Ente Malayalam News

Follow Us

Monday, 30 April 2018

സണ്ണി ലിയോണിന്റെ വർക്ഔട്ട് വിഡിയോകൾ; പിന്തുടരാം ഈ ഫിറ്റ്നസ് രഹസ്യം

sunny leone workout

തൊട്ടതെല്ലാം പൊന്നാക്കുക എന്ന ശൈലിക്ക് ഇണങ്ങുന്ന താരമാണ് സണ്ണി ലിയോൺ. ഇന്ന് ബോളിവുഡിലെ നടിമാരിൽ സൗന്ദര്യവും ഫിറ്റ്നസും ഇത്രയധികമുള്ള മറ്റൊരാളില്ല. കണ്ണിമ ചിമ്മാതെ സണ്ണിയുടെ സൗന്ദര്യം ആസ്വദിക്കുന്നവർ അറിയുന്നുണ്ടോ ഇതിനു പിന്നിൽ എത്രമാത്രം കഠിനാധ്വാനം ഉണ്ടെന്ന്.

സണ്ണി ലിയോൺ എന്ന അമേരിക്കൻ കനേഡിയൻ ഇന്ത്യൻ അഭിനേത്രി ഇത്രയും സുന്ദരിയും ഹോട്ടും ആരെയും ആകർഷിക്കുന്ന മുഖ–ശരീര സൗന്ദര്യവും സ്വന്തമാക്കിയതിനു പിന്നിൽ ക്ഷമയോടെയും മുടങ്ങാതെയുമുള്ള പരിശീലമനുണ്ട്.

തന്റെ ശരീരം ഫിറ്റായി നിലനിർത്താൻ ദിവസവും ജിമ്മിൽ വർക്ഔട്ട് ചെയ്യുന്നു. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്ന ഇവർ യോഗയും അഭ്യസിക്കുന്നുണ്ട്.

സണ്ണിലിയോൺ കഴിഞ്ഞ ദിവസങ്ങളിൽ പോസ്റ്റ് ചെയ്ത വർക്ഔട്ട് വിഡിയോകൾ ഇതിനകം ഹിറ്റായിക്കഴിഞ്ഞു. പുഷ്അപ്, ഹെവി വെയ്റ്റ്സ്, ലെഗ് പ്രസ് തുടങ്ങി കഠിനമായ പല വ്യായാമങ്ങളും ചെയ്യുന്ന ഇവർ ശരിക്കുമൊരു ഫിറ്റ്ന്സ് ഫ്രീക്ക് തന്നെ.

സണ്ണി ഇൻസ്റ്റഗ്രാമിൽ പോസ്റ്റു ചെയ്ത ഈ വിഡിയോ നോക്കൂ

താൻ ഏറ്റവും വെറുക്കുന്ന കാര്യം പുഷ്അപ് ആണെന്നും താരം വെളിപ്പെടുത്തുന്നു. ട്രെയ്നർ ആയ ലിയാൻ വെൻസെലിന്റെ നിർ‌ദ്ദേശപ്രകാരം കഠിനമായ വർക്ഔട്ടുകൾ സണ്ണി ചെയ്യുന്നുണ്ട്. 

നിങ്ങളുടെ ലക്ഷ്യം ശരീരഭാരം കുറയ്ക്കുകയോ കൂടുതൽ ഫിറ്റ് ആകുകയോ ചർമം തിളക്കമുള്ളതാക്കുകയോ ഏതുമാകട്ടെ, നിത്യജീവിതത്തിൽ ചെറിയ ചില മാറ്റങ്ങൾ വരുത്തിയാൽ ലക്ഷ്യത്തിലെത്താനാകും. ഒപ്പം സണ്ണി ലിയോണിനെപ്പോലെ മനോഹരമായ ശരീരവും സ്വന്തമാക്കാം. 

സണ്ണിയുടെ ഈ വർക്ഔട്ട് വിഡിയോകൾ നിങ്ങളെ പ്രചോദിപ്പിക്കുക മാത്രമല്ല ഫിറ്റാകാം എന്ന പോസിറ്റീവ് ചിന്തയും ഉണർത്താം.

ടെൻഷൻ വേണ്ട, പരീക്ഷാഫലം ഇങ്ങു വന്നോട്ടെ...

exam result tension
Designed by Freepik            
എസ്എസ്എൽസി മുതൽ എൻട്രൻസ് പരീക്ഷകളുടെ വരെ ഫലം പ്രഖ്യാപിക്കുന്ന മേയ് മാസമാണ് വരുന്നത്.ആശങ്കകളുടെയും മനസ്സുരുക്കത്തിന്റെയും ദിനങ്ങളാവും പലർക്കും. കടുത്ത സമ്മർദത്തെ അതിജീവിക്കാനാവാതെ ചിലരെങ്കിലും നിരാശയുടെ പാതയിലേക്കു വഴുതും. എന്നാൽ, ടെൻഷന്റെ ആവശ്യമില്ലെന്നും കൂളായി കാര്യങ്ങളെ സമീപിക്കണമെന്നും വിദഗ്ധർ പറയുന്നു... 

മേയ് മാസം... കടുത്ത ചൂടിനൊപ്പം വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ചങ്കിടിപ്പ് 40 ഡിഗ്രി സെൽഷ്യസിനും അപ്പുറത്തേക്കു കടത്തുന്ന കാലം... എസ്എസ്എൽസി മുതൽ എൻട്രൻസ് പരീക്ഷകളുടെ വരെ ഫലം പ്രഖ്യാപിക്കുന്നത് ഈ കാലയളവിലാണ്. ജൂണിൽ പുതിയ അധ്യയന മേഖലകളിലേക്കും തൊഴിൽ പരിശീലനങ്ങളിലേക്കും കടക്കേണ്ട വിദ്യാർഥി മനസ്സുകൾക്ക് അഗ്നിപരീക്ഷ നേരിടുന്ന മാസമാണിത്. ഭൂരിഭാഗത്തിനും മറുകണ്ടം ചാടാൻ സാധിച്ചാലും ചിലരൊക്കെ കാലിടറി വീഴും. 

മാർക്ക് ലിസ്റ്റിലെ കോളങ്ങളിൽ പരമാവധി ലഭിക്കാവുന്ന സംഖ്യകളാണു ഭാവി നിർണയിക്കുന്നതെന്ന തെറ്റിദ്ധാരണയിൽ മനസ്സുരുകി ചിലരെങ്കിലും നിരാശയുടെ പാതയിലേക്കു വഴുതി വീഴുന്നതും ഈ മാസത്തിൽ തന്നെ. കുട്ടികളും മാതാപിതാക്കളും ചില സ്ഥാപനങ്ങളിലെ അധ്യാപകരും ഈ കടുത്ത സമ്മർദത്തെ അതിജീവിക്കാൻ സാധിക്കാതെ ഉരുകിത്തീരുന്നു. മക്കളുടെ ഉന്നത വിജയം മാത്രം സ്വപ്നം കണ്ടു കഴിയുന്ന രക്ഷിതാക്കൾക്കും വിദ്യാർഥികളുടെ ഭാവി ശോഭനമാക്കാൻ അധ്വാനിക്കുന്ന അധ്യാപകർക്കും സ്ഥാപനത്തിന്റെ സൽപ്പേരു നിലനിർത്താൻ വിയർപ്പൊഴുക്കുന്ന മേധാവികൾക്കും മേയ് മാസം പരീക്ഷണ കാലം തന്നെയാണ്. 

ജീവിതമെന്ന മാരത്തൺ ഓട്ടത്തിലെ ചില മൈൽക്കുറ്റികൾ മാത്രമാണു പത്ത്, പന്ത്രണ്ട്, എൻട്രൻസ് പരീക്ഷകൾ എന്ന തിരിച്ചറിവു പലർക്കും ഇല്ലാത്തതാണു കടുത്ത നിരാശയിലേക്കും ആത്മഹത്യയിലേക്കും നയിക്കുന്ന മാനസിക പ്രശ്നങ്ങൾക്കു കാരണമെന്നു വിദഗ്ധർ പറയുന്നു. ദിശാസൂചകങ്ങളായ നാഴികക്കല്ലുകൾ ഒരിക്കലും ‘തല തല്ലിച്ചാവാനുള്ള കല്ലുകളല്ലെന്ന’ തിരിച്ചറിവാണ് ആദ്യം വേണ്ടതെന്ന് ആസ്റ്റർ മെഡ്സിറ്റിയിലെ ചീഫ് മെഡിക്കൽ ഓഫിസറും മാനസികാരോഗ്യ വിഭാഗം മേധാവിയുമായ ഡോ. ടി.ആർ. ജോൺ വ്യക്തമാക്കി.

ചില വഴിക്കണ്ണുകൾ 

രക്ഷിതാക്കൾക്ക് 

മാർക്കു കുറഞ്ഞതിന്റെ പേരിൽ മക്കളെ ഒരിക്കലും തള്ളിപ്പറയരുത്. ‘നീ പോര, കൊള്ളുകയില്ല, അവനെ കണ്ടു പഠിക്ക്... ’ എന്ന സമീപനം ശരിയല്ല. വിജയത്തിന്റെ അളവു കോലുകൊണ്ടല്ല അവരെ സ്നേഹിക്കേണ്ടത്, നിങ്ങളുടെ മക്കളാണ് അവരെന്ന യാഥാർഥ്യം തിരിച്ചറിഞ്ഞു സ്നേഹിക്കുക. മക്കളുടെ പരീക്ഷാഫലം മോശമാണെങ്കിൽ പോലും അവരെ തള്ളിപ്പറയാതെ ചേർത്തു പിടിക്കുക.

എന്തുകൊണ്ടു മാർക്കു കുറഞ്ഞു, അല്ലെങ്കിൽ തോറ്റു എന്നതു കണ്ടെത്തുക. തിരഞ്ഞെടുത്ത വഴി ശരിയോ, അതിലൂടെ സഞ്ചരിച്ച രീതി ശരിയോ എന്ന് ആലോചിക്കുക. പരീക്ഷാഫലം ലോകാവസാനമോ, ജീവിതാവസാനമോ അല്ല. ദീർഘദൂര ഓട്ടത്തിലെ ആദ്യ ഘട്ടം മാത്രമാണ് ഇതെന്ന് ആദ്യം തിരിച്ചറിയേണ്ടതു രക്ഷിതാക്കൾ തന്നെയാണ്. മോശം ഫലം വന്നാൽ തങ്ങൾക്കു കൂടിയുള്ള ഒരു തിരിച്ചറിവായി രക്ഷിതാക്കൾ കാണണം. മക്കൾക്ക് എടുക്കാൻ കഴിയുന്ന ഭാരം തന്നെയാണോ തലയിലേറ്റിയിരിക്കുന്നത് എന്നു ചിന്തിക്കണം.

ജീവിതവിജയത്തിന് അനേകം വഴികളുണ്ടെന്ന കാര്യം ആദ്യം തിരിച്ചറിയേണ്ടതു മാതാപിതാക്കളാണ്. എംബിബിഎസ് പൂർത്തിയാക്കിയ ഡോക്ടറേക്കാൾ ഉയർന്ന ശമ്പളം പ്രഫഷനൽ കോഴ്സുകൾ പഠിക്കാത്തവർ നേടുന്നുണ്ട്. തനിക്കു പൂർത്തിയാക്കാൻ കഴിയാത്ത ആഗ്രഹങ്ങൾ മക്കളിലൂടെ പൂർത്തിയാക്കാനുള്ള രക്ഷിതാക്കളുടെ ശ്രമമാണു പലപ്പോഴും അതിമോഹങ്ങളിലേക്കും അതുവഴിയുള്ള നിരാശയിലേക്കും നയിക്കുന്നത്.

തനിക്ക് ഇല്ലാതിരുന്ന സൗകര്യങ്ങളാണു താൻ തന്റെ മക്കൾക്ക് ഒരുക്കിക്കൊടുക്കുന്നതെന്ന വാശിയോടെ ചിന്തിക്കുന്നവരാണു രക്ഷിതാക്കൾ. മക്കളിലേക്ക് അമിത സമ്മർദം കൈമാറാൻ മാത്രമേ ഈ ശൈലി ഉപകരിക്കുകയുള്ളൂ. രക്ഷിതാക്കൾ സമ്മർദത്തിലായിരിക്കാം; ഒരുപക്ഷേ, മക്കളേക്കാൾ. കുട്ടികളുടെ ഭാവിയും ആത്മവിശ്വാസവും വളർത്തുന്നതിൽ രക്ഷിതാക്കൾക്കു സുപ്രധാന പങ്കുണ്ട്. അതുകൊണ്ട് അവരുടെ ചിന്തകളും വിചാരങ്ങളും എപ്പോഴും നിയന്ത്രണത്തിലാക്കണം. ഒരു കുട്ടിയും പരീക്ഷ മോശമായി എഴുതാനോ, മാർക്കു കുറച്ചു വാങ്ങാനോ ശ്രമിക്കില്ല. കുട്ടിയോടൊപ്പം സമയം ചെലവഴിച്ച്, സ്നേഹവും പിന്തുണയും നൽകുക. അവർക്കൊപ്പം രക്ഷിതാക്കളുണ്ടെന്ന ധൈര്യം മക്കൾക്ക് ഏറെ ആശ്വാസകരമാണ്. മുൻ കാലങ്ങളിലെ മികവുകൾ ചൂണ്ടിക്കാട്ടി പ്രോൽസാഹനം നൽകുകയും വേണമെന്നു ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. നിത്യ സാറ ഏബ്രഹാം പറഞ്ഞു.

പരീക്ഷണ കാലം  

പരീക്ഷയ്ക്കു മാസങ്ങൾക്കു മുമ്പു തുടങ്ങുന്നുണ്ടു കുട്ടികളിലെ ഈ സമ്മർദം. മണിക്കൂറുകൾ പ്രത്യേക പരിശീലനം ഒരുക്കുന്ന സ്കൂളുകളും അധ്യാപകരും ...  പരീക്ഷാകാലത്ത് അവധിയെടുത്തു മക്കളുടെ പഠനത്തിനു കൂട്ടിരിക്കുന്ന രക്ഷിതാക്കൾ... ഇതെല്ലാം എന്തോ അപകടം പിടിച്ച സാഹചര്യത്തിലൂടെയാണു  കടന്നു പോകുന്നതെന്ന ചിന്തയാണു കുട്ടികളിൽ വളർത്തുക. ഇത് അവരിൽ മാനസിക സമ്മർദവും ഉത്കണ്ഠയും വർധിപ്പിക്കുന്നു. പ്രിയപ്പെട്ടവരുടെ പ്രതീക്ഷയ്ക്കൊത്തുയരാൻ കഴിയില്ലെന്ന തോന്നൽ പഠനത്തിൽ പ്രതിസന്ധി സൃഷ്ടിക്കും. അതിന്റെയെല്ലാം അന്തിമ ഘട്ടമാണു മേയ് മാസത്തിൽ ഫലം കാത്തുള്ള കുട്ടികളുടെ ഇരിപ്പ്. നമ്മുടെ അധ്വാനത്തെ, മാർക്കിന്റെ അഥവാ ഗ്രേഡിന്റെ അടിസ്ഥാനത്തിൽ വിലയിരുത്താനുള്ള മാർഗം മാത്രമാണു പരീക്ഷകളെന്ന തിരിച്ചറിവാണു കുട്ടികൾക്ക് ആദ്യം വേണ്ടത്. വിദ്യാഭ്യാസത്തിന്റെ പടവുകൾ കയറുന്നതു പരീക്ഷകളിലൂടെയാണ്, പിന്നിട്ട പടവുകളെ പോലെതന്നെ പുതിയ ചുവടുവയ്പായി പരീക്ഷാ ഫലത്തെ കാണണം. മൊബൈൽ ഗെയിമുകളിലൂടെയല്ല, ബുദ്ധി വളരുന്നത്. കായികാധ്വാനമുള്ള കളികളിൽ ആഴ്ചയിൽ മൂന്നു ദിവസമെങ്കിലും ഇടപെടണം. തലച്ചോറിന് ഉണർവേകാനും പ്രതിസന്ധി ഘട്ടങ്ങളെ സ്വയം നേരിടാനും അതു പ്രാപ്തരാക്കുമെന്നു ഡോ. ടി.ആർ. ജോൺ പറഞ്ഞു.

അധ്യാപകരോടൊരു വാക്ക് 

പരീക്ഷകൾക്കു മാത്രമല്ല, ജീവിതത്തിലെ സമ്മർദങ്ങൾ ചിരിച്ചു കൊണ്ടു നേരിടാനും കുട്ടികളെ പഠനകാലത്തേ പ്രാപ്തരാക്കണം. പോസിറ്റീവ് ആയ തീരുമാനങ്ങൾ സ്വയം കൈക്കൊള്ളാൻ കുട്ടികളെ ചിന്തിപ്പിക്കുക; വേണ്ടി വന്നാൽ അവനു നേരായ വഴി കാട്ടിക്കൊടുക്കുക. പരീക്ഷാ കാലത്ത് അൽപം ഉത്കണ്ഠ ആവശ്യമാണ്. എങ്കിലേ നന്നായി പഠിച്ചൊരുങ്ങുകയുള്ളൂ. അൽപം സമ്മർദം ഓർമശക്തി, ഏകാഗ്രത, താൽപര്യം എന്നിവയെ ഉണർത്താൻ സഹായിക്കും. ഉത്കണ്ഠ അമിതമായാൽ നിസ്സാര കാര്യങ്ങൾ മൂലം ശ്രദ്ധ മാറിപ്പോകാൻ ഇടയുണ്ട്. ചെറിയ നിർദേശങ്ങൾ പോലും ഉൾക്കൊള്ളാൻ കഴിയാത്ത അവസ്ഥ, ഉത്തരങ്ങൾ ഓർമിക്കാൻ കഴിയാത്ത വെപ്രാളം, എഴുതുമ്പോൾ ഓർമകളുടെ ഒഴുക്കു നിലയ്ക്കുന്ന അവസ്ഥ എന്നിവ കുട്ടികളിൽ വല്ലാത്ത മാനസിക പിരിമുറുക്കം ഉണ്ടാക്കും.

കുട്ടികൾക്ക് വിളിക്കാവുന്ന ചില നമ്പരുകൾ 

1056   

കേരളത്തിൽ എവിടെ നിന്നു വേണമെങ്കിലും വിളിക്കാം. ആരോഗ്യ കേരളം പദ്ധതിയുടെ ആരോഗ്യ കിരണത്തിന്റെ ഭാഗമായാണു ദിശ എന്ന പേരുള്ള ഈ നമ്പർ. വിദ്യാർഥികൾക്ക് ആവശ്യമായ വിവരങ്ങൾ ഇവർ നൽകും. 24 മണിക്കൂറും ഈ സഹായ നമ്പർ പ്രവർത്തിക്കുന്നു. 

1098 

ചൈൽഡ് ലൈനിന്റെ നമ്പറാണിത്. എവിടെ നിന്നും എപ്പോഴും വിളിക്കാം. കുട്ടികളുടെ എല്ലാ പ്രശ്നങ്ങൾക്കും ഇവിടെ ബന്ധപ്പെടാം. പരീക്ഷാ വേളയിൽ ഉത്കണ്ഠകൾ മാറ്റാനുള്ള സൗകര്യവും ഇവിടെയുണ്ട്. 

18004255198  

ഹയർ സെക്കൻഡറി വകുപ്പിന്റെ ടോൾ ഫ്രീ നമ്പറാണ്. ഹയർ സെക്കൻഡറി വിദ്യാർഥികൾക്കു വിളിക്കാം. രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെ മാത്രമേ വിളിക്കാൻ പറ്റൂ. 

1800118002 

സിബിഎസ്ഇയുടെ പരിക്ഷാ ഹെൽപ് ലൈൻ നമ്പറാണിത്. കേവലം ഉത്കണ്ഠയ്ക്കു പുറമെ പരീക്ഷ സംബന്ധിച്ച എല്ലാ സംശയങ്ങൾക്കും മറുപടിയുണ്ട്.

ഇടിമിന്നൽ സമയത്ത് മൊബൈൽ ഉപയോഗിച്ചാൽ എന്തു സംഭവിക്കും?

Is it safe to use cell phones during lightning
Designed by Freepik        
മൊബൈൽ ഫോൺ ഉപയോഗിക്കാൻ തുടങ്ങിയ കാലം മുതലെ കേൾക്കുന്ന ഒന്നാണ് ഇടിമിന്നലുണ്ടാകുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കരുത്. ഉപയോഗിക്കുന്നവർക്ക് മിന്നലേൽക്കാൽ സാധ്യത കൂടുതലാണ്. എന്നാൽ ഇതിലൊന്നും ഒരു കാര്യവുമില്ലെന്നും എല്ലാം തെറ്റിദ്ധാരണകളാണെന്നും വ്യക്തമാക്കുകയാണ് ഇലക്ട്രോണിക്സ് വിദഗ്ധനായ ടോട്ടോ ചാൻ എന്ന പേരിലുള്ള ഫെയ്സ്ബുക് ഉപയോക്താവ്. ഫെയ്സ്ബുക് കുറിപ്പ് വായിക്കാം.

  നാട്ടിൽ ഏറെ തെറ്റിദ്ധരിക്കപ്പെടുന്ന സരള യുക്തിയുടെ ഉൽപന്നമാണ് മൊബൈൽ ഫോൺ ഇടിമിന്നൽ സമയത്ത് ഉപയോഗിക്കരുത് എന്നത്. മിന്നൽ എടുക്കുമ്പോൾ മൊബൈലിൽ സംസാരിച്ചത് കൊണ്ടു നമുക്കോ ഉപയോഗിക്കുന്ന ഉപകരണത്തിനോ ഒന്നും സംഭവിക്കില്ല.

നമ്മുടെ കൈയ്യിലുള്ള മൊബൈൽ ഫോൺ ഒരു ലോപവർ വൈദ്യുത കാന്തിക ഉപകരണമാണ്. വൈദ്യുത കാന്തിക തരംഗം എന്നൊക്കെ കേട്ടു ഉടനെ മിന്നൽ പിടിക്കുമൊന്നും തെറ്റിദ്ധരിക്കണ്ടാ. നമ്മൾ കാണുന്ന പ്രകാശം പോലും വൈദ്യുത കാന്തിക തരംഗമാണ്. മൊബൈൽ ഫോണിൽ നിന്നു പുറപ്പെടുന്ന തരംഗത്തിനു മിന്നലിനെ ആകർഷിക്കാനുള്ള കഴിവൊന്നുമില്ല.

ഒന്നോ രണ്ടോ വാചകത്തിൽ പറഞ്ഞാൽ മേഘക്കൂട്ടത്തിൽ വെച്ചു ഐസ് പരലുകളും ജലത്തിന്റെ ഫ്ലേക്ക് പോലെയുള്ള ചാർജ് ചെയ്യപ്പെട്ട graupel നിരന്തരം സമ്പർക്കത്തിൽ തെന്നി നീങ്ങി വലിയ ചാർജ് സംഭരിക്കുകയും ചെയ്യുന്നു. ഇതു ഭൂമിയിലേക്ക് അതിഭീകരമായി ഡിസ്ചാർജ് ചെയ്യപ്പെടുന്നു. ഈ ഡിസ്ചാർജ് നടക്കുമ്പോൾ അതിന്റെ പാതയിൽ എന്തൊക്കെ ഉണ്ടോ അതിലൂടെയൊക്കെ ചാർജ് ഒഴുകുന്നു. ഇതിന്റെ പരിണിതഫലം മിന്നലിന്റെ തീവ്രതക്കും ചാർജുകൾ പാസ് ചെയ്യുന്ന വസ്തുവിന്റെ സ്വഭാവത്തിനെയും ആശ്രയിച്ചിരിക്കും.

ഇങ്ങനെ ഭൂമിയിലേക്ക് വരുന്ന ചർജിനെ ഇവിടെയുള്ള ഉയർന്നു നിൽക്കുന്നതും ഒറ്റപ്പെട്ടു നിൽക്കുന്നതോ തുറസായ സ്‌ഥലത്തുള്ളതോ ആയ വസ്തുക്കൾ ’വഴികാട്ടി’ ആയെന്നു വരാം. അഥവാ ഈ വസ്തുക്കളിൽ നിന്നും (ചിലപ്പോൾ നമ്മൾ തന്നെയും) സ്ട്രീമർ ഉറവിടമായി മാറിയേക്കാം. മുകളിൽ നിന്നും വരുന്ന ഡിസ്ചാർജ് (ഇതിനെ Stepleader-, എന്നു വിളിക്കുന്നു, മിന്നൽ ഉണ്ടാകുമ്പോൾ കാണുന്ന വർണ്ണ വര.) ആയി ഈ സ്ട്രീമർ സംഗമിക്കുന്നു. അതുവഴി ഭൂമിയിലേക്ക് വൈദ്യുതി എളുപ്പം ഡിസ്ചാർജ് ആവുന്നു.

നമ്മൾ കുന്നിലോ, ഉയർന്ന പ്രദേശത്തോ ആണെങ്കിൽ മിന്നല്‍ പിണറിനെ ’സ്വീകരിക്കാൻ’ നമ്മുടെ ശരീരത്തിൽ നിന്ന് തന്നെ സ്ട്രീമർ പോയി അപകടം ക്ഷണിച്ചു വരുത്തുമെന്ന് സാരം. അതുകൊണ്ടാണ് ഒറ്റപ്പെട്ടതും ഉയർന്നതുമായ മരങ്ങൾ അപകടകാരികളാവുന്നത്. താരതമ്യേന കുറഞ്ഞ ഭാഗത്തായി സ്ഥിതി ചെയ്യുന്ന തെങ്ങുകൾ ഇടിയുടെ സ്ഥിരം വേട്ടമൃഗം ആവുന്നതും ഇതുകൊണ്ടാണ്.

ഞാൻ ഇതൊക്കെ പറഞ്ഞത്, നിങ്ങൾ ആരെങ്കിലും മൊബൈൽ ഓണാക്കിയോ, ഓഫാക്കിയോ, ഫ്ലൈറ്റ് മോഡിലിട്ടോ, കാൾ ചെയ്തോ, ചാറ്റ് ചെയ്തതോ കൊണ്ടു ഇടിമിന്നലൊന്നും ചെയ്യാൻ പോന്നില്ല. സ്വാഭാവികമായും ഇതിനോടു പലർക്കും പല വ്യക്തിപരമായ അനുഭവങ്ങളും പറയാൻ ഉണ്ടാകും (മൊബൈൽ ഉപയോഗിക്കുമ്പോഴാണ് മിന്നലേറ്റത്).

'ഇടി മിന്നലേറ്റത് മൊബൈൽ ഫോൺ ഉപയോഗിച്ചത് കൊണ്ടല്ല, മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോൾ മിന്നലേറ്റത് ആണ്. ഫോൺ ഉപയോഗിച്ചില്ലെങ്കിലും നിങ്ങൾക്ക് മിന്നൽ ഏൽക്കുമായിരുന്നു’. പിന്നേ വേറൊരു കാര്യം വയേഡ് ലാൻഡ് ഫോൺ ഉപയോഗിക്കരുത്. കിലോമീറ്റർ നീണ്ടു കിടക്കുന്ന ലൈനിൽ എവിടെയെങ്കിലും മിന്നൽ സ്ട്രൈക്ക് ചെയ്താൽ അപകടം സംഭവിക്കാൻ സാധ്യത കൂടുതലാണ്.

നാട്ടിൽ ഒരു അപകട മരണം സംഭവിച്ചപ്പോൾ ഇടിമിന്നൽ പേടിച്ചു മിക്ക മൊബൈലും ഓഫ്‌ ചെയ്തു വെച്ചിരുന്നതു കൊണ്ടു നിർണ്ണായക വേളയിൽ വിവര വിനിമയത്തിനു തൽക്കലികമായി തടസ്സം നേരിട്ട അനുഭവത്തിൽ എഴുതിയത്.

PS: ഇടിമിന്നലിനെ അവഗണിക്കരുത്, ഫോൺ ഉപയോഗിച്ചാലും ഇല്ലെങ്കിലും മറ്റു മുൻകരുതലുകൾ എടുക്കുക.

Thursday, 19 April 2018

രാവിലെ ഉണരാന്‍ മടിയാണോ; എങ്കില്‍ സൂക്ഷിക്കുക

struggle to get up in the morning
Designed by Freepik               
എത്ര ഉറങ്ങിയാലും ഉറക്കം മതിയാവാത്തവരാണോ നിങ്ങള്‍ ? രാവിലെ ഉണരാന്‍ വളരെയധികം മടിയുള്ള കൂട്ടത്തിലാണോ ? എങ്കില്‍ കരുതിയിരിക്കുക, നിങ്ങളുടെ ജീവന്‍ ചിലപ്പോള്‍ അപകടത്തിലാകാം.

യുകെയില്‍ അരമില്യന്‍ ആളുകളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് നോര്‍ത്ത് വെസ്റ്റ് സര്‍വകലാശാലയിലെ ഒരു സംഘം ഗവേഷകര്‍ ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. താമസിച്ച് ഉണരുന്നവരില്‍ പ്രമേഹം ഉള്‍പ്പടെയുള്ള രോഗസാധ്യതകള്‍ അധികമാണത്രേ. പ്രമേഹം മാത്രമല്ല മാനസികപ്രശ്നങ്ങള്‍, ന്യൂറോ സംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയും ഇവരില്‍ സാധാരണമാണ്.

താമസിച്ചുണരുന്നവരില്‍ പത്തുശതമാനം ആളുകള്‍ക്കും നേരത്തെയുള്ള മരണത്തിനു സാധ്യതയുണ്ടെന്നും ഗവേഷകര്‍ പറയുന്നു. ഇവരുടെ ശരീരത്തിലെ ബോഡി ക്ലോക്ക് പുറത്തെ സാഹചര്യങ്ങളുമായി ചേരാതെ പോകുന്നതാണ് ഇതിനു കാരണമാകുന്നത്.

അതിരാവിലെ കൃത്യസമയത്ത് ഉറക്കമുണരുന്നവരുടെ ബോഡി ക്ലോക്ക് ശരിയായ നിലയിലാകും പ്രവര്‍ത്തിക്കുക. ഒപ്പം ഇവര്‍ രാത്രിയും ഉറക്കത്തിനു ഒരു കൃത്യത പാലിക്കുന്നു. ഇത് നമ്മുടെ ആരോഗ്യത്തെ പരിപാലിക്കുന്നതിനു സമമാണ്. രാത്രി അധികം ഉറക്കം കളയാതിരിക്കുന്നതും രാവിലെ കൃത്യമായി ഉറക്കമുണരുന്നതും തന്നെയാണ് ആരോഗ്യത്തിനും ആയുസ്സിനും നല്ലതെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

ഈ മുരിങ്ങ ചില്ലറക്കാരനല്ലല്ലോ!

medicinal values of moringa



വളമിടാത്ത ശുദ്ധമായ പച്ചക്കറിയും ഇലക്കറിയും കഴിക്കണം എങ്കിൽ വീട്ടിലെ മുരിങ്ങമരം നമ്മളെ സഹായിക്കും. മുരിങ്ങയുടെ ഇല, പൂവ്, കായ എല്ലാം ഒരുപോലെ ആരോഗ്യകരം.

മലയാളിയ്ക്ക് മുരിങ്ങയുടെ മഹത്വം ആരും പറഞ്ഞുകൊടുക്കേണ്ട ആവശ്യമില്ല. മെലിഞ്ഞ് ആരോഗ്യമില്ലാത്ത ആളുകളെ ‘മുരിങ്ങക്കോലേ’ എന്നു വിളിച്ചു കളിയാക്കുമ്പോൾ മുരിങ്ങക്കോൽ എത്രമാത്രം ആരോഗ്യ ഗുണങ്ങൾ ഉള്ളതാണ് എന്ന് നാം ഓർമിക്കാറില്ല എന്നു മാത്രം.

എലുമ്പനായ ഈ കായ എത്രമാത്രം വമ്പനാണ് എന്നു നോക്കാം. മുരിങ്ങയിലയും മുരിങ്ങക്കായയും പോഷകസമ്പുഷ്ടമാണ്. ധാരാളം ജീവകങ്ങളും ധാതുക്കളും മുരിങ്ങയിലയിലുണ്ട്. പ്രോട്ടീന്‍, ജീവകം ബി 6, ജീവകം സി, ഇരുമ്പ്, റൈബോഫ്ലേവിൻ, ജീവകം എ, മഗ്നീഷ്യം, മാംഗനീസ് എന്നിവയും ഉണ്ട്. മുരിങ്ങയിലയിലും മുരിങ്ങക്കായയിലും ധാരാളം നിരോക്സീകാരികൾ അടങ്ങിയിട്ടുണ്ട്. ഇത് ഫ്രീറാഡിക്കലുകളെ തുരത്തുന്നു. ഫ്രീറാഡിക്കലുകളുടെ അളവ് കൂടുന്നത് ഓക്സീകരണ സമ്മർദത്തിനു കാരണമാകുന്നു. ഇത് ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം എന്നിവയ്ക്കും കാരണമാകും.

ജീവകം സി, ബീറ്റാകരോട്ടിന്‍ ഇവ കൂടാതെ രക്തസമ്മർദം കുറയ്ക്കാന്‍ സഹായിക്കുന്ന ശക്തിയേറിയ ആന്റിഓക്സിഡന്റായ ക്യൂവർ സെറ്റിൻ, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ക്ലോറോജെനിക് ആസിഡ് എന്നിവയുമുണ്ട്. മുരിങ്ങയിലയിൽ അടങ്ങിയ സംയുക്തങ്ങളായ ഐസോതയോസൈനേറ്റുകൾ രക്ത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. പരിക്കോ അണുബാധയോ മൂലമുണ്ടാകുന്ന വീക്കം കുറയ്ക്കാൻ മുരിങ്ങയില സഹായിക്കുന്നു. മുരിങ്ങയില പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. ചർമ്മത്തിന്റെയും മുടിയുടെയും സൗന്ദര്യത്തിനും മുരിങ്ങയിലയുടെ ഉപയോഗം സഹായിക്കും. ആർത്തവ വേദന അകറ്റാൻ മുരിങ്ങിയില നീര് സഹായിക്കും. ഒരുപിടി മുരിങ്ങയില തോരൻ വച്ച് ദിവസവും കഴിച്ചാൽ മുലപ്പാൽ വർധിക്കും. മുരിങ്ങവേര് ഔഷധമായി ഉപയോഗിച്ചു വരുന്നു.

ദഹനത്തിന്

മുരിങ്ങക്കാ പതിവായി ഉപയോഗിക്കുന്നത് ദഹനപ്രശ്നങ്ങളെ അകറ്റും. മുരിങ്ങയിലയിലും മുരിങ്ങക്കായിലും അടങ്ങിയ ബികോംപ്ലക്സ് ജീവകങ്ങളായ നിയാക്സിൻ, റൈബോഫ്ലേവിൻ, ഫോളിക് ആസിഡ്, പിരിഡോക്സിൻ എന്നിവയാണു ദഹനത്തിനു സഹായിക്കുന്നത്. അന്നജം, മാംസ്യം, കൊഴുപ്പുകൾ ഇവയെ വിഘടിപ്പിച്ച് ലഘു രൂപത്തിൽ ആക്കുന്ന പ്രക്രിയയെ ഈ ജീവകങ്ങൾ നിയന്ത്രിക്കുന്നു.

മുരിങ്ങയിലടങ്ങിയ നാരുകൾ മലബന്ധം അകറ്റാൻ സഹായിക്കുന്നു. വായൂ കോപം, കുടൽ വ്രണം ഇവ ഭേദമാക്കുന്നു. മുരിങ്ങക്കായയ്ക്ക് ആന്റിബാക്ടീരിയൽ ആന്റിബയോട്ടിക് ഗുണങ്ങൾളുണ്ട് . ഇത് രോഗാണുക്കളുടെയും ബാക്ടീരിയകളുടെയും വളർച്ച തടയുന്നു. അതിസാരം അകറ്റുന്നു.

എല്ലുകൾക്ക്

കാൽസ്യം, ഇരുമ്പ്, മറ്റു ജീവകങ്ങൾ ഇവ ധാരാളം അടങ്ങിയ മുരിങ്ങയ്ക്ക എല്ലുകളെ ശക്തിയുള്ളതാക്കുന്നു. ഓസ്റ്റിയോപോറോസിസ് വരാനുള്ള സാധ്യത കുറയ്ക്കുന്നു. മുരിങ്ങയിലെ ആന്റിഓക്സിഡന്റുകളും ആന്റിഓക്സിഡന്റല്‍ സംയുക്തങ്ങളും എല്ലുകൾക്ക് ശക്തി നൽകുന്നു.

അർബുദം തടയുന്നു

മുരിങ്ങക്കാ കഴിക്കുന്നത് വിവിധതരം അർബുദം വരാനുള്ള സാധ്യത കുറയ്ക്കുന്നു. കുടലിലെ അർബുദം, ചർമാർബുദം, സ്തനാർബുദം, ശ്വാസകോശാർബുദം, അബ്ഡോമിനൽ കാൻസർ ഇവയിൽ നിന്നും സംരക്ഷണമേകാന്‍ മുരിങ്ങക്കായ്ക്കു കഴിയും.
ആന്റിഓക്സിഡന്റുകളുടെയും ഫൈറ്റോന്യൂട്രിയന്റുകൾ, ഫ്ലേവനോയ്ഡുകൾ, ഫൈറ്റോകെമിക്കലുകൾ മുതലായ ആന്റിഓക്സിഡന്റൽ സംയുക്തങ്ങളുടെയും സാന്നിധ്യമാണിതിനു സഹായിക്കുന്നത്. മുരിങ്ങക്കായിലടങ്ങിയ സംയുക്തങ്ങളായ ക്യൂവർസെറ്റിൻ, കെയിം ഫെറോൾ, നിയാസിമിസിൻ മുതലായവും അർബുദ കോശങ്ങളുടെ വളർച്ച തടയാൻ സഹായിക്കുന്നു.

രോഗപ്രതിരോധ ശക്തിയ്ക്ക്

മുരിങ്ങയിലയിലും മുരിങ്ങപ്പൂവിലും ആന്റിബാക്ടീരിയൽ ഘടകങ്ങൾ ഉണ്ട്. ഇവ തൊണ്ടയിലും ചർമത്തിലും ഉണ്ടാക്കുന്ന അണുബാധ തടയാൻ സഹായിക്കുന്നു. ഇവയിൽ ധാരാളമായടങ്ങിയ ജീവകം സി രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നു. ചുമ, പനി, ജലദോഷം ഇവയെല്ലാം വരാനുള്ള സാധ്യത കുറയും.

ഹൃദയാരോഗ്യമേകുന്നു

മുരിങ്ങക്കായിലടങ്ങിയ ജീവകങ്ങളും ധാതുക്കളും ഹൃദയാരോഗ്യമേകുന്നു. ഭക്ഷ്യ നാരുകൾ മുരിങ്ങക്കയിൽ ധാരാളമുണ്ട്. ഇത് ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. ഇതു വഴി ഹൃദയധമനികളിൽ പ്ലേക്ക് അടിഞ്ഞു കൂടാതെ തടയുന്നു. ഇത് അതിറോസ്ക്ലീറോസിസ് തടയുന്നു. കൂടാതെ ഹൃദയസംബന്ധ രോഗങ്ങളായ ക്രമരഹിതമായ ഹൃദയമിടിപ്പ്, ഹൃദ്രോഗം, ഹൃദയാഘാതം ഇവയ്ക്കുള്ള സാധ്യതയും കുറയ്ക്കുന്നു.

പ്രമേഹം നിയന്ത്രിക്കുന്നു

മുരിങ്ങക്കായ ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണമാണ്. ഇത് രക്തത്തിലെ പ‍ഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് പ്രമേഹം നിയന്ത്രിക്കുന്നു. ഗാൾ ബ്ലാഡറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു.

ആസ്മയ്ക്ക്

ശ്വാസകോശസംബന്ധമായ രോഗങ്ങളായ ആസ്മ, ശ്വാസകോശത്തിൽ വീക്കം ഇവ തടയാൻ മുരിങ്ങക്കായുടെ പതിവായ ഉപയോഗം ഫലപ്രദമാണ്. മുരിങ്ങക്കായയ്ക്ക് ആന്റി അലർജിക്ക് ഗുണങ്ങൾ ഉണ്ട്. ആസ്മ തടയാന്‍ മാത്രമല്ല ശ്വസന വ്യവസ്ഥയെ ശക്തിപ്പെടുത്താനും മുരിങ്ങക്കായ സഹായിക്കുന്നു.


വൃക്കയുടെ ആരോഗ്യം

വൃക്കയിൽ കല്ലുണ്ടാകുന്നത് തടയുന്നു. ചില മരുന്നുകളുടെയും വിഷപദാർത്ഥങ്ങളുടെയും സമ്പർക്കം മൂലം വൃക്കകൾക്കുണ്ടാകുന്ന പ്രശ്നങ്ങൾ വരാതെ സംരക്ഷിക്കാൻ മുരിങ്ങ സത്തിനു കഴിയും. മുരിങ്ങക്കാ ഒരു ബയോ അബ്സോർബന്റ് ആയി പ്രവർത്തിച്ച് ഹെവിമെറ്റലുകളെയും ഉപദ്രവകാരികളായ വിഷാംശങ്ങളെയും നീക്കുന്നു.


തലച്ചോറിന്റെ ആരോഗ്യം

മുരിങ്ങക്കായുടെ ഉപയോഗം തലച്ചോറിന്റെ ആരോഗ്യത്തിനു നല്ലതാണ്. നാഡീ സംബന്ധമായ രോഗങ്ങൾ തടയാൻ ഇതു സഹായിക്കുന്നു. തലച്ചോറിലെ കോശങ്ങളുടെ ഓക്സീകരണ നാശം തടയാൻ മുരിങ്ങക്കായിലെ ആന്റി ഓക്സിഡന്റുകൾക്കു കഴിയും. ഇത് പാർക്കിൻസൺസ്, അൽഷിമേഴ്സ്, മറവിരോഗം (ഡിമെൻഷ്യ) മുതലായ നാഡീ സംബന്ധമായ രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുന്നു. കൂടാതെ മുരിങ്ങക്കയിലെ ജീവകങ്ങളും ധാതുക്കളും നാഡീവ്യവസ്ഥയെ ആരോഗ്യമുള്ളതാക്കുന്നു.

രക്തം ശുദ്ധമാക്കുന്നു

രക്തം ശുദ്ധീകരിക്കാനുള്ള കഴിവും മുരിങ്ങയിലയ്ക്കും മുരിങ്ങക്കായ്ക്കും ഉണ്ട്. സൂപ്പ് ആയോ ജ്യൂസ് രൂപത്തിലോ ഇതുപയോഗിക്കുന്നത് വേദനകളും ചർമപ്രശ്നങ്ങളും അകറ്റും.

സന്ധിവേദന

മുരിങ്ങയ്ക്കായ്ക്ക് ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉണ്ട്. ഇത് വേദനയിൽ നിന്നും ആശ്വാസമേകും. കൂടാതെ സന്ധിവാതം, ഗൗട്ട്, റൂമാറ്റിസം മുതലായ ഇൻഫ്ലമേറ്ററി രോഗങ്ങൾ വരാതെ കാക്കാനും മുരിങ്ങക്കായ്ക്കു കഴിയും.

ലൈംഗികാരോഗ്യത്തിന്

മുരിങ്ങക്കായിലടങ്ങിയ സിങ്ക് ലൈംഗികാരോഗ്യത്തിനു ഗുണകരം. മുരിങ്ങയുടെ തണ്ടിലടങ്ങിയ ചില സംയുക്തങ്ങൾ വന്ധ്യത, ശീഘ്രസ്ഖലനം മുതലായവയ്ക്ക് പരിഹാരമേകും.

ഗർഭിണികൾക്ക്

മുരിങ്ങക്കായ ഗർഭകാലത്ത് കഴിക്കുന്നത് പ്രസവത്തിന് മുൻപും ശേഷവും
ഉള്ള സങ്കീർണതകളെ അകറ്റും.

സാമ്പാറിലോ അവിയലിലോ മുറിച്ചിടാനല്ലേ മുരിങ്ങക്കാ കൊള്ളൂ എന്നാണ് ചിലർ കരുതുന്നത്. എന്നാൽ മുരിങ്ങക്കാ കൊണ്ട് തോരൻ, മുരിങ്ങക്കാ ചക്കക്കുരു ചേർത്ത് തോരൻ, (മുരിങ്ങക്കാ ധാരാളമായുള്ളപ്പോൾ അതിന്റെ കാമ്പ് മാത്രം എടുത്ത് തോരൻ വയ്ക്കാം) മുരിങ്ങയില സൂപ്പ്…


മലയാളി വീട്ടമ്മയുടെ അടുക്കളയിൽ മുരിങ്ങ വിഭവങ്ങൾ ഇനിയുമേറെ. കുട്ടികളെ മുരിങ്ങയില കഴിപ്പിക്കാൻ ദോശയോ, ഇഡ്ഡലിയോ, പുട്ടോ ഒക്കെ ഉണ്ടാക്കുമ്പോൾ മുരിങ്ങയില കൂടി ചേർക്കാം. രുചിയ്ക്കൊപ്പം ആരോഗ്യവും ഏറും. ചപ്പാത്തി, കട്‌ലറ്റ് ഒക്കെ ഉണ്ടാക്കുമ്പോഴും മുരിങ്ങയില ചേർക്കാം. മുരിങ്ങപ്പൂവ് പെറുക്കിയെടുത്ത് കഴുകി വൃത്തിയാക്കി തോരൻ വയ്ക്കാം. മുരിങ്ങപ്പൂ തോരനോളം രുചി മറ്റൊന്നിനും ഉണ്ടാകില്ല.

ഒരേ സമയം ഇലക്കറിയും പച്ചക്കറിയും ആയ മുരിങ്ങ വീട്ടിലുള്ളപ്പോൾ എന്തിനാണ് മറുനാട്ടിലെ വിഷക്കറികൾ വാങ്ങുന്നത് അല്ലേ?

ഇനി ‘മുരിങ്ങക്കോൽ’ എന്നു കേൾക്കുമ്പോൾ ആൾ അത്ര ചില്ലറ അല്ല എന്ന് ഓർമിക്കുമല്ലോ.

Thursday, 5 April 2018

ഏപ്രിൽ ഒൻപതിന് ദലിത് ഐക്യവേദിയുടെ സംസ്ഥാന ഹർത്താല്‍


കോട്ടയം∙ ഏപ്രിൽ ഒൻപതിന് സംസ്ഥാന വ്യാപകമായി ദലിത് ഐക്യവേദി ഹർത്താലിന് ആഹ്വാനം ചെയ്തു. ഉത്തരേന്ത്യയിലെ ദലിത് പ്രക്ഷോഭങ്ങൾക്കു നേരെ പൊലീസ് നടത്തിയ വെടിവയ്പ്പിലും ആക്രമണങ്ങളിലും പ്രതിഷേധിച്ചാണു ഹർത്താൽ. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ നടക്കുന്ന ഹർത്താലിൽനിന്ന് പാൽ, പത്രം തുടങ്ങിയ അവശ്യ സർവീസുകളെ ഒഴിവാക്കിയിട്ടുണ്ട്.

Comments System

Disqus Shortname