
ബെയ്ജിങ് ∙ ഇന്ത്യയുടെ മാനുഷി ഛില്ലർ (20) ലോകസുന്ദരി. ചൈനയിലെ സാന്യയിൽ നടന്ന മൽസരത്തിൽ 108 രാജ്യങ്ങളിലെ സുന്ദരികളെ പിന്തള്ളിയാണ് ഹരിയാനയിൽനിന്നുള്ള മാനുഷി കിരീടമണിഞ്ഞത്. 17 വർഷത്തിനുശേഷമാണ് ഇന്ത്യ ലോകസുന്ദരിപ്പട്ടം നേടുന്നത്. മിസ് ഇംഗ്ലണ്ട് സ്റ്റെഫാനി ഹിൽ ആണ് റണ്ണറപ്. മിസ് മെക്സിക്കോ ആൻഡ്രിയ മെസ മൂന്നാം സ്ഥാനം നേടി. ഫ്രാൻസ്, കെനിയ സുന്ദരികളായിരുന്നു അവസാന അഞ്ചിലെത്തിയ മറ്റു രണ്ടുപേർ.
ഡിആർഡിഒയിൽ ശാസ്ത്രജ്ഞനായ ഡോ. മിത്ര ബസു ഛില്ലറിന്റെയും ഡോ. നീലം ഛില്ലറിന്റെയും മകളാണു മാനുഷി. സോനിപട്ടിലെ ഭഗത്ഫൂൽസിങ് ഗവ. മെഡിക്കൽ കോളജിൽ എംബിബിഎസ് വിദ്യാർഥിയാണ്; കുച്ചിപ്പുഡി നർത്തകിയുമാണ്. ആർത്തവാരോഗ്യം സംബന്ധിച്ചു ഗ്രാമങ്ങളിലെ സ്ത്രീകൾക്കു ബോധവൽക്കരണം നൽകുന്ന ശക്തി പദ്ധതിയുടെ ഭാഗമായി അയ്യായിരത്തോളം സ്ത്രീകൾക്കു പരിശീലനം നൽകിയിട്ടുണ്ട്. ലോകസുന്ദരി മൽസരത്തിലെ ‘സൗന്ദര്യം ലക്ഷ്യബോധത്തോടെ’ എന്ന വിഭാഗത്തിൽ ഈ പദ്ധതിയിലൂടെ മാനുഷി ഒന്നാമതെത്തി.
രണ്ടായിരത്തിൽ പ്രിയങ്ക ചോപ്രയാണ് അവസാനമായി ലോകസുന്ദരിയായ ഇന്ത്യക്കാരി. മലയാളിയായ പാർവതി ഓമനക്കുട്ടൻ 2008 ൽ ഫസ്റ്റ് റണ്ണറപ്പായിരുന്നു. മാനുഷിയുടെ നേട്ടത്തോടെ ലോകസുന്ദരി കിരീടങ്ങളുടെ എണ്ണത്തിൽ ഇന്ത്യ വെനസ്വേലയ്ക്കൊപ്പമെത്തി. ആറുതവണയാണു രണ്ടു രാജ്യങ്ങളും കിരീടമണിഞ്ഞത്. ഒന്നാം സ്ഥാനം യുഎസിനാണ് – ഒൻപതു സൗന്ദര്യ കിരീടങ്ങൾ.
അവസാന റൗണ്ട്
ചോദ്യം: ലോകത്തിൽ ഏറ്റവും കൂടുതൽ ബഹുമാനവും ശമ്പളവും അർഹിക്കുന്ന ജോലി ഏതാണ് ?
മാനുഷി: അമ്മമാരുടേത്
No comments:
Post a Comment