
കൊച്ചി: ( 17.11.2017) നടിയെ ആക്രമിച്ച കേസില്‍ ജാമ്യവ്യസ്ഥയില്‍ ഇളവു തേടി നടന്‍ ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ദുബൈയില്‍ പുതുതായി തുടങ്ങുന്ന 'ദേ പുട്ടിന്റെ' ഉദ്ഘാടനത്തിന് പോകാനാണ് ദിലീപ് പാസ്പോര്‍ട് ആവശ്യപ്പെട്ടത്. ഈ മാസം 29നാണ് ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്.
അതേസമയം, കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്കും കേസിന്റെ അന്വേഷണച്ചുമതലയുള്ള എ.ഡി.ജി.പി ബി.സന്ധ്യയ്ക്കും നേരെ ഗുരുതര ആരോപണങ്ങളാണ് താരം ഉന്നയിച്ചിരിക്കുന്നത്. വ്യാജ തെളിവുകള്‍ സൃഷ്ടിച്ച് തന്നെ കുടുക്കിയതിനു പിന്നില്‍ ഡി.ജി.പി ലോക്നാഥ് ബെഹ് റയും സന്ധ്യയുമാണെന്ന് 12 പേജുള്ള കത്തില്‍ ദിലീപ് ആരോപിക്കുന്നു.
ബെഹ്റയുടെ നിസംഗ നിലപാടുകളാണ് താന്‍ കേസില്‍ പ്രതിയാകുന്നതിന് ഇടയാക്കിയത്.
കേസില്‍ കുടുക്കാന്‍ ശ്രമമുണ്ടെന്നറിഞ്ഞപ്പോള്‍ തന്നെ ഫോണിലൂടെയും നേരിട്ടും ഇ മെയില്‍ വഴിയും ബെഹ്റയ്ക്ക് പരാതികള്‍ നല്‍കി. എന്നാല്‍ അദ്ദേഹം ഒരു നടപടിയും എടുത്തില്ല. ബെഹ്റ നീതിപൂര്‍വം പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ കേസില്‍ താന്‍ പ്രതിയാവില്ലായിരുന്നുവെന്നും ദിലീപ് പറയുന്നു. അന്വേഷണം ശരിയായ രീതിയിലല്ല മുന്നോട്ടുപോകുന്നതെന്ന് മുന്‍ ഡി.ജി.പി ടി.പി. സെന്‍കുമാര്‍ പറഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ നിലപാടുകള്‍ തെറ്റാണെന്ന് വരുത്തിത്തീര്‍ക്കാന്‍ തന്നെ പ്രതിയാക്കുകയായിരുന്നുവെന്നാണ് ദിലീപിന്റെ ആരോപണം.
നടിയെ ആക്രമിച്ചതിലെ ഗൂഢാലോചന കേസില്‍ അറസ്റ്റിലായ ദിലീപിന് കടുത്ത ജാമ്യവ്യവസ്ഥകളോടെയാണ് ഒക്ടോബര്‍ മൂന്നിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ജൂലൈ പത്തിന് അറസ്റ്റിലായ ദിലീപ് 85 ദിവസത്തെ ജയില്‍വാസത്തിനു ശേഷമാണ് പുറത്തിറങ്ങിയത്. വിദേശത്തേക്ക് കടക്കുന്നത് ഒഴിവാക്കാന്‍ പാസ്പോര്‍ട്ട് അടക്കമുള്ള രേഖകള്‍ അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ കെട്ടിവയ്ക്കണമെന്ന നിര്‍ദേശവും ഹൈക്കോടതി നല്‍കിയിരുന്നു.
No comments:
Post a Comment