Ente Malayalam News

Follow Us

Monday, 23 October 2017

രണ്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തി


പുണെ∙ രാജ്യത്തെ ഞെട്ടിച്ച്, പുണെയിൽ രണ്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊന്നു. കുഞ്ഞിന്റെ വീടിന് ഏതാനും മീറ്ററുകൾ അകലെയാണു മൃതദേഹം കണ്ടെത്തിയത്. കുഞ്ഞ് പീഡിപ്പിക്കപ്പെട്ടെന്നാണു പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
മാസങ്ങൾക്കു മുൻപാണു ലാത്തൂരിൽനിന്നു ധയാരിയിലേക്കു കുഞ്ഞിന്റെ കുടുംബം താമസം മാറിയത്. പോക്സോ നിയമപ്രകാരം തട്ടിക്കൊണ്ടു പോകൽ, പീഡനം, കൊലപാതകം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി എഫ്ഐആർ റജിസ്റ്റർ ചെയ്തു.
പൊലീസ് പറയുന്നത്: പാക്കേജിങ് ഫാക്ടറിയിലെ ദിവസക്കൂലി ജോലിക്കാരാണു മാതാപിതാക്കൾ. ഈ മാസം 21ന് രാത്രി വീട്ടുകാർ ഉറങ്ങിക്കിടക്കുമ്പോഴാണു പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. പതിനൊന്നരയ്ക്കാണു കുഞ്ഞിനെ നഷ്ടപ്പെട്ട കാര്യം മാതാപിതാക്കൾക്കു മനസ്സിലായത്. ഉടനെ പൊലീസിനെ സമീപിച്ചു. പ്രാഥമിക പരിശോധനയിൽ കുഞ്ഞിനെ കണ്ടെത്താനായില്ല.
തുടർന്ന് പിറ്റേന്നു രാവിലെ നടത്തിയ തിരച്ചിലിലാണു കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. മുഖത്തും തോളിലും മുറിവുകളുണ്ടായിരുന്നു. കുട്ടിയുടെ കുടുംബം താത്കാലികമായി താമസിച്ചിരുന്ന രണ്ടുനില കെട്ടിടത്തിലെ താഴത്തെ നിലയിലുള്ളവരെയാണ് പൊലീസ് സംശയിക്കുന്നത്. കുടുംബത്തെ നന്നായി അറിയാവുന്നവരാണു കൃത്യം നടത്തിയതെന്ന നിഗമനത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കി.

No comments:

Post a Comment

Comments System

Disqus Shortname