Ente Malayalam News

Follow Us

Monday, 8 January 2018

പരസ്പരം മനസ്സിലാക്കാനും അലിഞ്ഞു ചേരാനും ഒരേ പോലെ പറ്റാത്തവര്‍ പിരിയുന്നതാണ് നല്ലത്

എന്റെ ആദ്യത്തെ കേസ്. ആദ്യമൊന്നും അവനൊന്നും മിണ്ടാന്‍ കൂട്ടാക്കിയില്ല.അത് മാത്രമല്ല. സംസാരിക്കുമ്പോള്‍ വിക്കും ഉണ്ട്. രണ്ടാം ദിവസം കുറച്ച് അടുത്ത് തുടങ്ങി.അടുത്ത വീട്ടിലെ ഒരു സ്ത്രീയുമായി അവനുണ്ടായ അടുപ്പം.മാനസികവും ശാരീരികവും ആയി ഒരുപാട് സ്‌നേഹം പങ്കുവെച്ചു.സ്വന്തം വീട്ടില്‍ അവനു വേണ്ടത്ര സ്‌നേഹം കിട്ടാതെയോ ഒന്നുമല്ല.അതവന്റെ പ്രായത്തിന്റെ പ്രശ്‌നം.വീട്ടുകാര്‍ അറിഞ്ഞു, പ്രശ്നമായി,അടിയായി..

Designed by Freepik
കെട്ടുറപ്പില്ലാത്ത ബന്ധങ്ങള്‍ തമ്മില്‍ കലഹിച്ച് പിരിഞ്ഞു പോവുമ്പോള്‍ തകര്‍ന്നടിയുന്ന ജീവിതങ്ങളെ കുറിച്ച് എത്രകേട്ടിരിക്കുന്നു നാം. ഒട്ടും ഉറയ്ക്കാതെ ഒലിച്ചു പോയ ബന്ധങ്ങളെ ഓര്‍ത്ത്, വിരഹങ്ങളെ ഓര്‍ത്ത് കരയുന്നവര്‍ വിഡ്ഢികളാണോ? പ്രമുഖ കൗണ്‍സെലിങ് സൈക്കോളജിസ്റ്റായ കല ഷിബു എഴുതുന്നു.

"രാമനാഥന്‍ ഡോക്ടറിന്റെ മാനസികരോഗ ആശുപത്രിയില്‍ ജോലി നോക്കുന്ന സമയം.ഡോക്ടര്‍ തമിഴ് കലര്‍ന്ന മലയാളമാണ് സംസാരിക്കുക. രോഗികള്‍ വരുമ്പോള്‍ ചോദിക്കൂ കാര്യങ്ങള്‍ മനസ്സിലാക്കൂ,എന്റെ മലയാളം പോരാ എന്ന് ചിരിച്ചു കൊണ്ടു പറയും. എനിക്കറിയാം, എന്നെ കേസ് പഠിപ്പിക്കുകയാണ്.സാറിന്റെ മലയാളം ഏതു രോഗിയും മനസ്സിലാക്കും.കാരണം ,ഹൃദയത്തിന്റെ ഭാഷയാണ് അദ്ദേഹത്തിന്.രോഗികളോട് കരുണയുളള ജൂനിയറിനെ വളര്‍ത്തണമെന്ന് ആഗ്രഹിക്കുന്ന ഒരാള്‍.

എഞ്ചിനീയറിംഗ് കഴിഞ്ഞ പയ്യന്‍. എന്റെ ആദ്യത്തെ കേസ്. ആദ്യമൊന്നും അവനൊന്നും മിണ്ടാന്‍ കൂട്ടാക്കിയില്ല.അത് മാത്രമല്ല. സംസാരിക്കുമ്പോള്‍ വിക്കും ഉണ്ട്. രണ്ടാം ദിവസം കുറച്ച് അടുത്ത് തുടങ്ങി.അടുത്ത വീട്ടിലെ ഒരു സ്ത്രീയുമായി അവനുണ്ടായ അടുപ്പം. മാനസികവും ശാരീരികവും ആയി ഒരുപാട് സ്‌നേഹം പങ്കുവെച്ചു.സ്വന്തം വീട്ടില്‍ അവനു വേണ്ടത്ര സ്‌നേഹം കിട്ടാതെയോ ഒന്നുമല്ല.അതവന്റെ പ്രായത്തിന്റെ പ്രശ്‌നം.വീട്ടുകാര്‍ അറിഞ്ഞു, പ്രശ്നമായി,അടിയായി,ആ സ്ത്രീ അവിടെ നിന്നും മാറി. ദിവസങ്ങള്‍ കഴിയും തോറും അവന്‍ കൂടുതല്‍ വിഷാദത്തില്‍ അടിമപ്പെടാന്‍ തുടങ്ങി. ആരോടും മിണ്ടാതെ മുറിയില്‍ ഒറ്റയ്ക്ക് അടച്ചിരിക്കും. ഭക്ഷണം കഴിക്കാനും വിസമ്മതിച്ചു തുടങ്ങിയപ്പോള്‍ വീട്ടുകാര്‍ ഹോസ്പിറ്റലില്‍ എത്തിക്കുകയായിരുന്നു.

മനസ്സില്‍ തോന്നുന്നതൊക്കെ എഴുതി തരൂ എന്ന് പറഞ്ഞപ്പോള്‍ അവന്‍ കുറിച്ചു തന്നതില്‍ നിന്നും ഞാന്‍ ചികഞ്ഞെടുത്ത കഥ..എങ്ങനെയും ഡോക്ടറിന്റെ മുന്നില്‍ എന്റെ കഴിവ് തെളിയിക്കണം. എന്റെ മനസ്സില്‍ അതാണ് ആദ്യത്തെ ചിന്ത. വികാരശൂന്യമായ അക്ഷരങ്ങളിലൂടെ അവന്‍ പറഞ്ഞതൊക്കെ ഔദ്യോഗിക ജീവിതത്തിലെ വന്‍ വിജയമായി എനിക്ക് തോന്നി. സന്തോഷത്തോടെ ഓടി ചെന്ന് ഡോക്ടര്‍ നോട് വിവരം പറഞ്ഞു.അതാണ്. കലയ്ക്ക് നല്ല കഴിവുണ്ട്..rapport establishment നടത്താന്‍...!

ഡോക്ടര്‍ തന്ന അഭിനന്ദനം എന്നെ അങ്ങ് വാനോളം ഉയര്‍ത്തി.ചികിത്സ ആരംഭിച്ചു.ഞാന്‍ പഠിച്ച മനഃശാസ്ത്ര പഠനങ്ങളില്‍ പരാമര്‍ശിച്ചിട്ടില്ലാത്ത പ്രതിഭാസങ്ങള്‍ പലതും ആദ്യമായി നേരില്‍ കാണുന്നു,കേള്‍ക്കുന്നു. പ്രണയം കടലോളവും വാനോളവും വ്യാപിച്ചു മനസ്സിന്റെ അറകളില്‍ നിറഞ്ഞു തുളുമ്പി നിന്നിരുന്ന കാലങ്ങളെ കുറിച്ചവന്‍ സംസാരിച്ചു തുടങ്ങി.. പലപ്പോഴും സങ്കടം പെരുകി കരഞ്ഞു. മനസ്സിലെ ഇപ്പോഴത്തെ കൊടുംഭീതികളെ കുറിച്ചു സംസാരിച്ചു. ആദിയും അന്തവുമില്ലാത്ത ചിന്തകളെ ഒഴിവാക്കണം എന്നവന്‍ ആഗ്രഹിച്ചു തുടങ്ങി. അറിയുന്നുണ്ടായിരുന്നില്ല. അവനിലെ ഏതൊക്കെയോ ശൂന്യതകളെ നിറയ്ക്കുകയും സജീവമാക്കുകയും ചെയ്യുക ആണ് ഞാനെന്ന്. ഞങ്ങളെ രണ്ടാളെയും ഒരേ പോലെ ഡോക്ടര്‍ ശ്രദ്ധിക്കുന്നുണ്ട്.

counter transference , transference എന്നൊക്കെ കേട്ടിട്ടുണ്ട്. പഠിച്ചു എഴുതി മാര്‍ക്ക് വാങ്ങിച്ചിട്ടുണ്ട്. ശിഥിലമായ ഭൂതകാലം ഉള്‍ക്കൊണ്ട് തന്നെ അവന്‍ വര്‍ത്തമാനത്തിലേയ്ക്ക് നടന്നു വരുന്നത് സന്തോഷത്തോടെ ഞാന്‍ കണ്ടു. ഒരു ദിവസം എനിക്ക് ലീവ് എടുക്കേണ്ടി വന്നു.പിറ്റേന്ന് ചെല്ലുമ്പോള്‍ ഡോക്ടര്‍ ഞാന്‍ ചെല്ലാതിരുന്ന ദിവസം അവനില്‍ ഉണ്ടായ പ്രശ്‌നങ്ങളെ കുറിച്ചു പറഞ്ഞു. എനിക്ക് തരാന്‍ അവന്‍ സിസ്റ്റര്‍ നോട്ട് കൊടുത്ത ഒരു എഴുത്തും.വായിച്ചു വിളറി ഇരുന്ന എന്നെ ഡോക്ടര്‍ സമാധാനിപ്പിച്ചു..അവനെ motivate ചെയ്യാന്‍ ഞാന്‍ പറഞ്ഞത് ഒക്കെ എത്ര ഗഹനമായി ഉള്‍ക്കൊണ്ടിരിക്കുന്നു..എന്റെ ശരീരം നശിച്ചതിനു ശേഷവും എന്നെ സ്‌നേഹിക്കാന്‍ ത്രാണിയുള്ള ഒരു കാമുകന്‍...!

ഒറ്റയടിപ്പാതയിലെ വരികളാണ് ഉപമിക്കാന്‍ എളുപ്പം.അവനു പ്രണയം ഒരു ലഹരി ആണ്. അതിനു വേണ്ടി അവന്‍ യാചിക്കുകയാണ്. ഒന്നും അറിയാത്ത പോലെ അന്നും അവനെ ഞാന്‍ പോയി കാണണം എന്ന് ഡോക്ടര്‍ പറഞ്ഞു.പിന്നെ അദ്ദേഹത്തിന്റെ നിര്‍ദ്ദേശം അനുസരിച്ചു ഞാന്‍ മുന്നോട്ടുള്ള കൗണ്‍സിലിങ് സമയങ്ങള്‍ മുന്നോട്ടു നീങ്ങി.
പയ്യെ പയ്യെ അവനില്‍ നിന്നും പ്രണയം അപ്രത്യക്ഷമായി. ജീവിതത്തിലെ ആവശ്യകതയെ കുറിച്ചും മനസ്സിലെ ചാഞ്ചാട്ടങ്ങളെ കുറിച്ചും ഒക്കെ ഡോക്ടര്‍ അവനു നന്നായി പറഞ്ഞു കൊടുക്കുമ്പോള്‍ ഞാന്‍ കൂടെ ഇരുന്നു.അവന്‍ ശ്രദ്ധിച്ചു അദ്ദേഹത്തെ കേള്‍ക്കുന്നു. തമിഴ് കലര്‍ന്ന മലയാളം അവനു മനസ്സിലാക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ല..
അവനത് കേള്‍ക്കുന്നത് മനസ്സ് കൊണ്ടാണ്.

ആദ്യത്തെ അനുഭവം ആയിരുന്നു, ഇങ്ങനെ ഒരു കേസ്. ആദ്യമായി എല്ലാവരും മനുഷ്യര്‍ ആണല്ലോ.പിന്നെയാണ് ഡോക്ടറും കളക്ടറും ഒക്കെ ആകുന്നത്.പച്ചയായ വികാരങ്ങളില്‍ സന്മാര്‍ഗ്ഗികവും ധാര്‍മ്മികതയും എവിടെ?ചിട്ടവട്ടങ്ങളില്‍ അധിഷ്ഠിതമല്ലല്ലോ മനസ്സിന്റെ കളികള്‍. ബലഹീനതകളെ മറയ്ക്കുളില്‍ തളച്ചിടലും എപ്പോഴെങ്കിലും അവ പുറത്ത് ചാടും. ഓരോ കേസുകള്‍ പിന്നെ എടുക്കുമ്പോഴും ആദ്യത്തെ അനുഭവം ഓര്‍ക്കും.എന്നിരുന്നാലും ചിലയിടത്ത് പാളിപോയിട്ടുണ്ട്.അപ്പോഴൊക്കെ ദൈവത്തിന്റെ അദൃശ്യകരം താങ്ങി എടുത്തിട്ടുണ്ട്.

മനുഷ്യന്റെ മനസ്സ് കൈകാര്യം ചെയ്യുമ്പോള്‍.ഓരോ നിമിഷവും ശ്രദ്ധിക്കണം, രാമനാഥന്‍ ഡോക്ടര്‍ തന്ന വിലപ്പെട്ട ഉപദേശം.ഇന്നിപ്പോള്‍ ചുറ്റിലും അത്തരം എത്ര അനുഭവങ്ങള്‍.ചില മനുഷ്യര്‍,അവരെന്താണ് ചെയ്യുക..?പ്രശ്‌നങ്ങളില്‍ പെട്ട് നട്ടം ചുറ്റുന്നവരുടെ ഹൃദയത്തിലേക്കു കടന്നു ചെല്ലും.കുറച്ചു നാള്‍ വര്ണാഭയമായ ലോകത്ത് വിഹരിക്കും.പെട്ടന്നൊരു നാള്‍ ജിജ്ഞാസ വറ്റുമ്പോള്‍ യാത്ര പോലും പറയാതെ പിന്മാറുകയും ചെയ്യും. പ്രായഭേദമന്യെ എത്ര കഥകള്‍..ഒട്ടും ഉറയ്ക്കാതെ ഒലിച്ചു പോയ പ്രണയത്തെ ഓര്‍ത്തു ചങ്കു പൊട്ടിക്കരയുന്നവര്‍ വിഡ്ഢികളാണോ..?

അല്ല..അവരുടെ ആത്മാര്‍ഥത കാമിക്കുമ്പോള്‍ മാത്രം ജ്വലിക്കുന്ന ഒന്നായിരുന്നില്ല എന്ന് അഹങ്കരിക്കുക ആണ് വേണ്ടത്.പിന്നാലെ ചെല്ലരുത്.അവജ്ഞയുടെയും അവഹേളനത്തിന്റെയും ശബ്ദമാകും ഉയരുക. പരസ്പരം മനസ്സിലാക്കാനും അലിഞ്ഞു ചേരാനും ഒരേ പോലെ പറ്റാത്തവര്‍ പിരിയുന്നതാണ് നല്ലത്.സ്‌നേഹിച്ചതിന്റെ അടയാളമായ ഹൃദയത്തിന്റെ മുറിവുകള്‍ ,നാളെ ശക്തി പകരുക തന്നെ ചെയ്യും..!ജീവിതം,അതിന്റെ ചേരുവ അതിശയമാണ്.ആരുമില്ല കൂടെ എങ്കിലും അനുസൃതമായി ഒഴുകികൊണ്ടേ ഇരിക്കും."

No comments:

Post a Comment

Comments System

Disqus Shortname