'ദേഷ്യം കണ്‍ട്രോള്‍ ചെയ്യാന്‍ പറ്റുന്നില്ല, ഈ ശീലം നിര്‍ത്തണമെന്നുണ്ട്, പക്ഷെ പറ്റുന്നില്ല', പലരുടേയും പതിവ് പല്ലവികളാണ് ഈ പരാതിയും വ്യാകുലതയും. എന്നാല്‍ എത്രയൊക്കെ ശ്രമിച്ച് ഉള്ളിലെ 'കലിപ്പനെ' ഒളിപ്പിച്ചു വെച്ചാലും സമയമെത്തുമ്പോള്‍ അയാള്‍ പതുക്കെ പുറത്തുചാടും. പിന്നെ കണ്ണും മൂക്കും സ്വബോധവുമില്ല. കണ്ണിനു മുന്നിലെത്തുന്നതിനോടെല്ലാം കലിപ്പ് തന്നെ. എന്ത് സ്വഭാവമാണിത്...!
എന്നാല്‍ ഒന്നോര്‍ക്കൂ, ദേഷ്യപ്പെട്ട് പൊട്ടിത്തെറിക്കുന്നതിലൂടെ നിങ്ങള്‍ സ്വയം നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്. കലിപ്പ് വരുമ്പോള്‍ സ്വബോധം നഷ്ടപ്പെട്ട് കാണിച്ചു കൂട്ടിയ പരാക്രമങ്ങളെ കുറിച്ച് പിന്നീട് കണക്കെടുപ്പ് നടത്തിയിട്ട് കാര്യമില്ലെന്ന് ആദ്യം മനസ്സിലാക്കുക. എന്നാല്‍ ഇതിന് പകരം സാഹചര്യം മനസ്സിലാക്കി ശാന്തതയോടെ സംസാരിക്കുന്ന രീതി ശീലിച്ചു നോക്കൂ, നിങ്ങളുടെ ഓരോ ദിവസവും സുന്ദരമാവുന്നത് കാണാം.
ദേഷ്യവും എടുത്തുചാട്ടവും ബുദ്ധിമുട്ടിക്കുന്നവര്‍ ആദ്യം മനസ്സിലാക്കേണ്ടത് ഇത് എവിടെ നിന്നും വരുന്നുവെന്നാണ്. ആരുടെ സ്വഭാവമാണ്, പ്രതികരണമാണ് നിങ്ങളെ ഇത്തരത്തില്‍ പൊട്ടിത്തെറിക്കാന്‍ കാരണമാവുന്നതെന്ന് പരിശോധിക്കുക. എന്നാല്‍ ഞാനിത്തിരി ദേഷ്യക്കാരനാണ്, നിങ്ങള്‍ അത് അംഗീകരിച്ചേ പറ്റൂ എന്ന അഹങ്കാരം അലങ്കാരമായി കൊണ്ടു നടക്കരുത്. സ്വയം നശിപ്പിക്കുന്ന ഈ സ്വഭാവം ഇല്ലാതാക്കാന്‍ ശ്രമിച്ചേ പറ്റൂ.
എന്തിന് റിയാക്ഷന്‍, പകരം റെസ്‌പോണ്ട് ചെയ്തുനോക്കൂ
ദേഷ്യത്തേയല്ല, ദേഷ്യം ഉണ്ടാക്കുന്ന കാരണങ്ങളെ കണ്ടെത്തി പരിഹരിക്കുകയാണ് വേണ്ടത്. പ്രശ്‌നങ്ങളോട് എടുത്തുചാടി റിയാക്ട് ചെയ്യുന്നതിനു പകരം സമാധാനപരമായി റെസ്‌പോണ്ട് ചെയ്തുനോക്കൂ. ഒന്നും ചിന്തിക്കാതെ എടുത്തുചാടി മുഖത്തടിച്ച പോലെ പറയുന്നതാണ് റിയാക്ഷന്‍. മറുഭാഗത്തുള്ളവരും അതിനനുസരിച്ച് പെരുമാറിയാല്‍ രംഗം സീന്‍ ആവും. എന്നാല്‍ ഇതിന് പകരം സാഹചര്യം മനസ്സിലാക്കി ശാന്തയോടെ പെരുമാറി നോക്കൂ. പ്രശ്‌നത്തിന്റെ സ്വാഭാവം തന്നെ മാറിമറിയുന്നത് കാണാം.
ദേഷ്യം മാറ്റാന്‍ കഴിയില്ലെങ്കിലും ചില കുറക്കുവിദ്യകളിലൂടെ ദേഷ്യത്തെ നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിക്കും.
സ്വയമറിയാം തിരുത്താം:സ്വന്തം ശൈലികളിലെ പോരായ്മകളും പൊരുത്തക്കേടുകളും തിരിച്ചറിയുക. അവ ചുമന്നു കൊണ്ടു നടക്കാതെ തിരുത്തുക.
മൗനവ്രതം ഭൂഷണം: ദേഷ്യം ദേഷ്യം വന്നുവെന്ന് ആദ്യമറിയാന്‍ കഴിയുന്നത് നമുക്ക് തന്നെയാണ്. അത് തിരിച്ചറിഞ്ഞയുടന്‍ മിണ്ടാതിരിക്കുക എന്നതാണ് ഇതിനുള്ള ഏറ്റവും നല്ല ഒറ്റമൂലി.
മാറ്റിനിര്‍ത്തൂ കാരണങ്ങളെ:ദേഷ്യം തോന്നുന്നയാളിന്റെ അടുത്തോ അല്ലെങ്കില്‍ സാഹചര്യങ്ങളിലോ നിന്നാല്‍ പണികിട്ടും. ഈ സമയത്ത് സീന്‍ ഉണ്ടാക്കാതെ സ്‌പോട്ടില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുക. അതാണ് ഏറ്റവും ഉചിതം.
എണ്ണിത്തീര്‍ക്കാം ദേഷ്യത്തെ:ദേഷ്യം വന്നാല്‍ നൂറുമുതല്‍ ഒന്നു വരെ പിറകോട്ട് എണ്ണുക. കുറച്ചു കഴിയുമ്പോള്‍ ദേഷ്യം കുറയും. ദേഷ്യപ്പെട്ട് അലമ്പുണ്ടാക്കി ഉപ്പു തിന്നവന്‍ വെള്ളം കുടിക്കും എന്ന അവസ്ഥയിലെത്തും മുന്‍പ് ചൂടന്‍ മനസ്സിനെ തണുപ്പിക്കാന്‍ രണ്ടോ മൂന്നോ ഗ്ലാസ് വെള്ളം കൂടിക്കാം. കൈ കാലുകള്‍ കഴുകാം. അങ്ങനെ മനസ്സിനെ കൂള്‍ ആക്കാം.
മനസ്സില്‍ പറയാം റിലാക്‌സ്: മനസ്സിനോട് ശാന്തമാവൂ, അടങ്ങൂ എന്നൊക്കെ പറഞ്ഞ് സ്വയം റിലാക്‌സ് ആവാം. ദേഷ്യം ഉണ്ടാക്കുന്ന കാര്യങ്ങള്‍ മനപൂര്‍വ്വം മറന്നു കളയുകയോ മറ്റെന്തെങ്കിലും ചിന്തിച്ച് ശ്രദ്ധ തിരിക്കുകയോ ചെയ്യാം.
ദീര്‍ഘനിശ്വാസം, ഉച്ഛ്വാസം:5-6 തവണ ദീര്‍ഘമായി ശ്വാസം ഉള്ളിലേക്കെടുത്ത് പതിയെ നിശ്വസിച്ച് മനസ്സിനെ സ്വന്തം കൈപ്പിടിയില്‍ ഒതുക്കാം.
ആലോചിക്കാം, കണ്ടെത്താം:എന്തുകൊണ്ടാണ് ആ സഹാചര്യത്തില്‍ ദേഷ്യം വന്നതെന്നും തന്റെ ഭാഗത്തുനിന്നും യഥാര്‍ഥത്തില്‍ ഉണ്ടായ പ്രശ്‌നം എന്തെല്ലാമാണെന്നും കണ്ടെത്തി ന്യായീകരിക്കാതെ സ്വയം അംഗീകരിക്കുക. പ്രശ്‌നമുണ്ടായ ആളുമായി എങ്ങനെ സംസാരിച്ചാണ് പ്രശ്‌നം പരിഹരിക്കേണ്ടതെന്നും ചിന്തിക്കാം.

No comments:
Post a Comment