Ente Malayalam News

Follow Us

Thursday, 26 October 2017

രക്തക്കണ്ണീർ വാർക്കുന്ന മെസ്സിയുടെ ചിത്രവുമായി ഭീഷണി; ഞങ്ങൾ തോൽവി അറിയാത്ത ‘സ്റ്റേറ്റ്’


മോസ്കോ ∙ 2018ൽ റഷ്യയിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനു മീതെ ആക്രമണഭീഷണിയുടെ കരിനിഴൽ പരത്തി ഇസ്‍ലാമിക് സ്റ്റേറ്റ് ഭീകരരുടെ സന്ദേശം. രക്തക്കണ്ണീർ വാർക്കുന്ന അർജന്റീന സൂപ്പർതാരം ലയണൽ മെസ്സിയുടെ ചിത്രം ഉൾപ്പെടെയാണ് ഭീഷണി സന്ദേശം പുറത്തുവന്നിരിക്കുന്നത്.
ഇരുമ്പഴിക്കുള്ളിൽനിന്ന് രക്തക്കണ്ണീർ വാർക്കുന്ന മെസ്സിയുടെ ചിത്രത്തിനൊപ്പമുള്ള സന്ദേശമിങ്ങനെ:

‘‘സ്വന്തം ഡിക്ഷനറിയിൽ തോൽവി എന്ന വാക്കില്ലാത്ത ഒരു രാജ്യത്തോടാണ് (സ്റ്റേറ്റ് എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്) നിങ്ങൾ യുദ്ധം ചെയ്യുന്നത്.’’ സ്വന്തം പേരെഴുതിയ ജയിൽക്കുപ്പായമാണ് ഈ പോസ്റ്ററിൽ മെസ്സി ധരിച്ചിരിക്കുന്നത്. ഐഎസ് അനുകൂല മാധ്യമ ഗ്രൂപ്പായ വാഫ മീഡിയ ഫൗണ്ടേഷന്റെ പേരിലാണ് ചിത്രം പുറത്തിറക്കിയിരിക്കുന്നത്. 2018 ലോകകപ്പ് ഫുട്ബോളിനായി റഷ്യ സന്ദർശിക്കാനിരിക്കുന്ന വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടാണ് ഐഎസ് ഭീഷണിയെന്നു കരുതുന്നു.

ഭീകരരുടെയും ഭീകരസംഘടനകളുടെയും ഓൺലൈൻ രംഗത്തെ നീക്കങ്ങൾ നിരീക്ഷിക്കുന്ന എസ്ഐടിഇ (സെർച്ച് ഫോർ ഇന്റർനാഷണൽ ടെററിസ്റ്റ് എൻറ്റിറ്റീസ്) ഇന്റലിജൻസ് ഗ്രൂപ്പാണ് ഈ പോസ്റ്റർ കണ്ടെത്തി പുറത്തുവിട്ടത്. പ്രശസ്ത സ്പോർട്സ് ഉപകരണ നിർമാതാക്കളായ നൈക്കിന്റെ (ജസ്റ്റ് ഡു ഇറ്റ്’ എന്ന പരസ്യവാചകത്തെ പരിഹസിച്ച് ‘ജസ്റ്റ് ടെററിസം’ എന്ന വാചകവും മെസ്സിയുടെ ചിത്രത്തിനു ചുവടെ നൽകിയിട്ടുണ്ട്.

റഷ്യയിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനു നേരെ ആക്രമണ ഭീഷണിയുമായി ഐഎസിനു മുൻപും വിവിധ ഭീകര സംഘടനകൾ രംഗത്തെത്തിയിരുന്നു. നേരത്തെ, ഫ്രാൻസും ജർമനിയും തമ്മിലുള്ള സൗഹൃദ ഫുട്ബോൾ മൽസരം നടക്കവെ സമീപത്തു നടന്ന സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുക്കുകയും ചെയ്തു.

2016ലെ യൂറോ കപ്പ്, 2017ലെ വനിതാ യൂറോ കപ്പ് എന്നീ ടൂർണമെന്റുകൾക്കു നേരെയും ഐഎസ് ഭീകരർ ഭീഷണി ഉയർത്തിയിരുന്നു. ഇതേത്തുടർന്ന് കനത്ത സുരക്ഷാ സന്നാഹങ്ങൾക്കിടെയാണ് രണ്ടു ടൂർണമെന്റുകളും നടത്തിയത്. അപകടരഹിതമായി ഇവ പൂർത്തിയാക്കുകയും ചെയ്തു.

No comments:

Post a Comment

Comments System

Disqus Shortname