'എന്നെക്കൊണ്ട് വയ്യ ഈ ഭാരം എല്ലാം കൂടി താങ്ങാന്‍, എനിക്കും എല്ലാവരെയും പോലെ രണ്ടു കയ്യേ ഉള്ളൂ' ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇങ്ങനെ പറയാത്ത അമ്മമാരുണ്ടാകില്ല. എത്ര ചെയ്താലും തീരാത്ത പണികള്‍, കുഞ്ഞുങ്ങളുടെ ഉത്തരവാദിത്തം, വീട്ടുജോലികള്‍ വേറെ... എല്ലാം കൂടി ബാലന്‍സ് ചെയ്തു പോകാന്‍ കഴിയാതെ ജീവിതം മടുത്ത അവസ്ഥയില്‍ നിങ്ങള്‍ ഒരിക്കലെങ്കിലും എത്തിയിട്ടുണ്ടോ?
എങ്കില്‍ ഇതാ പ്രമുഖ ബ്ലോഗറായ മിയ കാരബെല്ല നിങ്ങള്‍ക്കായി പറയുന്നത് ഒന്നു കേള്‍ക്കാം.
ജീവിതത്തില്‍ ഒരു നല്ല അമ്മയാകാനും ഭാര്യയാകാനും ഒരു സുഹൃത്താകാനുമെല്ലാമുള്ള തത്രപ്പാടിലാണ് ഓരോരുത്തരും. എന്നാല്‍ തിരക്കുകള്‍ നിമിത്തം പലപ്പോഴും അതിന്റെ പൂര്‍ണതയില്‍ എത്താന്‍ കഴിയാറില്ല. ഒരു ദിവസം തന്നെ പലവട്ടം ഉള്ളില്‍ ഇതോര്‍ത്ത് കരയുന്നവരാണ് മിക്ക സ്ത്രീകളും, മിയ പറയുന്നു.
ഒരു നല്ല അമ്മയാകാനുള്ള പെടാപ്പാടിനിടയില്‍ത്തന്നെ താനൊരു മോശം അമ്മയാണോ എന്ന കുറ്റബോധം പലപ്പോഴും സ്ത്രീകളെ അലട്ടാറുണ്ട്. ഒരു വീട്ടമ്മയുടെ ഉത്തരവാദിത്തം എന്നത് നിസ്സാരമല്ല. ഇത് പലപ്പോഴും മറ്റുള്ളവര്‍ അറിയാറില്ല. ഡോക്ടര്‍ക്ക് അപ്പോയിന്‍മെന്റ് എടുക്കുന്നതു മുതല്‍ ബാത്ത്റൂം വൃത്തിയാക്കുന്നതു വരെയുള്ള കാര്യങ്ങള്‍ ഒരു വീട്ടമ്മയുടെ കൈകളിലൂടെയാണ് പോകുന്നത്. പലപ്പോഴും ഇതെല്ലാം കൂടി മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയാതെ തളര്‍ന്നു പോകുന്നവരാണ് സ്ത്രീകളെന്നു മിയ പറയുന്നു.
താനും ഇതുപോലൊരു അമ്മയാണ് എന്നും ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. എല്ലാ സ്ത്രീകളെയും പോലെ ഞാനും പലപ്പോഴും മറ്റുള്ളവര്‍ക്ക് മുന്നില്‍ ചിരിയുടെ മുഖംമൂടി അണിഞ്ഞാണ് നില്‍ക്കുക. എന്നാല്‍ എത്രത്തോളം ശക്തയായ സ്ത്രീയാണ് നിങ്ങള്‍ എന്നു തിരിച്ചറിയുന്നില്ല. ഒരമ്മയുടെ ജീവിതം അങ്ങനെയാണ്. നമ്മള്‍ ആരും സൂപ്പര്‍ വുമൺ അല്ല. എല്ലാവർക്കും അവരവരുടേതായ കുറ്റങ്ങളും കുറവുകളുമുണ്ട്.
എന്നാല്‍ അതെല്ലാം അതിജീവിച്ചു മുന്നോട്ടു പോകുമ്പോള്‍ മാത്രമാണ് നിങ്ങള്‍ ജീവിതത്തില്‍ വിജയിക്കുക. ഈ അവസ്ഥയില്‍ നിങ്ങള്‍ മാത്രമല്ല എന്നതാണ് ആദ്യം തിരിച്ചറിയേണ്ടത്. ഇതും ജീവിതത്തിലെ ഒരു ഏടാണ്. ചെയ്യുന്ന എന്തിലും സന്തോഷം കണ്ടെത്തുക. നിങ്ങളാണ് ബെസ്റ്റ് എന്ന് നിങ്ങളെത്തന്നെ ബോധ്യപ്പെടുത്തുക. സാഹചര്യത്തെ എങ്ങനെ മനോഹരമാക്കാം എന്നു തീരുമാനിക്കേണ്ടത് നിങ്ങളാണ്– മിയ പറയുന്നു.
No comments:
Post a Comment