ന്യൂഡൽഹി∙ ഗുജറാത്ത്, ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പു ഫലങ്ങൾ ഇന്ന്. രാവിലെ എട്ടിനു വോട്ടെണ്ണൽ തുടങ്ങും. പത്തോടെ ആദ്യഫല സൂചനകൾ ലഭ്യമാകും. ഗുജറാത്തിലെ 182 നിയമസഭാ മണ്ഡലങ്ങളിലേക്ക് 37 കേന്ദ്രങ്ങളിലാണു വോട്ടെണ്ണൽ. ഗുജറാത്തിൽ കേവല ഭൂരിപക്ഷത്തിന് 92 സീറ്റുകൾ വേണം. സംസ്ഥാനത്തു നടത്തിയ ഒൻപത് എക്‌സിറ്റ് പോൾ ഫലങ്ങൾ ബിജെപിക്കു വിജയം പ്രവചിക്കുന്നു. ഹിമാചലിൽ 68 സീറ്റുകളിലേക്കാണു തിരഞ്ഞെടുപ്പു നടന്നത്. ഇവിടെയും ബിജെപി അധികാരം പിടിച്ചെടുക്കുമെന്നാണ് എക്‌സിറ്റ് പോൾ നൽകുന്ന സൂചന.
എന്താണ് എക്‌സിറ്റ് പോൾ
വോട്ടർ പോളിങ് ബൂത്തിൽനിന്നു പുറത്തിറങ്ങുന്ന ഉടൻ ശേഖരിക്കുന്ന വിവരമാണ് എക്സിറ്റ് പോളിൽ രേഖപ്പെടുത്തുന്നത്. ഇതിനാൽ തിരഞ്ഞടുപ്പിനു മുൻപു നടത്തുന്ന അഭിപ്രായ സർവേകളേക്കാൾ കൃത്യത എക്സിറ്റ് പോളിന് അവകാശപ്പെടാം. എക്സിറ്റ് പോൾ ഏജൻസി തിരഞ്ഞെടുക്കുന്ന വോട്ടർമാരുടെ സാംപിളുകളിൽനിന്നാണു വിവരം ശേഖരിക്കുന്നതും പ്രവചനം നടത്തുന്നതും. 1967ലാണ് എക്സിറ്റ് പോളുകളുടെ തുടക്കം. ഡച്ച് സോഷ്യോളജിസ്റ്റ് മാർസെൽ വാൻ ഡാം, യുഎസിലെ സിബിഎസ് ടിവി ചാനലിലെ വാറൻ മിറ്റോഫ്സ്കി എന്നിവരാണു തുടക്കക്കാർ.


No comments:
Post a Comment