![]() |
Designed by Freepik |
അച്ഛന്റെ ദേഷ്യം അതേപടി മോനു കിട്ടിയിട്ടുണ്ടെന്നു പറയാറില്ലേ? അതുപോലെ അപ്പുപ്പന്റെയും അമ്മുമ്മയുടെയുമൊക്കെ മൂഡും മൂഡൗട്ടും നിയന്ത്രിക്കുന്ന ഘടകങ്ങളും തലമുറകളിലേക്കു കൈമാറി വരുന്നുണ്ടെന്നാണു മിനസോട്ട യൂണിവേഴ്സിറ്റിയിലെ ഡേവിഡ് ലിക്കിൻ കരുതിയിരുന്നത്.
നാലായിരം ഇരട്ടകളിൽ വർഷങ്ങൾ നീണ്ട പഠനത്തിലൂടെ അദ്ദേഹം കണ്ടെത്തിയത്, ജീവികളിലെ ജീനുകളുമായി ബന്ധപ്പെട്ടതാണു സന്തോഷത്തിന്റെ 50 ശതമാനം എന്നായിരുന്നു.
ഉയരം വർധിപ്പിക്കാൻ വ്യായാമം ചെയ്യുന്നതുപോലെ നിഷ്ഫലമാണ് സന്തോഷം കൂട്ടാൻ വഴിതേടുന്നതെന്ന് ആദ്യകാലത്തു പറഞ്ഞിരുന്ന ലിക്കിൻ, പിൽക്കാലത്ത് ആ വാക്കുകൾ വിഴുങ്ങി. മാത്രമല്ല, അവനവൻ വിചാരിക്കുന്നതനുസരിച്ച് സന്തോഷം കൂട്ടാനും കുറയ്ക്കാനും കഴിയുമെന്ന് തീർത്തു പറയുകയും ചെയ്തു.
പണം, വിവാഹം, മതം ഇവയെല്ലാം ചേർന്നാലും വെറും എട്ടു ശതമാനം സന്തോഷമേ നൽകുന്നുള്ളുവെന്നാണു ലിക്കിന്റെ പഠനം പറയുന്നത്.
ജോലിയോ ജീവിതപങ്കാളിയോ നഷ്ടപ്പെടുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ സങ്കടത്തിനു കാരണമാകുന്നതെന്ന് ഈ വിഷയത്തിൽ ദീർഘകാലം പഠനം നടത്തിയ ഇല്ലിനോയ് സർവകലാശാലയിലെ ഗവേഷകൻ എഡ്വാർഡ് ഡീനറും പറയുന്നു. പലപ്പോഴും ഈ സങ്കടം അഞ്ചു മുതൽ എട്ടുവരെ വർഷങ്ങൾ നീളാം.
അപകടത്തിൽ കാൽ നഷ്ടപ്പെട്ട ഒരാൾക്ക് ഒരാഴ്ചത്തേക്ക് കടുത്ത കോപവും നിരാശയുമായിരിക്കും. ജീവിതം തീർന്നല്ലോ എന്നു സങ്കടപ്പെടും. എന്നാൽ എട്ടാഴ്ച പിന്നിടുമ്പോൾ ഈ അവസ്ഥയിലും സന്തോഷിക്കാൻ അയാൾ പഠിച്ചിരിക്കും.
തുടർന്നുള്ള ജീവിതത്തെ താങ്ങിനിർത്താൻ അതൊന്നിനേ കഴിയൂവെന്ന് അതിനകം തിരിച്ചറിഞ്ഞിരിക്കുമെന്നു ചുരുക്കം.
No comments:
Post a Comment