Ente Malayalam News

Follow Us

Friday, 3 November 2017

നടിയെ ആക്രമിച്ച കേസിൽ തന്നെ കുടുക്കി; സിബിഐ അന്വേഷണം വേണമെന്ന് ദിലീപ്


തിരുവനന്തപുരം∙ യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ ക്വട്ടേഷൻ നൽകിയെന്ന കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടൻ ദിലീപ്. രണ്ടാഴ്ച മുൻപാണ് ആഭ്യന്തര സെക്രട്ടറിക്കു ദിലീപ് കത്തുനൽകിയത്. വ്യാജ തെളിവുകളുണ്ടാക്കി തന്നെ കുടുക്കിയെന്നു കത്തിൽ പറയുന്നു. ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കും എഡിജിപി ബി.സന്ധ്യയ്ക്കും തന്നെ കുടുക്കിയതിൽ പങ്കുണ്ടെന്നും ദിലീപ് ആരോപിക്കുന്നു.

ഒക്ടോബർ 18നാണ് 12 പേജുള്ള കത്ത് ആഭ്യന്തര സെക്രട്ടറിക്ക് അയച്ചത്. കത്ത് കിട്ടിയെന്നും പരിശോധിച്ചു വരികയാണെന്നും സർക്കാർ അറിയിച്ചു. യുവനടി ആക്രമിക്കപ്പെട്ടതിനുശേഷമുള്ള സംഭവങ്ങൾ കത്തിൽ അക്കമിട്ടു നിരത്തിയിട്ടുണ്ട്. ഏപ്രിൽ പത്തിനാണ് പൾസർ സുനിയുടെ ആളുകൾ തനിക്കെതിരെ ഭീഷണിയുയർത്തി സംവിധായകൻ നാദിർഷായെ വിളിച്ചത്. അന്നുതന്നെ ഇക്കാര്യം ഡിജിപിയെ വിളിച്ചറിയിച്ചു. ദിവസങ്ങൾക്കുള്ളിൽ നേരിട്ടുകണ്ട് പരാതി നൽകുകയും ചെയ്തു. ഏപ്രിൽ 18, 20, 21 ദിവസങ്ങളിലുണ്ടായ ബ്ലാക്ക് മെയിൽ ഫോൺ വിളികളുടെ ശബ്ദരേഖയും ഡിജിപിക്കു കൈമാറി. ഇതുവരെയും ഇവ പരിശോധിക്കാൻ പൊലീസ് തയാറായിട്ടില്ലെന്നും കത്തിൽ പറയുന്നു.

പൾസർ സുനിയെ അറിയില്ലെന്ന നിലപാടിൽ താൻ ഉറച്ചുനിൽക്കുകയാണ്. അതാരും ഇതുവരെ നിഷേധിച്ചിട്ടില്ല. സത്യമിതായിരിക്കെ മറ്റൊരു തരത്തിലാണ് ഡിജിപിയും അന്വേഷണ സംഘവും പെരുമാറിയത്. വ്യാജ തെളിവുകളുണ്ടാക്കി തന്നെ കുടുക്കുകയായിരുന്നു. ഇക്കാര്യത്തിൽ നീതീകരിക്കാനാവാത്ത നിലപാടാണ് ഡിജിപിയും എഡിജിപി ബി.സന്ധ്യയും സ്വീകരിച്ചത്. അതുകൊണ്ട് ഈ അന്വേഷണ ഉദ്യോഗസ്ഥരെ മുഴുവൻ മാറ്റിനിർത്തി വീണ്ടും അന്വേഷണം നടത്തണം. കേസ് സിബിഐക്കു വിടുകയോ ഇവരെ ഉൾപ്പെടുത്താതെ സത്യസന്ധരായ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പുതിയ അന്വേഷണ സംഘം കൊണ്ടുവരികയോ വേണം.

ആലുവ റൂറൽ എസ്പി എ.വി.ജോർജ്, ക്രൈംബ്രാഞ്ച് എസ്പി സുദർശൻ, ഡിവൈഎസ്പി സോജൻ വർഗീസ്, ആലുവ സിഐ ബൈജു പൗലോസ് എന്നിവരെ കേസ് അന്വേഷണത്തിൽനിന്നു മാറ്റിനിർത്തണമെന്നും ദിലീപ് ആവശ്യപ്പെട്ടിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണ സംഘം കുറ്റപത്രം പൂർത്തിയാക്കി സമർപ്പിക്കാനിരിക്കെയാണ് ദിലീപിന്റെ നീക്കം. കേസിൽ ദിലീപിനെതിരെ ഉന്നയിക്കുന്ന ഗൂഢാലോചന പൊലീസ് കണ്ടെത്തിയിരിക്കുന്നതു നാലു ദിവസങ്ങളിൽ നാലു സമയങ്ങളിലാണ്. പ്രതിഭാഗം ഉന്നയിക്കാനിടയുള്ള ‘ആലബൈ’ വാദത്തിനു കുറ്റപത്രത്തിൽ തന്നെ പാഠഭേദം ഒരുക്കാനും പൊലീസ് ശ്രമിക്കുന്നുണ്ട്.

ഇന്ത്യൻ തെളിവുനിയമത്തിലെ 11–ാം വകുപ്പ് അനുസരിച്ചു പ്രതിക്കു നിരപരാധിത്വം തെളിയിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗമാണ് ആലബൈ. കുറ്റകൃത്യം നടക്കുന്ന സമയത്ത്, പ്രതി സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നു തെളിയിക്കുന്ന രീതിയാണിത്. കേസിൽ റിമാൻഡിലായിരുന്ന ദിലീപ്, 85 ദിവസത്തെ ജയിൽവാസത്തിനു ശേഷമാണ് ജാമ്യം നേടി പുറത്തിറങ്ങിയത്.

No comments:

Post a Comment

Comments System

Disqus Shortname