Ente Malayalam News

Follow Us

Thursday, 23 November 2017

ഒരു സ്മാർട്ട്ഫോൺ മാത്രം മതി മക്കളെ നഷ്ടപ്പെടാൻ


കൗമാരക്കാരിയായ മകൾ ഉണ്ടോ നിങ്ങൾക്ക് ? അവൾക്ക് സ്മാർട്ട് ഫോണ്‍ വാങ്ങി നൽകിയിട്ടുണ്ടോ? എത്ര മണിക്കൂർ സ്മാർട്ട് ഫോണിന്റെയും കംപ്യൂട്ടറിന്റെയും ടാബിന്റെയും മുന്നിൽ അവൾ ചെലവഴിക്കുന്നുണ്ട് എന്നറിയാമോ? അറിയില്ലെങ്കിൽ ഒന്നു ശ്രദ്ധിക്കുന്നതു നല്ലതാണ്.

കാരണം, സ്മാർട്ട്ഫോണിന്റെ അമിതോപയോഗം കൗമാരക്കാരിൽ പ്രത്യേകിച്ച് പെൺകുട്ടികളിൽ വിഷാദവും ആത്മഹത്യാ പ്രവണതയും വർധിപ്പിക്കുമെന്നു പഠനം. ക്ലിനിക്കൽ സൈക്കോളജിക്കൽ സയൻസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഈ പഠനം അഞ്ചുലക്ഷത്തിലധികം കൗമാരക്കാരിൽ സ്മാർട്ട് ഫോൺ ഉപയോഗം അളന്നു.

13 നും 18 നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളിലെ ആത്മഹത്യാനിരക്ക് 2010 നും 15 നും ഇടയിൽ 65 ശതമാനം വർധിച്ചതായി കണ്ടു. പ്രതീക്ഷ നഷ്ടപ്പെട്ടതുപോലെ തോന്നുക, ആത്മഹത്യാചിന്ത, ആത്മഹത്യയ്ക്കു ശ്രമിക്കുക ഇവ 12 ശതമാനം കൂടി. കടുത്ത വിഷാദം ബാധിച്ച പെൺകുട്ടികളുടെ എണ്ണം 158 ശതമാനം വർധിച്ചു.

ഒരു മണിക്കൂറിൽ കുറവു മാത്രം ഡിജിറ്റൽ ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്ന 28 ശതമാനം പേരെ അപേക്ഷിച്ച് അഞ്ചോ അതിലധികമോ മണിക്കൂർ ഇലക്ട്രോണിക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്ന 48 ശതമാനം കൗമാരക്കാരിലും ആത്മഹത്യയുമായി ബന്ധപ്പെട്ട ചിന്തകൾ ഉണ്ടായിരുന്നു.

കലിഫോർണിയയിലെ സാൻഡിഗോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി പ്രൊഫസറായ ജീൻ ട്യെഞ്ച് പറയുന്നത് കൗമാരക്കാരിലെ മാനസികാരോഗ്യ പ്രശ്നങ്ങൾ അപകടകരമാംവിധം കൂടുന്നു എന്നാണ്. അവർ വല്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. വളരെ ഗൗരവത്തോടെ ഈ വിഷയത്തെ കാണണമെന്നും അദ്ദേഹം പറഞ്ഞു.

വിനോദത്തെയും വിശ്രമവേളകളിലെ പ്രവർത്തനത്തെയും കുറിച്ച് ചോദിച്ചപ്പോൾ കൂടുതൽ സമയം കംപ്യൂട്ടറും മൊബൈൽഫോണും നോക്കുകയാണെന്നും മറ്റു പ്രവൃത്തികൾക്ക് വളരെ കുറച്ചു സമയം മാത്രമേ ചെലവഴിക്കുന്നുള്ളൂവെന്നും കണ്ടു.

സാമൂഹ്യമായ ഇടപെടൽ, കായിക പ്രവർത്തനങ്ങൾ, വ്യായാമം, വീട്ടിലെ ജോലികൾ ചെയ്യുക, മതപരമായ ചടങ്ങുകളിൽ പങ്കെടുക്കുക. തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്നവരിൽ വിഷാദ ലക്ഷണങ്ങളും ആത്മഹത്യാ ചിന്തയും വളരെ കുറച്ചു മാത്രം ആയിരുന്നു.

കൗമാരക്കാരായ മക്കൾക്ക് ഫോൺ വാങ്ങി കൊടുക്കുന്നതൊക്കെ കൊള്ളാം, പക്ഷേ അവർ അതിനടിമപ്പെടാതെ ശ്രദ്ധിക്കേണ്ടത് രക്ഷിതാക്കളുടെ കടമയാണ്. ഒപ്പം ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗം കുറച്ച് നിങ്ങൾ മാതൃകയാകേണ്ടതുമാണ്. മക്കളെ നഷ്ടപ്പെടാൻ ചിലപ്പോൾ ഒരു സ്മാർട്ട്ഫോൺ മാത്രം മതി എന്ന് ഓർമിക്കുക.

No comments:

Post a Comment

Comments System

Disqus Shortname