Ente Malayalam News

Follow Us

Monday, 13 November 2017

ആസിയാന്‍ ഉച്ചകോടി : പ്രധാനമന്ത്രി നാളെ സദസിനെ അഭിസംബോധന ചെയ്യും


മനില: തെക്ക് കിഴക്കന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ ആസിയാന്‍ ഉച്ചകോടിയുടെ 31-ാമത് സമ്മേളനത്തിന് ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയില്‍ തുടക്കമായി. ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ഇന്നലെ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി മനിലയിലെത്തിയിരുന്നു. ഇന്നലെ ഉച്ചകോടിക്ക് മുന്നോടിയായി സംഘടിപ്പിച്ച വിരുന്നില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി പ്രധാനമന്ത്രി അനൗദ്യോഗിക കൂടിക്കാഴ്ച നടത്തിയിരുന്നു.
നാളെയാണ് പ്രധാനമന്ത്രി ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുക. ഭീകരവാദത്തിനെതിരെ സംയുക്ത പോരാട്ടത്തിന് പ്രധാനമന്ത്രി ഉച്ചകോടിയില്‍ ആഹ്വാനം ചെയ്യും. ഇന്ന് പ്രധാനമന്ത്രി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ ട്രംപ്, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍, ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ എന്നിവരുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. 45 മിനിട്ടാണ് ട്രംപുമായുള്ള കൂടികാഴ്ച്ചയുടെ ദൈര്‍ഘ്യം നിശ്ചയിച്ചിട്ടുള്ളത്.
ഇവാങ്ക ട്രംപിന്റെ ഇന്ത്യന്‍ സന്ദര്‍ശനം, പാകിസ്ഥാന്‍ കേന്ദ്രീകരിച്ച് നടക്കുന്ന ഭീകരവാദപ്രവര്‍ത്തനം, ദക്ഷിണ ചൈന കടലിലെ ചൈനീസ് ഇടപെടല്‍ തുടങ്ങിയ വിഷയങ്ങള്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്യും.ഇന്ത്യ, ഓസ്‌ട്രേലിയ, ജപ്പാന്‍, അമേരിക്ക എന്നീ നാല് രാഷ്ട്രങ്ങള്‍ സംയുക്തമായുളള നയതന്ത്ര കരാര്‍ സംബന്ധിച്ച കാര്യവും ട്രംപുമായുള്ള കൂടികാഴ്ച്ചയില്‍ ചര്‍ച്ച ചെയ്യും.
ചൈനയുടെ വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതിയ്ക്ക് സമാനമായ സാമ്പത്തിക ഇടനാഴി സംബന്ധിച്ച കാര്യവും ചര്‍ച്ച ചെയ്യുന്നുണ്ട്.ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍, ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ എന്നിവരുമായുളള ഉഭയകക്ഷി ചര്‍ച്ചകളിലും സംയുക്ത നയതന്ത്ര കരാര്‍ സംബന്ധിച്ച വിഷയമാകും ചര്‍ച്ച ചെയ്യുക.

No comments:

Post a Comment

Comments System

Disqus Shortname