് പൊണ്ണത്തടി എന്നു പറയാം. ശരീരത്തിലെ അമിതമായ കൊഴുപ്പാണ് പൊണ്ണത്തടിയാവുന്നത്.

എന്തൊക്കെ കാരണങ്ങളാലാണ് പൊണ്ണത്തടി വരുന്നത്?

പാരമ്പര്യമായും ജീവിതസാഹചര്യങ്ങളുടെ സ്വാധീനംകൊണ്ടും പൊണ്ണത്തടി വരാം. ചിലപ്പോള്‍ പാരമ്പര്യ ഘടകങ്ങള്‍ക്കൊപ്പം ജീവിതശൈലിയും വ്യക്തിഗതമായ സ്വഭാവങ്ങളും കൂടിച്ചേര്‍ന്നും പൊണ്ണത്തടിക്ക് കാരണമായേക്കാം. വര്‍ധിച്ചതോതില്‍ കലോറി അടങ്ങിയ ഭക്ഷണരീതിയും വ്യായാമത്തിന്റെ അഭാവവും ചേര്‍ന്ന് ശാരീരികമായ അസന്തുലിതാവസ്ഥ തീര്‍ക്കുന്നു. പൊണ്ണത്തടി ചികിത്സിച്ച് ഭേദമാക്കുന്നതിലും രോഗിയുടെ സ്വഭാവ സവിശേഷതകള്‍ക്കും ജീവിതസാഹചര്യങ്ങള്‍ക്കും സുപ്രധാന പങ്കുണ്ട്.

കേരളീയരില്‍ കണ്ടുവരുന്ന പൊണ്ണത്തടി ഏതുവിധമാണ്?

ഇവിടെ ആളുകള്‍ക്ക് തൂക്കം വെച്ച് നോക്കിയാല്‍ വണ്ണമില്ലെന്നാണ് തോന്നുക. കേരളത്തിലുള്ളവരില്‍ അടിവയറിലും പിന്‍ഭാഗത്തുമാണ് കൊഴുപ്പടിഞ്ഞ് കൂടുന്നത്. വയറിലുള്ള കൊഴുപ്പിന്റെ ആധിക്യമാണ് കൂടുതല്‍ അപകടകരം. ഇതിനെ 'ആപ്പിള്‍ ഒബിസിറ്റി' എന്നുവിളിക്കുന്നു. കേരളത്തിലെ സ്ത്രീപുരഷന്മാരില്‍ അടുത്തിടെ കാണുന്ന ഗുരുതരമായ ആരോഗ്യപ്രശ്നമാണിത്. ശാരീരികമായ ഊര്‍ജസ്വലതയുടെ കുറവാണ് ഇതിനു കാരണം. ശരീരത്തില്‍ സംഭരിക്കപ്പെടുന്ന ഊര്‍ജം കായികപ്രവൃത്തികളിലൂടെ ചെലവഴിക്കുന്ന ഊര്‍ജത്തേക്കാള്‍ കൂടുതലാവുന്നു. അധിക ഊര്‍ജം കൊഴുപ്പായി വിവിധ അവയവങ്ങളില്‍ സൂക്ഷിക്കപ്പെടുകയും ചെയ്യുന്നു. സ്ത്രീകളില്‍ സ്തനാര്‍ബുദത്തിനും പൊണ്ണത്തടി കാരണമാവുന്നു. കുടവയര്‍ അല്ലെങ്കില്‍ അടിവയറിലെ പൊണ്ണത്തടി കാലക്രമേണ പ്രമേഹത്തിന് കാരണമാകുന്നു. കേരളത്തിലെ 50 ശതമാനം സ്ത്രീകളും അമിതഭാരമുള്ളവരാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇതില്‍ത്തന്നെ 15 ശതമാനം പേര്‍ പൊണ്ണത്തടി ഉള്ളവരും. വിവിധ രോഗചികിത്സയുടെ ഭാഗമായി ഹോര്‍മോണ്‍ എടുക്കേണ്ടിവരുന്നവരിലും അതുമൂലമുള്ള പൊണ്ണത്തടി കാണാറുണ്ട്.

അമിതഭാരം എങ്ങനെ കണക്കാക്കാം?

ബോഡി മാസ് ഇന്‍ഡക്സ് (BMI) ആണ് ഇതിനുള്ള വഴി. ശരീരഭാരം കിലോഗ്രാമില്‍ അളക്കുക. ഉയരം മീറ്ററില്‍ കണക്കാക്കുക. ഉയരത്തെ അതേ സംഖ്യ കൊണ്ട് ഗുണിക്കുക. എന്നിട്ട് ശരീരഭാരത്തെ ഈ കിട്ടുന്ന സംഖ്യ കൊണ്ട് ഹരിക്കുക. ലഭിക്കുന്ന സംഖ്യ ബി.എം.ഐ. ചാര്‍ട്ടുമായി ഒത്തുനോക്കിയാല്‍ ശരീരഭാരം സ്വാഭാവികമാണോ അല്ലയോ എന്ന് അറിയാന്‍ കഴിയും.

ബോഡി മാസ് ഇന്‍ഡക്സ് (ബി.എം.ഐ)
18-23 സ്വാഭാവിക ഭാരം
23-25 അമിതഭാരം
25-29 പൊണ്ണത്തടി
29ന് മുകളില്‍ ഗുരുതരമായ അമിതഭാരം.
(യൂറോപ്യന്‍ നിലവാരത്തില്‍നിന്നും വ്യത്യസ്തമായ ബി.എം.ഐ. ആണ് ഇന്ത്യ അടക്കമുള്ള മൂന്നാംലോക രാജ്യങ്ങള്‍ക്കു വേണ്ടി ഉണ്ടാക്കിയിരിക്കുന്നത്)

ആഹാരരീതി കാരണമുണ്ടാവുന്ന അമിതഭാരം...

ഫാസ്റ്റ്ഫുഡ് ധാരാളമായി കഴിക്കുന്നവരാണ് പലരും. ഒരു ഹാംബര്‍ഗറാണെങ്കില്‍ അതില്‍ കൊഴുപ്പും പ്രോട്ടീനും മാംസവും മാത്രമേ കാണൂ. ലവണങ്ങളൊന്നും തീരെ കാണില്ല. നമ്മുടെ അവിയലിലും തോരനിലുമെല്ലാം അനവധി പോഷകങ്ങളുണ്ട്. ഇതുകൊണ്ടാണ് പഴയ ഭക്ഷണങ്ങളിലേക്കും രുചികളിലേക്കും മടങ്ങേണ്ടത് പ്രധാനമാണ് എന്നു പറയുന്നത്. സ്ഥിരമായി ഫാസ്റ്റ്ഫുഡ് കഴിക്കുന്നതാണ് ആരോഗ്യത്തിന് ഏറ്റവും അപകടകരം.

ജീവിതശൈലി എങ്ങനെ മാറ്റാമെന്നാണ് പറയുന്നത്?

ഒന്നുരണ്ടു വയസ്സുതൊട്ടുതന്നെ കുഞ്ഞുങ്ങള്‍ക്ക് അമിതമായി ഭക്ഷണം നല്‍കുന്നത് ശരിയല്ല. ചെറുപ്പകാലത്തുതന്നെ ഉണ്ടാവുന്ന പൊണ്ണത്തടി കുറയ്ക്കാനാണ് ഏറ്റവും പ്രയാസം. കുഞ്ഞുങ്ങളില്‍ ഭക്ഷണം കഴിക്കുന്നതിനനുസരിച്ച് 'ഫാറ്റ് സെല്ലുകള്‍' ഇരട്ടിച്ചുകൊണ്ടിരിക്കും. അതേസമയം 20 വയസ്സിനു ശേഷം ശരീരത്തിന് ലഭിക്കുന്ന ഭക്ഷണം ഓരോ സെല്ലുകളെയും വികസിപ്പിക്കുകയാണ് ചെയ്യുക, ഇരട്ടിക്കുന്നില്ല.

ഏതു വിഭാഗം സ്ത്രീകള്‍ക്കാണ് പൊണ്ണത്തടി സാധ്യത കൂടുതല്‍?

ഉദ്യോഗസ്ഥകളായ സ്ത്രീകളേക്കാള്‍ വീട്ടുകാരികള്‍ മാത്രമായവരിലാണ് പൊണ്ണത്തടിയുടെ സാധ്യത കൂടുതല്‍. ഇപ്പോള്‍ വീടുകളില്‍ എല്ലാതരം ജോലികള്‍ക്കും കായികാദ്ധ്വാനം കുറയ്ക്കാനുദ്ദേശിച്ചിട്ടുള്ള ഉപകരണങ്ങളുണ്ട്. വാഷിങ് മെഷീന്‍, മിക്സി പോലെ. ശരീരം ഇളക്കിയുള്ള യാതൊരു ജോലിയും നടക്കുന്നില്ല. ഇത് മേദസ്സ് കൂട്ടുന്നു. ഭക്ഷണം കുറയ്ക്കുന്നുവെന്ന് പറയുന്നവരിലും ചിലപ്പോള്‍ തടി കുറയാറില്ല. ഇതിനു കാരമം ഇടനേരത്ത് കഴിക്കുന്ന കൊറിക്കുന്നതരം ഭക്ഷ്യവസ്തുക്കളാണ്. ചിപ്സ്, മറ്റു ഫ്രൈഡ് ഫുഡ്സ്.

സ്ത്രീകള്‍ക്ക് അമിതവണ്ണം വരാനുള്ള മറ്റൊരു കാരണം പ്രസവകാലത്തെ ഭക്ഷണമാണ്. പണ്ട് പൊതുവെ പോഷകാഹാരം സ്ത്രീകള്‍ക്ക് കുറവായിരുന്നു. അക്കാലത്ത് 'പ്രസവരക്ഷ' എന്നപേരില്‍ പോഷകസമ്പന്നമായ പ്രത്യേക ഭക്ഷണം നല്‍കിയിരുന്നു. എന്നാല്‍ ഇന്ന്, എന്നും ധാരാളം കലോറികളടങ്ങിയ ഭക്ഷണം കഴിക്കുന്ന സ്ത്രീയില്‍ പ്രസവരക്ഷാ മരുന്നുകള്‍ പൊണ്ണത്തടി ഉണ്ടാക്കുകയാണ് ചെയ്യുന്നത്. പഴയകാലത്തുള്ള ശാരീരികാധ്വാനവും ഇന്ന് സ്ത്രീകള്‍ക്കില്ല. ഇന്നത്തെ സ്ത്രീകള്‍ പ്രസവരക്ഷാമരുന്നുകള്‍ കഴിക്കേണ്ടതില്ലെന്നാണ് പറയുന്നത്.

മറ്റ് ആരോഗ്യപ്രശ്നങ്ങള്‍...

പ്രമേഹം തൊട്ട് രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം വരെ പിടിപെടുന്നു. കൂടാതെ ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് വരാം. സ്പോണ്ടിലോസിസിനും സാധ്യതയുണ്ട്. പിത്തസഞ്ചിയിലെ കല്ലും പൊണ്ണത്തടിയുള്ളവരില്‍ കണ്ടുവരുന്നു.
ഇവര്‍ക്ക് ആക്സിഡന്റുകള്‍ ഉണ്ടാവാനും സാധ്യത കൂടുതലാണ്. തെന്നിവീഴാനും മറ്റും. സ്ത്രീകളില്‍ വന്ധ്യതാപ്രശ്നമാണ് മറ്റൊരു പ്രത്യാഘാതം. ഗര്‍ഭാശയത്തില്‍ പോളിസിസ്റ്റിക് ഓവറീസിനും കാരണമാവുന്നു. വണ്ണം കൂടുമ്പോള്‍ അണ്ഡോല്പാദനം ശരിക്ക് നടക്കാതെവരികയാണ്. ശ്വാസംമുട്ടലാണ് മറ്റൊരു പ്രശ്നം. 'പിക്വിക്കിയന്‍ സിന്‍ഡ്രോം' എന്നാണിതിനെ പറയുക. ശ്വാസോച്ഛ്വാസത്തിനൊപ്പം ഹൃദയഭാഗത്തെ മസിലുകള്‍ക്ക് ശരീരഭാഗത്തെ ഉയര്‍ത്തേണ്ടിവരുന്നുണ്ട്. വണ്ണമുള്ളവരില്‍ അത് ആരോഗ്യപ്രശ്നത്തിന്നിടയാക്കുന്നു. ഇവരില്‍ കാര്‍ബണ്‍ ഡയോക്സൈഡ് പൂര്‍ണമായും പുറത്തുപോവാതെ കെട്ടിക്കിടക്കാനും ഇടയുണ്ട്. ഇതുകാരണമാണ് ചിലര്‍ക്ക് തൊലിയില്‍ നീലനിറം വരുന്നത്. ലിവറില്‍ കൊഴുപ്പ് അടിഞ്ഞുണ്ടാകുന്ന രോഗമാണ് 'നാഷ്'. ഇത് ക്രമേണ ലിവര്‍ സിറോസിസിനും വഴിതെളിക്കുന്നു. സാധാരണ മദ്യപാനികളില്‍ കാണുന്ന ഈ രോഗം മദ്യം കഴിക്കാത്തവരിലും വരുന്നത് ഇങ്ങനെയാണ്.

അമിതവണ്ണം എങ്ങനെ ഒഴിവാക്കാം?
 
കുട്ടിക്കാലം തൊട്ടേ ഭക്ഷണവും വ്യായാമവും ശ്രദ്ധിക്കണം. ശരീരഭാരം കൂടുന്നതായി കണ്ടാല്‍ നിയന്ത്രിക്കാന്‍ മടിക്കേണ്ട. അമ്മമാര്‍ സാധാരണ പറയുന്ന ഒരു പരാതിയാണ് 'കുട്ടിക്ക് വണ്ണമില്ല' എന്നത്. പക്ഷേ, ഒന്നോര്‍ക്കുക. വളരുന്ന കാലത്ത് വണ്ണമല്ല കാര്യം, പൊക്കമാണ്. ഒരു കുഞ്ഞിന് പ്രായത്തിനനുസരിച്ച് ഉയരമുണ്ടെങ്കില്‍ അതിനര്‍ഥം കുഞ്ഞിന് നോര്‍മലായ ആരോഗ്യമുണ്ടെന്നാണ്. തൂക്കം ഒരു പ്രശ്നമേയല്ല. പൊക്കം സാധാരണഗതിയിലില്ലാതെ വരുമ്പോഴാണ് തൂക്കം കുറയുന്നത് പ്രശ്നമാവുക.

ഏറെ കലോറി അടങ്ങിയ ഫാസ്റ്റ് ഫുഡുകളും മറ്റും ഉപേക്ഷിക്കണം. എണ്ണയും നെയ്യും അധികം വേണ്ട. വറുത്തതും പൊരിച്ചതും കഴിക്കുന്നത് നിര്‍ത്തി ആവിയില്‍ പുഴുങ്ങിയോ വെള്ളത്തില്‍ വേവിച്ചോ ഭക്ഷണം പാകംചെയ്യുകയാണ് ഏറ്റവും ആരോഗ്യകരം. അരിയും ഗോതമ്പും കുറച്ചു മാത്രമേ പാടുള്ളൂ. മധുരപലഹാരങ്ങളും കുറയ്ക്കണം. നമ്മുടെ ഇപ്പോഴത്തെ ഭക്ഷണരീതി പൂര്‍ണമായും മാറ്റേണ്ടത് അത്യാവശ്യമാണ്. ആഹാരക്രമീകരണത്തോടൊപ്പം മിതമായ വ്യായാമം, നടത്തമോ യോഗയോ, കൂടി ഉണ്ടെങ്കില്‍ അസുഖങ്ങള്‍ ബാധിക്കാതെനോക്കാം.

അമിതവണ്ണം കുറയ്ക്കാനുള്ള ചികിത്സാമാര്‍ഗങ്ങള്‍ എന്തൊക്കെയാണ്?

ആഹാരനിയന്ത്രണവും വ്യായാമങ്ങളും നടപ്പില്‍ വരുത്തിയിട്ടും തടി കുറയുന്നില്ലെങ്കില്‍ മാത്രമേ മരുന്നുകള്‍ നല്‍കൂ. ഇത് പൂര്‍ണമായും ഡോക്ടറുടെ നിര്‍ദേശപ്രകാരം വേണം. ഈ മരുന്നുകള്‍ക്കെല്ലാം പാര്‍ശ്വഫലങ്ങളുണ്ടെന്നതാണ് ഇതിനു കാരണം. മിക്ക മരുന്നുകളും രക്തസമ്മര്‍ദ്ദം കൂട്ടുന്നവയാണ്. ഇവയ്ക്ക് വിലക്കൂടുതലുമുണ്ട്. ശസ്ത്രക്രിയകളില്‍ ബാരിയാട്രിക് സര്‍ജറിക്കാണ് ഇന്ന് വിദേശങ്ങളിലൊക്കെ വന്‍പ്രചാരം നേടിയിരിക്കുന്നത്. ഇന്ത്യയില്‍ പൂണെയിലും മുംബൈയിലും ഉണ്ട്. ഇതിന് ചെലവ് ഏകദേശം രണ്ടുലക്ഷം രൂപ വരും. ഇത് ഗുരുതരമായ പൊണ്ണത്തടിയുള്ളവര്‍ക്ക് മാത്രമുള്ളതാണ്. അതായത് ശരീരഭാരം 100 കിലോഗ്രാമില്‍ കൂടുതലുള്ളവര്‍ക്ക്.

പ്ലാസ്റ്റിക് സര്‍ജറിയോ...

തൊലിക്കു ചേര്‍ന്നുള്ള കൊഴുപ്പ് നീക്കംചെയ്യാനാണ് പ്ലാസ്റ്റിക് സര്‍ജറി. ഇത് വണ്ണക്കൂടുതല്‍ ഒഴിവാക്കാനല്ല, മറിച്ച് സൗന്ദര്യം വര്‍ധിപ്പിക്കാനാണ്. 'ലൈപ്പോസക്ഷനാ'ണ് ദേഹത്തിലെ കൊഴുപ്പ് വലിച്ചുകളയാന്‍ ഉപയോഗിക്കുന്ന മറ്റൊരു ശസ്ത്രക്രിയ. സിനിമാതാരങ്ങളും മറ്റും ഇത് ചെയ്യുന്നു. 20,000 രൂപയോളമാണ് ചെലവ്.

പൊണ്ണത്തടി വൈകാരിക പ്രശ്നങ്ങളുണ്ടാക്കില്ലേ?

തീര്‍ച്ചയായും. തടി കൂടുതലുള്ള കുട്ടിയെ സ്‌കൂളില്‍ മറ്റു വിദ്യാര്‍ഥികള്‍ കളിയാക്കുന്നു. കുട്ടിക്ക് സ്‌കൂളില്‍ പോവാനോ കൂട്ടുചേരാനോ മടിയുണ്ടാവുന്നതിങ്ങനെയാണ്. വല്ലാതെ തടിയുള്ളവര്‍ക്ക് ജീവിതപങ്കാളിയെ കിട്ടാന്‍ പ്രയാസം വരുന്നു. തടിയോടൊപ്പം മുഖത്ത് രോമവളര്‍ച്ച വരുന്നതും മാനസികവിഷമമുണ്ടാക്കും.കേരളത്തിലെ സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ 12-13 ശതമാനം പേര്‍ക്കും പൊണ്ണത്തടി ഉണ്ടെന്ന് കണ്ടിട്ടുണ്ട്. പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്ന ഒരു ആരോഗ്യപ്രശ്നമാണിത്.

പോളിസിസ്റ്റിക് ഒവേറിയന്‍ ഡിസീസ്
 
പിസിഓഡി എന്നു വിളിക്കുന്ന പോളിസിസ്റ്റിക് ഒവേറിയന്‍ ഡിസീസ് ഒരു കാലത്ത് കേരളത്തില്‍ രണ്ടോ മൂന്നോ ശതമാനം പേരില്‍ മാത്രമാണ് കണ്ടു വന്നിരുന്നത്. എന്നാല്‍ കഴിഞ്ഞ 15-20 വര്‍ഷം കൊണ്ട് ഈ രോഗം ശരാശരിയില്‍ പത്ത് ശതമാനം കടന്നിരിക്കുന്നു. കൗമാരക്കാരിലാണ് ഈ വ്യതിയാനം കാണുന്നതെന്നതും ആശങ്ക ഉയര്‍ത്തുന്ന വിഷയമാണ്.

ക്രമം തെറ്റിയ ആര്‍ത്തവമാണ് ഈ രോഗത്തിന്റെ പ്രധാന പ്രശ്‌നം. ചിലപ്പോള്‍ ആര്‍ത്തവം തന്നെ മുടങ്ങിപ്പോകാറുമുണ്ട്. അണ്ഡാശയ മുഴ മൂലം ഹോര്‍മോണ്‍ നില മാറി മറിയുന്നു. മുഴകളുടെ അണ്ഡാശയസാന്നിദ്ധ്യത്തെ ശരീരംതെറ്റായി വിലയിരുത്തുകയും, അതുമൂലം പുരുഷ ഹോര്‍മോണുകള്‍ അധികമായി സ്രവിക്കുകയും, അക്കാരണത്താല്‍ മീശ രോമങ്ങള്‍ വളരുക, മുഖക്കുരു ധാരാളമായി ഉണ്ടാകുക, മാറിടങ്ങള്‍ക്ക് വലിപ്പം കുറയുക, സ്‌ത്രൈണഭാവങ്ങള്‍ക്ക് ഹാനി വരിക , അല്പസ്വല്പമായി പുരുഷോചിത രൂപമാറ്റം കാണുക, തലയുടെ മുന്‍ ഭാഗത്ത് കഷണ്ടി പ്രത്യക്ഷപ്പെടുക, അമിത വണ്ണം, ചിലപ്പോള്‍ നെഞ്ചിലും കാലുകളിലും രോമവളര്‍ച്ച കാണുക, ചര്‍മ്മം എണ്ണമയം കലര്‍ന്ന് കാണുക, ഭഗശിശ്നിക അല്പം വലുതാവുക എന്നിങ്ങനെ ലക്ഷണങ്ങള്‍ കണ്ടേക്കാം.

രോഗ ലക്ഷണങ്ങള്‍

ക്രമം തെറ്റിയ ആര്‍ത്തവം, മാസങ്ങളോളം തീരെ ആര്‍ത്തവം ഇല്ലാതിരിക്കുക, ചിലപ്പോള്‍ ഒന്നര, രണ്ടു മാസംവരെ ഒരു സൂചനയും ഇല്ലാതിരുന്നിട്ട് പെട്ടെന്ന് ആര്‍ത്തവം ഉണ്ടാവുക, അപ്പോള്‍ അമിതമായി രക്തസ്രാവം കാണപ്പെടുക, അത് നീണ്ടു നില്‍ക്കുക, ചിലപ്പോള്‍ അല്‍പമായി മാത്രം സ്രവിക്കുക, ഇതെല്ലാം കാണാവുന്ന ലക്ഷണങ്ങള്‍ തന്നെയാണ്. ഹോര്‍മോണ്‍ ക്രമീകരണങ്ങള്‍ അടിമുടി തെറ്റുകയും ക്രമേണ അണ്ഡ വിസര്‍ജനം തന്നെ നിലച്ചു പോകുകയുമാകാം. വന്ധ്യതയാവാം ഇതിന്റെ ഫലം.

തലച്ചോറിലെ പിറ്റിയൂട്ടറി ഗ്രന്ഥിയില്‍ നിന്നും ഓവറിയില്‍ നിന്നും പുറപ്പെടുന്ന ഹോര്‍മോണുകളുടെ സന്തുലിതാവസ്ഥയാണ് ആര്‍ത്തവ ചക്രത്തെയും അണ്ഡ വിസര്‍ജനത്തെയും ക്രമീകരിച്ച് നിറുത്തുന്നത്. നാം വിവരിക്കുന്ന രോഗാവസ്ഥയില്‍, ഹോര്‍മോണ്‍ തകരാറുമൂലം അണ്ഡത്തിന് പൂര്‍ണ വളര്‍ച്ച എത്താനും അണ്ഡാശയം പൊട്ടി പുറത്തു വരാനും കഴിയാതാകുന്നു. കുമിളകള്‍ പോലെ ഇവ അണ്ഡാശയത്തില്‍ തന്നെ കിടക്കും. ഇതിനെയാണ് സിസ്റ്റ് എന്ന് പറയുന്നത്. ഇതിന്റെ യഥാര്‍ത്ഥ സ്ഥാനം, എണ്ണം, വലിപ്പം മുതലായവ ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. ഇതിനാല്‍ ഓരോ രോഗിയിലും വ്യത്യസ്ത ലക്ഷണങ്ങള്‍ കാണും. പലപ്പോഴും പ്രതീക്ഷിക്കുന്ന ലക്ഷണങ്ങള്‍ കണ്ടില്ലെന്നും വരാം.

രോഗനിര്‍ണയം
 
രക്തത്തിലെ എഫ് .എസ്. എച്ച്, പ്രോലാക്ടിന്‍, ടെസ്റ്റോ സ്റ്റിറോണ്‍, എസ്ട്രോജന്‍ എന്നിവയുടെ അളവ്, ഗ്ലൂക്കോസ്, കൊളസ്‌ട്രോള്‍, ടി. എസ്. എച്ച് എന്നിവയുടെകൃത്യമായ അനുപാതം, അണ്ഡാശയത്തിന്റെയും ഗര്‍ഭപാത്രത്തിന്റെയും അള്‍ട്രാ സൗണ്ട് സ്‌കാന്‍, ഒപ്പം നേരത്തെ വിവരിച്ച ലക്ഷണങ്ങള്‍ ഇതെല്ലാം വച്ച് രോഗനിര്‍ണയം നടത്താന്‍ കഴിയും.

ചികിത്സ
 
ആദ്യ പരിഗണന അമിത വണ്ണം കുറയ്ക്കുക എന്നതിനാണ്. പൊക്കത്തിനനുസരിച്ച് വണ്ണം നില നിറുത്തണം. അമിതവണ്ണം നിയന്ത്രിക്കുന്നതിനുള്ള വഴികള്‍ കണ്ടെത്തണം. ഹോര്‍മോണ്‍ നില ക്രമീകരിക്കുക എന്നതും പ്രധാനമാണ്. ജീവിത ശൈലി അടിമുടി പരിഷ്‌കരിക്കുക. വെറുതെ ഇരുന്നും കിടന്നും ടി വി കണ്ടും,വല്ലതും ഒക്കെ കൊറിച്ചും സമയം കളയുന്ന രീതി ഉപേക്ഷിക്കണം. ക്രമമായ വ്യായാമം അത്യാവശ്യമാണ്? യോഗയും നല്ലതാണ്. വീട്ടിലുണ്ടാക്കുന്നആഹാരം മാത്രം കഴിക്കുക. നമുക്കാവശ്യമായ കലോറി അടങ്ങിയ ഭക്ഷണം കഴിച്ചു പരിചയിക്കണം. ദഹന വ്യവസ്ഥയെ തകിടം മറിക്കുന്ന ഭക്ഷണ ശീലങ്ങള്‍ സ്വയം പരിശോധിച്ചു തിരിച്ചറിയണം. ബേക്കറി, ഫാസ്റ്റ് ഫുഡുകള്‍ പൂര്‍ണമായും ഒഴിവാക്കുക. ഒരു ഭക്ഷണം കഴിച്ച് അത് ദഹിക്കുന്നതിനു മുമ്പേ വീണ്ടും കഴിക്കരുത്. വയര്‍ മുട്ടെ കഴിക്കുകയും അരുത്. സാമൂഹ്യ പ്രതിബദ്ധത, സ്നേഹം, കാരുണ്യം, മുതലായ സദ്? ഗുണങ്ങള്‍ തിരിച്ചറിഞ്ഞ് സ്വായത്തമാക്കണം. ടെന്‍ഷന്‍ കുറയ്ക്കാന്‍ ഇത് സഹായിക്കും. പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവ വേണ്ടപോലെ ചികിത്സിക്കുകയും അതിന്റെ പുരോഗതി നിരീക്ഷിക്കുകയും വേണം. ആര്‍ത്തവ തകരാറ് നിസ്സാരമായി കാണരുത്.

ഭാവിയിലെ മെറ്റബോളിക് സിന്‍ഡ്രോമിന്റെ ആരംഭം കൂടിയാണ് പിസിഓഡി. ഇവരില്‍ ഗര്‍ഭാശയ ഭിത്തിയില്‍ കാന്‍സര്‍ പിടിപെടാനുള്ള സാധ്യതയും കൂടുതലാണ്. അനാവശ്യ രോമ വളര്‍ച്ച ഒരു സൗന്ദര്യ പ്രശ്നം എന്ന് കണക്കാക്കി പരിഹാരം കാണുക. അണ്ഡാശയ മുഴനീക്കംചെയ്യുന്നത് കരുതലോടെ വേണം, ചിലപ്പോള്‍ വിപരീതഫലം ചെയ്യാനും മതി.

വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ. ആര്‍.വി. ജയകുമാര്‍, എന്‍ഡോക്രിനോളജിസ്റ്റ് അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, എറണാകുളം

ഡോ. ഗീത പി. അസി. പ്രൊഫസര്‍, ജനറല്‍ മെഡിസിന്‍ മെഡിക്കല്‍ കോളേജ്, കോഴിക്കോട്

No comments:

Post a Comment

Comments System

Disqus Shortname