Ente Malayalam News

Follow Us

Thursday, 26 October 2017

തുമ്പയിൽ രാജസ്ഥാനെ എറിഞ്ഞിട്ട് കേരളം; 92 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്


തിരുവനന്തപുരം ∙ അർധസെഞ്ചുറിയുമായി ബാറ്റിങ്ങിലും എട്ടു വിക്കറ്റ് നേട്ടവുമായി ബോളിങ്ങിലും തിളങ്ങിയ ജലജ് സക്സേനയുടെ മികവിൽ രാജസ്ഥാനെതിരായ രഞ്ജി ട്രോഫി മൽസരത്തിൽ കേരളത്തിന് ഒന്നാം ഇന്നിങ്സ് ലീഡ്. കേരളത്തിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 335 റൺസ് പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ 82.3 ഓവറിൽ 243 റൺസിന് എല്ലാവരും പുറത്തായി. കേരളത്തിന് 92 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്. രണ്ടാം ദിനം കളി നിർത്തുമ്പോൾ ആറിന് 134 റൺസ് എന്ന നിലയിലായിരുന്നു കേരളം.

കരുത്തൻമാർ ഉള്‍പ്പെടുന്ന ഗ്രൂപ്പ് ബിയിൽ നിലവിൽ രണ്ടാം സ്ഥാനത്താണ് കേരളം. ആദ്യ മൽസരത്തിൽ കരുത്തരായ ജാർഖണ്ഡിനെ അട്ടിമറിച്ച കേരളം രണ്ടാം മൽസരത്തിൽ നിലവിലെ ചാംപ്യൻമാരായ ഗുജറാത്തിനോട് തോറ്റിരുന്നു. ഈ മൽസരത്തിൽ ഒന്നാം ഇന്നിങ്സ് ലീഡ് നേടിയത് കേരളത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ഗുണകരമാകും.

33.3 ഓവറിൽ 85 റൺസ് വഴങ്ങി എട്ടു വിക്കറ്റ് പിഴുത ജലജ് സക്സേനയാണ് രാജസ്ഥാന്‍ ബാറ്റിങ്ങിന്റെ നട്ടെല്ലൊടിച്ചത്. രണ്ടാം ദിനമായിരുന്ന ഇന്നലെ രാജസ്ഥാൻ ഇന്നിങ്സിൽ വീണ ആറു വിക്കറ്റുകളും സ്വന്തം പേരിലെഴുതിയ സക്സേന മൂന്നാം ദിനത്തിൽ ടി.എൻ. ധില്ലൻ, പങ്കജ് സിങ് എന്നിവരെ പുറത്താക്കിയാണ് വിക്കറ്റ് നേട്ടം എട്ടിലെത്തിച്ചത്. മധ്യപ്രദേശ് താരമായ ജലജ് സക്സേന കരാർ അടിസ്ഥാനത്തിലാണ് കേരളത്തിനു കളിക്കുന്നത്. കേരളത്തിനായി എം.ഡി. മോനിഷ്, സിജോമോൻ ജോസഫ് എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

രാജസ്ഥാൻ ഇന്നിങ്സിലെ ഏക അർധസെഞ്ചുറിക്ക് ഉടമയായ ദിഷാന്ത് യാഗ്നിക്കാണ് രാജസ്ഥാനെ കൂട്ടത്തകർച്ചയിൽനിന്ന് കരകയറ്റിയത്. 134 പന്തു നേരിട്ട യാഗ്നിക് 62 റൺസെടുത്തു. രാജസ്ഥാൻ നിരയിൽ ബിഷ്ണോയി സീനിയർ (63 പന്തിൽ 39), ടി.എൻ. ധില്ലൻ (56 പന്തിൽ 44) ചഹാർ (32 പന്തിൽ 31) എന്നിവരും തിളങ്ങി. ഓപ്പണർ ഗൗതം (57 പന്തിൽ 12), റോബിൻ ബിസ്റ്റ് (33 പന്തിൽ 14), അശോക് മെനേരിയ (0), ലോംറോർ (49 പന്തിൽ 11), ബിഷ്ണോയ് ജൂനിയർ (29 പന്തിൽ അഞ്ച്), പങ്കജ് സിങ് (25 പന്തിൽ ഒൻപത്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. എ.വി. ചൗധരി (15 പന്തിൽ രണ്ട്) പുറത്താകാതെ നിന്നു.

നേരത്തെ, ഒന്നാം ഇന്നിങ്സിൽ കേരളം 335 റൺസിനു പുറത്തായിരുന്നു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളം ആദ്യ ദിനത്തിൽ അതീവ ജാഗ്രതയോടെയാണ് ബാറ്റു ചെയ്തതെങ്കിൽ, രണ്ടാം ദിനത്തിൽ 103 റൺസിനിടെ ഏഴു വിക്കറ്റുകൾ നഷ്ടപ്പെടുത്തിയാണ് 335 റൺസിനു പുറത്തായത്. കേരളത്തിനായി രോഹൻ പ്രേം (237 പന്തിൽ 86), ജലജ് സക്സേന (157 പന്തിൽ 79), ക്യാപ്റ്റൻ സച്ചിൻ ബേബി (142 പന്തിൽ 78) എന്നിവർ അർധസെഞ്ചുറി നേടി. രാജസ്ഥാനായി ലോംറോർ 22.3 ഓവറിൽ 51 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി.

No comments:

Post a Comment

Comments System

Disqus Shortname