കണ്ണൂർ: സിപിഎം സംസ്ഥാന കമ്മിറ്റിയിൽ തനിക്കെതിരെ വിമർശനമുണ്ടായെന്ന് സ്ഥിരീകരിച്ച് കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ. എന്നാൽ യോഗത്തിൽ നിന്നും ഇറങ്ങിപ്പോയെന്ന വാർത്ത വസ്തുതാ വിരുദ്ധമാണെന്നും അദ്ദേഹം കണ്ണൂരിൽ പറഞ്ഞു.
പാർട്ടിയുടെ വിമർശനം ഉൾക്കൊണ്ട് താൻ പ്രവർത്തിക്കും. തന്നെ വളർത്തിയ പാർട്ടിക്ക് വിമർശിക്കാനും അധികാരമുണ്ട്. പാർട്ടിക്കതീതനായി വളരാൻ പി ജയരാജൻ ശ്രമിക്കുന്നു എന്ന വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് സംഭവം ശരിവെച്ചുകൊണ്ട് അദ്ദേഹം രംഗത്തെത്തിയത്. പാർട്ടിയുടെ വിമർശനത്തിൽ ഉൾക്കൊള്ളേണ്ടവ ഉൾക്കൊണ്ടു തന്നെയാണ് മുന്നോട്ട് പോകുന്നതെന്നും പി ജയരാജൻ കണ്ണൂരിൽ പറഞ്ഞു.
വിമർശനവും സ്വയം വിമർശനവുമില്ലെങ്കിൽ കമ്യൂണിസ്റ്റ് പാർട്ടിയില്ല. എന്നാൽ സി.പി.എം സംസ്ഥാന കമ്മിറ്റിയിൽ നിന്ന് താൻ ഇറങ്ങിപ്പോയിട്ടില്ലെന്നും പി.ജയരാജൻ പറഞ്ഞു. പാർട്ടി തീരുമാനിച്ച കാര്യങ്ങളാണ് കണ്ണൂരിൽ നടപ്പാക്കുന്നത്. കണ്ണൂർ ഘടകത്തിന് മാത്രമായി പ്രത്യേകതയൊന്നുമില്ലെന്നും അദ്ദഹം കൂട്ടിച്ചേർത്തു.
അതേസമയം തനിക്കെതിരെ ഉണ്ടായ വിമർശനത്തിൽ അസ്വസ്ഥനാണെന്ന് വ്യക്തമാക്കുന്ന ശരീരഭാഷയോട് കൂടിയാണ് ജയരാജൻ മാദ്ധ്യമങ്ങൾക്ക് മുന്നിൽ പ്രതികരിക്കാനുമെത്തിയത്.

No comments:
Post a Comment