ന്യൂഡൽഹി : ഇസ്ലാമിക് സ്റ്റേറ്റിന്റെ ശക്തികേന്ദ്രമായ രഖയും കൈവിട്ടതോടെ,ഐ എസ് ഭീകരർ സ്വന്തം രാജ്യങ്ങളിൽ മടങ്ങിയെത്താൻ ശ്രമിക്കുന്നതായി സുരക്ഷാവിഭാഗങ്ങളുടെ മുന്നറിയിപ്പ്.
വിശുദ്ധ സ്വർഗത്തിന്റെ പേരിൽ നടത്തുന്ന ഭീകരാക്രമണങ്ങൾ ഇനി സ്വന്തം മണ്ണിൽ ആസൂത്രണം ചെയ്യാനുള്ള ലക്ഷ്യത്തോടെയാണ് പലരും മടങ്ങി വരാൻ തയ്യാറെടുക്കുന്നതെന്നും സുരക്ഷാവിഭാഗങ്ങൾ മുന്നറിയിപ്പ് നൽകുന്നു.
ഇന്ത്യയടക്കമുള്ള ഏഷ്യൻ രാജ്യങ്ങളിൽ നിന്നും നിരവധി ചെറുപ്പക്കാരാണ് ഐഎസിൽ ചേർന്ന് ഭീകരപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്.
ഇതിനായി സിറിയ,ഇറാഖ്,അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇവർ നിരന്തരം യാത്രയും നടത്തുന്നുണ്ട്.
ക്രൂരതയിലും സമ്പത്തിലും മറ്റെല്ലാ ഭീകരസംഘടനകളെയും കടത്തിവെട്ടി വളർന്ന ഐ.എസിൽ നൂറിലേറെ രാജ്യങ്ങളിൽനിന്നായി മുപ്പതിനായിരത്തിലേറെപ്പേർ അംഗങ്ങളായിച്ചേർന്നു. ഓരോ കൊല്ലവും ഏതാണ്ട് പതിനായിരം ഭീകരർ കൊല്ലപ്പെട്ടു.
അതിനനുസരിച്ച് ആളുകൾ ചേർന്നുകൊണ്ടിരുന്നു. ഇന്ത്യയടക്കമുള്ള പൗരസ്ത്യദേശങ്ങളിൽനിന്നും ബ്രിട്ടനും ഫ്രാൻസും ബെൽജിയവും അടക്കമുള്ള പാശ്ചാത്യനാടുകളിൽ നിന്നും ഐ.എസിൽ ചേരാൻ ആളുകൾ ചെന്നു.
മാരകമായ ആയുധങ്ങൾ ഉപയോഗിക്കാനും,ആക്രമണങ്ങൾ നടത്താനും പരിശീലനം ലഭിച്ച ഇവരിൽ ഭൂരിഭാഗം പേരും ഇന്ത്യയടക്കമുള്ള സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങി വരുന്നതായി യു എന്നും വെളിപ്പെടുത്തുന്നു.
കഴിഞ്ഞ ദിവസം കണ്ണൂരിൽ ഐ എസ് ബന്ധമുള്ള മൂന്ന് പേർ അറസ്റ്റിലായതും ഇതിനു തെളിവാണ്.
യുഎസ്,ഫ്രാൻസ്,യുകെ,തുർക്കി,യുഎഇ തുടങ്ങിയ രാജ്യങ്ങൾ സംശയം തോന്നുന്ന ഇന്ത്യക്കാരായ സന്ദർശകരെക്കുറിച്ച് കൂടുതൽ അന്വേഷിക്കാനും ആരംഭിച്ചിട്ടുണ്ട്.
മാത്രമല്ല സുരക്ഷാ വിഭാഗങ്ങളുടെ മുന്നറിയിപ്പുകളെ തുടർന്ന് അതിർത്തി പ്രദേശങ്ങൾ,എയർപോർട്ടുകൾ,തുറമുഖങ്ങൾ എന്നിവിടങ്ങളിലെ നിരീക്ഷണം ശക്തമാക്കാൻ ഇന്ത്യയും തീരുമാനിച്ചിട്ടുണ്ട്.
No comments:
Post a Comment