Ente Malayalam News

Follow Us

Thursday, 14 December 2017

മുടികൊഴിച്ചല്‍ പൊല്ലാപ്പാവുന്നുണ്ടോ? പരിഹാരമുണ്ട്

മുടികൊഴിച്ചലിന്റെ കാരണം കണ്ടെത്തി പരിഹാരം തേടുക എന്നതാണ് ഏറ്റവും പ്രധാനം. യഥാര്‍ത്ഥ കാരണത്തിനാണ് പ്രതിവിധി ചെയ്യേണ്ടത്.

പ്രായ ലിംഗ ഭേദമന്യേ ആളുകളെ നിരന്തരം അലട്ടുന്ന പ്രശ്‌നമാണ് മുടികൊഴിച്ചല്‍. മുടികൊഴിച്ചല്‍ നിയന്ത്രിക്കാന്‍ പരിഹാരങ്ങള്‍ തേടി മാര്‍ക്കറ്റില്‍ ലഭിക്കുന്ന ഹെയര്‍ ഓയിലുകളും മരുന്നുകളും വാങ്ങി ഉപയോഗിച്ച് പരീക്ഷിച്ചാലും പ്രശ്‌നം വളരെ കുറഞ്ഞ അളവില്‍ മാത്രമേ പരിഹരിക്കപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുള്ളൂ. എന്നാല്‍ മാര്‍ക്കറ്റിലെ മരുന്നുകള്‍ക്ക് പിന്നാലെ പോവാതെ അല്‍പ്പം നിരീക്ഷിച്ചാല്‍ മുടികൊഴിച്ചലിനുള്ള പ്രകൃതിദത്ത പരിഹാരം നമുക്ക് ചുറ്റും തന്നെയുണ്ട്.

മുടി കൊഴിച്ചിലിന്റെ പൊതു കാരണങ്ങള്‍

  • മുടിയുടെ വളര്‍ച്ചയ്ക്കാവശ്യമായ പോഷകാഹരങ്ങളുടെ കുറവ്
     
  • വിളര്‍ച്ച
     
  • വിറ്റമില്‍ ബി6, ഫോളിക് ആസിഡ് എന്നിവയുടെ കുറവ്
     
  • മാനസിക സമ്മര്‍ദ്ദം
     
  • തലയോട്ടിയിലെ വൃത്തിയില്ലായ്മ, താരന്‍, മറ്റ് അലര്‍ജികള്‍
     
  • ജീവിതശൈലി
     
  • മരുന്നുകളുടേയോ ചികിത്സയുടേയോ പാര്‍ശ്വഫലം
    മുടിക്ക് ആവശ്യമായ രീതിയില്‍ സംരക്ഷണം നല്‍കാത്തത്. ഇതിനു പുറമേ മുടികൊഴിച്ചിലിന്റേയോ വളര്‍ച്ച കുറവിന്റേയോ പ്രധാന കാരണങ്ങളിലൊന്നാണ് കുടുംബ പാരമ്പര്യം.
 
മുടി കൊഴിച്ചല്‍ നിയന്ത്രിക്കാന്‍ വീട്ടില്‍ നിന്നുള്ള ചില നുറുങ്ങുമരുന്നുകള്‍ പരീക്ഷിക്കാവുന്നതാണ്.
 
നെല്ലിക്ക
 
  • മുടിക്ക് ഏറ്റവും നല്ല പോഷകമാണ് നെല്ലിക്ക. മൂന്ന് ടേബിള്‍ സ്പൂണ്‍ നെല്ലിക്ക നീരും നാരങ്ങ നീരും ചേര്‍ത്ത് മിക്‌സ് ആക്കി മുടിയില്‍ തേച്ച് പിടിപ്പിക്കുക. അരമണിക്കൂറിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക. ഇതി മുടികൊഴിയുന്നത് കുറക്കും.
  • നെല്ലിക്ക ചതച്ച് കുഴമ്പു പരുവത്തിലാക്കി തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുക. മുടികൊഴിച്ചല്‍ നിയന്ത്രിക്കാന്‍ ഇത് ഉത്തമമാണ്. 
  • ഇതിനു പുറമേ നെല്ലിക്ക നിത്യവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും മുടിവളര്‍ച്ചയ്ക്ക് ആവശ്യമായ പോഷകങ്ങളും വിറ്റാമിനുകളും ശരീരത്തിലെത്താന്‍ സഹായിക്കും. 

വീട്ടിലുണ്ടാക്കാം ഹെര്‍ബല്‍ ഷാംപൂ

  • ചെറുനാരങ്ങാ, ഉലുവ, ചെറുപയര്‍, ചീവയ്ക്കാ പൊടി എന്നിവ പൊടിച്ച് ആവശ്യമുള്ളപ്പോള്‍ വെള്ളത്തില്‍ ചേര്‍ത്ത് കുഴമ്പ് പരുവത്തിലാക്കി ഉപയോഗിക്കാം. (ചെറു നാരങ്ങാ നീരിന്റെ അളവ് കൂടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.)
     
  • കെമിക്കല്‍ അടങ്ങിയ ഷാംപൂവിന് പകരം ഇത് ഉപയോഗിക്കുന്നത് മുടികൊഴിച്ചല്‍ ഫലപ്രദമായി നിയന്ത്രിക്കാന്‍ ഉത്തമമാണ്. 

വേപ്പിന്റെ വലിയ ഗുണങ്ങള്‍

വേപ്പിന്റെ ഇല ചതച്ചതില്‍ ഒന്നര ലിറ്റര്‍ വെള്ളം ചേര്‍ത്ത് തിളപ്പിച്ചാറ്റി തലയോട്ടിയും മുടിയും കഴുകുന്നത് തലയ്ക്ക് തണുപ്പും മുടിവളരുന്നതിനാവശ്യമായ പോഷകങ്ങളും നല്‍കും. വേപ്പില മാത്രം ഇട്ട് വെള്ളം തിളപ്പിച്ച് മുടി കഴുകുന്നതും പ്രയോജനകരമാണ്.

മുടികൊഴിച്ചലിനെ പ്രതിരോധിക്കാം

  • മുടിയും ശിരോചര്‍മ്മവും വൃത്തിയായി സൂക്ഷിക്കുക. വിയര്‍പ്പും പൊടിയും അകറ്റാന്‍ രണ്ട് നേരെ മുടി കഴുകുന്നത് നല്ലതാണ്. എന്നാല്‍ മുടി കഴുകാനുപയോഗിക്കുന്ന വെള്ളത്തിന്റെ കാഠിന്യം അനുസരിച്ച് മുടികഴുകുന്ന തവണകള്‍ കുറക്കാം.
     
  • മുടിയിലെ അഴുക്ക് കളയാന്‍ ഷാംപൂ, സോപ്പ്, മറ്റ് ക്ലെന്‍സറുകള്‍ എന്നിവയ്ക്കു പകരം പ്രകൃതിദത്തമായ കുറുന്തോട്ടി താളി, ചെമ്പരത്തി താളി,കടലപ്പൊടി, വാകപ്പൊടി, പയര്‍ പൊടി എന്നിവ ഉപയോഗിക്കാം. രാസപദാര്‍ത്ഥങ്ങള്‍ അടങ്ങിയ ഷാംപൂ പോലുള്ള ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നത് ശിരോചര്‍മ്മത്തിന് വരള്‍ച്ച ഉണ്ടാക്കും.
     
  • ശിരോചര്‍മ്മത്തിലെ രോഗങ്ങള്‍ ശമിപ്പിക്കുക. താരന്‍, അണുബാധ, വട്ടച്ചൊറി തുടങ്ങിയവ ഏറ്റവും പൊതുവായി ശിരോചര്‍മ്മത്തില്‍ കണ്ടുവരുന്ന പ്രശ്‌നങ്ങളാണ്. ഈ പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ മുടികൊഴിച്ചല്‍ 80 ശതമാനവും തടയാന്‍ സാധിക്കും. 
മുടികൊഴിച്ചലിന്റെ കാരണം കണ്ടെത്തി പരിഹാരം തേടുക എന്നതാണ് ഏറ്റവും പ്രധാനം. യഥാര്‍ത്ഥ കാരണത്തിനാണ് പ്രതിവിധി ചെയ്യേണ്ടത്. 

No comments:

Post a Comment

Comments System

Disqus Shortname