
തിരുവനന്തപുരം∙ സിപിഐ കർക്കശ നിലപാടെടുക്കുകയും സംരക്ഷിക്കാനില്ലെന്ന നിലയിലേക്കു സിപിഎം എത്തുകയും ചെയ്തതോടെ മന്ത്രി തോമസ് ചാണ്ടിയുടെ മുന്നിൽ വഴിയടയുന്നു. നാളെ ഇടതുമുന്നണി നേതൃയോഗം കൂടി വിളിച്ചതോടെ രാജിക്കാര്യത്തിൽ തീരുമാനം നീളില്ലെന്നു വ്യക്തമായി. ഭൂമികയ്യേറ്റ പ്രശ്നത്തിൽ കലക്ടറുടെ റിപ്പോർട്ടിന്മേൽ അഡ്വക്കറ്റ് ജനറലിന്റെ (എജി) നിയമോപദേശവും മന്ത്രിക്ക് അത്ര അനുകൂലമല്ലെന്നാണു സൂചന.
സ്വയം ഒഴിയാനുള്ള ശക്തമായ സമ്മർദത്തിലാണു ചാണ്ടി. കലക്ടറുടെ റിപ്പോർട്ടിനെതിരെ ഹൈക്കോടതിയിൽ മന്ത്രി നൽകിയ ഹർജി ചൊവ്വാഴ്ചയാണു പരിഗണിക്കുന്നത്. അതുവരെ തീരുമാനം നീട്ടിവയ്ക്കണമെന്ന നിലപാടായിരിക്കും നാളത്തെ യോഗത്തിൽ എൻസിപി സ്വീകരിക്കുക. ഇതേസമയം, കലക്ടറുടെ റിപ്പോർട്ട് മന്ത്രി തന്നെ കോടതിയിൽ ചോദ്യംചെയ്തതു സർക്കാർ നിലപാടിനെ മന്ത്രി വെല്ലുവിളിക്കുന്നതായി വ്യാഖ്യാനിക്കപ്പെടാം. ഈ സാഹചര്യത്തിൽ കോടതിയുടെ പ്രതികരണം എന്തായിരിക്കുമെന്ന ആശങ്കയും സർക്കാർ വൃത്തങ്ങളിലുണ്ട്.
കായൽ കയ്യേറിയും നിലംനികത്തിയും നിയമലംഘനം നടത്തിയ തോമസ് ചാണ്ടി മന്ത്രിപദവിയിൽ തുടരുന്ന ഓരോ നിമിഷവും മുന്നണിയുടെ പ്രതിച്ഛായ മോശമാകുമെന്നും അതിനാൽ രാജിവച്ചേ തീരൂവെന്നുമുള്ള വികാരമാണ് ഇന്നലെ സിപിഐ സംസ്ഥാന നിർവാഹക സമിതിയിൽ ഉയർന്നത്. ഇക്കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യരുതെന്നു യോഗം പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടു. നിയമലംഘനം നടത്തിയവർക്കെതിരെ നടപടി ഉണ്ടാകണം.
കലക്ടറുടെ റിപ്പോർട്ടിനെതിരെ മന്ത്രി ഹൈക്കോടതിയെ സമീപിച്ചതു ശരിയായില്ലെന്നും സർക്കാരിനെ വെല്ലുവിളിക്കുകയാണു ചെയ്തതെന്നും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. പ്രശ്നം എൽഡിഎഫ് ചർച്ചചെയ്തു തീരുമാനിക്കട്ടെയെന്നും രാജി ചോദിച്ചുവാങ്ങിയെന്ന സ്ഥിതി ഉണ്ടാകാതിരിക്കുകയാണു നല്ലതെന്നുമാണു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലെ അഭിപ്രായം. സാഹചര്യം മനസ്സിലാക്കി എൻസിപി തീരുമാനമെടുക്കണം.
തെറ്റുകാരെ രക്ഷിക്കില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാക്കുകളിലും നിലപാടുമാറ്റം വ്യക്തമാണ്. സർക്കാരിനു ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കാമെന്നു സിപിഎമ്മിന്റെ ഉന്നത നേതാക്കൾ പറഞ്ഞു. കലക്ടറുടെ റിപ്പോർട്ടിനു നിയമസാധുതയുണ്ട്; പൂർണമായി തള്ളാനാവില്ല എന്നാണ് എജി നൽകിയ നിയമോപദേശം.
ഹൈക്കോടതി തീരുമാനത്തിനായി കാത്തിരിക്കണമോയെന്നു സർക്കാരിനു തീരുമാനിക്കാമെന്നും എജി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
No comments:
Post a Comment