Ente Malayalam News

Follow Us

Saturday, 28 October 2017

ഷെറിൻ മാത്യൂസിന്റെ ദത്തെടുക്കൽ ; നടപടിക്രമങ്ങൾ പരിശോധിക്കണമെന്ന് സുഷമ സ്വരാജ്


ന്യൂഡൽഹി : യു എസിൽ കൊല്ലപ്പെട്ട മൂന്ന് വയസ്സുകാരി ഷെറിൻ മാത്യൂസിന്റെ ദത്തെടുക്കൽ നിയമപരമായിരുന്നോയെന്ന് പരിശോധിക്കണമെന്ന് വിദേശകാര്യമന്ത്രി സുഷമസ്വരാജ് വനിതാശിശുക്ഷേമ വകുപ്പ് മന്ത്രി മേനകാ ഗാന്ധിയോട് അഭ്യർത്ഥിച്ചു.

ഷെറിന്റെ മരണത്തെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്തുമെന്നും സുഷമ വ്യക്തമാക്കി. ദത്തെടുക്കുന്ന കുട്ടികൾക്ക് പാസ്പോർട്ട് ലഭ്യമാക്കണമെങ്കിൽ ഭാവിയിൽ വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ കൂടി അനുമതി വേണമെന്ന നിയമം കൂടി ഉടൻ വരുമെന്നും സുഷമ സ്വരാജ് ട്വിറ്ററിൽ പറഞ്ഞു.

യുഎസിലെ മലയാളി കുടുംബം നളന്ദയിൽനിന്നു ദത്തെടുത്ത മൂന്നു വയസ്സുകാരി ഷെറിൻ മാത്യൂസിനെ ഈ മാസം ഏഴിനു വടക്കൻ ടെക്സസിലെ റിച്ചർഡ്സണിലെ വീട്ടിൽനിന്നാണു കാണാതായത്. ഞായറാഴ്ചയാണു പൊലീസ് ഷെറിന്റെ മൃതദേഹം കണ്ടെത്തിയത്.

നളന്ദയിലെ മദർ തെരേസ അനാഥ് സേവ ആശ്രമത്തിൽനിന്നു രണ്ടുവർഷം മുൻപാണ് എറണാകുളം സ്വദേശികളായ വെസ്‌ലി മാത്യൂസും ഭാര്യ സിനിയും കുട്ടിയെ ദത്തെടുത്തത്. കുട്ടിയെ യുഎസിലേക്കു കൊണ്ടുപോവുകയും ചെയ്തു.

ഷെറിൻ മാത്യൂസ് കൊല്ലപ്പെട്ടതായി തെളിഞ്ഞതുമുതൽ ബിഹാറിലെ ശിശുസംരക്ഷണ കേന്ദ്രങ്ങൾ പൊലീസ് നിരീക്ഷണത്തിലാണ്.കുട്ടിയെ ദത്തെടുത്തതു നടപടിക്രമങ്ങൾ പാലിച്ചാണോ എന്നതു സംബന്ധിച്ച് നളന്ദ ജില്ലാ മജിസ്‌ട്രേട്ട് എസ്.എം. ത്യാഗരാജന്റെ നേതൃത്വത്തിൽ അന്വേഷണവും നടക്കുന്നുണ്ട്.

No comments:

Post a Comment

Comments System

Disqus Shortname