Ente Malayalam News

Follow Us

Friday, 27 October 2017

കല്പറ്റയെ ക്യാമറക്കണ്ണിലാക്കാന്‍ പദ്ധതി


കല്പറ്റ: കൈനാട്ടിമുതല്‍ കല്പറ്റ ട്രാഫിക് ജങ്ഷന്‍വരെയുള്ള നഗരഭാഗങ്ങള്‍ നിരീക്ഷണക്യാമറയുടെ പരിധിയിലാക്കുന്നു. സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ.യുടെ നേതൃത്വത്തില്‍ കല്പറ്റ പോലീസ് സ്റ്റേഷനില്‍ നടന്ന ആലോചനയോഗത്തിലാണ് തീരുമാനമായത്. ഇതിനായി പോലീസ് ശാസ്ത്രീയമായ പ്രോജക്ട് രണ്ടാഴ്ചയ്ക്കകം തയ്യാറാക്കും. സ്വകാര്യ സ്ഥാപനങ്ങളുടെയും വ്യാപാരികളുടെയും പങ്കാളിത്തതോടെയാണ് പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്നത്.

പദ്ധതിയുടെ ഭാഗമായി കൈനാട്ടിമുതല്‍ കല്പറ്റവരെയുള്ള വ്യാപാരസ്ഥാപനങ്ങളിലെയും ബാങ്കുകളിലെയും സി.സി.ടി.വി. ക്യാമറകള്‍ പ്രയോജനപ്പെടുത്തും. സ്ഥാപനങ്ങളിലുള്ള ക്യാമറകളില്‍ ചിലത് സ്ഥാപനത്തിന് പുറത്തെ ദൃശ്യങ്ങള്‍ പകര്‍ത്തുന്ന രീതിയില്‍ സജ്ജീകരിക്കും. ഇവിടങ്ങളില്‍ പതിയുന്ന ദൃശ്യങ്ങള്‍ പോലീസിന് നിരീക്ഷിക്കാന്‍ സാധിക്കുന്ന വിധത്തില്‍ പോലീസ് കണ്‍ട്രോള്‍ റൂമില്‍ പ്രത്യേക മോണിറ്ററിങ് റൂം തയ്യാറാക്കും. സി.സി.ടി.വി. ക്യാമറയില്ലാത്ത പ്രധാന കേന്ദ്രങ്ങളില്‍ പോലീസ് സ്വന്തമായി സി.സി.ടി.വി. ക്യാമറ സ്ഥാപിക്കും.

കല്പറ്റ ട്രാഫിക് ജങ്ഷനില്‍നിന്ന് തുടങ്ങി കൈനാട്ടിവരെയുള്ള ഭാഗങ്ങളില്‍ ക്യാമറ സ്ഥാപിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്. കല്പറ്റ ട്രാഫിക് ജങ്ഷന്‍, കൈനാട്ടി ട്രാഫിക് ജങ്ഷന്‍ ബൈപ്പാസില്‍ ഫ്‌ളവര്‍ഷോ ഗ്രൗണ്ട് പരിസരം, രണ്ട് ബസ്സ്റ്റാന്‍ഡുകള്‍, ചുങ്കം ജങ്ഷന്‍ തുടങ്ങി പ്രധാന സ്ഥലങ്ങളിലെല്ലാം പോലീസ് നേരിട്ട് ക്യാമറ സ്ഥാപിക്കും. ക്യാമറ സ്ഥാപിക്കുക, മോണറ്ററിങ് റൂം സജ്ജമാക്കുക, നിലവില്‍ വ്യാപാര വ്യവസായ സ്ഥാപനങ്ങളിലുള്ള ക്യാമറകളില്‍നിന്ന് ഫീഡ് ലഭിക്കുന്നതിന് ആവശ്യമായ സജ്ജീകരണങ്ങളെടുക്കുക എന്നിവയ്‌ക്കെല്ലാംകൂടി 35 ലക്ഷത്തോളം ചെലവുവരുമെന്നാണ് വിലയിരുത്തുന്നത്. 20 ലക്ഷം രൂപ റോഡ്‌സുരക്ഷാഫണ്ടില്‍നിന്ന് ലഭിക്കുമെന്ന് ധാരണയായിട്ടുണ്ട്. എം.ഐ. ഷാനവാസ് എം.പി.യുടെ ഫണ്ടില്‍നിന്ന് 10 ലക്ഷം രൂപ നല്‍കുമെന്ന് നേരത്തേ വാഗ്ദാനം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് പ്രത്യേക റിപ്പോര്‍ട്ടും തയ്യാറാക്കി നല്‍കിയിരുന്നു. എം.പി., എം.എല്‍.എ. ഫണ്ടുകള്‍, കല്പറ്റ മുനിസിപ്പാലിറ്റി ഫണ്ടുകള്‍ എന്നിവ ഇതിനായി ഉപയോഗപ്പെടുത്തും.

സ്ത്രീസുരക്ഷ, ഗതാഗതനിയമലംഘനങ്ങള്‍ കുറയ്ക്കുക, കുറ്റാന്വേഷണത്തില്‍ സഹായകമാവുംവിധം നഗരം ക്യാമറ നിരീക്ഷണത്തിലാക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ക്യാമറ സ്ഥാപിക്കുന്നത്. വ്യാപാരി-വ്യവസായികളും മറ്റ് പൊതുസ്ഥാപനങ്ങളും പദ്ധതിയോട് അനുകൂലമായാണ് പ്രതികരിക്കുന്നത്. സി.സി.ടി.വി. ക്യാമറയില്ലാത്ത കടകളില്‍ ക്യാമറ സ്ഥാപിക്കുന്നതിന് വ്യാപാരികള്‍ നേരിട്ടിറങ്ങുമെന്നും വ്യാപാരി വ്യവസായി പ്രതിനിധികള്‍ യോഗത്തില്‍ ഉറപ്പുനല്‍കി.

ഗതാഗതക്കുരുക്കിന് തടയിടും

ടൗണിലെ ഗതാഗതക്കുരുക്ക് അഴിക്കുന്നതിനായി റോഡരികിലെ അനാവശ്യ ഇലക്ട്രിക്, ടെലിഫോണ്‍ പോസ്റ്റുകള്‍ നീക്കംചെയ്യും. അനധികൃത ബോര്‍ഡുകള്‍, പരസ്യങ്ങള്‍ തുടങ്ങിയവയും മാറ്റും. ചരക്കുവാഹനങ്ങള്‍, ഓട്ടോ പാര്‍ക്കിങ് തുടങ്ങിയ വിഷയങ്ങള്‍ ട്രേഡ് യൂണിയനുകളുമായി ചര്‍ച്ചചെയ്ത് പരിഹരിക്കും. നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ട്രാഫിക്ക് എന്‍ഫോഴ്‌സ്‌മെന്റ് ശക്തിപ്പെടുത്താനാണ് തീരുമാനം. കൈനാട്ടി ജനറല്‍ ആസ്​പത്രിക്ക് സമീപം ജങ്ഷനില്‍ ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കാനും നടപടി സ്വീകരിക്കും. ചരക്കുലോറി തുടങ്ങിയ വലിയ വാഹനങ്ങള്‍ ബൈപ്പാസ് വഴി മാത്രമാണ് ഇനി കടത്തിവിടുക.

രാവിലെയും വൈകീട്ടും നഗരത്തില്‍ ഗതാഗതക്കുരുക്ക് നേരിടുന്നതിനാല്‍ ഈ സമയങ്ങളില്‍ വാഹനനിയന്ത്രണം ശക്തമാക്കും. നിലവില്‍ ബൈപ്പാസിനെ ഒഴിവാക്കി ഒട്ടനവധി വലിയ വാഹനങ്ങള്‍ നഗരപാതയിലൂടെ പോകുന്നതിന് ഇതോടെ നിയന്ത്രണമാകും. ബസുകള്‍ ടൗണിലെ സ്റ്റോപ്പുകളില്‍മാത്രം നിര്‍ത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യണം. തോന്നിയതുപോലെ നിര്‍ത്തുന്നത് ടൗണില്‍ ഗതാഗതതടസ്സത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടിയിരുന്നു. യോഗത്തില്‍ കല്പറ്റ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉമൈബ മൊയ്തീന്‍കുട്ടി, വൈസ് ചെയര്‍മാന്‍ പി.പി. ആലി, എ.എസ്.പി. ചൈത്ര തെരേസ ജോണ്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

No comments:

Post a Comment

Comments System

Disqus Shortname