
കോഴിക്കോട്: നഗരത്തിലും പരിസരപ്രദേശങ്ങളിലും സ്‌ത്രീകളെ സ്‌ഥിരമായി ശല്യം ചെയ്ുയകയും ലൈംഗിക കുറ്റങ്ങളില്‍ പ്രതികളാവുകയും ചെയ്‌തവരെക്കുറിച്ച് പോലീസിനു വിവരമൊന്നുമില്ല. അവര്‍ എവിടെയാണെന്നോ അവരുടെ പ്രവര്‍ത്തനങ്ങള്‍ എന്താണെന്നോ പോലീസിന് അറിയില്ല. നഗരത്തിലെ റോഡുകളില്‍ സ്‌ഥാപിച്ച സി.സി ടിവി കാമറകളും വീട്ടുകാരും സ്‌ഥാപനങ്ങളും സ്‌ഥാപിച്ച കാമറകളുമാണ് പലപ്പോഴൂം കുറ്റവാളികളെ പിടികൂടാന്‍ പോലീസിനു താങ്ങാവുന്നത്. നഗരത്തില്‍ അടുത്ത കാലത്ത് നടന്ന ഒട്ടേറെ മോഷണ കേസുകളിലും സ്‌ത്രീകള്‍ക്കെതിരായ അതിക്രമ കേസുകളിലും പോലീസിനെ സഹായിച്ചത് സി.സി ടിവി കാമറകളാണ്.
സ്‌ത്രീ സുരക്ഷയെക്കുറിച്ച് സര്‍ക്കാരും പോലീസ് വകുപ്പും നിരന്തരം സംസാരിക്കുന്നുണ്ടെങ്കിലും നഗരത്തില്‍ സ്‌ത്രീകള്‍ക്കെതിരായ അതിക്രമ കേസില്‍ പ്രതികളായവരുടെ വിശദാംശങ്ങളൊന്നും പോലീസിന്റെ കൈവശമില്ല. ഇക്കഴിഞ്ഞ ദിവസം വൈ.എം.സി.എ ക്രോസ് റോഡിലെ ഇടവഴിയില്‍ യുവതിയെ കടന്നുപിടിച്ചതിന് അറസ്‌റ്റിലായ തോപ്പയില്‍ സ്വദേശി ജംഷീര്‍ നേരത്തെയും ഇത്തരം കേസുകളില്‍ പിടിയിലായിട്ടുണ്ട്.
2016-ല്‍ വയസായ സ്‌ത്രീയോട് മോശമായി പെരുമാറിയതിനു പോലീസ് ഇയാളെ അറസ്‌റ്റ് ചെയ്‌തിരുന്നു. കോടതി ഇയാള്‍ക്ക് പിഴ ചുമത്തുകയും ചെയ്‌തു.സ്‌ത്രീകളോട് മോശമായി പെരുമാറിയതിനു രണ്ടു തവണ പോലീസ് ഇയാളെ താക്കീതു ചെയ്‌ത് വിട്ടയച്ചിരുന്നു.എന്നാല്‍ ഇയാളുടെ വിശദാംശങ്ങള്‍ അടങ്ങിയ രജിസ്‌റ്റര്‍ ഉണ്ടായിരുന്നില്ല. പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും സംവിധാനം ഉണ്ടായിരുന്നില്ല.
സംസ്‌ഥാനത്ത് സ്‌ത്രീകള്‍ക്കുനേരെ അതിക്രമങ്ങള്‍ പെരുകിയ സാഹചര്യത്തില്‍ ലൈംഗിക കുറ്റവാളികളുടെ രജിസ്‌റ്റര്‍ തയാറാക്കുമെന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചരുന്നു. പാശ്‌ചാത്യ രാജ്യങ്ങളിലെ പോലെ കേരളത്തിലും ഇത്തരം രജിസ്‌റ്റര്‍ തയാറാക്കി സൂക്ഷിക്കുമെന്ന് നിയമസഭയില്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണറും വ്യക്‌തമാക്കിയിരുന്നു. പൊതുജനങ്ങള്‍ക്കു കാണാവുന്ന വിധത്തിലുള്ള രജിസ്‌റ്ററില്‍ കുറ്റവാളികളുടെ വിശദ വിവരങ്ങള്‍ ഉള്‍പ്പെടുത്തുമെന്നും വ്യക്‌തമാക്കപ്പെട്ടിരുന്നു. എന്നാല്‍, ഇതുവരെ ഇത്തരമൊരു രജിസറ്റര്‍ തയാറാക്കിയിട്ടില്ല. രജിസ്‌റ്റര്‍ ഉണ്ടായിരുന്നുവെങ്കില്‍ ഇതില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ളവര്‍ നിരീക്ഷിക്കപ്പെടുമായിരുന്നുവെന്ന് പോലീസ് സേനയിലെ ഒരു വിഭാഗം പറയുന്നു.
പ്രതികളെ പിടികൂടുന്നതില്‍ പോലീസിനു സഹായകരമാകുന്നത് സി.സി ടിവി കാമറകളാണ്. പട്ടാപ്പകല്‍ സ്‌ത്രീയെ കടന്നുപിടിച്ച സംഭവത്തില്‍ പ്രതി പടിയിലാകുന്നത് റോഡരികിലെ വീട്ടിലെ സി.സി ടിവി കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നിന്നാണ്. സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോ കണ്ട് മൂന്നുദിവസത്തിനകം പ്രതിയെ പിടികൂടാന്‍ പോലീസിനു കഴിഞ്ഞത് ഇതുകൊണ്ടാണ്. കഴിഞ്ഞ ജൂണില്‍ മാനാഞ്ചിറ എസ്.ബി.ഐ പ്രധാന ശാഖയിലെ എ.ടി.എം കൗണ്ടര്‍ തകര്‍ക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ പിടികൂടാന്‍ പോലീസിനു സഹായകമായത് അവിടുത്തെ സി.സി ടിവി കാമറയാണ്. മറുനാടന്‍ തൊഴിലാളിയായ ജോഗേഷ് മണ്ഡലിനെ ഒരാഴ്‌ചയ്‌ക്കകം പോലീസ് പടികൂടിയിരുന്നു.
കഴിഞ്ഞ വര്‍ഷം ജൂലായില്‍ കോവൂരില്‍ സൂപ്പര്‍ മാര്‍ക്കറ്റ് നടത്തുന്ന അച്‌ഛനെയും മകനെയും കത്തികാട്ടി ഭീഷണിപ്പെടുത്തി അരലക്ഷം രൂപ കവര്‍ന്ന കേസില്‍ പ്രതികളെ പിടിക്കാന്‍ സഹായിച്ചതും സി.സി ടിവി കാമറകളാണ്. ബാഗ് തട്ടിപ്പറിച്ച് ബൈക്കില്‍ രക്ഷപ്പെട്ട ഇവരുടെ ചിത്രം തൊണ്ടയാട് ബൈപാസിലെ കാമറയില്‍ പതിഞ്ഞിരുന്നു. വ്യാപാരസ്‌ഥാപനങ്ങള്‍ ഇത്തരം കാമറകള്‍ സ്‌ഥാപിച്ചാല്‍ കുറ്റവാളികളെ പിടികൂടുന്നതില്‍ നിര്‍ണായകമായിരിക്കുമെന്ന് പോലീസ് കേന്ദ്രങ്ങള്‍ പറയുന്നു.
No comments:
Post a Comment