സ്ത്രീ എന്നോ പുരുഷന്‍ എന്നോ ഇല്ല.മനസ്സ് കൈവിട്ടു പോകുന്ന അവസ്ഥ ആര്‍ക്കും ഉണ്ടാകാം.ആരുടേയും കുറ്റമല്ല. തെറ്റല്ല, പെട്ടന്നാകണം എന്നില്ല. ക്രമേണ ഉണ്ടാകുന്ന ചില മാറ്റങ്ങള്‍. മനസ്സിലാകെ കാറും കോളും.ജീവിതത്തിന്റെ അനിശ്ചിതാവസ്ഥ,നിരര്‍ത്ഥത ഒക്കെ മനസ്സിലേയ്ക്ക് ഇടിച്ചു കയറും
![]() |
Designed by Freepik |
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
'വര്‍ഷങ്ങള്‍ക്ക് മുന്‍പ് നായര്‍ ആശുപത്രിയില്‍ ഡോക്ടര്‍ ഓസ്‌കാര്‍ ഡിക്രൂസിന്റെ കീഴില്‍ സൈക്കോളജിസ്റ്റ് ആയി ജോലി നോക്കുന്ന സമയം. 'കൊച്ചിന് കൊല്ലം നിറച്ചും പരിചയകാര്‍ ആണോ.?ഡോക്ടര്‍ എന്നോട് ചോദിച്ചു.എന്താ? എനിക്ക് മനസ്സിലായില്ല. കൊച്ചിനെ അറിയാവുന്ന കുറച്ചു ആളുകള്‍ ,നീ ഉള്ള ദിവസം വരാതെ മറ്റൊരു ദിവസം അപ്പോയ്ന്റ്‌മെന്റ് തരണം എന്ന് പറഞ്ഞു. സൈക്കിയാട്രിസ്റ്റിന്റെ മരുന്ന് കഴിക്കുന്നു എന്ന് ഒരു പരിചയക്കാരി അറിയുന്നതിനുള്ള സങ്കടം'
ഡോക്ടര്‍ അത് പറഞ്ഞപ്പോള്‍ ആണ് ആദ്യമായി ഈ മേഖലയിലെ ഞാന്‍ നേരിടാന്‍ പോകുന്ന ഒരു വലിയ പ്രശ്നം തിരിച്ചറിഞ്ഞത്.പിന്നെ അത് തുടര്‍ കഥ ആയി.ഇന്നലെ വരെ.കൊല്ലം ജില്ലക്കാര്‍ മറ്റൊരു ജില്ലയില്‍ പോകും.അവിടെ നിന്നും ഇങ്ങോട്ടു വരും.സ്വന്തം ജില്ലാ കഴിവതും തിരഞ്ഞെടുക്കില്ല.പുറത്തു വെച്ച് കണ്ടാല്‍ പരിചയം ഭാവിക്കില്ല. ഇങ്ങോട്ടു ചിരിക്കാതെ ഞാനും ചിരിക്കാറില്ല.
മാനസിക പ്രശ്നം എന്നത് അത്ര വലിയ വിപത്താണോ? ശാരീരിക പ്രശ്നം പോലെ മാത്രമാണ് അതും.പറഞ്ഞു മടുത്തു.എഴുതി അക്ഷരങ്ങള്‍ വഴങ്ങാതെആയി. ഫലം ഇല്ല.കാഴ്ചപ്പാടുകള്‍ മാറുന്നില്ല.എന്തൊക്കെ 'അരുതുകള്‍'നടക്കുന്നു.അതില്‍ അഭിമാനപ്രശ്‌നമില്ല. ഇതൊരു ദുര്‍വാശിയാണ് അല്ലേല്‍ വിവരക്കേടാണ്.വെളിച്ചത്തിലേക്കുള്ള നമ്മുടെ വഴിമുടക്കികള്‍ നമ്മള്‍ തന്നെ ആണ്. അവനവന്‍ അവനവനോട് പോലും നീതി പുലര്‍ത്തുന്നില്ല.
'ചെറിയ ഒരു വഴക്ക്,പക്ഷെ അതെ തുടര്‍ന്ന് ഭാര്യ മുറി പൂട്ടി അകത്ത് ഇരിക്കുക ആണ്.ഒന്നര മാസം ആയി.അധികം ബന്ധുക്കള്‍ ഇല്ല.മകള്‍ പ്രായമായി.അവളും ഞാനും മാറി മാറി വിളിച്ചിട്ടും ഇത് വരെ പുറത്തോട്ടു വരാന്‍ കൂട്ടാക്കിയില്ല.മകള്‍ ഭക്ഷണം ഉണ്ടാക്കി വിളിക്കുമ്പോള്‍ ,പകുതി കതകു തുറന്നു അത് അകത്തേയ്ക്കു എടുക്കും.ചിലപ്പോള്‍ അതുമില്ല. അവളെ ഒന്ന് വന്നു കാണാമോ? എന്നെ തേടി എത്തിയ ഒരു ഫോണ്‍ കോള്‍ ഇതായിരുന്നു.
'ഞാന്‍ ഒരു സൈക്കോളജിസ്‌റ് ആണ്.നിങ്ങള്‍ പെട്ടന്നു ഒരു ആശുപത്രിയില്‍ അവരെ എത്തിക്കണം. സൈക്കിയാട്രിസ്റ്റ് ആണ് കാണേണ്ടത്' 'പക്ഷെ ഒരു മകളുണ്ട്,അവളുടെ ഭാവി, വിവാഹം'.ആ മനുഷ്യനോട് ഞാന്‍ എന്താണ് പറയേണ്ടത്..?നാളെ നിങ്ങളെയോ ആ മകളെയോ അവര്‍ വെട്ടി കൊന്നാലോ.അല്ലേല്‍ അവര്‍ ആത്മഹത്യ ചെയ്താലോ..?
ഓര്‍മ്മയിലുണ്ട്, ഭാര്യയെയും മക്കളെയും കഴുത്ത് ഞെരിച്ചു കൊന്നു, എന്നിട്ടു സ്വയം തൂങ്ങി മരിച്ച ഒരു വ്യക്തി.നല്ല കുടുംബമായിരുന്നു എന്നാണ് നാട്ടാര് മുഴുവന്‍ പറഞ്ഞത്.ഗൃഹനാഥന്‍, പക്ഷെ അടുത്തിടെ ഒരു പ്രത്യേക രീതി ആയിരുന്നു അത്രേ.കുറെ നാളുകളായി ആരോടും മിണ്ടാതായി.അടുത്ത ബന്ധുക്കളോട് പോലും നിശബ്ദമായിരുന്നു അത്രേ.ആരും വരുന്നത് ഇഷ്ടമില്ലാതെ ആയി.
പെട്ടന്ന് എന്താണ് സംഭവിച്ചത് എന്ന് ഓര്‍ത്തെങ്കിലും ആരും അത് കാര്യമായി എടുത്തില്ല.കൊലപാതകം നടന്നപ്പോള്‍ മാത്രമാണ് അദ്ദേഹത്തിന് മാനസ്സിക അസ്വാസ്ഥ്യം ആയിരുന്നു എന്ന് മനസ്സിലായത്.ഒരു കുടുംബം മുഴുവന്‍ ഇല്ലാതായി കഴിഞ്ഞു.അപ്പോഴേയ്ക്കും..!
സ്ത്രീ എന്നോ പുരുഷന്‍ എന്നോ ഇല്ല.മനസ്സ് കൈവിട്ടു പോകുന്ന അവസ്ഥ ആര്‍ക്കും ഉണ്ടാകാം.ആരുടേയും കുറ്റമല്ല. തെറ്റല്ല, പെട്ടന്നാകണം എന്നില്ല. ക്രമേണ ഉണ്ടാകുന്ന ചില മാറ്റങ്ങള്‍. മനസ്സിലാകെ കാറും കോളും.ജീവിതത്തിന്റെ അനിശ്ചിതാവസ്ഥ,നിരര്‍ത്ഥത ഒക്കെ മനസ്സിലേയ്ക്ക് ഇടിച്ചു കയറും. ആശകളും ആസക്തികളും ഇല്ലാതെ ആയി തീരുമോ എന്ന് ഭയക്കും ആരവവും ആര്‍പ്പുവിളികളും നാളെ നഷ്ടമാകുമെന്നു മുന്‍വിധിക്കും.അര്‍ത്ഥമില്ലാത്ത അസ്തിത്വത്തെ, നശിപ്പിക്കാന്‍ വെമ്പും.പുറമെ ആര്‍ക്കും മനസ്സിലാക്കണം എന്നില്ല. ഒരുപക്ഷെ അവനവനു പോലും ആഴത്തില്‍ ഉള്‍കൊള്ളാന്‍ പറ്റണമെന്നില്ല.ബന്ധങ്ങളില്‍ നിന്നും ബന്ധങ്ങളിലേയ്ക്ക് കുതിച്ചു പായും..
വിവാഹിതര്‍ ആയത് കൊണ്ട് മാത്രം ഒന്നിച്ചു കിടക്കപങ്കിട്ടാലും,സ്ത്രീയും പുരുഷനും ആകാന്‍ സാധിക്കാതെ ശാപജന്മങ്ങള്‍ ആയി മാറുന്ന അവസ്ഥ, അപകര്‍ഷതാ ബോധത്തോടെ പങ്കാളിയില്‍ നിന്നും അകലുന്നു.അതില്‍ നിന്നൊരു ഒളിച്ചോട്ടം പോലെ വിവാഹേതര ബന്ധങ്ങള്‍..!
ഫേസ്ബുക്കിലെ ഇത്തരം പല ബന്ധങ്ങളും മനസ്സിന്റെ താളം തെറ്റലിന്റെ വക്കില്‍ ഉണ്ടായ ഒന്നാണ്.EROTIC CHAT നും അപ്പുറത്തെ മുഖവും മനസ്സും കാണാതെ തിരഞ്ഞെടുക്കുന്ന പൊള്ളയായ പ്രണയങ്ങള്‍.അത് കൊണ്ട് തന്നെ അതിന്റെ ആയുസ്സും കുറവാകുന്നു.ചോദ്യങ്ങള്‍ ഉത്തരമില്ലാതെ മറയ്ക്കപ്പെടുന്നു.കാമം എന്നും തെറ്റിദ്ധരിച്ചു പുതിയ മേച്ചില്‍ പുറങ്ങള്‍ തേടുന്ന എത്രയോ പേരുണ്ട്.പലപ്പോഴും ഫേസ് ബുക്കില്‍ കുറിപ്പുകള്‍ എഴുതുമ്പോള്‍ ഓര്‍ക്കാറുണ്ട്.ചിലരെങ്കിലും ഓര്‍ക്കും,കൗണ്‍സിലിങ് രഹസ്യം അങ്ങാടി പാട്ടാക്കുന്നു എന്ന്..
പല ജീവിതങ്ങള്‍,പല മനസ്സുകള്‍.എല്ലാം കൂടി ഒരു കുട കീഴില്‍ ചേര്‍ത്ത് ഒരു കേസ് വായിക്കുന്നവര്‍ക്ക് ദഹിക്കുന്ന മട്ടില്‍ എഴുതുന്നു.അല്ലാതെ ഒരു കൗണ്‍സിലോര്‍, നോക്കൂ, ഇത് ഇന്ന വ്യക്തിയാണ് എന്ന് സൂചിപ്പിച്ചു എഴുതില്ല.ആര്‍ക്കും കണ്ടു പിടിക്കാന്‍ കഴിയരുത്.ആരാണ് എന്ന്,അത്തരത്തില്‍ മാത്രമേ ചെയ്യാറുള്ളു.
ആരുടെയും സ്‌നേഹവും വിശ്വാസമില്ലാതെ ജീവിക്കുക.അതെത്ര മാത്രം മനസ്സിനെ കീറിമുറിക്കുന്ന ദുഖമാണ്.ഓരോ നിമിഷവും ഓരോ മുറിവുകള്‍ മനസ്സും ശരീരവും ഒരേ പോലെ അനുഭവിക്കും.ആ അവസ്ഥ പിടിച്ചു വെയ്ക്കുക എന്നത് തീക്കളി ആണ്.മനസ്സിന്റെ മൗഢ്യം ഊര്‍ജ്ജത്തെ പൊള്ളി അടര്‍ത്തും.
'ചെവിയില്‍ വിരലുകള്‍ തിരുകി വെച്ചാലും, കണ്ണടച്ച് കിടന്നാലും ആ ഇരമ്പല്‍' പക്ഷെ ഡോക്ടറെ കാണാന്‍ ഭയമാണ്. മാനസിക രോഗം എന്ന് പറഞ്ഞാലോ,മരുന്ന് കഴിക്കേണ്ടി വന്നാലോ.കരുത്തില്ലാത്ത ഉത്തരമില്ലാത്ത ചോദ്യം.
ചിലര്‍ ഇങ്ങനെ പറയാറുണ്ട്.ആരുടെയും സ്‌നേഹവും സഹതാപവും ആവശ്യമില്ല. ഉള്ളിലോട്ടു ഒതുങ്ങി കൂടുക ആണ്.ആ ഒരു അവസ്ഥ ആയി, ഇങ്ങനെ പറയുന്ന പലരിലും. ഇനി ആണ് പ്രശ്നം. താളം പിഴച്ചാല്‍ വാരി കുഴിയില്‍ വീഴും എന്നറിയുന്നില്ല..ആള്‍കൂട്ടത്തില്‍ എവിടെയോ ഒക്കെയോ അവളുണ്ട്,അവനുണ്ട്,നമ്മളില്‍ ആരൊക്കെയോ ഉണ്ട്!
നാളെ ഒരു കൊലപാതകം നടന്നേക്കാം.മകനോ മകളോ കഴുത്തുഞെരിച്ചു കൊല്ലപ്പെടാം.കാമുകനോ ഭര്‍ത്താവോ ഭാര്യയോ കഷ്ണം കഷ്ണമായി ദാരുണമായി മുറിച്ചു മാറ്റി ഭാഗങ്ങളായി ഉപേക്ഷിക്കപെടാം.ആത്മഹത്യ ചെയ്‌തേക്കാം.തൊട്ടു മുന്‍പ് വരെ തിരക്കുകള്‍ക്ക് നടുവില്‍ നിന്നിരിക്കാം.ജോലികള്‍ ചെയ്തിരിക്കാം.കവിതയോ കഥയോ എഴുതിയിരിക്കാം.ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ കൊണ്ട് ഉണ്ടാകുന്ന എത്ര മാനസ്സിക അസ്വസ്ഥതകള്‍.അവഗണിക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന സങ്കടങ്ങള്‍ രൂക്ഷമാണ്.
'അങ്ങനെ മാനസിക രോഗം ഒന്നും കാണിക്കുന്നില്ലായിരുന്നു'എന്ന് പറഞ്ഞു ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ പറ്റില്ല.വസ്ത്രം വലിച്ചു കീറി അലറി വിളിച്ചു ഓടുന്നത് മാത്രമല്ല,ആ അവസ്ഥ.സ്ട്രെസ് എന്ന വില്ലന്‍ , അതിന്റെ ഭീകരത. അതില്‍ പകയും വെറുപ്പും ദേഷ്യവും കലര്‍ന്നാല്‍ വരുതിക്ക് നില്‍ക്കില്ല കാര്യങ്ങള്‍.മദ്യവും മയക്കു മരുന്നും മാത്രമല്ല.
കുറ്റകൃത്യങ്ങള്‍ പെരുകാന്‍ കാരണംസമയത്ത് മാനസ്സികപ്രശ്‌നങ്ങള്‍ക്ക് ചികിത്സതേടാത്തതും ആണ്.ശരീരത്തിന് അസുഖം വന്നാല്‍ അത് വെച്ചോണ്ടിരുന്നാല്‍ എന്താകും അവസ്ഥ.? അത് തന്നെ ആണ് മനസ്സിനും.യഥാസമയം ചികിത്സ തേടുക.!ഉറ്റവര്‍ അത്തരമൊരു സങ്കടം പറയുന്നു എങ്കില്‍ നാട്ടുകാര് എന്ത് പറയുന്നു എന്ന് ആലോചിക്കാതെ ഡോക്ടറെ കാണിക്കുക..!
No comments:
Post a Comment