![]() |
Designed by Freepik |
നാട്ടിൽ ഏറെ തെറ്റിദ്ധരിക്കപ്പെടുന്ന സരള യുക്തിയുടെ ഉൽപന്നമാണ് മൊബൈൽ ഫോൺ ഇടിമിന്നൽ സമയത്ത് ഉപയോഗിക്കരുത് എന്നത്. മിന്നൽ എടുക്കുമ്പോൾ മൊബൈലിൽ സംസാരിച്ചത് കൊണ്ടു നമുക്കോ ഉപയോഗിക്കുന്ന ഉപകരണത്തിനോ ഒന്നും സംഭവിക്കില്ല.
നമ്മുടെ കൈയ്യിലുള്ള മൊബൈൽ ഫോൺ ഒരു ലോപവർ വൈദ്യുത കാന്തിക ഉപകരണമാണ്. വൈദ്യുത കാന്തിക തരംഗം എന്നൊക്കെ കേട്ടു ഉടനെ മിന്നൽ പിടിക്കുമൊന്നും തെറ്റിദ്ധരിക്കണ്ടാ. നമ്മൾ കാണുന്ന പ്രകാശം പോലും വൈദ്യുത കാന്തിക തരംഗമാണ്. മൊബൈൽ ഫോണിൽ നിന്നു പുറപ്പെടുന്ന തരംഗത്തിനു മിന്നലിനെ ആകർഷിക്കാനുള്ള കഴിവൊന്നുമില്ല.
ഒന്നോ രണ്ടോ വാചകത്തിൽ പറഞ്ഞാൽ മേഘക്കൂട്ടത്തിൽ വെച്ചു ഐസ് പരലുകളും ജലത്തിന്റെ ഫ്ലേക്ക് പോലെയുള്ള ചാർജ് ചെയ്യപ്പെട്ട graupel നിരന്തരം സമ്പർക്കത്തിൽ തെന്നി നീങ്ങി വലിയ ചാർജ് സംഭരിക്കുകയും ചെയ്യുന്നു. ഇതു ഭൂമിയിലേക്ക് അതിഭീകരമായി ഡിസ്ചാർജ് ചെയ്യപ്പെടുന്നു. ഈ ഡിസ്ചാർജ് നടക്കുമ്പോൾ അതിന്റെ പാതയിൽ എന്തൊക്കെ ഉണ്ടോ അതിലൂടെയൊക്കെ ചാർജ് ഒഴുകുന്നു. ഇതിന്റെ പരിണിതഫലം മിന്നലിന്റെ തീവ്രതക്കും ചാർജുകൾ പാസ് ചെയ്യുന്ന വസ്തുവിന്റെ സ്വഭാവത്തിനെയും ആശ്രയിച്ചിരിക്കും.
ഇങ്ങനെ ഭൂമിയിലേക്ക് വരുന്ന ചർജിനെ ഇവിടെയുള്ള ഉയർന്നു നിൽക്കുന്നതും ഒറ്റപ്പെട്ടു നിൽക്കുന്നതോ തുറസായ സ്‌ഥലത്തുള്ളതോ ആയ വസ്തുക്കൾ ’വഴികാട്ടി’ ആയെന്നു വരാം. അഥവാ ഈ വസ്തുക്കളിൽ നിന്നും (ചിലപ്പോൾ നമ്മൾ തന്നെയും) സ്ട്രീമർ ഉറവിടമായി മാറിയേക്കാം. മുകളിൽ നിന്നും വരുന്ന ഡിസ്ചാർജ് (ഇതിനെ Stepleader-, എന്നു വിളിക്കുന്നു, മിന്നൽ ഉണ്ടാകുമ്പോൾ കാണുന്ന വർണ്ണ വര.) ആയി ഈ സ്ട്രീമർ സംഗമിക്കുന്നു. അതുവഴി ഭൂമിയിലേക്ക് വൈദ്യുതി എളുപ്പം ഡിസ്ചാർജ് ആവുന്നു.
നമ്മൾ കുന്നിലോ, ഉയർന്ന പ്രദേശത്തോ ആണെങ്കിൽ മിന്നല്‍ പിണറിനെ ’സ്വീകരിക്കാൻ’ നമ്മുടെ ശരീരത്തിൽ നിന്ന് തന്നെ സ്ട്രീമർ പോയി അപകടം ക്ഷണിച്ചു വരുത്തുമെന്ന് സാരം. അതുകൊണ്ടാണ് ഒറ്റപ്പെട്ടതും ഉയർന്നതുമായ മരങ്ങൾ അപകടകാരികളാവുന്നത്. താരതമ്യേന കുറഞ്ഞ ഭാഗത്തായി സ്ഥിതി ചെയ്യുന്ന തെങ്ങുകൾ ഇടിയുടെ സ്ഥിരം വേട്ടമൃഗം ആവുന്നതും ഇതുകൊണ്ടാണ്.
ഞാൻ ഇതൊക്കെ പറഞ്ഞത്, നിങ്ങൾ ആരെങ്കിലും മൊബൈൽ ഓണാക്കിയോ, ഓഫാക്കിയോ, ഫ്ലൈറ്റ് മോഡിലിട്ടോ, കാൾ ചെയ്തോ, ചാറ്റ് ചെയ്തതോ കൊണ്ടു ഇടിമിന്നലൊന്നും ചെയ്യാൻ പോന്നില്ല. സ്വാഭാവികമായും ഇതിനോടു പലർക്കും പല വ്യക്തിപരമായ അനുഭവങ്ങളും പറയാൻ ഉണ്ടാകും (മൊബൈൽ ഉപയോഗിക്കുമ്പോഴാണ് മിന്നലേറ്റത്).
'ഇടി മിന്നലേറ്റത് മൊബൈൽ ഫോൺ ഉപയോഗിച്ചത് കൊണ്ടല്ല, മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോൾ മിന്നലേറ്റത് ആണ്. ഫോൺ ഉപയോഗിച്ചില്ലെങ്കിലും നിങ്ങൾക്ക് മിന്നൽ ഏൽക്കുമായിരുന്നു’. പിന്നേ വേറൊരു കാര്യം വയേഡ് ലാൻഡ് ഫോൺ ഉപയോഗിക്കരുത്. കിലോമീറ്റർ നീണ്ടു കിടക്കുന്ന ലൈനിൽ എവിടെയെങ്കിലും മിന്നൽ സ്ട്രൈക്ക് ചെയ്താൽ അപകടം സംഭവിക്കാൻ സാധ്യത കൂടുതലാണ്.
നാട്ടിൽ ഒരു അപകട മരണം സംഭവിച്ചപ്പോൾ ഇടിമിന്നൽ പേടിച്ചു മിക്ക മൊബൈലും ഓഫ് ചെയ്തു വെച്ചിരുന്നതു കൊണ്ടു നിർണ്ണായക വേളയിൽ വിവര വിനിമയത്തിനു തൽക്കലികമായി തടസ്സം നേരിട്ട അനുഭവത്തിൽ എഴുതിയത്.
PS: ഇടിമിന്നലിനെ അവഗണിക്കരുത്, ഫോൺ ഉപയോഗിച്ചാലും ഇല്ലെങ്കിലും മറ്റു മുൻകരുതലുകൾ എടുക്കുക.
No comments:
Post a Comment