Ente Malayalam News

Follow Us

Thursday, 26 October 2017

കൗമാരക്കാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്


പലതരത്തിലുള്ള ശാരീരിക മാനസിക പ്രശ്‌നങ്ങളിലൂടെയാണ് കൗമാരം കടന്നുപോകുന്നത്. ഇതു തിരിച്ചറിയുവാനും അതിനൊത്ത് ജീവിതം മുന്നോട്ട് കൊണ്ടുപോകാനും കൗമാരക്കാര്‍ക്ക് കഴിയണം.

തൊട്ടാല്‍ പൊട്ടുന്ന പ്രായമെന്ന് കൗമാരത്തെ വിശേഷിപ്പിക്കാം. ആണ്‍കുട്ടിയിലും പെണ്‍കുട്ടിയിലും ലൈംഗികപരമായി അടിമുടി മാറ്റങ്ങള്‍ ഉണ്ടാകുന്ന കാലമാണിത്.

ഈ പ്രായത്തില്‍ ലൈംഗികതയോട് താല്‍പര്യം തോന്നുക തികച്ചും സ്വാഭാവികം മാത്രമാണ്.

എന്നാല്‍ ഈ ലൈംഗിക താല്‍പര്യം പ്രായത്തിന്റേതായ ജിജ്ഞാസകൊണ്ട് മാത്രം സംഭവിക്കുന്നതാണ്. കൗമാരകാലത്ത് ശരീരത്തില്‍ സംഭവിക്കുന്ന  രാസമാറ്റങ്ങള്‍ ഇതിന് മുഖ്യ പങ്കുവഹിക്കുന്നു.

 പ്രായത്തില്‍ സെക്‌സിനോടുള്ള താല്‍പര്യം ഒരിക്കലും ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതില്‍ അവസാനിക്കേണ്ടതല്ല.

പക്ഷേ, ഇന്നത്തെ തലമുറ കൗമാരമെത്തുന്നതോടെ ലൈംഗികതയിലേക്ക് കൂടുതല്‍ അടുക്കുന്നു. മനസില്‍ നനുത്തിറങ്ങുന്ന ലൈംഗികചിന്തകകളെ ലൈംഗിക ബന്ധത്തില്‍ത്തന്നെ കൊണ്ടുചെന്നെത്തിക്കാനാണ് അവര്‍ ശ്രമിക്കുന്നത്.

ഇതിനായി എല്ലാ ധാര്‍മ്മികതകളെയും മൂല്യങ്ങളെയും കാറ്റില്‍പ്പറത്താനും അവര്‍ക്ക് മടിയില്ല.

കൗമാരത്തിലേക്ക് കടക്കും മുമ്പ് ആണ്‍ പെണ്‍ സൗഹൃദങ്ങള്‍ രൂപപ്പെടുന്നു. മനസില്‍ ലൈംഗികചിന്തകള്‍ ഉടലെടുക്കുന്ന കാലത്തുതന്നെ ലൈംഗികത തിരിച്ചറിയുകയാണ് പുതുതലമുറ.

ജീവിതം എന്നാല്‍ ആഘോഷിക്കാന്‍ വേണ്ടി മാത്രമുള്ളതാണെന്നും ആഘോഷമെന്നാല്‍ അത് സെക്‌സാണെന്നുമുള്ള ധാരണയാണ് കൗമാരക്കാര്‍ക്കുള്ളത്. സൗഹൃങ്ങള്‍പോലും രഹസ്യസംഗമങ്ങള്‍ക്കുള്ള മറയായി കൗമാരം കരുതുന്നു.

ലൈംഗികത എന്താണെന്നും എന്തിനാണെന്നും അറിഞ്ഞു തുടങ്ങേണ്ട പ്രായത്തില്‍ എല്ലാവിധ ലൈംഗിക അനുഭവങ്ങളും അവര്‍ അറിയുന്നു.

 തുറന്ന സെക്‌സിനും തയാര്‍

ലൈംഗികത തങ്ങളുടെ അവകാശമാണെന്ന മട്ടാണ് കുട്ടികള്‍ക്കുള്ളത്. മുമ്പൊക്കെ വിവാഹിതര്‍ പോലും പൊതുസ്ഥലങ്ങളില്‍ കൈകോര്‍ത്തു പിടിച്ചോ തൊട്ടുരുമിയോ നടക്കാന്‍ മടിച്ചിരുന്നെങ്കില്‍ ബസിലും ബസ്റ്റാന്റിലും ട്രെയിനിലും റെയിവേ സ്‌റ്റേഷനിലുമെല്ലാം കെട്ടിപ്പിടിച്ചിരിക്കാനും ബാഹ്യലൈംഗികത ആസ്വദിക്കാനും ഇന്ന് കൗമാരം മടിക്കുന്നില്ല.

മറ്റാരെങ്കിലും കാണുമെന്നോ ശ്രദ്ധിക്കുമെന്നോ ഉള്ള ചിന്ത അവരെ ഇതില്‍നിന്നൊന്നും പിന്തിരിപ്പിക്കുന്നില്ല. അന്തര്‍ സംസ്ഥാന ബസുകളില്‍ മാത്രം നടന്നിരുന്ന ലൈംഗികക്രിയകള്‍ നാട്ടിന്‍പുറങ്ങളിലെ ഓര്‍ഡിനറി ബസുകളിലും കാണാം.

വീട്ടുകാരോ നാട്ടുകാരോ കാണുമെന്നോ, പിടിക്കപ്പെടുമെന്നോ, ചോദ്യംചെയ്യപ്പെടുമെന്നോ പേരുദോഷം കേള്‍ക്കുമെന്നോ ഉള്ള പേടിയില്ല.

മൊബൈല്‍ ബന്ധങ്ങള്‍

ഈ കൊച്ചുകുട്ടികള്‍ക്ക് എവിടുന്നു കിട്ടുന്നു ലൈംഗികതയെക്കുറിച്ചുള്ള ഈ അറിവുകളും അഭിനിവേശവും എന്നു സ്വാഭാവികമായും സംശയിക്കാം. ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും തന്നെ വില്ലന്മാര്‍.
ലൈംഗികത എന്നാല്‍ ശരീരസുഖത്തിനു മാത്രമാണെന്ന തെറ്റായ ധാരണ കുരുന്നു മനസുകളില്‍ നിറയ്ക്കാന്‍ ഇത്തരം ആധുനിക വിവരസാങ്കേതിക വിദ്യയുടെ വരവുകൊണ്ട് സാധിച്ചു. മൊബൈല്‍ ഫോണ്‍ ഇതില്‍ ഒന്നാം സ്ഥാനത്താണ്.

മൊബൈല്‍ ഫോണ്‍ ബന്ധങ്ങളാണ് കൗമാരക്കാരയ പെണ്‍കുട്ടികളെ ലൈംഗികതയിലേക്ക് വലിച്ചടുപ്പിക്കുന്നത്. കൗമാരക്കാരായ പെണ്‍കുട്ടികളെ മൊബൈല്‍ഫോണ്‍ ഉപയോഗിച്ച് വലയില്‍ വീഴ്ത്തുന്ന പ്രത്യേക മാഫിയ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.

മൊബൈല്‍ ഫോണ്‍ വലയില്‍ കുടുങ്ങി ജീവിതം താളംതെറ്റിയ നിരവധി കൗമാരക്കാരെ മാനസിക ആരോഗ്യകേന്ദ്രങ്ങളിലും കൗണ്‍സലിംഗ് സെന്ററുകളിലും കാണാനാവും.



 ലൈംഗികത ശാരീരിക സുഖം മാത്രമല്ല

ലൈംഗികതയില്‍ നിന്നും ലഭിക്കുന്ന ശാരീരികസുഖമാണ് പലപ്പോഴും കൗമാരക്കാരെ പ്രലോഭിപ്പിക്കുന്നത്. ശരീരവളര്‍ച്ച ആരംഭിക്കുന്നതോടെ പലതരത്തിലുള്ള സംശയങ്ങളും ആശങ്കകളും മനസില്‍ രൂപപ്പെടും.

അതില്‍ ഏറ്റവും പ്രധാനം ലൈംഗികതയെക്കുറിച്ചുള്ളതാണ്. അതുകൊണ്ടുതന്നെ ഈ പ്രായത്തില്‍ സെക്‌സിന് ഏറെ പ്രാധാന്യം ലഭിക്കുകയും ചെയ്യും. ശരീരത്തിലുണ്ടായിരിക്കുന്ന മാറ്റങ്ങള്‍ പരീക്ഷിക്കുന്നതിന് താല്‍പര്യമുണ്ടാകുന്നു.

ശരീരത്തില്‍ അനുഭവപ്പെടുന്ന അന്യസ്പര്‍ശത്തില്‍ ലൈംഗികസുഖം ലഭ്യമായെന്നിരിക്കും. ഇങ്ങനെ സെക്‌സ് ശാരീരിക സുഖത്തിനു വേണ്ടിമാത്രമാണെന്ന മിഥ്യാധാരണ കുട്ടികളില്‍ രൂപപ്പെടുന്നു.  കൗമാരകാലത്ത് സെക്‌സിലേക്ക് കുട്ടികള്‍ ആകര്‍ഷിക്കപ്പെടുന്നതിന്റെ മുഖ്യകാരണവും ഇതുതന്നെ.

സെക്‌സ് റാക്കറ്റുകളിലും മൊബൈല്‍ ഫോണ്‍ ക്ലിപ്പിംഗുകളിലും പെണ്‍കുട്ടികള്‍ പെട്ടുപോകുന്നതും ഇതുകൊണ്ടാണ്.  എന്നാല്‍ കേവലം ശാരീരിക സുഖമല്ല സെക്‌സുകൊണ്ട് അര്‍ഥമാക്കുന്നതെന്ന തിരിച്ചറിവ് കൗമാരക്കാര്‍ക്ക് എവിടെനിന്നും ലഭിക്കുന്നില്ല. എന്റെ മകന് അല്ലെങ്കില്‍ മകള്‍ക്ക് സെക്‌സിനെക്കുറിച്ച് ഒരു ചുക്കും അറിയില്ലെന്ന് കരുതുന്ന മാതാപിതാക്കളുണ്ട്.

പക്ഷേ, സെക്‌സിനെക്കുറിച്ച് ഏറെക്കുറെ ധാരണകള്‍ കൗമാരക്കാര്‍ക്കുണ്ട്. അവ പലപ്പോഴും തെറ്റിദ്ധാരണകളാവും എന്നുമാത്രം. ഇത്തരം തെറ്റിദ്ധാരണകള്‍ തിരുത്താനുള്ള മാര്‍ഗങ്ങള്‍ വീടുകളിലോ, സ്‌കൂളുകളിലോ ഇല്ല. പകരം കൗമാരക്കാര്‍ തെറ്റിന്റെ വഴിയിലൂടെ സഞ്ചരിക്കുന്നു.

ലൈംഗികത ശാരീരികസുഖം എന്നതിലുപരി ശക്തമായ കുടുംബ ബന്ധത്തിന്റെ അടിത്തറയാണ്. വിവാഹശേഷം ഭാര്യാ ഭര്‍തൃബന്ധം ഈടുറ്റതാക്കുകയും സന്താനപരമ്പര സൃഷ്ടിക്കുകയുമാണ് സെക്‌സിന്റെ അടിസ്ഥാന ധര്‍മ്മം.

ഇതു മറന്ന് സെക്‌സ് ശാരീരികസുഖത്തിലേക്ക് മാത്രം കേന്ദ്രീകരിക്കപ്പെടുന്നതാണ് ഇന്നുകാണുന്ന പല പ്രശ്‌നങ്ങള്‍ക്കും കാരണം. സമ്പന്നമായ നമ്മുടെ സംസ്‌കാരം ഇത്തരം കാര്യങ്ങളില്‍ വ്യക്തമായ നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്.

കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പിനു വേണ്ടി വിവാഹപൂര്‍വ ലൈംഗിക ബന്ധം പാടില്ലെന്ന് എല്ലാ മതവിഭാഗങ്ങളും ഒരേസ്വരത്തില്‍ പറയുന്നത് ഈ സംസ്‌കാരത്തിന്റെ കാത്തുസൂക്ഷിപ്പിനു വേണ്ടിയാണ്.

കൗമാരക്കാര്‍ ശ്രദ്ധിക്കാന്‍

കൗമാരക്കാരായ പെണ്‍കുട്ടികളെ പ്രണയം നടിച്ചും അല്ലാതെയും സെക്‌സിന് പ്രേരിപ്പിക്കുകയും പിന്നീട് നിര്‍ബന്ധിക്കുകയുമാണ് പതിവ്. ചെറുപ്രായത്തിലുള്ള ലൈംഗിക അനുഭവങ്ങള്‍ ഭാവിയില്‍ പലതരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ക്കും ഇടയാക്കും. ചിലപ്പോള്‍ കുടുംബ ജീവിതത്തിലും താളപ്പിഴകള്‍ സൃഷ്ടിച്ചെന്നിരിക്കും.

അതിനാല്‍ മാനസികമായും ശാരീരികമായും പക്വതയാര്‍ജിച്ചതിനു ശേഷം നിയമപരമായ നടപടികള്‍ അഥവാ വിവാഹശേഷം മാത്രമേ സെക്‌സ് പാടുള്ളു. കൗമാരപ്രായമാകുന്നതോടെ ശാരീരിക വളര്‍ച്ചയും ലൈംഗിക വളര്‍ച്ചയും ആരംഭിക്കുമെങ്കിലും സെക്‌സിന് പാകമായിട്ടില്ലെന്ന് മനസിലാക്കുക.

കൗമാരപ്രായക്കാരായ പെണ്‍കുട്ടികളെ ലൈംഗികതയിലേക്ക് നയിക്കുന്ന ചില പ്രലോഭനങ്ങള്‍ ശ്രദ്ധിക്കുക. കൂട്ടുകാരില്‍ നിന്നും ഇതുണ്ടാവാം. ഇത്തരം ചതികള്‍ തിരിച്ചറിയുക.

  1. എന്നോടുള്ള നിന്റെ സ്‌നേഹം ആത്മാര്‍ഥമാണെങ്കില്‍ നീ അതിനു സമ്മതിക്കും.
  2. ഇതൊക്കെ നാട്ടുനടപ്പല്ലേ... എല്ലാവരും ഇങ്ങനെയൊക്കെ ചെയ്യുന്നുണ്ട്. നീ അറിയുന്നില്ലെന്നു മാത്രം.
  3. ഈ പ്രായത്തില്‍ സെക്‌സിലേര്‍പ്പെടാത്ത ആരെങ്കിലും ഉണ്ടാകുമോ?
  4. ആര്‍ യു സ്റ്റില്‍ എ വിര്‍ജിന്‍? കൂട്ടുകാരോടൊന്നും പറയേണ്ട. നാണക്കേടാവും.
  5. നമ്മുടെ ബന്ധം കൂടുതല്‍ കൂടുതല്‍ ശക്തമാകണമെങ്കില്‍ ഞാന്‍ പറയുന്നതുപോലെ ചെയ്യണം.
  6. എന്നായാലും ഇതൊക്കെ വേണം. പിന്നെ എന്തുകൊണ്ട് ഇപ്പോള്‍ എന്റെ കൂടെ പാടില്ല?
  7. നിനക്ക് എന്നെ വിശ്വസിക്കാം. ഒരിക്കലും ചതിക്കില്ല. ഒരു തവണ മാത്രം മതി.

No comments:

Post a Comment

Comments System

Disqus Shortname