വടക്കഞ്ചേരി: വടക്കഞ്ചേരിയില്‍ പോലീസിന്റെ കല്‌പനയ്‌ക്ക് പുല്ലുവില. അശാസ്‌ത്രീയമായ ഗതാഗത സംവിധാനത്തില്‍ വടക്കഞ്ചേരി നഗരം വീര്‍പ്പുമുട്ടുമ്പോഴും അധികൃതര്‍ക്ക് യാതൊരു കുലുക്കവുമില്ല. നടപാത കൈയ്യേറ്റവും ഇരുചക്രവാഹന പാര്‍ക്കിങ്ങും, ഓട്ടോകളുടെ തലങ്ങും വിലങ്ങുമുളള ഓട്ടവും വ്യാപകമായതോടെ കാല്‍നടയാത്രക്കാര്‍ പെരുവഴിയിലായി.
സുനിത ജംഗ്‌ഷന്‍ ചെറുപുഷ്‌പം സ്‌കൂള്‍ എന്നിവിടങ്ങളില്‍ ഡിവൈഡറുകള്‍ സ്‌ഥാപിച്ചു ഗതാഗതം സുഗമമാക്കുമെന്നും നഗരത്തിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴുപ്പിക്കുമെന്നുമുളള മുന്‍ തീരുമാനങ്ങള്‍ ഒന്നും തന്നെ ഇതു വരെ നടപ്പാക്കിയിട്ടില്ല. നഗരത്തിലെ ഓടകള്‍ക്ക് മുകളില്‍ കച്ചവടം നടത്തുന്നതു മൂലം കാല്‍നടയാത്രക്കാര്‍ ഏറെ ദുരിതം അനുഭവിക്കുന്നുണ്ട്.
ഇതിനു പുറമെയാണ് ഓട്ടോറിക്ഷകളുടെ തന്നിഷ്‌ടം. തോന്നുന്ന സ്‌ഥലങ്ങളില്‍ ഓട്ടോകള്‍ ഇട്ട് പിന്നീട് അവിടെ പുതിയ ഓട്ടോ സ്‌റ്റാന്‍ഡ് ആക്കി മാറ്റുന്നത് പതിവായിരിക്കുകയാണ്. ചെറുപുഷ്‌പം മുതല്‍ സുനിതാ ജംഗ്‌ഷന്‍ വരെ ഒമ്പതോളം ഓട്ടോ സ്‌റ്റാന്‍ഡുകള്‍ ഉണ്ട്.
ഇതില്‍ പകുതിയും അനധികൃതമാണ്. പാലക്കാട് നിന്നും വരുന്ന ബസുകള്‍ ചെറുപുഷ്‌പത്തിനു മുമ്പില്‍ യാത്രക്കാരെ ഇറക്കിയതിന് ശേഷം ടി.ബി റോഡ്, റോയല്‍ ജംഗ്‌ഷന്‍, തങ്കം ജംഗ്‌ഷന്‍ വഴി ബസ് സ്‌റ്റാന്‍ഡില്‍ കയറണമെന്നാണ് നിയമമെങ്കിലും ഈ നിര്‍ദേശവും അട്ടിമറിക്കപ്പെട്ടു.
സ്വകാര്യ ബസുകള്‍ ടൗണ്‍ വഴി ബസ് സ്‌റ്റാന്‍ഡിനെ അവഗണിച്ചു നേരെ തൃശൂര്‍ ഭാഗത്തേക്ക് പോകുന്നത് സ്‌ഥിരം കാഴ്‌ചയാണ്.ഗതാഗത പരിഷ്‌കാരത്തിന്റെ ഭാഗമായി ആരതി ഹോട്ടലിനും, പോലീസ് സ്‌റ്റേഷനു മുമ്പിലും സ്‌റ്റോപ്പ് അനുവദിച്ചത് ഗതാഗത കുരുക്ക് വര്‍ധിപ്പിച്ചു. സീബ്രാ ലൈനില്ലാത്തതും പ്രശ്‌നം സങ്കീര്‍ണമാക്കുന്നുണ്ട്.
വൈകുന്നേരങ്ങളില്‍ നടക്കാന്‍ പോലും കഴിയാത്ത രീതിയില്‍ കൈ വണ്ടികളും, മുചക്ര വാഹനവും വീഥികളില്‍ നിറയുന്നതോടെ ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ നടുറോഡില്‍ യാത്രക്കാരെ ഇറക്കി വിടാന്‍ നിര്‍ബന്ധിതരാവുന്നു.ഗതാഗത കുരുക്ക് അനുദിനം മുറുകുമ്പോഴും കുരുക്കഴിക്കാന്‍ പഞ്ചായത്തോ പോലീസോ നടപടി എടുക്കുന്നില്ല.
തലങ്ങും വിലങ്ങുമുള്ള വാഹനപാര്‍ക്കിങ്ങും ദിശാ സൂചക ബോര്‍ഡുകളുടെ അഭാവവും ഗതാഗതത്തിന് തടസമാകുന്നു. സബ്‌ട്രഷറിയും, വിലേജും പഞ്ചായത്തും, ബാങ്കുകളും, എല്‍. ഐ.സിയുള്‍പ്പെടെയുള്ള ധനകാര്യസ്‌ഥാപനങ്ങളും ആറോളം സ്‌കൂളുകളും, ആയിരക്കണക്കിന് വിദ്യാര്‍ഥികളും ആശ്രയിക്കുന്ന വടക്കഞ്ചേരി നഗരത്തിലെ യാത്ര ക്ലേശം പരിഹരിക്കാന്‍ അധികൃതര്‍ അടിയന്തിരമായി നടപടിയെടുക്കണമെന്ന ആവശ്യം ശക്‌തമാണ്.

No comments:
Post a Comment