തിരുവനന്തപുരം ∙ ഒാഖി ചുഴലിക്കാറ്റില്‍പ്പെട്ട 108 മല്‍സ്യത്തൊഴിലാളികള്‍ ഇനിയും തിരിച്ചെത്താനുണ്ടെന്ന് ലത്തീന്‍ സഭ. മുന്നറിയിപ്പ് കൃത്യസമയത്ത് നല്‍കാത്തതാണ് ദുരന്ത വ്യാപ്തി കൂടാന്‍ കാരണമെന്നു തിരുവനന്തപുരം വെള്ളയമ്പലത്തെ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിൽ സഭാനേതൃത്വം ആരോപിച്ചു.
അതിനിടെ, മല്‍സ്യത്തൊഴിലാളികള്‍ക്കുള്ള മുന്നറിയിപ്പ് ഉള്‍പ്പെടെ കൃത്യമായ വിവരങ്ങള്‍ ലഭിക്കാന്‍ വൈകിയെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ ആവര്‍ത്തിച്ചുള്ള വാദം പൊള്ളയാണെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നുള്ള രേഖകള്‍ വ്യക്തമാക്കുന്നു. കേരളതീരത്തു രൂക്ഷമായ കടല്‍ക്ഷോഭമുണ്ടാകുമെന്നും മല്‍സ്യത്തൊഴിലാളികള്‍ കടലിൽ പോകരുതെന്നുമുള്ള മുന്നറിയിപ്പു സന്ദേശങ്ങള്‍ നവംബര്‍ 29ന് നാലുതവണ സര്‍ക്കാരിന് കൈമാറിയിരുന്നു.
മൂന്നു മൃതദേഹങ്ങൾ കൂടി ചൊവ്വാഴ്ച നടന്ന തിരച്ചിലിൽ കണ്ടെത്തിയിട്ടുണ്ട്. കൊച്ചി പുറംകടലിൽനിന്ന് മറൈൻ എൻഫോഴ്സ്മെന്റാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇതോടെ ഓഖി ചുഴലിക്കാറ്റിൽ കേരളത്തിൽ മരിച്ചവരുടെ എണ്ണം 35 ആയി.
ആദ്യ മുന്നറിയിപ്പ് ആദ്യ മുന്നറിയിപ്പ് നല്‍കിയത് 29ന് രാവിലെ 11.50ന്. തമിഴ്നാട്ടിലെയും തെക്കന്‍ കേരളത്തിലെയും മല്‍സ്യത്തൊഴിലാളികള്‍ അടുത്ത 48 മണിക്കൂര്‍ കടലില്‍ പോകാന്‍ പാടില്ലെന്നായിരുന്നു മുന്നറിയിപ്പ്. ഉടന്‍ നടപടിയെടുക്കേണ്ട പ്രത്യേക ബുള്ളറ്റിനായാണു സന്ദേശം നല്‍കിയത്. ശ്രീലങ്കന്‍ തീരത്തു രൂപപ്പെട്ട ന്യൂനമര്‍ദം കന്യാകുമാരിക്ക് 500 കിലോമീറ്റര്‍ തെക്കുകിഴക്കായി ശക്തിപ്രാപിക്കുന്നതിന്‍റെ ഉപഗ്രഹ ദൃശ്യങ്ങളടക്കമായിരുന്നു മുന്നറിയിപ്പ്.
രണ്ടാം മുന്നറിയിപ്പ്
29ന് ഉച്ചയ്ക്ക് 2.15ന് രണ്ടാം സന്ദേശം. മല്‍സ്യത്തൊഴിലാളികള്‍ക്കുള്ള മുന്നറിയിപ്പ് ആവര്‍ത്തിച്ചിട്ടുണ്ട്. കന്യാകുമാരിക്ക് 360 കിലോമീറ്റര്‍ കിഴക്കു തെക്കുഭാഗത്ത് എത്തിയിട്ടുള്ള ന്യൂനമര്‍ദം പടിഞ്ഞാറു വടക്കുദിശയിലേക്കു നീങ്ങുകയാണെന്നു വ്യക്തമാക്കുന്നു. 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദം കൂടുതല്‍ ശക്തിപ്രാപിക്കുമെന്നും അറിയിപ്പ്.
മൂന്നാം മുന്നറിയിപ്പ്
അതേദിവസം രാത്രി 7.15നാണ് മൂന്നാമത്തെ മുന്നറിയിപ്പ്. ന്യൂനമര്‍ദത്തിന്‍റെ ശക്തി വര്‍ധിച്ചുവരുമെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. തെക്കന്‍ കേരളത്തില്‍ അടുത്ത 24 മണിക്കൂര്‍ ശക്തമായ മഴയും തുടര്‍ന്നുള്ള 24 മണിക്കൂര്‍ അതിശക്തമായ മഴയുമുണ്ടാകുമെന്നും പറയുന്നുണ്ട്.
നാല്, അഞ്ച്, ആറ് മുന്നറിയിപ്പുകള്‍
നാലാമത്തേത് 30ന് പുലര്‍ച്ചെയും അഞ്ചാമത്തതേത് തൊട്ടുപിന്നാലെയും നല്‍കി. അതിശക്തമായ ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറുമെന്ന കൃത്യമായ മുന്നറിയിപ്പാണ് നവംബര്‍ 30ന് രാവിലെ 8.30ന് നല്‍കിയ ആറാമത്തെ സന്ദേശം. കടല്‍ അതീവ പ്രക്ഷുബ്ധമായിരിക്കുമെന്ന് ഇതില്‍ പറയുന്നു. മാത്രമല്ല വീടുകള്‍ തകര്‍ന്നും മരങ്ങള്‍ കടപുഴകിയും വന്‍നാശനഷ്ടമുണ്ടാകാനുള്ള സാധ്യതയും ചുഴലിക്കാറ്റ് എത്രമാത്രം ആപല്‍ക്കരമാകാമെന്നും അക്കമിട്ട് വിശദീകരിക്കുന്നുണ്ട്.
No comments:
Post a Comment