ലോകത്തെ ഒന്നടങ്കം മാറ്റിമറിക്കാൻ ശേഷിയുള്ള സോഷ്യൽമീഡിയ കമ്പനിയാണ് ഫെയ്സ്ബുക്ക്. ഫെയ്സ്ബുക്കിന്റെ ഓരോ നീക്കങ്ങളും ടെക് ലോകവും വിപണിയും വലിയ പ്രാധാന്യത്തോടെയാണ് ശ്രദ്ധിക്കുന്നത്. ഇതിനു വ്യക്തമായ തെളിവാണ് കഴിഞ്ഞ ദിവസത്തെ സക്കർബർഗിന്റെ ഫെയ്സ്ബുക്ക് പോസ്റ്റും വിപണിയിലെ അനന്തരഫലങ്ങളും.
ഫെയ്സ്ബുക്കിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തുമെന്നു സൂചന നൽകി മാർക്ക് സക്കർബർഗിന്റെ ഫെയ്സ്ബുക് പോസ്റ്റ് വന്നതോടെ മണിക്കൂറുകൾക്കുള്ളിൽ തന്നെ വിപണി തകർന്നു. ഫെയ്സ്ബുക്കിന്റെ ഓഹരി കുത്തനെ ഇടിഞ്ഞു. 2300 കോടി ഡോളര്‍ ( ഏകദേശം 14,584 കോടി രൂപ) നഷ്ടം നേരിട്ടെന്നാണ് രാജ്യന്തര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തത്.
ഫെയ്സ്ബുക്കിൽ സാധാരണമായി മാറിയ പരസ്യങ്ങൾക്കും മറ്റു പ്രമോഷനൽ പ്രവർത്തനങ്ങൾക്കും തടയിടുമെന്ന സൂചനയാണ് പോസ്റ്റിലുണ്ടായിരുന്നു. ന്യൂസ് ഫീഡിന്റെ പരിഷ്കരണം ഉടനുണ്ടാകുമെന്നു സക്കർബർഗ് തുറന്നു പറഞ്ഞു. ഫീഡിൽ പരസ്യങ്ങൾ, പൊതുവായുള്ള ഉള്ളടക്കങ്ങൾ എന്നിവ കുറച്ച് ഉപയോക്താവിന്റെ കൂട്ടുകാർ, കുടുംബാംഗങ്ങൾ എന്നിവരുടെ പോസ്റ്റുകൾ ഫീഡിൽ കൂടുതൽ കൊണ്ടുവരാനാണ് നീക്കം. എന്നാൽ ഈ പ്രഖ്യാപനം വിപണിക്ക് അത്ര പിടിച്ചില്ല.
ആളുകൾ തമ്മിൽ കൂടുതൽ കാമ്പുള്ള ആശയവിനിമയം ഇതിലൂടെ കൈവരിക്കുമെന്നും അദ്ദേഹം പറയുന്നു. കുത്തഴിഞ്ഞ രീതിയിൽ ന്യൂസ്ഫീഡുകൾ പരസ്യങ്ങൾ, പൊതുപേജുകൾ എന്നിവയിലെ ഉള്ളടക്കങ്ങൾ കൊണ്ടു നിറഞ്ഞതായി വ്യാപകമായ പരാതിയുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നടപടി. ‘ഈ പരിഷ്കരണങ്ങളിലൂടെ ഫെയ്സ്ബുക്കിൽ ആളുകൾ ചെലവഴിക്കുന്ന സമയം കുറഞ്ഞേക്കാം. എന്നാൽ, ആ സമയം ശരിയായ രീതിയിൽ വിനിയോഗിക്കപ്പെടും. ദീർഘകാലാടിസ്ഥാനത്തിൽ അതു ഗുണം ചെയ്യുമെന്നും’– പോസ്റ്റ് പറയുന്നു.
No comments:
Post a Comment